‘സംരംഭകരോട് വേണം നല്ല സമീപനം’

ഇന്ത്യന്‍ സില്‍ക്ക് സാമ്രാജ്യത്തിനൊരു റാണിയുണ്ടെങ്കില്‍ നിസംശയം ആ കിരീടം പാകമാവുക ബീനാ കണ്ണനാണ്. സില്‍ക്ക് ഇന്‍ഡസ്ട്രിയെയും ശീമാട്ടി എന്ന ബ്രാന്‍ഡിനെയും കരുത്തോടെ നയിച്ച, വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സംരംഭക. പ്രതിസന്ധികളില്‍ തളരാതെ, പുതിയ സാങ്കേതിക വിദ്യകളെയും ഇന്നൊവേറ്റീവായ ഡിസൈനുകളെയും ഒപ്പം ധാര്‍മിക മൂല്യങ്ങളെയും മുറുകെപ്പുണര്‍ന്ന് തന്റെ സംരംഭക ജൈത്രയാത്ര തുടരുന്ന, ഫാഷന്‍ ഡിസൈനിംഗിലെ ഐക്കണുകളിലൊരാളായി മാറിയിരിക്കുന്ന ബീന കണ്ണനുമായി ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്റര്‍ കെ എസ് ശ്രീകാന്ത് നടത്തിയ സംഭാഷണത്തില്‍ നിന്ന്…

ഞായറാഴ്ചയുടെ ആലസ്യത്തില്‍ കൊച്ചി നഗരം മയങ്ങിക്കിടന്ന ഒരു പ്രഭാതത്തിലാണ് എളമക്കരയിലെ ‘എര്‍ത്ത്’ലേക്ക് കയറിച്ചെന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പരിശോധനയെല്ലാം കഴിഞ്ഞ് തലയുയര്‍ത്തിയപ്പോള്‍ പച്ചപ്പും ഹരിതാഭയുമാണ് കണ്ണിലേക്കടിച്ചു കയറിയത്. നഗരമധ്യത്തിലൊരു ആരണ്യം, അതിനെ ആശ്ളേഷിച്ച് ക്ലാസിക് സ്‌റ്റൈലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നുനില മാളിക, അതാണ് ശീമാട്ടി സാരഥിയുടെ വാസഗൃഹമായ എര്‍ത്ത്. ഉമ്മറത്ത് ഫോണില്‍ തിരക്കിലാണ് നമ്മുടെ കഥാനായിക. അവധി ദിവസത്തിന്റെ ആലസ്യങ്ങളൊന്നുമില്ലാതെ രാവിലത്തെ പതിവ് വ്യായാമവും കഴിഞ്ഞ് തിരക്കിട്ട സംഭാഷണങ്ങള്‍. സ്വീകരണ മുറിയിലിരുന്ന് മാസ്‌ക് മുഖത്ത് ഒന്ന് അഡ്ജസ്റ്റ് ചെയ്തുവെച്ച് സംസാരം ആരംഭിച്ചു. സംരംഭകത്വമെന്നതാണ് പ്രധാന വിഷയം. പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ട് ശീമാട്ടിയെ ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സില്‍ക്ക് സാരി ബ്രാന്‍ഡുകളിലൊന്നാക്കി ഉയര്‍ത്തിയ സംരംഭകയ്ക്ക്, കരവിരുതുള്ള ഫാഷന്‍ ഡിസൈനര്‍ക്ക് പറയാനേറെയുണ്ട്. എന്നാല്‍ തുടങ്ങിയത് ഫോണിലെ സംഭാഷണത്തിനിടെയുയര്‍ന്ന ആശങ്കകള്‍ പങ്കുവെച്ചാണ്.

ബിസിനസിലായാലും ജീവിതത്തിലായാലും സത്യസന്ധത പ്രധാനമാണ്. നമ്മുടെ കുട്ടികള്‍ അനാവശ്യമായി നുണ പറയാനും കാര്യങ്ങള്‍ ഒളിച്ചുവെക്കാനും പഠിച്ചിരിക്കുന്നെന്നതാണ് ഖേദകരം. ‘ബിസിനസിലേക്ക് വരുന്ന ചെറുപ്പക്കാര്‍ കാണുന്നതെന്താണ്? നീരവ് മോദിയും വിജയ് മല്യയും സുബ്രതോ റോയിയും മറ്റും പലായനം ചെയ്യുന്നു. പണ്ടാണെങ്കില്‍ വല്ലപ്പോഴും ഒരു ഹര്‍ഷദ് മേത്ത മാത്രമാണ് പൊങ്ങി വന്നിരുന്നത്. ഇന്ന് ധാരാളം പേര്‍ തട്ടിപ്പിന് കുടുങ്ങുന്നു. മറുവശത്ത് പാലാരിവട്ടം പാലം പൊളിയുന്നതാണ് കാഴ്ച.

നമ്മള്‍ ഈ കാണിച്ചുകൊടുക്കുന്നത് കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്,’. ഇതിനൊക്കെ പരിഹാരം കതിരില്‍ വളം വെക്കുന്നതല്ലെന്നും ഓര്‍മിപ്പിക്കുന്നു സംരംഭക. ഒരു ഭാരതീയനെന്നും കേരളീയനുമെന്ന ബോധം നമുക്ക് അടിസ്ഥാനപരമായി തന്നെ വേണം. നമ്മുടെ സംസ്‌കാരത്തെയും കലകളെയും ധാര്‍മിക മൂല്യങ്ങളെക്കുറിച്ചുമുള്ള ധാരണ വേണം. ചെറു പ്രായത്തില്‍ തന്നെ മൂല്യമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി അവരെ സജ്ജമാക്കിയാലേ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാവൂ.

ബീന കണ്ണന്‍ സംരംഭകത്വത്തിലേക്ക് കടന്നു വന്ന കാലത്തേക്കാള്‍ കാര്യമായ മാറ്റം ഇന്ന് വ്യവസായ പരിതസ്ഥിതിയില്‍ ഉണ്ടായിട്ടുണ്ടോ?

ലോകം അന്ന് എവിടെയോ ആയിരുന്നു. ജനറേറ്ററോ ടെലിവിഷനോ പോലുമില്ലാത്ത, റേഡിയോ മാത്രമുണ്ടായിരുന്ന കാലത്താണ് സംരംഭക ജീവിതം ആരംഭിച്ചത്. വാട്സ്ആപ്പിലൂടെയും ഓണ്‍ലൈനിലൂടെയുമൊക്കെ ലോകത്തെവിടെയും ബിസിനസ് ചെയ്യാവുന്ന കാലമാണിത്. വീഡിയോ കോളിലൂടെയും മറ്റും ലോകത്തെവിടെയുമുള്ള സംരംഭകരുമായി നമുക്ക് സംസാരിക്കാം. താരതമ്യം പോലും ചെയ്യാനാവാത്ത തരത്തില്‍ ലോകം മാറിപ്പോയിരിക്കുന്നു. നന്മയും തിന്‍മയും രണ്ടു കാലത്തും ഉണ്ട്. ലോകം തന്നെ ഇന്ന് ഒരു മാര്‍ക്കറ്റായി മാറിയിരിക്കുന്നു. ആര്‍ക്കും വില്‍പ്പനക്കാരനാവാം എന്ന സാഹചര്യം സംജാതമായിരിക്കുന്നു.

ഒരു വനിതാ സംരംഭക എന്ന നിലയില്‍ വേണ്ടത്ര പിന്തുണ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടോ?

സംരംഭക ജീവിതം ആരംഭിക്കുമ്പോള്‍ പിന്തുണയുമായി അച്ഛന്‍ വി തിരുവെങ്കിടവും ഭര്‍ത്താവ് കണ്ണനും ഒപ്പമുണ്ടായിരുന്നു. ചുറ്റുമുള്ളവരില്‍ നിന്നൊക്കെ തുടക്കത്തില്‍ ഒരു പരിഹാസം നേരിടേണ്ടി വന്നു. എന്നാല്‍ അച്ഛന്റെ പിന്തുണ അവയെയെല്ലാം നേരിടാന്‍ കരുത്ത് നല്‍കി. ഒരു ആണും പെണ്ണും ഇരിക്കുമ്പോള്‍ അല്‍പ്പം ബഹുമാനം ആണിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അത് കാര്യമാക്കാതെയാണ് മുന്നോട്ട് പോയിട്ടുള്ളത്. സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്. തുടക്കത്തില്‍ എല്ലായിടത്തും സ്വയം പരിചയപ്പെടുത്തേണ്ടി വന്നിരുന്നു. എങ്കിലും ഒരു സ്ത്രീ സംരംഭക, ബിസിനസ് ചെയ്യാന്‍ കഴിവുള്ളയാള്‍ എന്ന നിലയില്‍ ഒരു മിനിമം റെസ്പെക്റ്റ് അന്നേ ലഭിച്ചിരുന്നു, കൂടുതല്‍ കിട്ടിയെങ്കിലേ ഉള്ളൂ.

ബിസിനസ് നിയമങ്ങളിലും മറ്റും വലിയ പരിവര്‍ത്തനം നടക്കുന്ന സമയമാണിത്. സംരംഭകര്‍ നിയമാനുസാരികളായതുകൊണ്ടു മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? സര്‍ക്കാരുകളുടെ ഇടപെടലുകള്‍ തൃപ്തികരമാണോ?

നിയമങ്ങളില്‍ വലിയ മാറ്റം തന്നെ സംഭവിക്കുന്നുണ്ട്. എല്ലാം എക്കൗണ്ടബിളാണ്. കഴിഞ്ഞ 5-6 വര്‍ഷമായി സര്‍ക്കാരിന്റെ കൈവശം കൃത്യമായ കണക്കുണ്ട്, ആരൊക്കെ സത്യസന്ധമായി ബിസിനസ് ചെയ്യുന്നു എന്നത് സംബന്ധിച്ച്. ഓരോ ബില്ലും ഓരോ രൂപയും നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ രേഖകളൊന്നുമില്ലാതെ എത്രയോ ആളുകള്‍ എന്തൊക്കെ ചെയ്യുന്നു. അവരെ നിയമാനുസാരികളാക്കേണ്ടതുണ്ട്.

ജിഎസ്ടി സംബന്ധിച്ച കുരുക്കുകള്‍ ഇപ്പോഴും പൂര്‍ണമായി അഴിഞ്ഞിട്ടില്ല. പുതിയ നിയമങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ജിഎസ്ടി അടവും മറ്റും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംരംഭകനോട് മൂന്നു മാസത്തിലൊരിക്കല്‍ ജിഎസ്ടി അടച്ചാല്‍ മതിയെന്നും അടുത്തയാളോട് മാസത്തിലൊന്ന് അടയ്ക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു. ഇത്തരം അസമാനതകളേറെയുണ്ട്.

സര്‍ക്കാരും ഉദ്യോഗസ്ഥരും സഹകരിക്കുകയെന്നത് പ്രധാനമാണ്. സംരംഭകരും വ്യാപാരികളുമെല്ലാം എക്കാലവും നന്നായിരുന്നാലേ നാടും നന്നാവൂ. അവരാണ് പ്രധാന നികുതിദായകര്‍. രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. അവര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം. സംരംഭകരോട് സര്‍ക്കാരിന്റെ സമീപനം നന്നായിരുന്നാല്‍ നാടിനും നാട്ടുകാര്‍ക്കും കൂടി അത് ഗുണം ചെയ്യും.

സമ്പദ് വ്യവസ്ഥയെയാകെ പിടിച്ചു കുലുക്കുകയാണ് കോവിഡ്. അസാധാരണമായ ഈ സാഹചര്യത്തില്‍ നിന്ന് മോചനം നേടി വളര്‍ച്ചാ പാതയിലേക്ക് തിരികെയെത്താന്‍ എന്താണ് ചെയ്യേണ്ടത്?

താഴോട്ടു വീഴാന്‍ 10 ദിവസം മതിയെങ്കില്‍ മുകളിലേക്ക് കയറാന്‍ 10 വര്‍ഷം വേണ്ടിവരും. കൊറോണയ്ക്ക് മുന്‍പുണ്ടായിരുന്ന സാഹചര്യം തിരികെ വരണമെങ്കില്‍ ഇനി കുറേ സ്വപ്നം കാണേണ്ടി വരും. ചില മേഖലകളില്‍ നേട്ടമുണ്ടാകും. വാഹനം, ബാങ്ക്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് കോവിഡ് നേട്ടമാണുണ്ടാക്കിയത്.

ജനങ്ങളിലേക്ക് സര്‍ക്കാര്‍ പണമെത്തിച്ചാലേ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് സാധ്യമാകൂ. ഒന്നോ രണ്ടോ വ്യക്തികള്‍ക്കു മാത്രം മാറ്റാനാവുന്ന സാഹചര്യമല്ല ഇത്. ലോകം മുഴുവന്‍ മാറണം, മനോഭാവത്തില്‍ പരിവര്‍ത്തനം ആവശ്യമാണ്. ഇപ്പോള്‍ വീട്ടിലിരുന്ന് എല്ലാവര്‍ക്കും മടിപിടിച്ചു, മാനസികമായി വിഷാദത്തിലാണ്. ജോലിചെയ്യുന്നവര്‍ക്ക് മതിയായ ബഹുമാനവും പ്രതിഫലവും ഉറപ്പാക്കണം. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നു. അവരുടെ ശമ്പളത്തിലും മറ്റും വെട്ടിച്ചുരുക്കലുകള്‍ ഉണ്ടാവരുത്. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം. നാളെ അവര്‍ റിസ്‌ക് ഏറ്റെടുക്കാത്ത സാഹചര്യം സൃഷ്ടിക്കരുത്.

കൊറോണക്കാലം സാമൂഹിക ജീവിതത്തെയും തകിടം മറിച്ചിരിക്കുന്നു. സംരംഭത്തിനേല്‍ക്കുന്ന തിരിച്ചടികള്‍ സംരംഭകന്റെ മാനസികാവസ്ഥയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യവസായികളും മറ്റും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ അടുത്തിടെ കേള്‍ക്കുന്നു. ഈ പ്രതികൂല സാഹചര്യത്തെ എങ്ങനെ അതിജീവിക്കാം?

ആരോഗ്യം നോക്കിയേ പറ്റൂ, ശരീരത്തിന്റെയും മനസ്സിന്റെയും. മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും പൊണ്ണത്തടിയുമടക്കമുള്ള പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. സ്വയം നന്നായി പരിപാലിക്കുക. പോഷക സമൃദ്ധമായ നല്ല ആഹാരം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മനസ്സും ശരീരവും പാകപ്പെടുത്തി നിര്‍ത്തണം.

മെഡിറ്റേഷനിലൂടെയും മറ്റും പ്രതിസന്ധികളെ നേരിടാനുള്ള ഉള്‍ക്കരുത്ത് നേടുക. ഏതുതരം വ്യായാമങ്ങളും, നീന്തല്‍, ഓട്ടം, നടപ്പ്, ബാഡ്മിന്റണ്‍, സൈക്ലിംഗ് എന്നിവയേതും ശീലമാക്കുക. പറമ്പിലിറങ്ങി തൂമ്പയെടുത്ത് കിളക്കുകയോ പുല്ലു ചെത്തുകയോ വീട് വൃത്തിയാക്കുകയോ എന്തുമാകാം. സ്വയം എപ്പോഴും ആക്റ്റീവായി നിലനില്‍ക്കണം.

തിരക്കേറിയ സംരംഭക ജീവിതത്തില്‍ ആരോഗ്യമടക്കമുള്ള കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാനാവുന്നുണ്ടോ?

I am a very extensive traveler. മാസത്തില്‍ 18-20 ദിവസങ്ങള്‍ യാത്രയില്‍ ചെലവഴിക്കുന്നയാളാണ്. വീട്ടില്‍ ആകെ കിട്ടുക നാലോ അഞ്ചോ ദിവസം മാത്രമാണ്. യാത്ര ചെയ്യാനായാലും ബിസിനസായാലും പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തിയാലും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായാലും ശാരീരിക ക്ഷമത നിലനിര്‍ത്തണമെന്ന് ഞാന്‍ മനസിലാക്കി. എത്ര യാത്ര ചെയ്താലും എവിടെപ്പോയാലും എക്സര്‍സൈസ് ഞാന്‍ മുടക്കാറില്ല. എത്ര തിരക്കായാലും പുലര്‍ച്ചെ അഞ്ചുമണിക്ക് എക്സര്‍സൈസ് ചെയ്ത ശേഷമേ അതിലേക്കിറങ്ങൂ. അത് കൃത്യമായി മെയ്ന്റെയ്ന്‍ ചെയ്തുകൊണ്ടാണ് പോകുന്നത്.

See, Nothing more than your physique. ബിസിനസോ സംരംഭകത്വമോ ഒന്നും നമ്മുടെ മനസിനും ശരീരത്തിനും ഉപരിയല്ല. ഒന്നും കൊണ്ടുവരാതെയാണ് നാം ഭൂമിയിലേക്ക് വന്നത്, അതേപോലെ ഒന്നും കൊണ്ടല്ലാതെ പോകുകയും ചെയ്യും. കടുംപിടുത്തത്തിലൂടെ ആരോടും ഒന്നും സ്ഥാപിച്ചെടുക്കാനുമില്ല. കംഫര്‍ട്ടബിളായി മുന്നോട്ടു പോയാല്‍ മാത്രം മതി.

മൈന്‍ഡ് ആന്‍ഡ് ബോഡി ട്രെയ്നിംഗ് ചെയ്യാറുണ്ട്. ജിം എക്സര്‍സൈസുകള്‍, ഫ്ളോര്‍ എക്സര്‍സൈസുകള്‍, മെഡിറ്റേഷന്‍ എന്നിവയെല്ലാം ചെയ്യാറുണ്ട്. ഇപ്പോള്‍ യാത്രകള്‍ കുറഞ്ഞതിനാല്‍ ഇവയിലെല്ലാം കൂടുതല്‍ ശ്രദ്ധിക്കാനാവുന്നു. യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയും ഇപ്പോഴില്ലെന്നതാണ് വാസ്തവം, അതിന്റെ ആവശ്യവുമില്ല.

സില്‍ക്ക് വ്യവസായത്തിനാകെ നവോന്‍മേഷവും ആവേശവും പകര്‍ന്നാണ് ബീന കണ്ണന്‍ ഓരോ പുതിയ പരീക്ഷണങ്ങളും നടത്തിയിട്ടുള്ളത്. ശീമാട്ടിയുടെ വിജയം എന്നത് സാമ്പത്തികം മാത്രമല്ലെന്ന് നിസംശയം പറയാനാവില്ലേ?

മൂന്നു പതിറ്റാണ്ട് മുന്‍പാണ് ഞാന്‍ ബാലരാമപുരത്ത് പോകുന്നത്, അന്നു തന്നെ അവിടത്തെ നെയ്ത്തു വ്യവസായം മൃതാവസ്ഥയിലെത്തിയിരുന്നു. കൂത്താമ്പള്ളിയിലും സ്ഥിതി അതുതന്നെ. പക്ഷേ കോട്ടണ്‍ സാരികളില്‍ നിന്ന് സില്‍ക്ക് സാരികളിലേക്കുള്ള മാറ്റത്തിന് വഴികാട്ടിയത് കൂത്താമ്പള്ളിയും ബാലരാമപുരവും ഒക്കെത്തന്നെയാണ്. ഡിസൈന്‍ മാറ്റാനും മറ്റുമായി ഏറെക്കാലം അവരുടെ പിന്നാലെ നടന്നെങ്കിലും അവരൊന്നും മാറാന്‍ തയാറായിരുന്നില്ല. ഇതോടെയാണ് സില്‍ക്ക് സാരികളിലേക്ക് ഞാന്‍ നീങ്ങിയത്.

പ്രധാനമായും കാഞ്ചീപുരവുമായാണ് സഹകരിച്ചത്. സാരികളുടെ രംഗത്ത് ലോകത്ത് ഒന്നാം നമ്പര്‍ സ്ഥാനത്തേക്കെത്താന്‍ ശീമാട്ടി ബ്രാന്‍ഡും വിദഗ്ധരായ നെയ്ത്തുകാരും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ സാധിച്ചു. നെയ്ത്തുകാര്‍ക്ക് എല്ലാ പിന്തുണയും ശീമാട്ടി നല്‍കുന്നുണ്ട്. പുതിയ ഡിസൈനുകള്‍ ചെയ്യാന്‍ അവരെ എപ്പോഴും പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കും.

കാഞ്ചീപുരത്തെ നെയ്ത്തുകാര്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി വെഡ്ഡിംഗ് സില്‍ക്സില്‍ പുതിയ ഡിസൈനുകള്‍ നല്‍കുന്നത് ഞാന്‍ തന്നെയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്താനും നെയ്ത്തുകാരെക്കൊണ്ട് അവ പ്രയോജനപ്പെടുത്താനും മുന്നില്‍ തന്നെയുണ്ട്. ഡിസൈനുകളും സാങ്കേതിക വിദ്യയുമെല്ലാം നമുക്ക് മാത്രമല്ല, മുഴുവന്‍ ഇന്‍ഡസ്ട്രിക്കുമാണ് പ്രയോജനപ്പെട്ടത്.

വനിതാ സംരംഭകരോട്, പുതുതായി സംരംഭകത്വത്തിലേക്ക് ഇറങ്ങാനിരിക്കുന്നവരോട് പറയാനുള്ളത്?

ലോകം മാറുന്നതിനനുസരിച്ച് മാറാന്‍ ശ്രമിക്കുക. ഒരു ചട്ടക്കൂടിലോ കംഫര്‍ട്ട് സോണിലോ മാത്രം ഒതുങ്ങാതെ പുറത്തേക്ക് പോയാലേ വളരാനാവൂ. ഓരോ മനുഷ്യരെയും കൊണ്ടുള്ള പ്രയോജനം വ്യത്യസ്തമായിരിക്കും. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുക. വനിതകള്‍ മള്‍ട്ടിടാസ്‌കിംഗില്‍ മികച്ചവരാണ്. കൂടുതല്‍ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് എന്റെ അനുഭവം.

സംരംഭകര്‍ സമൂഹത്തോട് പുലര്‍ത്തേണ്ട സമീപനം എന്തായിരിക്കണം?

സംരംഭകരെന്ന നിലയ്ക്ക് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ ബഹുമാനിച്ച് മുന്നോട്ടു പോവുക, നിങ്ങളുടെ നന്മകള്‍, സമ്പത്ത് എല്ലാം പങ്കുവെക്കുക. നമ്മുടെ കീഴില്‍ ജോലി ചെയ്യുന്നവരോട് നാം ഉത്തരവാദിത്തമുള്ളവരായിരിക്കണം. അവരൊരല്‍പ്പം ഉഴപ്പിയാലും നാം ഉഴപ്പരുത്. നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പണിയെടുക്കുന്നത്. ചില്ലുമേടയിലാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കുക. കല്ലേറ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. തിരിച്ച് കല്ലെറിയാന്‍ നിങ്ങള്‍ക്കാവില്ല.

Leave a Reply

Your email address will not be published. Required fields are marked *