ലിബിന് പൗലോസ് എന്ന ചെറുപ്പക്കാരന് ഓസ്ട്രേലിയയില്‍ നിന്നും തിരിച്ചെത്തി ഒരു ലഘു സംരംഭം നടത്തുകയാണ്. ശ്രീമൂലനഗരം- സൗത്ത് വെള്ളാരപ്പിള്ളിയില്‍ ‘പെപ്പര്‍ കോണ്‍’ എന്ന പേരിലാണ് അദ്ദേഹത്തിന്റെ സംരംഭം. എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്താണ് സ്ഥലം.
എന്താണ് ബിസിനസ്
അരിപ്പൊടി ഉല്‍പ്പന്നങ്ങളാണ് ലിബിന് പ്രധാനമായും ചെയ്യുന്നത്. പുട്ടുപൊടി, അപ്പപ്പൊടി എന്നിവ കൂടാതെ റോസ്റ്റ് ചെയ്ത റവയും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. ഉല്‍പ്പന്നം തയാറാക്കിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കടകളില്‍ എത്തിക്കും എന്ന ഒരു പ്രത്യേകതയും ഈ സംരംഭത്തിനുണ്ട്.

എന്തുകൊണ്ട് ഈ സംരംഭം
ഓസ്ട്രേലിയയില്‍ ആറ് വര്‍ഷം ഉണ്ടായിരുന്നു ലിബിന്. മെഷീന് ഓപ്പറേറ്റര്‍ ആയിട്ടായിരുന്നു ജോലി. നാട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞപ്പോള്‍ എന്തെങ്കിലും ഒരു ബിസിനസ് ചെയ്യണമെന്ന് തീരുമാനിച്ചു. അദ്ദേഹം പരിഗണിച്ച കാര്യങ്ങള്‍ ഇവയാണ്,
- എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഉല്‍പ്പന്നങ്ങള്‍
- വലിയ വിപണിയുള്ള ഉല്‍പ്പന്നങ്ങള്‍
- സാങ്കേതിക പ്രശ്നങ്ങള്‍ തീരെ കുറഞ്ഞ ബിസിനസ്
- മികച്ച ലാഭവിഹിതം തരുന്ന സംരംഭം
- വളരെ കുറച്ച് തൊഴിലാളികളെ മാത്രം ആവശ്യമുള്ള ബിസിനസ്
- സബ്സിഡിയോടു കൂടിയ വായ്പ ലഭിക്കാനും സൗകര്യം
25 ലക്ഷം രൂപയുടെ നിക്ഷേപം

സ്റ്റീം പുട്ടുപൊടിയാണ് ഇദ്ദേഹം നിര്‍മിക്കുന്നത്. രണ്ട് വര്‍ഷമായി ഈ സംരംഭം പ്രവര്‍ത്തിക്കുന്നു. 25 ലക്ഷം രൂപയാണ് ആകെ നിക്ഷേപം. പിഎംഇജിപി (പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം) പദ്ധതി പ്രകാരമാണ് വായ്പ എടുത്തത്. 35% സബ്സിഡിയും ലഭിച്ചു. മികച്ച ഒരു വായ്പാ പദ്ധതിയാണ് പിഎംഇജിപിയെന്ന് ലിബിന് അഭിപ്രായപ്പെടുന്നു. വിദേശ മലയാളികള്‍ക്ക് ഏറെ ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. സ്വന്തം വീടിനോട് ചേര്‍ന്നുള്ള 1,200 ചതുരശ്ര അടി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അരി കഴുകുന്ന മെഷീന്, കല്ലും മണ്ണും മറ്റും നീക്കുന്ന മെഷീന്, പൊടിക്കുന്ന മെഷീന്, ബോയിലര്‍, വറക്കുന്ന മെഷീന് എന്നിങ്ങനെ പ്രധാന മെഷീനറികള്‍ എല്ലാമുണ്ട്. മെഷീനറികള്‍ക്ക് മാത്രം 18 ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടിവന്നിട്ടുണ്ട്.
ആകെ 4 തൊഴിലാളികള്‍
സ്ഥാപനത്തില്‍ ആകെ നാല് തൊഴിലാളികള്‍ മാത്രമാണ് ഉള്ളത്. പ്രൊഡക്ഷനില്‍ രണ്ടുപേര്‍ മതിയാകും. രണ്ടു പേര് സെയില്‍സിലാണ് ഉള്ളത്. ലിബിനും സെയില്സില് ശ്രദ്ധിക്കുന്നു. കൂടുതല്‍ തൊഴിലാളികള്‍ വേണ്ട എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഗുണം. ലിബിന്റെ ഭാര്യ ഡെബി അര്‍ണോസ് ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. എട്ട് മാസം പ്രായമായ മകളും ദമ്പതികള്‍ക്കുണ്ട്. സ്ഥാപനത്തിലെ എല്ലാ തലത്തിലും ഇടപെട്ട് വേണ്ട സഹായങ്ങള്‍ ഡെബി നല്കിവരുന്നു.
റൂട്ട് സെയില്‍
വില്‍പ്പനയ്്ക്ക് പ്രത്യേകം ഏജന്റുമാര്‍ ഇല്ല, നേരിട്ട് തന്നെ വില്‍ക്കുന്നു. റൂട്ട് വഴി പോയി ആദ്യ ദിവസങ്ങളില്‍ ഓര്‍ഡറുകള്‍ ക്യാന്‍വാസ് ചെയ്യും. അതനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യും. പിന്നീട് ഓര്‍ഡര്‍ പിടിക്കേണ്ട ആവശ്യം വരുന്നില്ല. ആഴ്ചയില്‍ ആറ് ദിവസവും റൂട്ട് നിശ്ചയിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കാണ് പ്രധാനമായും സപ്ലൈ ചെയ്യുന്നത്. കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍പ്പനയുണ്ട്. ശക്തമായ കിടമല്‍സരം നിലവിലുള്ള മേഖലയാണിത്. എന്നിരുന്നാലും അവസരങ്ങള്‍ ധാരാളമുണ്ട്. ഗുണനിലവാരം ഉറപ്പാക്കിയാണ് ലിബിന്റെ സംരംഭം പ്രവര്‍ത്തിക്കുന്നത്. അതിനായി,
- മികച്ച ഇനം അരി മാത്രം ശേഖരിക്കുന്നു
- നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നു.
- കൃത്യമായി പൊടിക്കുകയും വറക്കുകയും പാക്ക് ചെയ്യുകയും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കടകള്‍ വഴി വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.
- ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ഗ്ലാസ് പുട്ടുപൊടി എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു.
- വളരെ സോഫ്റ്റായ പുട്ടും അപ്പവും പത്തിരിയും ഉണ്ടാക്കാം
- വില കുറയ്ക്കാതെ തന്നെ കച്ചവടം ചെയ്യുന്നു
ക്രെഡിറ്റ് കച്ചവടം പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും തീരെ ഒഴിവാക്കാന്‍ കഴിയുന്നില്ല എന്നാണ് ലിബിന് പറയുന്നത്. എന്നാല്‍ ഇതുവരെ കാര്യമായ പ്രശ്നങ്ങള്‍ ക്രെഡിറ്റ് കച്ചവടത്തില്‍ നേരിടേണ്ടി വന്നിട്ടില്ല.
5 ലക്ഷത്തിന്റെ കച്ചവടം
മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവാണ് സംരംഭം നേടുന്നത്. 10 മുതല്‍ 15% വരെ അറ്റാദായം ലഭിക്കുന്നുണ്ട്.
ഇനി കറി മിക്സിംഗ് പ്ലാന്റ്
കടകളില്‍ നിന്നും വലിയ അന്വേഷണം വരുന്നത് മികച്ച ഇനം കറി പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ്. സ്ഥാപനത്തിന്റെ വികസനം എന്ന നിലയില്‍ കറിമിക്സുകള്‍ തുടങ്ങാനുള്ള ഭാവി പദ്ധതിയാണ് ഇനിയുള്ളത്. 20 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ കറിമിക്സുകള്‍ ഉണ്ടാക്കുന്ന ഒരു പ്ലാന്റ് തുടങ്ങാന്‍ തയാറെടുത്തു വരികയാണ് ലിബിന്. കൊറോണ സമയത്തും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഒട്ടും കുറവില്ലായിരുന്നു എന്നതാണ് ലിബിന്റെ അനുഭവം.
നവ സംരംഭകര്‍ക്ക്…
വിപണിയില്‍ സുപരിചിതമായ ഒരു ഉല്‍പ്പന്നമാണ് അരിമാവുകളുടേത്. വലിയ വിപണിയുണ്ട്, ഇനിയും സാധ്യതകളേറെ. എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വിപണിയില്‍ നന്നായി ശോഭിക്കാം. സ്റ്റീം പുട്ടുപൊടി പ്ലാന്റ് തുടങ്ങാന്‍ 25 ലക്ഷം രൂപയെങ്കിലും മുതല്‍മുടക്ക് വേണ്ടിവരും. എന്നാല്‍ മൂന്ന് ലക്ഷം രൂപ മുടക്കി ഒരു ചെറിയ പ്ലാന്റ് ചെയ്യാനാവും. രണ്ടുലക്ഷം രൂപയുടെ വിറ്റുവരവ് പ്രതിമാസം നിശ്ചയമായും നേടാം. രണ്ടു ജോലിക്കാര്‍ തന്നെ ധാരാളം. പ്രതിമാസം 30,000 രൂപയെങ്കിലും വരുമാനം നേടാനാവുമെന്നതും ആകര്‍ഷണീയതയാണ്.
ലിബിന്റെ മേല്‍വിലാസം: ലിബിന് പൗലോസ്, ങ/ട പെപ്പര്‍കോണ്‍, തെക്കുംഭാഗം, സൗത്ത് വെള്ളാരപ്പള്ളി, ശ്രീമൂലനഗരം 683580, ഫോണ്‍: 9061176565
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്: chandrants666@gmail.com
Varghese
May 18, 2021 at 6:14 pm
സബ്സിഡി കഴിഞ്ഞു 16 ലക്ഷം രൂപ മുടക്കു മുതൽ വന്നു. 16 ലക്ഷം രൂപയുടെ പലിശ എത്ര വരും ഓരോ മാസവും.?. ജീവനക്കാരുടെ സാലറി. ഇലെക്ട്രിസിറ്റി ബില്‍ , പെട്രോൾ , റൊ മെറ്റീരിയൽ പർച്ചേസ് , വേസ്റ്റേജ് , മെഷീൻ സർവീസ് , ഫോൺ ബില്‍ , വേസ്റ്റ് വാട്ടർ ട്രീറ്റമെന്റ്, പാക്കിങ് കവർ, .. ഇത് കൂടാതെ വേറെയും ഒരുപാട് ചിലവുകൾ ..
ക്രെഡിറ്റ് പോകുന്നത് , ക്രെഡിറ്റ് കൊടുത്തിട്ടുള്ള കടകൾ നിർത്തി പോകുന്നത് ( കട ഉടമകൾ മരിച്ചു പോകുന്നതും), രാഷ്ട്രീയ പാർട്ടികളുടെ പിരിവു , ഉദ്യോഗസ്ടരുടെ കൈക്കൂലി , അങ്ങനെ എത്ര രൂപ പോകും.
ഒരു കിലോ നല്ല ക്വാളിറ്റി അരി വാങ്ങി കഴുകി പൊടിച്ചു ഉണങ്ങി അരിച്ചു പാക്ക് ചെയ്തു, കടകളിൽ കൊടുത്തു വരുമ്പോ എത്ര രൂപ ലാഭം കിട്ടും? 2 അല്ലെങ്കിൽ 3 രൂപാ . ഒരു മാസം എത്ര കിലോ വിറ്റാൽ ആണ് ബാങ്ക് പലിശ (മുതൽ കൂട്ടുനില്ല ) , സാലറി മുകളിൽ പറഞ്ഞ മറ്റു ചിലവുകൾക്കും ഉള്ള പൈസ കിട്ടുക.
സ്വന്തം ആയി സെയിൽസ് നു പോകുമ്പോ ഒരു വണ്ടിയിൽ എത്ര കിലോ പ്രോഡക്ട് കൊണ്ടുപോകാൻ പറ്റും ഒരു ദിവസം എതിരെ കിലോ വിൽക്കാൻ പറ്റും . ചെറുകിട കടയിൽ ഒരു വീക്ക് 10 kg ഇത് കൂടുതൽ പുട്ടുപൊടി വിൽക്കാൻ പറ്റുമോ? . covid വന്നപ്പോൾ തൊട്ടു ചെറിയ കടകൾ പലതും അടഞ്ഞു കിടക്കുകയാണ് . govt കിറ്റ് കിട്ടുന്നത്കൊണ്ട് പല ആളുകളും കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് കുറച്ചു. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരി നല്ലതു ആയത്കൊണ്ട് പലരും അത് പൊടിപിച്ചു വയ്കുനും ഉണ്ട്.
ഇതെല്ലം വെച്ച് കണക്കു കൂട്ടി നോക്കുമ്പോ ഈ പറയുന്ന പൈസയൊന്നും ലാഭം കിട്ടില്ല. വീട്ടിൽ വേറെ വരുമാനം ഉള്ളവർക്ക് ഇതിൽ വരുന്ന നഷ്ടം പെട്ടെന്ന് നോട്ടത്തിൽ വരാനും സാധ്യത ഇല്ല. കമ്പനി ഓക്കേ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർ നല്ല രീതിയിൽ അന്നുവേഷണം നടത്തിയിട്ടു മാത്രം തുടങ്ങുക .
ഞാൻ ഒരു അനുഭവസ്ഥൻ ആയതുകൊണ്ട് ഈ പോസ്റ്റ് വായിച്ചപ്പോ പറഞ്ഞു പോയി എന്ന് മാത്രം. ബാങ്ക് RR ഫയൽ ചെയ്തിട്ടുണ്ട്, വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ട ദിവസം വെയിറ്റ് ചെയ്തു ഇരിക്കുന്നു.. കൊറോണ തിരുന്നത് വരെ സമയം കിട്ടുമായിരിക്കും.