Connect with us

Hi, what are you looking for?

Exclusives

ദൈവം കൈപിടിച്ച സംരംഭകന്‍

സി വി ജേക്കബെന്ന അതികായനില്‍ നിന്ന് വിജു ജേക്കബ് സിന്തൈറ്റിന്റെ ബാറ്റണ്‍ കൈനീട്ടിപ്പിടിച്ചിട്ട് അഞ്ചാം വര്‍ഷമാണിത്

Dr Viju Jacob/Photo: Shivaprasad/Business Voice/Janmabhumi

സുഗന്ധവ്യഞ്ജനങ്ങള്‍ മണക്കുന്ന സിന്തൈറ്റെന്ന വടവൃക്ഷത്തിന്റെ ഇന്ത്യന്‍ ബിസിനസിനെ 3 കോടിയില്‍ നിന്ന് 450 കോടി രൂപയിലേക്കെത്തിച്ച മാര്‍ക്കറ്റിംഗ് മാന്ത്രികനാണ് ഡോ. വിജു ജേക്കബ്. സി വി ജേക്കബെന്ന അതികായനില്‍ നിന്ന് വിജു ജേക്കബ് സിന്തൈറ്റിന്റെ ബാറ്റണ്‍ കൈനീട്ടിപ്പിടിച്ചിട്ട് അഞ്ചാം വര്‍ഷമാണിത്. സിന്തൈറ്റ് അതിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വളര്‍ന്ന അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. കോവിഡ് വര്‍ഷത്തില്‍ പോലും വിറ്റുവരവ് 25% വര്‍ദ്ധിച്ചു.

ദൈവത്തിനെ കൂടി ബിസിനസില്‍ പങ്കാളിയാക്കി മുന്നോട്ടു പോകുന്ന വിജു ജേക്കബ് തന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കുന്നു. ഒപ്പം 6,000 കോടി രൂപയിലേക്ക് വളരാനുള്ള ഭാവി പരിപാടികളും ബിസിനസ് വോയ്‌സിനോട് അദ്ദേഹം പങ്കുവെക്കുന്നു

Advertisement. Scroll to continue reading.

കെ എസ് ശ്രീകാന്ത്, ദിപിന്‍ ദാമോദരന്‍

സംരംഭക മേഖലയില്‍ ദൈവം നട്ടുനനയ്ക്കുന്ന തോട്ടമാണ് സിന്തൈറ്റെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. തോട്ടത്തിന്റെ പാലകനായ ഡോ. വിജു ജേക്കബുമായി ദൈവത്തിനൊരു കരാറുണ്ട്. അടിപതറാതെ, വഴി തെറ്റാതെ എന്നും മുന്നോട്ടു നയിക്കാമെന്ന കരാര്‍. അദൃശ്യമായൊരു താങ്ങ് നിരവധി തവണ ലഭിച്ചതിന്റെ സാക്ഷ്യവുമായാണ് വിജു ജേക്കബ് മുന്നോട്ടു പോകുന്നത്. സി വി ജേക്കബില്‍ നിന്ന് സിന്തൈറ്റിന്റെ സാരഥ്യമേറ്റെടുത്ത് അഞ്ചാം വര്‍ഷത്തില്‍ സംരംഭം നേടിയെടുത്ത നിര്‍ണായക മുന്നേറ്റത്തിന്റെ ക്രെഡിറ്റ് വിജു സമര്‍പ്പിക്കുന്നതും ദൈവത്തിലാണ്.

1972ല്‍ തേരോട്ടം തുടങ്ങിയ സിന്തൈറ്റിന്റെ യാത്രയില്‍ ഒരു വ്യാഴവട്ടം കൂടി കഴിഞ്ഞാണ് വിജു ജേക്കബ് ഔദ്യോഗികമായി ഒപ്പം ചേരുന്നത്, 1984 ല്‍. മാര്‍ക്കറ്റിംഗിന്റെയും ഇന്ത്യന്‍ ബിസിനസിന്റെയും ചുമതലയാണ് ഉത്സാഹിയായ ആ ചെറുപ്പക്കാരന് പിതാവും കമ്പനി സ്ഥാപകനുമായ സി വി ജേക്കബ് നല്‍കിയത്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കും അലങ്കാരത്തിനുമൊക്കെയെടുക്കുന്ന ചെണ്ടുമല്ലിയുടെ സത്തിന്റെ വിപണന സാധ്യതകള്‍ തിരിച്ചറിഞ്ഞ് സിന്തൈറ്റ് ഇന്ത്യയില്‍ ആദ്യമായി മാരിഗോള്‍ഡ് എക്സ്ട്രാക്ഷനിലേക്ക് കടക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുക്കാന്‍ ഏല്‍പ്പിക്കപ്പെട്ടത് വിജുവിന്റെ കൈയില്‍. 1987 ല്‍ മാരിഗോള്‍ഡ് തേടി വിജു തമിഴ്നാട്ടിലെത്തി. 20,000 ടണ്‍ പൂവ് വേണമെന്ന് അവിടത്തെ കര്‍ഷകരോട് പറഞ്ഞു. പലരും നെറ്റി ചുളിച്ചു, പരിഹാസം കുറെ കേട്ടു. കുറച്ച് കര്‍ഷകരെ ഒപ്പം കൂട്ടി കൃഷി ആരംഭിച്ചു.

1998 ആയപ്പോഴേക്കും മാരിഗോള്‍ഡ് ഉല്‍പ്പാദനം 45,000 ടണ്ണിലേക്ക്. ലോകത്തെ മാരിഗോള്‍ഡ് സത്തിന്റെ ഉല്‍പ്പാദനത്തിലെ രാജാക്കന്‍മാരായി അങ്ങനെ സിന്തൈറ്റ് മാറി.ഇനിയിതില്‍ ദൈവത്തിന്റെ കൈ എവിടെയെന്നല്ലേ. അത് വിജു ജേക്കബ് പറയും.

Advertisement. Scroll to continue reading.

”മെക്സിക്കോയിലെ ലബോറട്ടറി ബയോകെമിസ്റ്റ് എന്നൊരു കമ്പനിയാണ് തുടക്കത്തില്‍ സിന്തൈറ്റുമായി പങ്കാളിത്തം ഉണ്ടാക്കിയത്, 1987 ല്‍. അവരുടെ ആവശ്യത്തിനനുസരിച്ചാണ് മാരിഗോള്‍ഡ് കൃഷി ചെയ്യിപ്പിച്ചത്. 1991 ആയപ്പോഴേക്കും മെക്സിക്കന്‍ കമ്പനിക്ക് ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ അവരുടെ ഉല്‍പ്പാദനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു.

Dr Viju Jacob/Photo: Shivaprasad/Business Voice/Janmabhumi

തത്ഫലമായി 150 ടണ്‍ ഒലിയോറെസിന്‍ സത്താണ് നമ്മുടെ കൈയില്‍ ആവശ്യക്കാരില്ലാതെ കെട്ടിക്കിടന്നത്. 18-20 കോടി രൂപയുടെ ഉല്‍പ്പന്നം! വലിയ പ്രതിസന്ധി ഉരുണ്ടുകൂടി. പ്രശ്നപരിഹാരത്തിന് മെക്സിക്കോയില്‍ പോയി ഞാന്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.. തിരിച്ച് ഹോങ്കോംഗ്, സിംഗപ്പൂര്‍ വഴി ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. ഹോങ്കോംഗില്‍ നിന്ന് വിമാനം കയറിയപ്പോള്‍ ഒപ്പമിരുന്ന യാത്രക്കാരനെ പരിചയപ്പെട്ടു, ആന്റണി. ചൈനീസ് ബിയര്‍ കഴിച്ചുകൊണ്ടിരുന്ന അദ്ദേഹം സിംഗപ്പൂരിലെ കെമിന്‍ എന്ന കമ്പനിയുടെ ജീവനക്കാരനാണ്. ചൈനയില്‍ പോയതെന്തിനാണെന്ന് ഞാന്‍ ചോദിച്ചു. മാരിഗോള്‍ഡ് സത്ത് തേടി പോയതാണെന്നും ചൈനയില്‍ നിന്ന് അത് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തേടിയവള്ളി കാലില്‍ ചുറ്റിയല്ലോ എന്നാണ് എന്റെ മനസ്സിലേക്ക് വന്ന ചിന്ത. ബിസിനസില്‍ എംബിഎയും പിഎച്ച്ഡിയും ഉണ്ടെങ്കിലും ദൈവാനുഗ്രഹമാണ് പ്രധാനമെന്ന് ഞാന്‍ പറയുന്നതിന് കാരണം ഇതാണ്.”

150 ടണ്‍ മാരിഗോള്‍ഡാണ് ആന്റണിക്ക് വേണ്ടത്, വിജുവിന്റെ കൈവശം ചെലവാകാതെ ഇരിക്കുന്നതും കൃത്യം അത്ര തന്നെ. ”ഗ്രാമിന് 19 സെന്റ് എന്ന് വിലപറഞ്ഞു. ഗ്രാമിന് 12 സെന്റാണ് എന്റെ ഉല്‍പ്പാദന ചെലവ്. 19.5 സെന്റിനാണെങ്കില്‍ മുഴുവന്‍ മാരിഗോള്‍ഡും തരാമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സീരിയസായാണോ പറയുന്നതെന്ന് അദ്ദേഹം അത്ഭുതംകൂറി. തമാശ പറഞ്ഞതാണോയെന്ന് വീണ്ടും അന്വേഷിച്ചു. ‘ആന്റണീ നിങ്ങള്‍ക്കാവശ്യമുള്ള ഒലിയോറെസിന്‍ മുഴുവനും ഇന്ന വിലയ്ക്ക് ഞാന്‍ നല്‍കാം, നിങ്ങള്‍ക്ക് സ്വീകാര്യമാണോ’ എന്ന് ഞാന്‍ പ്രതികരിച്ചു.

അദ്ദേഹം പറഞ്ഞതനുസരിച്ച് പിറ്റേദിവസം രാവിലെ ഞാന്‍ കെമിന്റെ ഓഫീസിലെത്തുന്നു. ഓസ്ട്രേലിയക്കാരനായ കമ്പനി ഉടമയെ കാണുന്നു. കരാര്‍ ഒപ്പിടുന്നു. ജീവിതത്തില്‍ ഇതുപോലെ ഒരു സന്തോഷം വേറെ ഉണ്ടായിട്ടില്ലെന്ന് പറയാം. എന്തുചെയ്യണമെന്നറിയാതെ വെച്ചിരുന്ന 150 ടണ്‍ മാരിഗോള്‍ഡ് സത്തും പിറ്റേയാഴ്ച കപ്പല്‍ കയറി. എട്ടുവര്‍ഷത്തോളം വിജയകരമായി ആ പങ്കാളിത്തം മുന്നോട്ടുപോയി. ചെണ്ടുമല്ലി സത്ത് വിറ്റഴിക്കാന്‍ ദൈവം നീട്ടിക്കൊടുത്ത കൈ പിന്നെ വിജു ജേക്കബ് വിട്ടിട്ടില്ല. മൂന്നു പതിറ്റാണ്ടായി ആ കൈയും പിടിച്ചാണ് അദ്ദേഹം ഓരോ പ്രതിസന്ധിയും തരണം ചെയ്യുന്നത്, ഓരോ വെല്ലുവിളികളെയും അവസരമാക്കി മാറ്റുന്നത്.

സിന്തൈറ്റിന്റെ സാരഥി ബിസിനസ് വോയ്‌സിനോട് സംസാരിക്കുന്നു.

 • കേരളത്തെ ആഗോള വ്യവസായ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സിവി ജേക്കബില്‍ നിന്നാണ് സിന്തൈറ്റ് എന്ന മഹാപ്രസ്ഥാനത്തിന്റെ ബാറ്റണ്‍ താങ്കള്‍ ഏറ്റെടുത്തത്. സിന്തൈറ്റിന്റെ സാരഥിയെന്ന നിലയില്‍ അഞ്ചാം വര്‍ഷത്തിലെത്തിയിരിക്കുന്നു താങ്കളുടെ യാത്ര. കടന്നുപോയ നാലു വര്‍ഷം സിന്തൈറ്റ് ഗ്രൂപ്പിനെ പുതിയ തലത്തിലേക്ക് വളര്‍ത്താനുള്ള പരിശ്രമം എത്രകണ്ട് വിജയത്തിലെത്തി?

പൊതുവെ നോക്കുകയാണെങ്കില്‍ വളരെ കാഠിന്യമേറിയ അഞ്ചു വര്‍ഷങ്ങളായിരുന്നു ഇത്. കേരളത്തിന്റെ പൊതു സ്ഥിതി നോക്കിയാല്‍ നിപ്പയും പ്രളയവും കോവിഡുമെല്ലാം വന്നു. സിന്തൈറ്റിന്റെ കാര്യമെടുത്താല്‍ ചരിത്രത്തിലാദ്യമായി ഒരു സമരവും നടന്നു. എന്നാല്‍ സിന്തൈറ്റിനെ ഇവയൊന്നും ബാധിച്ചില്ലെന്നതാണ് വാസ്തവം. കമ്പനി ഒരു ഗ്രോത്ത് ആക്‌സിലറേഷനില്‍ നിന്ന കാലമായിരുന്നു ഇത്. എല്ലാ വര്‍ഷത്തേക്കാളും അധികം ബിസിനസ് ചെയ്യാനും ഇരട്ടയക്ക വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനും സാധിച്ചു. സിന്തൈറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കിയ അഞ്ച് വര്‍ഷങ്ങളാണിതെന്ന് നിസംശയം പറയാം. കമ്പനിയുടെ ചരിത്രത്തില്‍ ഒരു ഫുള്‍ ത്രോട്ടിലില്‍ നിന്ന കാലയളവ്.

Photo: Shivaprasad/Business Voice/Janmabhumi

വിപുലമായ വികസന പരിപാടികള്‍ ഈ മുന്നേറ്റത്തിന് സഹായകരമായി. നെതര്‍ലന്‍സ്ഡില്‍ ഓഫീസ് തുടങ്ങി. ബ്രസീലിലും വിയറ്റ്‌നാമിലും പ്രവര്‍ത്തനമാരംഭിച്ചു. ചൈനയില്‍ നിലവിലുള്ളതിന് പുറമെ വേറൊരു സ്ഥലത്ത് കൂടി ഫാക്റ്ററി സ്ഥാപിച്ചു. കോവിഡാനന്തര സാഹചര്യം മുന്നില്‍ കണ്ട് ഉപഭോക്തൃ വിപണിയിലേക്ക് ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. അങ്ങനെ എല്ലാ മേഖലകളിലും കാലു വെക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. സംരംഭത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം നേതൃസ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ബിസിനസുകാര്‍ പലരും എല്ലാം തന്റെ മിടുക്കാണെന്ന് അവകാശപ്പെടുന്നത് കാണാറുണ്ട്. ഒന്നുമല്ല! ദെവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാമെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 • മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ ഈ കാലയളവില്‍ താങ്കള്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്തൊക്കെയാണ്?

ബ്രസീലിലേക്ക് പോകാനെടുത്ത തീരുമാനമാണ് പ്രധാനം. അതൊരു ശക്തമായ തീരുമാനമായിരുന്നു. ഇരട്ടയക്ക വളര്‍ച്ചയാണ് അവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിയറ്റ്‌നാമിലും ശ്രീലങ്കയിലും ബൈയിംഗിന് സംവിധാനമുണ്ടാക്കിയതും ശരിയായ തീരുമാനമായി. അസംസ്‌കൃത വസ്തുക്കളുടെ പര്‍ച്ചേസ് സിന്തൈറ്റിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള മേഖലയാണ്. കമ്പനി ചെലവിന്റെ 80% അസംസ്‌കൃത വസ്തുക്കളാണ്. കമ്പനിയുടെ വികസന പദ്ധതികള്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ കൂടി കണക്കിലെടുത്താണ് നടപ്പാക്കുന്നത്. ചൈനയില്‍ പുതിയൊരു സ്ഥലത്ത് ഒരു കമ്പനി വാങ്ങി പുതിയൊരു വിഭാഗം ആരംഭിച്ചു.

സിന്‍ജിയാംഗിലാണ് ആദ്യത്തെ ഫാക്റ്ററി. തദ്ദേശീയമായ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ ബെയ്ജിംഗിനടുത്ത് വൂചിംഗിലേക്ക് കമ്പനി മാറ്റി. യൂറോപ്പിലേക്കുള്ള പാത വെട്ടിത്തുറക്കാനുദ്ദേശിച്ചാണ് നെതര്‍ലന്‍ഡ്‌സില്‍ ഓഫീസ് തുറന്നത്. ജര്‍മനിയിലും ഓഫീസുണ്ട്. യാത്രകള്‍ നിരോധിക്കപ്പെട്ട കോവിഡ് കാലത്ത് ഈ ഓഫീസുകള്‍ വളരെയധികം പ്രയോജനം ചെയ്തു. ഒന്നും മുന്നില്‍ക്കണ്ടല്ലല്ലോ ഇവയൊന്നും ചെയ്തത്. അതാണ് ഞാന്‍ ദൈവാനുഗ്രഹമെന്ന കാര്യം ഊന്നിപ്പറയുന്നത്.

Advertisement. Scroll to continue reading.
 • ആഗോള വിപണിയില്‍ ശ്രദ്ധിച്ചിരുന്ന സിന്തൈറ്റിന് ഇന്ത്യന്‍ വിപണിയുടെ കരുത്തും സാധ്യതയും ബോധ്യപ്പെടുത്തിയതില്‍ താങ്കളുടെ പങ്ക് വളരെയേറെയാണ്. ഇന്ത്യന്‍ വിപണിയെ കണ്ടെത്തിയതെങ്ങനെയാണ്?

ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഞങ്ങളുടെ പങ്കാളിത്തം മൂന്ന് കോടിയില്‍ നിന്ന് 450 കോടി രൂപയാക്കാന്‍ എനിക്ക് സാധിച്ചു. നന്നായി സ്ട്രഗിള്‍ ചെയ്താണ് ഈ ലക്ഷ്യത്തിലെത്തിയത്. അക്കാലത്ത് ഇന്ത്യന്‍ വിപണിയിലെ സിന്തൈറ്റിന്റെ പങ്കാളിത്തം 2.5-3 കോടി രൂപ മാത്രമാണ്. കുറച്ച് പെപ്പര്‍ ഓയില്‍, ഒലിയോറെസിന്‍, കുറച്ച് സീഡ്സ് ഒക്കെ മാത്രമാണ് ഉല്‍പ്പന്നങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ വലിയ വളര്‍ച്ച നേടുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമില്ല. പിതാവ് സി വി ജേക്കബിനോട് ഒരു മീറ്റിംഗില്‍ വെച്ച് ഞാന്‍ ഇക്കാര്യം ചോദിച്ചു. എങ്കില്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ഇനി വിജു നോക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു. ഞാന്‍ നോക്കിയപ്പോള്‍ എല്ലാവരും ഒലിയോറെസിന്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. അതിനെ മാറ്റി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

അങ്ങനെ ഞങ്ങള്‍ പാചകത്തില്‍ നേരിട്ട് ഉപയോഗിക്കാവുന്ന ബ്ലെന്‍ഡുകള്‍ ഉണ്ടാക്കി. ചിക്കന്‍ ടിക്ക ബ്ലെന്‍ഡ്, ബാര്‍ബെക്യൂ ബ്ലെന്‍ഡുകള്‍ അങ്ങനെ പലത്. സീസണിംഗ് ഉണ്ടാക്കാന്‍ ഇത് ഒഴിച്ചുകൊടുത്താല്‍ മതി. ആശയങ്ങള്‍ ലാപ്പ്ടോപ്പിലാക്കി രണ്ടു വര്‍ഷം ഇന്ത്യ മുഴുവന്‍ ഞാന്‍ സഞ്ചരിച്ചു. ആള്‍ക്കാരെ നേരില്‍ കണ്ട് ലാപ്പ് ടോപ്പ് കാണിച്ച് ആശയം വിവരിച്ചു. ഓരോ കസ്റ്റമറെയും കണ്ട് സംസാരിച്ച് അവരുടെ ആവശ്യത്തിനനുസരിച്ച് പ്രൊഡക്റ്റുകളുണ്ടാക്കിയാണ് മുന്നേറിയത്.

നെസ്ലേ, യൂണിലിവര്‍, പെപ്സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളെയാണ് ഞാന്‍ ലക്ഷ്യമിട്ടത്. അങ്ങനെ ഒരു തവണ ഞാന്‍ നെസ്ലേയില്‍ പോകുകയുണ്ടായി. പര്‍ച്ചേസ് മാനേജറായ കാര്‍ത്തിക്കുമായി ഉച്ചക്ക് ഒന്നരക്കായിരുന്നു അപ്പോയ്ന്‍മെന്റ്. അഞ്ചര കഴിഞ്ഞിട്ടും കൂടിക്കാഴ്ച നടന്നില്ല. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ഞാന്‍ റിസപ്ഷനില്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇതിനിടെ നെസ്ലെ എച്ച്ആര്‍ ഹെഡ് ഡോ. ചോങ്കര്‍ അവിടെയെത്തിയപ്പോള്‍ എന്നെ കണ്ടു, കാര്യം തിരക്കി. അദ്ദേഹം ഫോണ്‍ വിളിച്ചു പറഞ്ഞതോടെ കാര്‍ത്തിക് താഴെയെത്തി. ആര്‍ക്കെങ്കിലും കൂടിക്കാഴ്ചക്ക് സമയം കൊടുത്താല്‍ അത് പാലിക്കാന്‍ ദയവുചെയ്ത് ശ്രമിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഡോ. ചോങ്കര്‍ ഇടപെട്ടു. ‘മി. ജേക്കബ് നിങ്ങള്‍ നിരാശനാവരുത്. നെസ്ലെയുടെ ഏറ്റവും മികച്ച സപ്ലൈയറാവാന്‍ പോകുകയാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ന് ഞാനാണ് നെസ്ലെയുടെ ബെസ്റ്റ് സപ്ലൈയര്‍.

 • ഒരു സംരംഭമെന്ന നിലയില്‍ സിന്തൈറ്റിന്റെയും അതിന്റെ നായകനായ താങ്കളുടെയും വിജയരഹസ്യമെന്താണ്?

സിന്തൈറ്റ് ഒരു വിജയ സംരംഭമാണെന്നാണ് പുറത്തുനിന്ന് നോക്കുന്ന എല്ലാവരും പറയുന്നത്. അതെ, വിജയഗാഥയാണ് സിന്തൈറ്റ്. ഞങ്ങള്‍ ആഴത്തില്‍, അടിസ്ഥാനപരമായി നടത്തുന്ന പഠനത്തിന്റെ ഫലമാണത്. വെറുതെ ഈ ഇന്‍ഡസ്ട്രിയിലേക്ക് ചാടിയിറങ്ങാനാവില്ല. സിന്തൈറ്റ് പോലൊരു സംരംഭം എളുപ്പം തുടങ്ങാമെന്ന് പലരും കരുതുന്നുണ്ടാകാം. പക്ഷേ തുടങ്ങിയ പലരും പൂട്ടിപ്പോയി. ഈ ബിസിനസിന്റെ രുചി നമുക്ക് പിടികിട്ടണം, ഇതിനോട് സ്നേഹമുണ്ടാകണം. സ്നേഹിച്ചു തുടങ്ങിയാല്‍ സംരംഭത്തോടുള്ള സ്നേഹം കൂടി വരുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, അവധിക്കാലത്ത് ഇവിടെ ജോലി ചെയ്യണമായിരുന്നു. ഡാഡി ഇക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. ലാബിലും മറ്റും നടക്കുന്ന റിസര്‍ച്ചിന്റെ സാങ്കേതികത്വം പഠിച്ചുകൊണ്ടാണ് വളര്‍ന്നത്.

അതുകൊണ്ടാണ് ഈ മേഖലയില്‍ താല്‍പ്പര്യവും ജനിച്ചത്. നാളെ ആരുടെയെങ്കിലും മുന്നില്‍ പോയിരിക്കുമ്പോള്‍ തലകുനിക്കേണ്ട അവസ്ഥ എനിക്കുണ്ടാവില്ല. പ്രൊഡക്റ്റിനെ കുറിച്ച് വ്യക്തമായി പറയാന്‍ എനിക്കാവും. പ്രൊഡക്റ്റിനെ കുറിച്ച് അഭിപ്രായം പറയണമെങ്കില്‍ അടിസ്ഥാന കാര്യങ്ങള്‍ നാം പഠിച്ചേ മതിയാവൂ. ഏത് ഇന്‍ഡസ്ട്രിയോ ബിസിനസോ ആയിക്കോട്ടെ, അടിസ്ഥാനപരമായി ആ മേഖലയെ കുറിച്ച് നല്ല ഗ്രാഹ്യമുണ്ടായിരിക്കണം. നാം ചെയ്യുന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കണം.

 • സംരംഭകത്വത്തില്‍ വിജയിക്കാന്‍ അടിസ്ഥാനമായി വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്?

ക്ഷമയും സ്ഥിരോല്‍സാഹവും വേണമെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് കുറെ നേരം കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഇവ രണ്ടുമുണ്ടെങ്കില്‍ ഏതു ബിസിനസും ഒരു വിജയമാക്കാം. പലപ്പോഴും നമ്മുടെ തലമുറയ്ക്ക് ഇല്ലാതെ പോകുന്നത് ഈ രണ്ടു ഗുണങ്ങളാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യവും കാണാറില്ല. ഒരു പ്രശ്നം മുന്നിലെത്തുമ്പോള്‍ പതറിപ്പോകുന്നെന്നതാണ് പല ചെറുപ്പക്കാരുടെയും പ്രശ്നം. എവിടെയാണ്, എങ്ങനെയാണ് ആ പ്രശ്നമുണ്ടായതെന്ന് ഇഴകീറി പരിശോധിക്കണം. സ്വയം നമ്മോടുതന്നെ ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ ആ പ്രശ്നത്തിന് പരിഹാരം തെളിഞ്ഞുവരൂ. പ്രശ്നം കാണുമ്പോള്‍ ഓടാനാണെങ്കില്‍ നമ്മള്‍ ബിസിനസില്‍ ഇറങ്ങരുത്. വിജയകഥയുള്ളവര്‍ക്ക് എന്തും പറയാമെന്ന് പലരും പറയും. പക്ഷേ വിജയിച്ചവര്‍ ഇത്തരം അനേകം പ്രതിബന്ധങ്ങളെ നേരിട്ടാണ് ആ വിജയത്തിലേക്ക് എത്തിയതെന്നോര്‍ക്കണം. തിരിച്ചടികളില്‍ തളര്‍ന്നതേയില്ല. പോസിറ്റീവ് മനോഭാവമാണ് എപ്പോഴും പുലര്‍ത്തിയത്. നെഗറ്റീവ് മനസുമായി ഒന്നിനും പോകരുത്. കിട്ടും എന്നു ചിന്തിച്ച് മുന്നോട്ടു പോയാല്‍ കിട്ടിയിരിക്കും.

സി വി ജേക്കബ്
 • സി വി ജേക്കബെന്ന സംരംഭകന്റെ സ്വാധീനം എത്രമാത്രം താങ്കളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്? താങ്കളിലെ മാര്‍ക്കറ്റിംഗ് വിഗദ്ധനെ അദ്ദേഹമാണ് തിരിച്ചറിഞ്ഞതെന്ന് കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ നല്ല അച്ചടക്കമുള്ള മനുഷ്യനായിരുന്നു ഡാഡി. രാവിലെ കൃത്യം എട്ടു മണിക്ക് അദ്ദേഹം ഓഫീസിലെത്തും. ഉച്ചക്ക് ലഞ്ചിന് വീട്ടില്‍ പോയി അര മണിക്കൂര്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ 5.30 വരെ അദ്ദേഹം ഓഫീസിലുണ്ടാകും. 6.30ന് ബാഡ്മിന്റണ്‍ കളിക്കാന്‍ പോകും. രാത്രി 8.30 ആകുമ്പോള്‍ തിരികെയെത്തി പ്രാര്‍ത്ഥനയും ആഹാരവും കഴിഞ്ഞ് ഉറക്കം. അച്ചടക്കവും ചിട്ടയും നിറഞ്ഞ ജീവിതം. പ്ലാന്റില്‍ എല്ലായിടത്തും അദ്ദേഹം എത്തും, എല്ലാവരുമായും സംസാരിക്കും. സുഖമില്ലാതായ കാലത്ത് കാറില്‍ എല്ലായിടത്തുമെത്തുമായിരുന്നു. ഇതെല്ലാം കണ്ടാണ് ഞാനും പഠിച്ചത്. ആ ബന്ധങ്ങള്‍ ഞാനും ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങി.

ഡാഡി ഒരിക്കലും കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കില്ല. എല്ലാം മനക്കണക്കാണ്. ദശലക്ഷങ്ങള്‍ അദ്ദേഹം മനസില്‍ കണക്കുകൂട്ടും. അത്രയ്ക്ക് കരുത്തുറ്റ മസ്തിഷ്‌കമായിരുന്നു. തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ ആലോചിച്ചും പരിശോധിച്ചുമായിരിക്കും. അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള മുറിയിലിരുന്നാണ് ഞാന്‍ ജോലി ചെയ്തത്. ആ ഗുണങ്ങള്‍ പലതും സ്വാംശീകരിക്കാന്‍ എനിക്കായി. എനിക്ക് മാര്‍ക്കറ്റിംഗില്‍ കഴിവുണ്ടെന്ന് മനസിലാക്കിയത് അദ്ദേഹമാണ്. അദ്ദേഹം ആ വെല്ലുവിളി മുന്നോട്ടു വെച്ചില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെ കണ്ടെത്താനാവുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒലിയോറെസിന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഗുരു എന്ന സ്ഥാനം എനിക്ക് അവകാശപ്പെടാവുന്നതാണ്. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു അവസരമുണ്ടെന്ന് വിജു ജേക്കബാണ് കാണിച്ചു തന്നതെന്ന് എതിരാളികള്‍ പോലും പറയാറുണ്ട്. പരിശ്രമത്തിന് കിട്ടുന്ന ഫലം എന്നു മാത്രമാണ് ഇതിനെ ഞാന്‍ കാണുന്നത്. വിജയകരമായ എല്ലാ സംരംഭത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയാറുണ്ട്. ഞാന്‍ പറയും എല്ലാ വിജയ സംരംഭങ്ങള്‍ക്ക് പിന്നിലും ഒരു ദൈവാനുഗ്രഹമുണ്ടെന്ന്. അതില്ലെങ്കില്‍ ആരാണെങ്കിലും പൊളിഞ്ഞുപോകും.

Dr Viju Jacob/Photo: Shivaprasad/Business Voice/Janmabhumi
 • തിരിഞ്ഞു നോക്കുമ്പോള്‍ എളുപ്പമായിരുന്നോ സിന്തൈറ്റിന്റെയും താങ്കളുടെയും യാത്ര?

ഒരു യാത്രയും എളുപ്പമല്ല. പ്രശ്‌നങ്ങളുണ്ടാവണം, എങ്കിലേ യാത്ര ചെയ്യാന്‍ സുഖമുണ്ടാവൂ. കുറച്ചു പ്രശ്‌നമുണ്ടാകുന്നത് നല്ലതാണെന്ന് ഞാന്‍ പറയും. എല്ലാം സ്മൂത്തായി പൊയ്‌ക്കൊണ്ടിരുന്നാല്‍ നമ്മള്‍ കുറച്ച് അത്യാഡംബരത്തിലേക്ക് നീങ്ങും, ഒരു അനായാസ മനോഭാവത്തിലെത്തും. ഞങ്ങളുടെ ഹോസ്പിറ്റാലിറ്റി വിഭാഗം തന്നെ പരിഗണിക്കാം. കോവിഡ് കാലത്ത് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലയാണ് ഹോസ്പിറ്റാലിറ്റി. ഈ വിഭാഗത്തില്‍ റമദയും റിവേരയും ഞങ്ങള്‍ക്കുണ്ട്. റിവേര ഞങ്ങളിപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകളായി വില്‍ക്കുകയാണ്. കോവിഡ് കാലത്ത് റമദ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ശമ്പളം പാതിയായി വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. ഈ വര്‍ഷം ഫെബ്രുവരിയായപ്പോള്‍ പിടിച്ചുവെച്ച ശമ്പളമടക്കം ജീവനക്കാര്‍ക്ക് കൊടുത്തുതുടങ്ങി. ഒരു രൂപ പോലും ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാനാവും. ജീവനക്കാരെല്ലാം സാഹചര്യം ഉള്‍ക്കൊണ്ട് സഹകരിച്ചു. ഇപ്പോള്‍ പണം തിരികെ അവര്‍ക്ക് നല്‍കുന്നത് എന്റെ മാനസിക സംതൃപ്തിക്കായാണ്. ജീവനക്കാരുടെ സന്തോഷമാവണം കമ്പനി എംഡിയുടേയും സന്തോഷം.

സിന്തൈറ്റിന്റെ അടിസ്ഥാന സ്വഭാവം, തൊഴിലുടമ-തൊഴിലാളി വേര്‍തിരിവിന്റേതല്ല. സി വി ജേക്കബ് പഠിപ്പിച്ച കാര്യമാണിത്. ഒരു കുടുംബമായാണ് സിന്തൈറ്റ് മുന്നോട്ടു പോകുന്നത്. ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നോട് സംസാരിക്കാം. അന്യനായി എന്നെ കാണേണ്ടതില്ല. അവരെപ്പോലെ ഒരു സാധാരണക്കാരനായാണ് ഞാനും ഇവിടെ ജോലി ചെയ്യുന്നത്. എനിക്കങ്ങനെ കാണാനുമാണ് ഇഷ്ടം. എംഡിയെന്നത് ഒരു ബോര്‍ഡ് മാത്രമാണ്. മറ്റ് ജീവനക്കാര്‍ സഹകരിച്ചില്ലെങ്കില്‍ എന്റെ പെര്‍ഫോമന്‍സിനെയും അത് ബാധിക്കും. ഞാന്‍ ലീഡറാവണമെങ്കില്‍ എന്റെയൊപ്പം ആള്‍ക്കാര്‍ വേണം, അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ടാവണം, ഞാന്‍ അവരെ സ്‌നേഹിക്കണം. ഒരു ഇന്‍ഡസ്ട്രി ഇങ്ങനെയേ നടത്തിക്കൊണ്ടു പോകാനാവൂ. മാന്‍ മാനേജിംഗ് എന്നത് അതില്‍ നിര്‍ണായകമാണ്. എച്ച്ആര്‍ ആരംഭിക്കുന്നത് വീട്ടില്‍ നിന്നു തന്നെയാണെന്ന് ഞാന്‍ പറയും. നമ്മള്‍ ഭാര്യയോടും മക്കളോടും എങ്ങനെ പെരുമാറുന്നു എന്നതില്‍ തുടങ്ങും അത്. ഓരോ കമ്പനിക്കും അതാതിന്റേതായ എച്ച്ആര്‍ സംവിധാനം വേണം. സിന്തൈറ്റിന് അങ്ങനെയൊന്നുണ്ട്. ഓരോ വിഭാഗത്തെയും ഒരു തൂണായാണ് ഞാന്‍ കാണുന്നത്. ഒരു തൂണിനും ഇളക്കം തട്ടരുത്.

 • വ്യവസായങ്ങളുടെ ശവപ്പറമ്പെന്ന പേരുദോഷം കേരളത്തിനുണ്ട്. എന്നാല്‍ സിന്തൈറ്റ് അതിന് അപവാദമാണ്. ജീവനക്കാരോട് സിന്തൈറ്റ് പുലര്‍ത്തിയ സമീപനമാണോ ഗുണം ചെയ്തത്?

സിന്തൈറ്റിനെ നയിച്ചവരൊന്നും ഒരിക്കലും അമിതമായ ഒരു ആഡംബര ജീവിതം നയിച്ചിട്ടില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍, ഞങ്ങള്‍ സിയാലിന്റെ നിക്ഷേപകര്‍ കൂടിയാണ്. സിയാലില്‍ നിന്നു കിട്ടിയ ആദ്യ ലാഭം തന്നെ ജീവനക്കാര്‍ക്ക് നല്‍കുകയാണ് ചെയ്തത്. ജീവനക്കാരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. വീടില്ലാത്തവര്‍ക്ക് വീട് വെച്ചുകൊടുത്തു. ജീവനക്കാരില്‍ സ്വന്തമായി വീടില്ലാത്തവര്‍ ആരുമുണ്ടാവരുതെന്ന അടിസ്ഥാന തത്വം ഞങ്ങള്‍ക്കുണ്ടായിരുന്നു. എല്ലാവര്‍ക്കും കമ്പനി മൊബീല്‍ ഫോണ്‍ നല്‍കും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സൗജന്യമായി ബൈക്ക് ലഭിക്കും. സീനിയര്‍ ജീവനക്കാര്‍ക്ക് കാറു വാങ്ങാന്‍ പലിശ രഹിതമായി നിശ്ചിത തുക നല്‍കും. ജീവനക്കാര്‍ക്ക് ഗുരുതര രോഗങ്ങള്‍ വന്നാല്‍ സിവിജെ ഫൗണ്ടേഷന്‍ വഴി ചികിത്സാ ചെലവുകളും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്. ജീവനക്കാരുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയാണ് സിന്തൈറ്റ്. ജീവനക്കാരെന്ന് ഞങ്ങള്‍ പറയാറില്ലെന്നതാണ് വാസ്തവം, കുടുംബമെന്ന് തന്നെയാണ് പറയുന്നത്.

 • ഇത്രയൊക്കെ ചെയ്തിട്ടും 2018 ല്‍ തൊഴില്‍ പ്രശ്‌നങ്ങളുണ്ടായല്ലോ?

ഒരു കാര്യവുമില്ലാത്ത കാര്യത്തിനാണ് തൊഴില്‍ പ്രശ്‌നമുണ്ടായത്. ഏറെ ദുഃഖിപ്പിച്ചു അത്. ഇത്രയൊക്ക ചെയ്തിട്ടും നമുക്ക് എതിരായി ഒരു കൊടി ഇവിടെ വന്നു. ശമ്പളത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഒന്നാം നമ്പര്‍ കമ്പനിയാണിത്. ശമ്പളം കുറഞ്ഞതില്‍ വിഷമിക്കുന്ന ആരുമില്ല ഇവിടെ, അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ എന്നെ നേരില്‍ വന്ന് കാണാം. സമരം ചെയ്തവര്‍ എന്തിനാണ് അത് ചെയ്തതെന്ന് പോലും എനിക്ക് മനസിലായില്ലെന്നതാണ് വാസ്തവം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുകയാണ് ഞാന്‍ ചെയ്തത്. അദ്ദേഹത്തിന് കാര്യം ബോധ്യമായി. തിരികെ ഞാന്‍ സിന്തൈറ്റിലെത്തും മുന്‍പ് സമരം പിന്‍വലിച്ചു. അന്യായമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കോവിഡ് കാലത്ത് പോലും ശമ്പളം വെട്ടിക്കുറച്ചില്ല. 20% ബോണസ് കൂടുതല്‍ കൊടുക്കുകയാണ് ചെയ്തത്. കമ്പനിയുടെ ലാഭത്തിലേക്ക് എല്ലാം മുതല്‍ക്കൂട്ടുകയല്ല ചെയ്തത്. ഇതൊക്കെ വേണമെങ്കില്‍ ചെയ്യാതിരിക്കാം. പക്ഷേ മനസുണ്ടായിട്ടാണ് ചെയ്തത്.

 • ഇത്തരമൊരു സംഭവം സംരംഭകനെന്ന നിലയില്‍ എത്രമാത്രം ഉലച്ചു?

40 വര്‍ഷത്തോളം യൂണിയനില്ലാതിരുന്ന ഒരു കമ്പനിയില്‍ പൊടുന്നനെ അങ്ങനെയൊന്ന് ഉണ്ടായത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിതാവും ആ സമയത്ത് സുഖമില്ലാതിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടുമില്ല. ഞാന്‍ പിടിച്ചു നിന്നു, എവിടംവരെ പോകാമോ അവിടെവരെ പോയി. പ്രശ്‌നം സോള്‍വ് ചെയ്തു. എന്നാലും ഇതൊരു വലിയ പാഠം പഠിപ്പിച്ചു, എല്ലാ ആപ്പിളുകളും ഒരു കൂടയില്‍ ഇടരുതെന്ന പാഠം.

ഇനി ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ കോലഞ്ചേരിയിലേത് ഒരു ആര്‍ ആന്‍ഡ് ഡി വിഭാഗമാക്കി മാറ്റിയിട്ട് പ്രൊഡക്ഷന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കോ സിംഗപ്പൂരിലേക്കോ ചൈനയിലേക്കോ മാറ്റും. അങ്ങനെ സംഭവിച്ചാല്‍ നഷ്ടം കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്കായിരിക്കും. നാം കാണിക്കുന്ന സ്‌നേഹത്തിന് തിരികെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നത്. സമരക്കാരുദ്ദേശിച്ചതിനേക്കാള്‍ വലിയ തലത്തിലാണ് സമരത്തെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്തത്. സമൂഹത്തിന്റെ വലിയ പിന്തുണ സിന്തൈറ്റിന് ലഭിച്ചു. ന്യായം ഞങ്ങളുടെ പക്ഷത്തായിരുന്നു. പല രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് എന്നെ ഫോണില്‍ വിളിച്ചത്. ഇന്‍വെസ്റ്റ് ചെയ്യട്ടേയെന്നാണ് അവരെല്ലാം ചോദിച്ചത്. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിക്ഷേപിച്ചോളൂയെന്നാണ് അവരോട് പറഞ്ഞത്.

 • വൈവിധ്യവല്‍ക്കരണത്തില്‍ ഈന്നിയാണ് എന്നും സിന്തൈറ്റ് മുന്നോട്ടു പോയിട്ടുള്ളത്. പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

കിച്ചണ്‍ ട്രഷേഴ്‌സ് വന്നതുപോലെ ന്യൂട്രാസ്യൂട്ടിക്കല്‍ വിഭാഗത്തില്‍ ചമതേൃേമ എന്ന പ്രൊഡക്റ്റ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നു. അത് നന്നായി വിറ്റുപോകുന്നുണ്ട്. ഇന്ത്യയിലെ ഒലിയോറെസിന്‍ കമ്പനികളിലെ ആദ്യ റോബോട്ടിക് പ്ലാന്റ് ഞങ്ങള്‍ കൊണ്ടുവരികയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും സജീവമായി പ്രയോജനപ്പെടുത്തും. കാലത്തിനനുസരിച്ച് മുന്നോട്ടുപോകണം. സോള്‍വന്റ് എക്‌സ്ട്രാക്ഷനാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്. ഇനി വെള്ളം സോള്‍വന്റ് മാധ്യമമാക്കി വാട്ടര്‍ എക്‌സ്ട്രാക്ഷന്‍ നടത്താനാണ് പദ്ധതി. കീടനാശിനി മുക്തമായ, സോള്‍വന്റ് മുക്തമായ ഉല്‍പ്പന്നങ്ങള്‍ ഭാവിയില്‍ വരും. നാനോ ടെക്‌നോളജിയും ഞങ്ങള്‍ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ്. NatXtra പ്രൊഡക്റ്റുകളില്‍ കുര്‍ക്കുമിന്റെയും മറ്റും നാനോ പാര്‍ട്ടിക്കിളുകളാണുള്ളത്. കാന്‍സറിനെയടക്കം പ്രതിരോധിക്കാന്‍ നാനോ
പാര്‍ട്ടിക്കിളുകള്‍ക്ക് സാധിക്കും. ശക്തമായ ഗവേഷണമാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 • ഗവേഷണത്തിലും ഇന്നൊവേഷനിലും സിന്തൈറ്റും താങ്കളും ഏറെ ഊന്നുന്നതായി കണ്ടുവരുന്നു. ഈയൊരു തന്ത്രം എത്രമാത്രം സഹായകരമായിട്ടുണ്ട്?

ഇന്നോവേഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, മാര്‍ക്കറ്റിംഗ് എന്നീ മൂന്ന് മേഖലകളാണ് എന്റെ താല്‍പ്പര്യം. ആര്‍ ആന്‍ഡി ഡിയില്‍ നന്നായി പണം മുടക്കിയാല്‍ അതിന് ദീര്‍ഘകാല നേട്ടമാണുണ്ടാവുക. നാളെത്തന്നെ അതിന്റെ ഫലം കിട്ടണമെന്ന് ആഗ്രഹിച്ചാല്‍ നടക്കില്ല. വാര്‍ഷിക വരുമാനത്തിന്റെ 4% ഗവേഷണത്തിനായി സിന്തൈറ്റ് ചെലവഴിക്കുന്നുണ്ട്. സിന്തൈറ്റില്‍ നിന്ന് വ്യവസായ ലോകം പുതുമ പ്രതീക്ഷിക്കുന്നുമുണ്ട്. എക്‌സിബിഷനുകള്‍ക്കും മറ്റും ആളുകള്‍ ആദ്യം ഇടിച്ചു കയറുക സിന്തൈറ്റിന്റെ സ്റ്റാളിലേക്കാണ്.

പുതിയതായി എന്തുണ്ടെന്നറിയാനാണത്. തുടക്കം മുതലേ ആര്‍ ആന്‍ഡ് ഡി വിഭാഗത്തെ ശക്തമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഒലിയോറെസിനെന്നാല്‍ കുരുമുളകിന്റെയോ ഇഞ്ചിയുടെയോ സത്ത് മാത്രമല്ല. ഗവേഷണത്തിലൂടെ കണ്ടെത്തിയ ഇന്നൊവേറ്റീവ് പ്രൊഡക്റ്റുകളാണ് ഇവ. ഇവയ്ക്ക് മൂല്യം കൂടുതലാണ്. ഇന്നൊവേറ്റീവ് പ്രൊഡക്റ്റുകള്‍ തുടര്‍ച്ചയായ ഗവേഷണത്തിലൂടെ കണ്ടെത്തി അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. എങ്കിലേ അടുത്ത തലത്തിലേക്ക് വളരാനാവൂ. എസന്‍ഷ്യല്‍ ഓയിലുകളെ കുറിച്ച് ഞാന്‍ ദിവസവും പഠിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായ പഠനത്തിലൂടെയേ മുന്നേറാന്‍ സാധിക്കൂ. ഈ വിഭാഗത്തില്‍ വെറുതെ മാര്‍ക്കറ്റിംഗിന് ഇറങ്ങാനാവില്ല. വിഷയത്തെ കുറിച്ച് പൂര്‍ണമായും ബോധ്യമുണ്ടാവണം. ആര്‍ ആന്‍ഡ് ഡി, ഇന്നൊവേഷന്‍ വിഭാഗത്തില്‍ ഞാന്‍ എപ്പോഴും സമയം ചെലവിടുന്നത് ഈ സാങ്കേതിക ജ്ഞാനം നേടിയെടുക്കാനാണ്. എന്നെ കാണിക്കാതെ ഇന്നൊവേഷന്‍ വിഭാഗത്തില്‍ നിന്ന് ഒരു പ്രൊഡക്റ്റ് പുറത്തേക്ക് പോവില്ലെന്നായി. ഒന്നു മണത്താലോ നാക്കില്‍ തൊട്ടാലോ രുചി വ്യത്യാസം പറയാനാവുന്ന നിലയിലേക്ക് വൈദഗ്ധ്യം ഞാന്‍ നേടിയെടുത്തു.

 • കീടനാശിനികളുടെ സാന്നിധ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാനുള്ള സിന്തൈറ്റിന്റെ പരിശ്രമം എത്രമാത്രം ലക്ഷ്യത്തിലെത്തിയിട്ടുണ്ട്?

വളര്‍ച്ചാ സാധ്യത ഏറെയുണ്ടെങ്കിലും ഈ മേഖലയില്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളിലെ കീടനാശിനിയുടെ അനുവദനീയമായ പരിധി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും എഫ്ഡിഎയും മറ്റുമാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. നമ്മുടെ ഉല്‍പ്പന്നത്തിന്റെ 99% ഭക്ഷ്യ മേഖലയിലേക്കാണ് പോകുന്നത്. സുഗന്ധദ്രവ്യങ്ങളിലേക്കും കളറിലേക്കും മറ്റും പോകുന്നത് ഒരു ശതമാനം മാത്രമാണ്. അതുകൊണ്ട് അസംസ്‌കൃത വസ്തുക്കള്‍ കീടനാശിനി മുക്തമായിരിക്കുന്നെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മുളക്, മാരിഗോള്‍ഡ് എന്നിവയെല്ലാം അതിനാല്‍ കര്‍ശനമായി ബാക്ക്‌വേര്‍ഡ് ഇന്റഗ്രേഷന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കൃഷിക്കാരെ കൃത്യമായി പറഞ്ഞു മനസിലാക്കാന്‍ ഇതിനാല്‍ സാധിക്കുന്നുണ്ട്. ജൈവ കീടനാശിനികള്‍ മാത്രമേ ഉപയോഗിക്കാവൂയെന്നും ഏത് അളവില്‍ ഉപയോഗിക്കാമെന്നും അവരെ ബോധവല്‍ക്കരിക്കുന്നു. ഇത്തരത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കാളധികം വിലകൊടുത്ത് കമ്പനി വാങ്ങുന്നു. കീടനാശിനി മുക്തമായ രാജ്യമെന്ന സങ്കല്‍പ്പം കൂടി ഇതിലുണ്ട്, ഇന്ത്യ അങ്ങനെയാവണം.

കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ പോയിരുന്നു. വളരെ ഫലഭൂയിഷ്ഠമായ ഭൂമിയാണത്. 1,000 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാനാണ് വേറൊരു കമ്പനി വഴി കരാറായത്. അവിടത്തെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒരേയൊരു ഉപാധി, തങ്ങളുടെ രാജ്യത്തേക്ക് കീടനാശിനികള്‍ കൊണ്ടുവരരുതെന്നാണ്. നമ്മുടെ രാജ്യവും ഇത്തരമൊരു ജാഗ്രതയിലേക്ക് എത്തണം. നമ്മുടെ അടുത്ത തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. ഈ ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കര്‍ഷകരെ വളര്‍ത്തിയെടുക്കണം.ഭൂമിലഭ്യത ഏറിയ രാജ്യമാണ് ഇന്ത്യ. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് എല്ലാ സാഹചര്യവുമുണ്ട്. പക്ഷേ അത് വേണ്ടവിധം ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന്, ഒരു കാലത്ത് കേരളമായിരുന്നു കുരുമുളകിന്റെ ഏറ്റവും പ്രധാന സ്രോതസ്. എന്നാല്‍ ഇന്ന് വിയറ്റ്നാം 2.5 ലക്ഷം ടണ്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നു. ഇന്തോനേഷ്യ 75,000 ടണ്ണും. ഇന്ത്യയുടെ കുരുമുളക് ഉല്‍പ്പാദനം വെറും 60,000 ടണ്‍ മാത്രം.

Advertisement. Scroll to continue reading.

ശ്രീലങ്കയുടേത് 25,000 ടണ്‍. ബ്രസീല്‍ ഇപ്പോള്‍ നമ്മുടെ അടുത്തെത്താറായി. കൃഷിയിലേക്കുള്ള ഫോക്കസ് നമുക്ക് നഷ്ടപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച, ഉയര്‍ന്ന അളവില്‍ കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞളായിരുന്നു ആലപ്പുഴയിലേത്. ഇപ്പോള്‍ ആലപ്പുഴ മഞ്ഞളെന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയുകകൂടി ഇല്ല. കൃഷി നിന്നു. ലോകത്തെങ്ങും പെര്‍ഫ്യൂമറിയിലെ രാജ്ഞിയായിരുന്നു ഒരു കാലത്ത് ഇടുക്കിയിലെ രാജകുമാരി ഇഞ്ചി. ഇന്ന് അതിന്റെ ഉല്‍പ്പാദനവും നിന്നു. നമുക്ക് എന്ത് പറ്റുന്നെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. ഇന്ത്യക്കും കേരളത്തിനും എവിടെയാണ് ഫോക്കസ് നഷ്ടപ്പെടുന്നത്? ഐടിയിലാണോ കൃഷിയിലാണോ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അറിയില്ല. നമ്മള്‍ കൃഷി ചെയ്താണ് വന്നത്. അതിനെ മറന്ന് ഐടി മേഖലയിലേക്കും മറ്റും വളര്‍ന്നു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ രണ്ട് മേഖലകള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കേണ്ടത്.

 • കോവിഡ് കാലം എല്ലാവര്‍ക്കും പരിക്കേല്‍പ്പിച്ചു, ചിലക്ക് നേട്ടവുമുണ്ടാക്കി. താങ്കളുടെ അനുഭവം എന്താണ്? വലിയൊരു വര്‍ക്ക് ഫോഴ്സിനെയാണ് താങ്കള്‍ നയിക്കുന്നത്. ജീവനക്കാരെ കോവിഡ് കാലത്ത് എങ്ങനെയാണ് സംരക്ഷിച്ചത്?

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിരവധി കമ്പനികള്‍ പൂട്ടിക്കിടന്നു. പല കമ്പനികളും പാതി മാത്രം ശമ്പളം കൊടുത്തു. അത്തരമൊരു മോശം കാലാവസ്ഥയില്‍ പോലും സിന്തൈറ്റ് ഓരോ ജീവനക്കാരനും ശമ്പളത്തിന് പുറമെ അധിക പണം നല്‍കുകയാണ് ചെയ്തത്. ബോണസും മറ്റ് ആനുകൂല്യങ്ങളുമെല്ലാം നല്‍കി. എല്ലാ ജീവനക്കാര്‍ക്കും കോവിഡിന്റെ പ്രത്യേക ഇന്‍ഷുറന്‍സ് എടുത്തു. കമ്പനിയുടെ പ്രവര്‍ത്തനം ഒരു ദിവസം പോലും മുടങ്ങിയില്ല. ഒരു അദൃശ്യ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് അത് നടന്നതെന്നാണ് എന്റെ വിശ്വാസം. കോവിഡ് ഞങ്ങള്‍ക്ക് കൂടുതല്‍ അനുഭവ പരിചയമേകി. മുന്‍വര്‍ഷത്തേക്കാള്‍ 25% ടേണോവര്‍ ഈ വര്‍ഷം കൂടുകയാണുണ്ടായത്.

അവശ്യ സേവന വിഭാഗത്തിലുള്‍പ്പെടുത്തി പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 24 മുതല്‍ ഇന്നുവരെ ഒരു കുഴപ്പവുമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അപ്രവചനീയത നിറഞ്ഞ സാഹചര്യത്തെ നേരിടാന്‍ ഞങ്ങള്‍ ഒരു കോവിഡ് കമ്മറ്റി രൂപീകരിച്ചു. അവര്‍ ഓരോ ഫാക്റ്ററിയും ഒന്നിടവിട്ട ദിവസങ്ങളില്‍ സാനിറ്റൈസേഷന്‍ നടത്തി. ജീവനക്കാരെ ബോധവല്‍ക്കരിക്കുകയും മാസ്‌ക്കും ഗ്ലൗസും മറ്റും നല്‍കുകയും ചെയ്തു.

Dr Viju Jacob/Photo: Shivaprasad/Business Voice/Janmabhumi
 • അച്ചടക്കമുള്ള പിതാവിന്റെ മകനാണെന്ന് പറഞ്ഞല്ലോ. താങ്കളുടെ ദിനചര്യ എപ്രകാരമാണ്?

കമ്പനി എംഡിയായതിന് ശേഷം ദിനചര്യകളില്‍ മാറ്റമുണ്ടായി. രാവിലെ എട്ടു മണിക്ക് ഓഫീസിലെത്തണം. ജോലികള്‍ തീര്‍ത്ത് കിടക്കുന്നത് പുലര്‍ച്ചെ ഒരു മണി, രണ്ടു മണി സമയത്താണ്. വിദേശത്തടക്കമുള്ള എല്ലാ ഓഫീസുകളിലും വിളിച്ച് സംസാരിച്ചതിന് ശേഷമാണ് ഉറക്കം. ചിലപ്പോള്‍ കസ്റ്റമര്‍മാരുമായി സംസാരിക്കേണ്ടതുണ്ടാകും. പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ എഴുന്നേല്‍ക്കും. 6.30 വരെ പ്രാര്‍ത്ഥനയില്‍ മുഴുകും. 7.30 ഓടെ റെഡിയായി ഓഫീസിലേക്ക്. പ്ലാന്റിന്റെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടും. ഉച്ചക്ക് വീട്ടില്‍ ഊണ് കഴിച്ച് തിരിച്ചെത്തും. വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക സമയമില്ല. ചിലപ്പോള്‍ നന്നായി വൈകും. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ വൈകിട്ട് അര മണിക്കൂറോളം നീന്താറുണ്ട്. ഭക്ഷണകാര്യത്തില്‍ അങ്ങനെ നിയന്ത്രണങ്ങളൊന്നുമില്ല, ഇനി വെക്കേണ്ട സമയമായെന്ന് തോന്നുന്നു.

 • സംരംഭക ജീവിതത്തില്‍ കൂടെപ്പിറപ്പാണ് ടെന്‍ഷന്‍. സമ്മര്‍ദ്ദമകറ്റാന്‍ താങ്കളുടെ മാര്‍ഗമെന്താണ്?

(ഓഫീസ് മുറിയുടെ ചുവരുകളില്‍ തൂങ്ങുന്ന ഫലകങ്ങളിലേക്ക് വിജു ജേക്കബ് കൈചൂണ്ടി. ബൈബിള്‍ വചനങ്ങളാണ് അവയെല്ലാം) ടെന്‍ഷന്‍ മുഴുവന്‍ ദൈവത്തിലാണ് ഞാന്‍ അര്‍പ്പിക്കുന്നത്. ഒരു മനുഷ്യനെയും ആശ്രയിക്കാറില്ല. മുകളില്‍ ചോദിച്ചാല്‍ എല്ലാം കൈയില്‍ കിട്ടുമല്ലോ. ചെറുപ്പം മുതലേ ഞാന്‍ ജീവിച്ചിരുന്നത് അങ്ങനെയാണ്. എന്തു പ്രശ്‌നം വന്നാലും ദൈവത്തിനു മുന്നില്‍ കൈകള്‍ മലര്‍ക്കെത്തുറന്നു പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുക. അപ്പോള്‍ത്തന്നെ മറുപടി കിട്ടും, ഞാനറിയാതെ കാര്യവും നടക്കും. ദൈവാനുഗ്രഹം തന്നെയാണ് എന്റെ വിജയരഹസ്യം. ഇപ്പോള്‍, ചില ഉള്‍വിളികള്‍ കിട്ടാറുണ്ട്. ഞാന്‍ പറഞ്ഞാല്‍ അച്ചട്ടായി നടക്കും എന്നൊരു വിശ്വാസമുണ്ട്.

സിന്തൈറ്റ് ഓഫീസിലെ വിജു ജേക്കബിന്റെ മുറിയുടെ ചുവരില്‍ ലോകരാജ്യങ്ങളുടെ മാപ്പ് തടിയില്‍ കൊത്തിവെച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും സിന്തൈറ്റിനെ എത്തിക്കുകയെന്ന സ്വപ്‌നം ആ മുറിയില്‍ ചെലവിടുന്ന ഓരോ നിമിഷവും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സംരംഭകന്‍.

Advertisement. Scroll to continue reading.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement