പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എഞ്ചിനീയറിംഗ് ബിരുദധാരിയായ ബിട്ടു ജോണ്‍ കല്ലിങ്കല്‍ ആരംഭിച്ച സ്ഥാപനമാണ് കൊച്ചിയുടെ ആകർഷണമായി മാറിയിരിക്കുന്ന 7 ടു 9 ഗ്രീന്‍ സ്റ്റോര്‍.എറണാകുളം ജില്ലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിനടുത്ത് പ്രവര്‍ത്തിക്കുന്ന 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ എന്ന സ്ഥാപനം ഒരു സൂപ്പർ മാർക്കറ്റ് ആണ്. എന്നാൽ ഇവിടെയുള്ളതെല്ലാം ഹരിതാൽപ്പന്നങ്ങൾ ആണ്. പ്ലാസ്റ്റിക്കിന്റെ ഒരു പൊടിപോലുമില്ല ഈ കടയില്‍ കണ്ടുപിടിക്കാന്‍. പരിപ്പോ, കടലയോ, പയറോ എന്ത് വേണമെങ്കിലും ഇവിടെ വാങ്ങാം പക്ഷെ, സാധനങ്ങള്‍ കൊണ്ട് പോകുന്നതിനായി വീട്ടില്‍ നിന്നും പാത്രം കൊണ്ടുവരണം.
സമൂഹത്തിനു ഗുണകരമായ എന്തെങ്കിലും കാര്യം തന്റെ ബിസിനസില്‍ കൂട്ടിച്ചേര്‍ക്കണം എന്ന ബിട്ടുവിന്റെ തിരിച്ചറിവാണ് 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ എന്ന ആശയത്തിന് പിന്നില്‍. എല്ലാ കടകളിലും എന്ന പോലെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, അരിപ്പൊടികള്‍, റവ, അവല്, എണ്ണകള്‍, കടുക്, ജീരകം, ഉള്ളി എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങളുമുണ്ട് ബിട്ടുവിന്റെ കടയില്‍. എല്ലാം ‘ലൂസ്’ ആയിട്ടാണു വില്‍ക്കുന്നത്. അതിനാല്‍ വീട്ടില്‍ നിന്നും പാത്രം കൊണ്ടുവന്നാല്‍ മാത്രമേ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയൂ.

നാട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതും ബോധവത്കരണ പരിപാടികള്‍ ഫലം കാണാതെ പോയതുമാണ് ഈ വേറിട്ട ആശയത്തിനു പിന്നിലെ കാരണം.വിദേശമാതൃക പിന്തുടര്ന്നുകൊണ്ടാണ് ബിട്ടു 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. കടയിലെ 80 ശതമാനം സാധനങ്ങളും പ്ലാസ്റ്റിക് മുക്തമാണ്. ഇവിടെ വാങ്ങാനെത്തുന്നവര്‍ക്കും പ്ലാസ്റ്റിക് കവറുകളില്‍ ഒന്നും നല്‍കില്ല.
ക്ലീനിങ്ങ് ലോഷനുകളും കുപ്പികള്‍ കൊണ്ടുവന്നാല്‍ ഇവിടെ നിന്നു വാങ്ങി കൊണ്ടുപോകാം. ഹാര്‍പിക്, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ്.. ഇതൊക്കെ ലൂസായിട്ടുണ്ട്. ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് ഇതൊക്കെ നിറച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.500 സ്ക്വയര്‍ ഫീറ്റ് മാത്രമാണ് സ്ഥാപനത്തിന്റെ വിസ്തീര്‍ണം. എന്നാൽ അതിനുള്ളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വസ്തുക്കൾ ഉൾപ്പെടുത്തിയിരിക്കുന്നു. 5 രൂപ നൽകിയാൽ ഇവിടെ നിന്നും കുടിവെള്ളവും ലഭിക്കും. കുപ്പി സ്വയം കൊണ്ടുവരണം എന്ന് മാത്രം. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണാത്ത രീതിയില്‍ പ്ലാസ്റ്റിക്കിന്റെ ഒഴിവാക്കി തടികൊണ്ടുണ്ടാക്കിയ ബ്രഷുകള്‍ , ടൂത്ത് ബ്രഷുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.