Connect with us

Hi, what are you looking for?

Business & Economy

10 കിലോ വരെ താങ്ങും ഹെഗ്‌ഡെയുടെ ന്യൂസ്‌പേപ്പര്‍ ബാഗുകള്‍

പ്ലാസ്റ്റിക് ക്യാരി ബാഗുകളും അവയുടെ പകരക്കാരായെത്തിയ പോളിസ്റ്റര്‍ തുണി സഞ്ചികളും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തിന് ചെലവ് കുറഞ്ഞ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയും ജില്ലാ വ്യവസായ കേന്ദ്ര ജോയന്റ് ഡയറക്റ്ററുമായ ധനഞ്ജയ് ഹെഗ്‌ഡെ. പത്രക്കടലാസുകള്‍ കൊണ്ട് അദ്ദേഹം തയാറാക്കിയ ബലമുള്ള ക്യാരി ബാഗുകള്‍ വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. മികച്ച സംരംഭക സാധ്യതയാണ് ഈ കണ്ടുപിടുത്തം

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിട്ട് കാലം കുറെയായെങ്കിലും കടലാസ്സില്‍ മാത്രം ഒതുങ്ങുകയാണ് പല സംസ്ഥാനങ്ങളിലും നിയമ നടപടികള്‍. കേരളത്തില്‍ 2020 ജനുവരിയിലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 2019 ജനുവരിയില്‍ തന്നെ നിരോധനമുണ്ട്. 2016 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചത്. നിലവില്‍ ഈ നിരോധനമൊന്നും പാലിക്കപ്പെടുന്നില്ലെന്നു മാത്രം.

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയത്ര സൗകര്യമുള്ള വസ്തുക്കള്‍ ലഭ്യമല്ലെന്നതാണ് ഒരു കാരണം. അത്യാവശ്യം ബലമുള്ളതിനാല്‍ പെട്ടെന്ന് കീറിപ്പോകില്ല, കൈകാര്യം ചെയ്യാന്‍ എളുപ്പം, ഒപ്പം വിലയും കുറവ്. മുന്‍വാതിലില്‍ കൂടി പടിയിറക്കി വിട്ട പ്ലാസ്റ്റിക് ബാഗുകള്‍ പിന്‍വാതിലില്‍ കൂടി കടന്നുവന്ന് വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. നിയമം പാലിച്ച് ചിലര്‍ സധൈര്യം പോളിത്തീന്‍ സഞ്ചികള്‍ ബഹിഷ്‌കരിച്ചു.

Advertisement. Scroll to continue reading.

പകരം വന്നതാവട്ടെ പ്ലാസ്റ്റിക്കിന്റെ വകഭേദമായ പോളിപ്രൊപ്പിലീനും പോളിസ്റ്ററും കൊണ്ടുണ്ടാക്കിയ തുണി സഞ്ചികള്‍! പരിസ്ഥിതി സൗഹൃദ സഞ്ചികളെന്ന പേരിലാണ് ഇവ വിപണിയില്‍ പ്രചരിക്കുന്നതെന്നതാണ് വൈരുദ്ധ്യം. പാഴായിപ്പോകുന്ന ന്യൂസ്‌പേപ്പര്‍ ഉപയോഗിച്ച് ക്യാരി ബാഗുകള്‍ നിര്‍മിക്കാന്‍ ധനഞ്ജയ് ഹെഗ്‌ഡെ ആലോചിക്കുന്നത് ഈ ദുരവസ്ഥ കണ്ടാണ്. ന്യൂസ് പേപ്പറിന് മതിയായ ബലമില്ലെന്നതടക്കം ഒരുപിടി പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ മുന്നിലേക്ക് എത്തിയത്.

നനഞ്ഞാല്‍ കീറിപ്പോകുമെന്നത് ന്യൂസ് പേപ്പറുകളെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. ഇക്കാരണത്താല്‍ മല്‍സ്യ, മാംസ വില്‍പ്പനക്കാരാണ് പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നിലവില്‍ ഉപയോഗിക്കുന്ന പേപ്പര്‍ ക്യാരി ബാഗുകള്‍ക്ക് അര കിലോ ഭാരം മാത്രം വഹിക്കാനേ ശേഷിയുള്ളൂ. നനഞ്ഞാല്‍ പൊട്ടിപ്പോവുകയും ചെയ്യും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെഗ്‌ഡെ ആലോചന തുടങ്ങി.

ബലപ്പെടുത്താന്‍ തയ്യല്‍

തയ്ച്ച് ബലപ്പെടുത്തുകയാണ് ഒരു വഴിയെന്ന് അദ്ദേഹം കണ്ടെത്തി. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമാക്കാന്‍ വാഴനാരുകൊണ്ട് ന്യൂസ് പേപ്പര്‍ തയ്ക്കാനാരംഭിച്ചു. രണ്ട് ഷീറ്റുകള്‍ ഇപ്രകാരം കൂട്ടി യോജിപ്പിക്കുകയാണ് ചെയ്തത്. ”ഇതോടെ പേപ്പര്‍ ക്യാരി ബാഗിന്റെ ബലം വര്‍ദ്ധിച്ചു. 5-10 കിലോ തൂക്കമുള്ള സാധനങ്ങള്‍ വരെ കൊണ്ടുപോകാമെന്നായി. എങ്കിലും നനവുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. പേപ്പര്‍ അവയില്‍ ഒട്ടിപ്പിടിക്കുന്നുണ്ടായിരുന്നു,” ധനഞ്ജയ് ഹെഗ്‌ഡെ പറയുന്നു.

ആവരണമായി ചോളപ്പൊടി

ബാഗിന് കൂടുതല്‍ ബലം പകരാനും ഒപ്പം നനയുന്നത് ഒഴിവാക്കാനും പറ്റുന്ന പ്ലാസ്റ്റിക് പോലെയുള്ള, എന്നാല്‍ പ്രകൃതി സൗഹൃദമായ ഒരു വസ്തുവിനായി ഹെഗ്‌ഡെ അന്വേഷണം തുടങ്ങി. ചോളപ്പൊടി കൊണ്ടുള്ള ആവരണം ഉള്‍വശത്തെ പേപ്പറില്‍ നല്‍കിയാല്‍ വെള്ളം പറ്റിപ്പിടിക്കാത്ത ആവരണമായി അത് പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തി. പലതവണ പരീക്ഷിച്ച് ഇത് വിജയത്തിലേക്കെത്തിച്ചു.

Advertisement. Scroll to continue reading.

ഓഫീസ് പരീക്ഷണം

ബാഗ് തയാറായതോടെ അതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗവും ഹെഗ്‌ഡെ ആരംഭിച്ചു. ”ഓഫീസിലേക്ക് സ്ഥിരമായി ഈ ബാഗുകള്‍ ഞാന്‍ കൊണ്ടുപോയിത്തുടങ്ങി. പലര്‍ക്കും ഇഷ്ടപ്പെട്ടു. അവരുടെ ആവശ്യപ്രകാരം കൂടുതല്‍ ബാഗുകളുണ്ടാക്കി. മീനും മറ്റും വാങ്ങാനാണ് അവര്‍ അത് ഉപയോഗിച്ചത്,” ഹെഗ്‌ഡെ പറഞ്ഞു. 34 രൂപയ്ക്ക് ലഭിക്കുന്ന ഈ ബാഗുകള്‍ അങ്ങനെ തുണി സഞ്ചിയെയും പ്ലാസ്റ്റിക് ക്യാരി ബാഗുകളെയും ഒരേപോലെ വെല്ലുവിളിച്ചു. പത്രക്കടലാസിലെ കെമിക്കലുകള്‍ ഭക്ഷണ സാധനങ്ങളില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഒരു വെള്ളക്കടലാസിന്റെ പാളിയും പിന്നീട് ബാഗിനുള്ളില്‍ അദ്ദേഹം നല്‍കി.

ചെലവ് 1.5 ലക്ഷം

വ്യാവസായിക തലത്തില്‍ ന്യൂസ് പേപ്പര്‍ ബാഗുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന യന്ത്രം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. സുഹൃത്തും മെക്കാനിക്കല്‍ എന്‍ജിനീയറുമായ ദത്താത്രേയ ഭട്ടും ഒപ്പം കൂടി. പിവിസി പൈപ്പുകളും മറ്റും ചേര്‍ത്താണ് യന്ത്രം തയാറാക്കിയത്. നെയ്ത്ത് യന്ത്രത്തിലെ അതേ സാങ്കേതിക വിദ്യ തന്നെയാണ് ഈ മെഷീനിലും സംയോജിപ്പിച്ചത്. ”നെയ്ത്ത് യന്ത്രത്തിന് 15-20 ലക്ഷം രൂപ ചെലവുണ്ട്. എന്നാല്‍ 1.5 ലക്ഷം രൂപ മാത്രമാണ് ഞങ്ങള്‍ രൂപകല്‍പ്പന ചെയ്ത യന്ത്രത്തിന്റെ വില. പ്രതിദിനം 300 പേപ്പര്‍ ബാഗുകള്‍ തയാറാക്കാനാവശ്യമായ പേപ്പര്‍ റോള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി യന്ത്രത്തിനുണ്ട്,” ഹെഗ്‌ഡെ പറയുന്നു. വന്‍തോതില്‍ ഉല്‍പ്പാദനം നടത്താനാവുന്നതോടെ ബാഗുകളുടെ വില ഗണ്യമായി താഴുകയും ചെയ്യും.

സംരംഭകത്വ സാധ്യതകള്‍

Advertisement. Scroll to continue reading.

ഇതിനകം അന്‍പതോളം ആളുകള്‍ ഇത്തരമൊരു യന്ത്രം സ്ഥാപിച്ച് ന്യൂസ് പേപ്പര്‍ ക്യാരി ബാഗുകള്‍ നിര്‍മിക്കാനുള്ള സഹായം തേടി ധനഞ്ജയ് ഹെഗ്‌ഡെയെ സമീപിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ യന്ത്രത്തിന്റെ വില നല്‍കിയാല്‍ ഓരോ സ്ഥലത്തും യന്ത്രം സൗജന്യമായി സ്ഥാപിച്ചു കൊടുക്കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. വലിയ തൊഴില്‍ സാധ്യതകളും വരുമാന സാധ്യതയും ഈ മേഖലയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്‌ളേറ്റുകളടക്കം പത്തോളം സാധനങ്ങള്‍ കൂടി
ന്യൂസ് പേപ്പറുപയോഗിച്ച് നിര്‍മിക്കാനാണ് ഹെഗ്‌ഡെയുടെ പരിപാടി.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement