ബിസിനസ് സൗഹൃദ റാങ്കിംഗ്: ‘ലൈസന്‍സുകളുടെ എണ്ണം കുറയണം’

കേരളം ഇപ്പോഴും ഒരു സ്ഥാപനം തുടങ്ങാനും നടത്തിക്കൊണ്ടു പോകാനും എളുപ്പമുള്ള സംസ്ഥാനമല്ലെന്നാണ് തന്റെ തോന്നലെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി

ബിസിനസ് സൗഹൃദ റാങ്കിംഗില്‍ കേരളം പുറകിലാകാന്‍ കാരണം?

വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം പിന്തള്ളപ്പെട്ട കാര്യം ഞാന്‍ വായിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശ്രദ്ധയോടെ റാങ്കിംഗിന്റെ രീതി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഏതൊക്കെ സൂചികകള്‍ ആണ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നതിന് അവര്‍ ഉപയോഗിക്കുന്നത്, അതില്‍ ഏതിലാണ് നാം പിന്നോട്ട് പോയത് എന്ന് അറിയില്ല. പക്ഷെ കേരളത്തില്‍ വ്യവസായം നടത്താന്‍ ശ്രമിക്കുന്നവരും, ശ്രമിച്ചു പരാജയപ്പെട്ടവരും നടത്തിക്കൊണ്ടു പോകുന്നവരും ആയിട്ടുള്ള അനവധി ആളുകളോട് സംസാരിച്ചതിന്റെ വെളിച്ചത്തില്‍ തീര്‍ച്ചയായും കേരളം ഇപ്പോഴും ഒരു സ്ഥാപനം തുടങ്ങാനും നടത്തിക്കൊണ്ടു പോകാനും എളുപ്പമുള്ള സംസ്ഥാനം അല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, നിയമങ്ങളുടെ അതിപ്രസരം.

ഏതെങ്കിലും ഒരു സ്ഥാപനം നടത്തണമെങ്കില്‍ എന്തൊക്കെ നിയമങ്ങള്‍ ആണ് നാം പാലിക്കേണ്ടത് എന്നതിനെ പറ്റി ആര്‍ക്കും കൃത്യമായി അറിയില്ല. ഒരു പാറമട നടത്തണമെങ്കില്‍ 16 ലൈസന്‍സുകള്‍ വേണം എന്നൊരിക്കല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു ചെറിയ പലചരക്കു കട നടത്തണമെങ്കില്‍ തന്നെ നാലോ അഞ്ചോ വേണം എന്ന് മാത്രമല്ല അത് മതിയോ എന്നും ആര്‍ക്കും അറിയില്ല. ഓരോ ലൈസന്‍സ് കിട്ടുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളും ആയി ബന്ധപ്പെടണം, കിട്ടുന്ന ലൈസന്‍സും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുതുക്കണം, എന്നിങ്ങനെ പ്രസ്ഥാനം വളര്‍ത്താന്‍ നടക്കേണ്ട സമയം സര്‍ക്കാര്‍ സംവിധാനങ്ങളിലെ പേപ്പര്‍ വര്‍ക്കിന്റെ പുറകെ പോകേണ്ടി വരുന്നു.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രസ്ഥാനങ്ങള്‍ തുടങ്ങാന്‍ വേണ്ടി ഒരു ഓണ്‍ട്രപ്രണര്‍ഷിപ്പ് മെന്ററിങ് സെന്റര്‍ കൊണ്ടുവരിക

ഇതും പോരാത്തതിന് വിദ്യുച്ഛക്തിയും വെള്ളവും പോലെ ലോകത്ത് മറ്റിടങ്ങളില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ കിട്ടുന്ന സേവനങ്ങള്‍ ഇവിടെ സര്‍ക്കാര്‍ സര്‍വീസുകളുടെ ഭാഗമായതിനാല്‍ അത് കിട്ടുന്നതിനും സമയം ചിലവാക്കണം. ഇത് മാറണം, വേണ്ടി വരുന്ന ലൈസന്‍സുകളുടെ എണ്ണം കുറയണം, അത് കിട്ടുന്നതും പുതുക്കുന്നതും ഏകജാലകം ആക്കണം.

രണ്ടാമത്തെ പ്രധാന കാര്യം നമ്മുടെ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രസ്ഥാനങ്ങള്‍ അവരുടെ നാട്ടിലോ വകുപ്പിലോ വരുന്നതിന് പ്രത്യേകിച്ച് ഒരു താല്‍പ്പര്യവുമില്ല. കൂടുതല്‍ പ്രസ്ഥാനങ്ങള്‍ വന്നാല്‍ ജോലിക്കാരുടെ പണി കൂടുന്നതല്ലാതെ അവര്‍ക്ക് ഒരു ഇന്‍സന്റീവും ഇല്ല. അതേസമയം സ്ഥാപനങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അതിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചീത്തപ്പേരും അവര്‍ക്കെതിരെ ശിക്ഷാ നടപടികളും വരും. അതുകൊണ്ട്തന്നെ പുതിയതായി ഒരു സ്ഥാപനം നടത്താന്‍ ആരെങ്കിലും വന്നാല്‍ അതെങ്ങനെ എളുപ്പമാക്കാം, എന്നതിനപ്പുറം ജീവനക്കാര്‍ക്ക് ഒരു കുഴപ്പവും ഇല്ലാത്ത തരത്തില്‍ പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതും മാറിയേ തീരൂ.

സര്‍ക്കാര്‍ വകുപ്പുകളിലെ താഴെ തട്ടിലുള്ള ആളുകളുടെ അഴിമതിയും അഴിമതിക്ക് വഴങ്ങാതിരുന്നാല്‍ പതിനാറു വകുപ്പുകളിലെ ഏതൊരു ഉദ്യോഗസ്ഥനും ഒരു പ്രസ്ഥാനത്തിന് എപ്പോള്‍ വേണമെങ്കിലും പൂട്ട് ഇടീക്കാന്‍ സാധിക്കും എന്നതും സംരംഭങ്ങള്‍ തുടങ്ങാന്‍ വിഘാതമാകുന്നു.

എന്തൊക്കെ പരിവര്‍ത്തനം ആവശ്യമാണ്?

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രസ്ഥാനങ്ങള്‍ തുടങ്ങാന്‍ വേണ്ടി ഒരു ഓണ്‍ട്രപ്രണര്‍ഷിപ്പ് മെന്ററിങ് സെന്റര്‍ കൊണ്ടുവരിക. പ്രസ്ഥാനം തുടങ്ങുന്നവര്‍ ഇവിടെ ഒറ്റ സ്ഥലത്ത് പോയാല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുക. അവിടെ അപേക്ഷ കൊടുത്താല്‍ പരിസ്ഥിതി വിഷയങ്ങള്‍ ഇല്ലാത്ത പ്രോജക്റ്റുകള്‍ക്ക് ഒരു മാസത്തിനകവും പരിസ്ഥിതി പഠനങ്ങള്‍ വേïവയ്ക്ക് ആറു മാസത്തിനകവും അംഗീകാരം നല്‍കുകയോ തള്ളിക്കളയുകയോ ചെയ്യണം.

ഏതെങ്കിലും സ്ഥാപനത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ എടുക്കുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ പലതും നമുക്ക് ചെയ്യാനുണ്ട്. ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്.

ഭാവി വികസനത്തിന്റെ മൂലമന്ത്രം?

ഏറെ വിദ്യാഭ്യാസം ഉള്ള ആളുകള്‍, ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പന്ത്രണ്ട് മാസവും ഏതാണ്ട് ഒരേ കാലാവസ്ഥ, നാലു വിമാനത്താവളങ്ങള്‍, ദുബായും സിംഗപ്പൂരും വഴി ലോകത്തെവിടേക്കും എളുപ്പത്തില്‍ ഉള്ള കണക്റ്റിവിറ്റി, ലോകത്തെവിടെയും നിറഞ്ഞു കിടക്കുന്ന മലയാളി ഡയസ്‌പോറ. ഇതൊക്കെ ഉപയോഗിച്ചാല്‍ നമുക്ക് ലോകോത്തര സമ്പദ്വ്യവസ്ഥ ആകാന്‍ ഒരു പത്തു വര്‍ഷം മതി. വിഭവങ്ങളെ കൂട്ടിയിണക്കുക, അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നവരെ സഹായിക്കുക, അവര്‍ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഒഴിവാക്കുക, പരമാവധി രംഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ മാറി നില്‍ക്കുക ഇതൊക്കെ ചെയ്താല്‍ മതി.

വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്യണം?

കേരളത്തില്‍ വിദേശ നിക്ഷേപത്തിന്റെ ആവശ്യം ഒന്നുമില്ല. നിക്ഷേപിക്കാന്‍ പണം ഇല്ലാത്തതല്ല നമ്മുടെ പ്രശ്‌നം നിക്ഷേപിക്കാനുള്ള പണത്തിന് വേണ്ടത്ര ഉപയോഗം ഇല്ലത്തതാണ്. അതുകൊണ്ടാണ് നമ്മുടെ പണം ഒക്കെ ഇപ്പോഴും മണ്ണിലും സ്വര്‍ണത്തിലുമായി കെട്ടിക്കിടക്കുന്നത്. പ്രസ്ഥാനങ്ങള്‍ എളുപ്പത്തില്‍ തുടങ്ങാനും നടത്താനും സാധിക്കും എന്ന് നമ്മുടെ യുവാക്കള്‍ക്ക് ഉറപ്പു വരുന്ന കാലത്ത് ഇവിടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാകും, നമ്മുടെ പണം മണ്ണില്‍ നിന്നും പുറത്തു വരും, കേരളം പുരോഗമിക്കും.

Leave a Reply

Your email address will not be published. Required fields are marked *