പുതുദൗത്യവുമായി ദിനേഷ് കുമാര്‍ ഖാര; ഇതാ അറിയേണ്ടതെല്ലാം…

കോവിഡ് മഹമാരിയെ തുടര്‍ന്ന്് ബാങ്കിംഗ് വ്യവസായം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഏറ്റവും വലിയ ബാങ്കിന്റെ ചെയര്‍മാനായി ദിനേഷ് കുമാര്‍ ഖാര ചുമതലയേറ്റിരിക്കുന്നത്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന വേളയിലാണ് ഏറ്റവും വലിയ വായ്പാദാതാവിന്റെ തലവനായി ദിനേഷ് കുമാര്‍ ഖാര ചുമതലയേറ്റിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാനായി ദിനേഷ് കുമാര്‍ ഖാര ചുമതലയേറ്റിരിക്കുന്നത് മൂന്നുവര്‍ഷത്തേക്കുള്ള കാലാവധിയിലാണ്. എസ്ബിഐ ഗ്ലോബല്‍ ബാങ്കിംഗ് ആന്‍ഡ് സബ്സിഡിയറീസ് മാനേജിംഗ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ചെയര്‍മാനായിരുന്ന രജനീഷ് കുമാര്‍ റിട്ടയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് ഖാരയെ തേടി പുതുദൗത്യമെത്തിയത്.

റീറ്റെയ്ല്‍, കമ്പനി വായ്പ, രാജ്യാന്തര ബാങ്കിംഗ് തുടങ്ങി ധനകാര്യ സേവനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവസമ്പത്തുമായാണ് ഖാര ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്.

ദിനേഷ് കുമാര്‍ ഖാര മാനേജിംഗ് ഡയറക്റ്റര്‍ ആയിരിക്കുമ്പോഴാണ് ബാങ്കിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ലയിച്ച് ലോകത്തെ 50 ബാങ്കുകളിലൊന്നായി എസ്ബിഐ മാറിയത്. 2017ലായിരുന്നു അസോസിയേറ്റ് ബാങ്കുകളുടെ ലയനം. എസ്ബിഐയില്‍ മാനേജിംഗ് ഡയറക്റ്റര്‍ ആകുന്നതിനു മുമ്പ് എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖാരയുടെ നേതൃത്വത്തില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മ്യൂച്വല്‍ഫണ്ടായി ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

1984-ല്‍ പ്രബേഷണറി ഓഫീസറായിട്ടായിരുന്നു എസ്ബിഐയില്‍ ഖാര തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ പല സുപ്രധാന സ്ഥാനങ്ങളിലുമെത്തി. ഭോപ്പാല്‍ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറായിരുന്ന സമയത്ത് 1400 ശാഖകളും 1.5 ലക്ഷം കോടി രൂപയുടെ ബിസിനസും മാനേജ് ചെയ്തത് വലിയ നേട്ടമായി മാറി.

തുടര്‍ന്ന് എസ്ബിഐയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. ഇന്ത്യന്‍ ഓഷ്യന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് മൗറീഷ്യസ് (ഇപ്പോള്‍ എസ്ബിഐ മൗറീഷ്യസ്), പിടി ബാങ്ക് ഇന്തോമോണക്സ് (എസ്ബിഐ ഇന്തോനേഷ്യ) എന്നീ ബാങ്കുകളുടെ ഏറ്റെടുക്കലുകളില്‍ ഖാരയാണ് മുഖ്യ പങ്കു വഹിച്ചത്.

അസോസിയേറ്റ്സ് ആന്‍ഡ് സബ്സിഡിയറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല ഖാരയ്ക്കായിരുന്നു. ആ കാലയളവില്‍ എസ്ബിഐയുടെ ബാങ്കിംഗ് ഇതര സബ്സിഡിയറികളുടെ പ്രവര്‍ത്തനത്തിലും അവയുടെ വളര്‍ച്ചാതന്ത്രം രൂപീകരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

കൊമേഴ്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദമുള്ള ഖാര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് സര്‍ട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ്. ഓഗസ്റ്റിലാണ് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ എസ്ബിഐ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഖാരയെ നിര്‍ദേശിച്ചത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെയും എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ്‌സ് സര്‍വീസസ് ലിമിറ്റഡിന്റെയും ലിസ്റ്റിംഗിന് പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചതും ഖാര തന്നെയാണ്.

ചെയ്യുന്ന പ്രവൃത്തികളില്‍ കൃത്യമായ ഫോക്കസ് നല്‍കുന്ന പ്രൊഫഷണലാണ് ഖാരയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയും വായ്പാ നിലവാരവുമായിരിക്കും താന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങളെന്നാണ് ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞത്.

റീറ്റെയ്ല്‍ വായ്പ, വന്‍കിട, ഇടത്തരം, ചെറുകിട കോര്‍പ്പറേറ്റ് വായ്പകള്‍, നിക്ഷേപ സമഹാരണം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. പുതുതലമുറ ബാങ്കുകള്‍ മല്‍സരം കടുപ്പിക്കുന്ന വേളയില്‍ എസ്ബിഐയ്ക്കു വേണ്ടി കൂടുതല്‍ മികവുറ്റ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഖാരയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. വായ്പാ പുനക്രമീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ചെയര്‍മാന്‍ പ്രത്യേക ശ്രദ്ധവയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെയാണ് വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പാ പുനക്രമീകണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *