Connect with us

Hi, what are you looking for?

BV Specials

ലഘുവല്ല ലേഖയുടെ സംരംഭം

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

ആകെ തകര്‍ന്ന അവസ്ഥയില്‍ നിന്ന് അനുഭവ പരിചയം മാത്രം കൈമുതലാക്കി ഒരു സംരംഭം കെട്ടിപ്പടുത്ത ലേഖ ബാലചന്ദ്രന്‍ എന്ന വനിത, സംരംഭക കേരളത്തിന് തന്നെ മാതൃകയാണ്. വനിതകള്‍ പോയിട്ട് പുരുഷ സംരംഭകര്‍ പോലും കടന്നുവരാന്‍ അല്‍പ്പം മടിക്കുന്ന ഹെവി ഇലക്ട്രിക്കല്‍ രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി കരുത്തുറ്റ സാന്നിധ്യം. 2007 ല്‍ തുടക്കമിട്ട റെസിടെക് ഇലക്ട്രിക്കല്‍സിനെ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കമ്പനികളിലൊന്നായി ഈ വനിതാ സംരംഭക പടുത്തുയര്‍ത്തിയിരിക്കുന്നു

പെണ്ണാണെങ്കില്‍ വീട്ടിലിരിക്കണമെന്ന പിന്തിരിപ്പന്‍ ചിന്തകളെയെല്ലാം കുടഞ്ഞെറിയാന്‍ സമൂഹത്തിന് കരുത്തായത് സ്ത്രീകള്‍ തന്നെയാണ്. പഠിക്കാനും ജോലിചെയ്യാനും അരങ്ങത്തേക്കിറങ്ങിയ സ്ത്രീകള്‍ പിന്നീട് സംരംഭകരായും തിളങ്ങി. കരുത്തുറ്റ വനിതാ സംരംഭകര്‍ കേരളത്തിന്റെ സംരംഭക രംഗത്തെ തന്നെ പരിവര്‍ത്തനം ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. കുടുംബം നയിക്കുന്ന ചാതുര്യത്തോടെ തന്നെ സംരംഭത്തെയും കാറിലും കോളിലുമുലയാതെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന വനിതകള്‍ സമൂഹത്തെയാകെ പ്രചോദിപ്പിക്കുന്നു. ഹെവി ഇലക്ട്രിക്കല്‍സ് മാനുഫാക്ചറിംഗിലെ കരുത്തുറ്റ സാന്നിധ്യമായി വളര്‍ന്ന റെസിടെക് ഇലക്ട്രിക്കല്‍സിന്റെ വളയം പിടിക്കുന്നതും വളയിട്ട ഒരു കൈയാണ്.

Advertisement. Scroll to continue reading.

പ്രതിസന്ധികളെ കൂസാതെ മുന്നോട്ടു നീങ്ങുന്ന ലേഖാ ബാലചന്ദ്രന്‍. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് എണ്‍പതുകളുടെ അന്ത്യത്തില്‍ ബിടെക് പാസായ ലേഖയുടെ മനസില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമായിരുന്നു. എന്നാല്‍ പഠനമൊക്കെ കഴിഞ്ഞില്ലേ ഇനി വിവാഹം നടക്കട്ടെ എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. അങ്ങനെ സംരംഭക മോഹവും സ്വന്തം കാലില്‍ നില്‍ക്കുകയെന്ന ആഗ്രഹവുമൊക്കെ കെട്ടിപ്പൂട്ടി വെച്ച് വരണമാല്യത്തിന് തലകുനിച്ചു. മൂവാറ്റുപുഴയിലെ തറവാട്ടില്‍ നിന്ന് എറണാകുളത്തേക്ക്.

അവിടെയൊരു ട്വിസ്റ്റ്. ലേഖയെ മാത്രമല്ല അവളുടെ സംരംഭക സ്വപ്‌നത്തെക്കൂടിയായിരുന്നു ബാലചന്ദ്രന്‍ വിവാഹം ചെയ്തത്. സ്വന്തമായി കരിയര്‍ കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തിനൊപ്പം അദ്ദേഹം നിന്നു. മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ബാലചന്ദ്രന് പങ്കാളിത്തമുള്ള സംരംഭത്തില്‍ ഒരു ജീവനക്കാരിയായി കരിയറിന് തുടക്കം. കറന്റ് ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കുന്ന ചെറിയ കമ്പനിക്കൊപ്പം ലേഖയുടെയും ബാലചന്ദ്രന്റെയും കുടുംബവും പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ന്നു.

രണ്ടു കുട്ടികളായതോടെ ചെലവു കൂടി, സമയം കുറഞ്ഞു. 1993 ല്‍ ദമ്പതികളും ഒരു പാര്‍ട്ണറും ചേര്‍ന്ന് ഇലക്ട്രിക്കല്‍ മാനുഫാക്ചറിംഗ് സംരംഭം തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രതിസന്ധി തീര്‍ത്തു. അധികസമയം അധ്വാനിച്ച് ലേഖ പിടിച്ചുനിന്നു. വീട്ടമ്മയുടെയും കമ്പനി മേധാവിയുടെയും ഉത്തരവാദിത്തങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. വരുമാനം കെണ്ടത്താന്‍ ബാലചന്ദ്രന്‍ പുറത്ത് മറ്റൊരു കമ്പനിയില്‍ ഇക്കാലത്ത് ജോലി ചെയ്തു.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വഷളായ തൊണ്ണൂറുകള്‍ ലേഖയെ സംബന്ധിച്ചും വെല്ലുവിളികളുടേതായിരുന്നു. ട്രാന്‍സ്‌ഫോര്‍മറുകളുണ്ടാക്കുന്ന ആദ്യ സ്വകാര്യ കമ്പനികളിലൊന്നിന് വായ്പ ലഭിക്കാന്‍ പോലും ബുദ്ധമുട്ടായിരുന്നു. ഏറെ പ്രയത്‌നിച്ച് കെഎസ്‌ഐഡിസിയില്‍ നിന്ന് തരപ്പെടുത്തിയ വായ്പയുടെ ബലത്തില്‍ ആലുവ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഹെവി ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിച്ചു. എല്ലാം നന്നായി മുന്നോട്ടുപോകവെ എത്തിയ ആഗോള സാമ്പത്തിക മാന്ദ്യം കാര്യങ്ങള്‍ തകിടം മറിച്ചു. അതുവരെ സമ്പാദിച്ചതും ഉള്ള വസ്തുവകകള്‍ വിറ്റഴിച്ചതും എല്ലാം കടം വീട്ടാനായി ഉപയോഗിക്കേണ്ടി വന്നു.

1999 ആയപ്പോഴേക്കും ബാലചന്ദ്രനും കമ്പനിയിലേക്ക് തിരിച്ചെത്തി. എട്ടു വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ കമ്പനി നേരെ നിന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മറ്റൊരു പ്ലോട്ട് സ്വന്തമാക്കി. എന്നാല്‍ ഇക്കാലയളവിലുണ്ടായ ചില കല്ലുകടികള്‍ ബിസിനസിനെ വിഭജനത്തിന്റെ സാഹചര്യത്തിലേക്കെത്തിച്ചു. കമ്പനിയില്‍ നിന്ന് ലേഖയും ബാലചന്ദ്രനും
പുറത്തേക്ക്.

Advertisement. Scroll to continue reading.

അപ്രതീക്ഷിതമായി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യം.ആകെ കൈയിലുള്ളത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ലോട്ടും ഒരു ചെറിയ ഷെഡ്ഡും മാത്രം. പ്രതിസന്ധികള്‍ ഹിമാലയം പോലെ വളര്‍ന്നു നിന്നപ്പോള്‍ മാനസികമായി തന്നെ തളര്‍ന്നു! ലേഖയിലെ സംരംഭകയുടെ അധ്വാനശീലം ബോധ്യമുള്ള ഭര്‍ത്താവും മക്കളും സുഹൃത്തുക്കളും ഊര്‍ജം പകര്‍ന്നപ്പോള്‍ 19 വര്‍ഷത്തെ അനുഭവ പരിചയം കൈമുതലാക്കി 2007 ല്‍ റെസിടെക് യാഥാര്‍ത്ഥ്യമാക്കി.

നാല് ജീവനക്കാരുമായി ലളിതമായ തുടക്കം. മൂലധനമൊന്നും കൈവശമില്ലെങ്കിലും വായ്പയ്ക്കായി ആരെയും സമീപിക്കേെണ്ടന്ന് തീരുമാനിച്ചു. സ്വന്തമായി ഫണ്ട് സമാഹരിച്ച് മെഷീനറി വാങ്ങി. സപ്ലൈയര്‍മാരുമായി തുറന്ന് സംസാരിച്ചതോടെ അവര്‍ പിന്തുണച്ചു. അസംസ്‌കൃത വസ്തുക്കള്‍ ക്രെഡിറ്റില്‍ നല്‍കി വിതരണക്കാരും കൂടെ നിന്നു.

”മൂലധനത്തിന്റെ അഭാവത്തില്‍ തുടക്കം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഒരു വനിതാ സംരംഭക എന്ന നിലയില്‍ സ്വയം സ്ഥാപിച്ചെടുക്കുകയെന്ന വെല്ലുവിളി എനിക്ക് മുന്നിലുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകരേണ്ടതുണ്ടായിരുന്നു. പുതിയ ബ്രാന്‍ഡിന് വിപണി അംഗീകാരം നേടിയെടുക്കാനും സമയം വേണ്ടിവന്നു,” ലേഖ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഫാക്ടറിയില്‍ പുലര്‍ച്ചെ രണ്ടു മണി വരെയൊക്കെ ചെലവഴിച്ചിട്ടുെണ്ടന്ന് സംരംഭക. ബാലാരിഷ്ടതകള്‍ പരിഹരിച്ച് കമ്പനി വളരെവേഗം കുതിപ്പാരംഭിച്ചു. 40 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകയാണ് ഇന്നവര്‍.

ഊര്‍ജ്ജത്തിന്റെ ഉറവിടം

Advertisement. Scroll to continue reading.

11 കെവി ട്രാന്‍സ്‌ഫോര്‍മറുകളാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. 1,600 കിലോ വോള്‍ട്ട് വരെ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറുകളാണ് റെസിടെക് ഉല്‍പ്പാദിപ്പിക്കുന്നത്. 11 കെവി ലോഡ് ബ്രേക്ക് സ്വിച്ച് പാനലുകള്‍, സിടിപിടി യൂണിറ്റ്, വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ പാനലുകള്‍ എന്നിവയും ഉല്‍പ്പാദിപ്പിക്കുന്നു.

സംതൃപ്തരായ ഉപഭോക്താക്കളുമായി വിപണിയില്‍ സജീവ സാന്നിധ്യമാണ് കമ്പനി. സംസ്ഥാനത്തെ പ്രമുഖ ബില്‍ഡര്‍മാരെല്ലാം റെസിടെക്കിന്റെ ക്ലയന്റുകളാണ്. കെഎസ്ഇബി, റെയില്‍വേ, ടിഎന്‍പിഎല്‍, ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്, വാട്ടര്‍ അതോറിറ്റി, പിഡബ്ല്യുഡി, സിപിഡബ്ല്യുഡി തുടങ്ങി പൊതുമേഖലാ കമ്പനികളും സംസ്ഥാന-കേന്ദ്ര വകുപ്പുകളും ഈ മലയാളി കമ്പനിയുടെ ഹെവി ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വിശ്വസിച്ചുപയോഗിക്കുന്നു. ജര്‍മന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിംഗ് വമ്പനായ സിമെന്‍സിന്റെ സിസ്റ്റം ഹൗസായും ഇതിനിടെ റെസിടെക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ചെലവ് ചുരുക്കി മുന്നോട്ട്

ഏറെ പ്രതിസന്ധികളെ നേരിട്ടതിന്റെ കരുത്തും അനുഭവ പരിചയവും കൊറോണക്കാലത്തെ അതിജീവിക്കാന്‍ ലേഖ പ്രയോജനപ്പെടുത്തുന്നു. ”ബിസിനസ് സമൂഹത്തിനാകെ ദുഷ്‌കരമായ സമയമാണിത്. യാഥാര്‍ത്ഥ്യം അംഗീകരിച്ച് അതിനനുസരിച്ച് മുന്നോട്ടു പോകണം. ഞങ്ങളുടെ സെയില്‍സും താഴേക്ക് പോയിട്ടുണ്ട്. ആനുപാതികമായി ചെലവുകള്‍ കുറഞ്ഞിട്ടുമില്ല. പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാതെ മറ്റ് സാധ്യമായ മേഖലകളില്‍ ചെലവ് ചുരുക്കി മുന്നോട്ടു പോകുകയാണ്.”

Advertisement. Scroll to continue reading.

ഹെവി ഇലക്ട്രിക്കല്‍ രംഗത്ത് കേരളത്തിന് അനന്ത സാധ്യതകളുെണ്ടന്ന് ലേഖ കരുതുന്നു. ഇത് പ്രയോജനപ്പെടുത്തി കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി കമ്പനിയെ ഉയരങ്ങളിലേക്ക് നയിക്കാനാണ് സംരംഭക പദ്ധതിയിട്ടിരിക്കുന്നത്. കേരള വിപണിയില്‍ ഇന്ന് മൂന്നാം സ്ഥാനത്തുണ്ട് സ്ഥാപനം. ശ്രീലങ്കയിലേക്ക് കയറ്റുമതിയുമുണ്ട്. മാര്‍ക്കറ്റിംഗ് കൂടുതല്‍ ശക്തമാക്കി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സജീവമാകാനാണ് പരിപാടി. കുടുംബവും സംരംഭവും ഒപ്പം കൊണ്ടുപോകാന്‍ ലേഖ കാണിച്ച മെയ്‌വഴക്കവും സംരംഭകയെ മനസിലാക്കി ഒപ്പം നിന്ന കുടുംബവുമാണ് റെസിടെക്കിന്റെ മുന്നേറ്റത്തിന് നിദാനമെന്ന് നിസംശയം പറയാം. കുടുംബത്തെയും സംരംഭത്തെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന സന്ദേശമാണ് നവ വനിതാ സംരംഭകര്‍ക്കായി ലേഖയ്ക്ക് നല്‍കാനുമുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

Business & Economy

നമ്മുടെ പണം ഒക്കെ ഇപ്പോഴും മണ്ണിലും സ്വര്‍ണത്തിലുമായി കെട്ടിക്കിടക്കുന്നത് നിക്ഷേപിക്കാനുള്ള പണത്തിന് വേണ്ടത്ര ഉപയോഗമില്ലാത്തതിനാലാണ്

Advertisement