ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലോജിസ്റ്റിക് സര്‍വീസ് ആയ അഗര്‍വാള്‍ പാക്കേഴ്സ് ആന്‍ഡ് മൂവേഴ്സ് എന്ന സ്ഥാപനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്പരിചയക്കാരന് നല്കിയ ഒരു പഴയ ടെമ്പോയില്‍ നിന്നാണ് . ദയാനന്ദ് അഗര്‍വാള്‍ എന്ന തെലങ്കാന സ്വദേശി 30 വര്‍ഷങ്ങള്‍ക്ക് ആരംഭിച്ച സ്ഥാപനം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആത്മവിശ്വാസം , കഠിനാധ്വാനം,സ്ഥിര പരിശ്രമം എന്നീ മാര്‍ഗങ്ങളിലൂടെ പച്ചപിടിച്ചു.
ദാരിദ്യത്തിന്റെ ഒത്ത നടുവിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന് സ്വന്തമായി എന്തെങ്കിലും ചെയ്ത വരുമാനം നേടണം എന്ന ആഗ്രഹമാണ് ലോജിസ്റ്റിക് സര്‍വീസ് തുടങ്ങുന്നതിനു കാരണമായത്. കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു ദയാനന്ദിന്. പട്ടിണി മാറ്റാൻ പലവിധത്തിലുള്ള ജോലികള്‍ ചെയ്തു. വയലില്‍ പണിക്കാരനായി, കടകളില്‍ സഹായിയായി, ഹോട്ടലുകളില്‍ വെയിറ്ററായി. എന്ത് ജോലി ചെയ്താലും ആ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക ദയാനന്ദ് മാറ്റിവയ്ക്കുമായിരുന്നു.ജോലി തേടിനടന്ന ദയാനന്ദ് ബാംഗ്ലൂരില്‍ എത്തി. അവിടെ വച്ചാണ് സ്വന്തം നാട്ടുകാരനും അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി കമ്പനി നടത്തുകയായിരുന്ന ഒരു വ്യക്തിയെ പരിചയപ്പെടുന്നത്. അദ്ദേഹം ദയാനന്ദിനു ജോലി നൽകി.
ജോലിയില്‍ മികവ് തെളിയിച്ച ദയാനന്ദിനെ സ്ഥാപന ഉടമയ്ക്ക് വളരെ ഇഷ്ടമായി. അയാള്‍ ബിസിനസ് പാഠങ്ങള്‍ പഠിപ്പിച്ചു നല്‍കുകയും മദ്രാസിലേക്കും ഹൈദരാബാദിലേക്കും സ്ഥലം മാറ്റുകയും ചെയ്തു. ഈ സ്ഥലം മാറ്റം ദയാനന്ദിന് ഏറെ ഗുണം ചെയ്തു. അങ്ങനെ ആഗ്രഹിച്ച പോലെ ജീവിതം പച്ചപിടിച്ചു.ഇതിനിടയിൽ ബാങ്ക് അകൗണ്ടുകൾ കാൻവാസ് ചെയ്ത നൽകിയ വകയിൽ സ്റ്റേറ്റ് ബാങ്ക് ചെയര്മാന്, ദയാനന്ദിന് സമ്മാനമായി ഒരു ടെമ്പോ നല്കി.സമ്മാനമായി ലഭിച്ച ആ പഴയ ടെമ്പോ വാനില്‍ നിന്നുമാണ് ദയാനന്ദിന്റെ ജീവിതം ആരംഭിക്കുന്നത്.
തന്റെ കയ്യിലുള്ള ഏക മൂലധനമായി ആ ടെമ്പോ കൊണ്ട് ഏത് തരാം ബിസിനസ് ആരംഭിക്കാം എന്ന് ചിന്തിച്ച ദയാനന്ദ് ഒടുവില്‍ ഒരു പാഴ്സല്‍ സര്‍വീസ് ആരംഭിക്കാം എന്ന തീരുമാനത്തില്‍ എത്തി. പിന്നീട് അദ്ദേഹം ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും മറ്റും സ്വരൂപിച്ച പണം മുടക്കി നാലു ടെമ്പോ കൂടി വാങ്ങി ഡി.ആര്.എസ്. ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ ബിസിനസ് വിപുലീകരിച്ചു. 1995ല്‍ അഗര്‍വാള്‍ മൂവേഴ്സ് ആന്റ് പാക്കേഴ്സ് എന്ന ലോജിസ്റ്റിക് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.
രജിസ്ട്രേഡ് കമ്പനി ആയ ശേഷം മികച്ച കയന്റുകളെ ലഭിച്ചു തുടങ്ങി.ക്യൂബക്സ്, ഏഷ്യന്‍ പെയിന്റ്സ് മുതലായ കമ്പനികളായിരുന്നു അഗര്‍വാള്‍ മൂവേഴ്സ് ആന്റ് പാക്കേഴ്സിന്റെ ആദ്യകാല ഉപഭോക്താക്കള്‍. ഓഫീസുകള്‍, ഫാക്റ്ററികള്‍ എന്നിവ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാക്ക് ചെയ്ത് അയക്കുന്നതിലാണ് അഗര്‍വാള്‍ പാക്കേഴ്സ് ശ്രദ്ധ ചെലുത്തിയത്.
2000ല്‍ ദയാനന്ദ് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ സന്ദര്‍ശനം നടത്തി. അവിടെ വച്ചാണ് പാഴ്സല്‍ സര്‍വീസിന് വലിയ കണ്ടെയ്നര്‍ ബോക്സുകള്‍ ഉപയോഗിക്കാമെന്ന ആശയം ദയാനന്ദിന്റെ മനസിലേക്ക് എത്തുന്നത്.പിന്നെ ഒട്ടും വൈകിച്ചില്ല. ഇന്ത്യയിലാദ്യമായി പാഴ്സല്‍ സര്‍വീസില്‍ കണ്ടെയ്നറുകള്‍ അഗര്‍വാള്‍ മൂവേഴ്സ് ഉപയോഗിച്ചു തുടങ്ങി.
പ്രവര്‍ത്തനം ആരംഭിച്ചു 30 വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറില്‍ പരം ഓഫീസുകളും ആയിരത്തോളം ട്രക്കുകളും സ്ഥാപനം സ്വന്തമാക്കിക്കഴിഞ്ഞു.സോണി, ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്സ്, ടാറ്റ, വോഡഫോണ്‍, ബാര്‍ക്ലെയ്സ് എന്നിങ്ങനെയുള്ള കമ്പനികളാണ് പ്രധാന ക്ലയന്റുകള്‍.15 ലക്ഷത്തില്‍ പരം സന്തുഷ്ട ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അഗര്‍വാളിന്റെ സ്ഥാപനം ഇടം നേടിയിട്ടുണ്ട്. നിലവില്‍ 1200 ലൊക്കേഷനുകളിലാണ് പ്രവര്‍ത്തനം സജീവമായിട്ടുള്ളത്.