Connect with us

Hi, what are you looking for?

Business & Economy

പരമ്പരാഗത വ്യവസായ പുനഃരുദ്ധാരണത്തിന് ‘സ്ഫൂര്‍ത്തി’

പരമ്പരാഗത വ്യവസായ കൂട്ടായ്മകള്‍ക്ക് മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കുവാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കുവാനും അവര്‍ക്ക് സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ 100 കോടി രൂപ പ്രാരംഭ പ്രാഥമിക വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിച്ചു. അതാണ് പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI)

ഭാരതത്തിന് പരമ്പരാഗത വ്യവസായങ്ങളുടെ ദീപ്തമായ ഒരു ഭൂതകാലം ഉണ്ടായിരുന്നതാണ്. നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ കുറഞ്ഞ മൂലധനചെലവില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതിഗംഭീര പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടേയും മറ്റ് പിന്നോക്കപ്രദേശങ്ങളുടേയും വ്യവസായവല്‍ക്കരണത്തിലൂടെ, വരുമാനത്തിന്റേയും സമ്പത്തിന്റേയും പ്രാദേശിക അസമത്വങ്ങള്‍ കുറയ്ക്കുവാനും പരമ്പരാഗത വ്യവസായങ്ങള്‍ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. പരമ്പരാഗത വ്യവസായങ്ങളുടെ പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര കമ്പോളത്തിലും വിദേശകമ്പോളത്തിലും തനിമയോടെ മത്സരക്ഷമമാകുവാന്‍ കെല്‍പ്പുണ്ട്.

പ്രാദേശികമായി ലഭിക്കുന്ന പരമ്പരാഗത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പ്രദേശവാസികളായ പരമ്പരാഗത തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗതമായ പ്രാദേശികരീതിയില്‍ വസ്തുക്കള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനെയാണ് പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് പറയുന്നത്. ഒരേ തരത്തിലോ സമാന തരത്തിലോ ഉള്ള വസ്തുക്കളുടേയും സേവനങ്ങളുടേയും ഉല്‍പ്പാദനത്തിലോ വിപണനത്തിലോ അനുബന്ധവ്യവസായത്തിലോ ഏര്‍പ്പെട്ടിട്ടുള്ളവരുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തിനെ ക്ലസ്റ്റര്‍ (കൂട്ടായ്മ) എന്ന് വിളിക്കുന്നു. ഒരേ തരത്തിലുള്ള അവസരങ്ങളും അതുപോലെ ഒരേ തരത്തിലുള്ള വെല്ലുവിളികളും ആയിരിക്കും ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരിക.

ഇത്തരം കൂട്ടായ്മകള്‍ക്ക് മികച്ച ഉല്‍പ്പാദനക്ഷമത കൈവരിക്കുവാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരക്ഷമത നേടിയെടുക്കുവാനും അവര്‍ക്ക് സ്ഥായിയായ വളര്‍ച്ച പ്രദാനം ചെയ്യുവാനുമായി കേന്ദ്രസര്‍ക്കാര്‍ 2005-ല്‍ 100 കോടി രൂപ പ്രാരംഭ പ്രാഥമിക വകയിരുത്തലുമായി ഒരു ഫണ്ട് രൂപീകരിച്ചു. അതാണ് പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള നിധി പദ്ധതി അഥവാ സ്‌കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI). സംസ്ഥാന സര്‍ക്കാരുകളുടെയും അവരുടെ സ്ഥാപനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും പങ്കാളിത്തത്തോടെ, കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം.

അതിന്റെ കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, കയര്‍ ബോര്‍ഡ് എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പലതവണ പരിഷ്‌കരിക്കപ്പെട്ട സ്ഫൂര്‍ത്തി ഏറ്റവുമൊടുവില്‍ 2020-ലാണ് പുതുക്കിയിട്ടുള്ളത്. Scheme of Funds for Regeneration of Traditional Industries (SFURTI), Micro and Small Enterprises-Cluster Development Programme (MSECDP) എന്നീ രണ്ട് ഘടകങ്ങള്‍ ചേര്‍ത്താണ് ഇപ്പോള്‍ പദ്ധതി പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളെ ഖാദി വ്യവസായം, ഗ്രാമ വ്യവസായം, കയര്‍ വ്യവസായം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്.

Advertisement. Scroll to continue reading.

ലക്ഷ്യങ്ങള്‍

പരമ്പരാഗത വ്യവസായത്തെയും കൈത്തൊഴിലുകാരെയും മത്സരക്ഷമമാക്കുക, അവര്‍ക്ക് ദീര്‍ഘകാല സ്ഥായീഭാവം കരഗതമാക്കുക, വലിയ ഇടപാടുകള്‍ നടത്തി വലിയ ലാഭം നേടുന്നന്നതിനുള്ള സാമര്‍ത്ഥ്യം നേടിക്കൊടുക്കുക, ഗ്രാമീണ സംരംഭകര്‍ക്കും പാരമ്പര്യ കരകൗശലക്കാര്‍ക്കും തുടര്‍ച്ചയായ തൊഴിലുറപ്പ് നല്‍കുക തുടങ്ങി പതിനാല് എണ്ണമിട്ടടയാളപ്പെടുത്തിയ ലക്ഷ്യങ്ങളാണ് സ്ഫൂര്‍ത്തി പദ്ധതിക്കുള്ളത്.

സമീപന രീതികള്‍

ഫണ്ടിന്റെ സമീപന രീതികളെ പൊതുവില്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ബോധവല്‍ക്കരണം, ഉപദേശങ്ങള്‍, പ്രചോദനം, ആത്മവിശ്വാസ നിര്‍മ്മാണം, പരിശീലനം, സ്ഥാപന വികസനം, പഠനയാത്രകള്‍, വിപണി വികസന പരിപാടികള്‍, രൂപകല്‍പ്പനയുടെയും ഉല്‍പ്പന്നത്തിന്റെയും സമയാസമയ പരിഷ്‌കരണം, സെമിനാര്‍ തുടങ്ങിയ ചര്‍ച്ചാവേദികള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒരു മൃദുസമീപന ഇടപെടല്‍ (സോഫ്റ്റ് ഇന്റെര്‍വെന്‍ഷന്‍). വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത ഉല്‍പ്പാദന സൗകര്യങ്ങള്‍, പൊതു ഉല്‍പ്പാദന ശാലകള്‍, അസംസ്‌കൃത വസ്തുക്കളുടെ ബാങ്ക്, അടിസ്ഥാന സൗകര്യ വികസനം, ഉല്‍പ്പാദനോപാധി നവീകരണം, സംഭരണപ്പുരകള്‍, പ്രവൃത്തി പരിശീലനക്യാമ്പുകള്‍, മൂല്യവര്‍ദ്ധനാകേന്ദ്രങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതാണ് ഖരസമീപന ഇടപെടല്‍ (ഹാര്‍ഡ് ഇന്റെര്‍വെന്‍ഷന്‍). ബ്രാന്‍ഡ് ബില്‍ഡിംഗ്, നവമാധ്യമ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ് സംരംഭങ്ങള്‍, പുത്തന്‍ ആശയങ്ങളുടെ സങ്കലനം, പഠന-ഗവേഷണ സംരംഭങ്ങള്‍, നിലവിലുള്ളതും പുതിയതുമായ കൂട്ടായ്മകള്‍ തമ്മിലുള്ള ഔദ്യോഗിക സംവേദനങ്ങള്‍ തുടങ്ങിയവയെ എല്ലാം ചേര്‍ത്ത് പ്രമേയസമീപന ഇടപെടല്‍ (തീമാറ്റിക് ഇന്റെര്‍വെന്‍ഷന്‍).

Advertisement. Scroll to continue reading.

നോഡല്‍ ഏജന്‍സികള്‍

കൊച്ചിയിലെ കയര്‍ ബോര്‍ഡ് അടക്കം രാജ്യമെമ്പാടുമായി 28 സ്ഥാപനങ്ങളെ ക്ലസ്റ്റര്‍ രൂപീകരിക്കുവാനും സ്ഫൂര്‍തി പദ്ധതി നടപ്പിലാക്കാനുമായി എംഎസ്എംഇ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലസ്റ്റര്‍ രൂപീകരിക്കുവാനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. നോഡല്‍ ഏജന്‍സികള്‍ കൂടുതല്‍ വേണ്ടതുകൊണ്ട്, പുതിയ നോഡല്‍ ഏജന്‍സി ആയി അംഗീകരിക്കുവാനുള്ള അപേക്ഷകള്‍ എംഎസ്എംഇ മന്ത്രാലയത്തിനാണ് നല്‍കേണ്ടത്. സഹകരണ സ്ഥാപനങ്ങള്‍, കമ്പനി നിയമം വകുപ്പ് 465 (1) പ്രകാരമോ വകുപ്പ് 8 പ്രകാരപ്രകാരമോ ഉള്ള കമ്പനികള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കാണ് നോഡല്‍ ഏജന്‍സി നിയമനത്തിന് അര്‍ഹത.

അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ എംഎസ്എംഇ ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇതുവരെ വഹിച്ചിട്ടുള്ള പങ്കിന്റെ മികവ് അടിസ്ഥാനപ്പെടുത്തിയാണ് അംഗീകാരം നല്‍കുക. നോഡല്‍ ഏജന്‍സിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ട സാങ്കേതിക ഏജന്‍സിയുടെ തെരഞ്ഞെടുപ്പും അംഗീകാരവും മുതല്‍ ക്ലസ്റ്റര്‍ നടത്തിപ്പുകാരുടെ തെരഞ്ഞെടുപ്പും ഫണ്ട് വിതരണവും വരെ ക്ലസ്റ്റര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം നോഡല്‍ ഏജന്‍സിക്കാണ്.

പദ്ധതി നടത്തിപ്പുകാര്‍

സ്ഫൂര്‍ത്തി പദ്ധതി, അതിന്റെ ആത്യന്തിക ഗുണഭോക്താവായ ക്ലസ്റ്ററുകളില്‍ എത്തിക്കുന്നത് ഇംപ്ലിമെന്റിംഗ്് ഏജന്‍സികള്‍ (ക്ലസ്റ്റര്‍ പദ്ധതി നടത്തിപ്പുകാര്‍) ആണ്. സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നടത്തിപ്പുകാരാവാം. എംഎസ്എംഇ ക്ലസ്റ്ററുകളുടെ വികസനത്തില്‍ മുന്‍പരിചയമുള്ള കോര്‍പ്പറേറ്റുകള്‍ക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫൗണ്ടേഷനുകള്‍ക്കും നടത്തിപ്പ് ചുമതല ലഭിക്കും. ഒരു നടത്തിപ്പുകാരന് ഒരു ക്ലസ്റ്ററിന്റെ ചുമതലയേ ലഭിക്കൂ. എന്നാല്‍ സംസ്ഥാനം മുഴുവന്‍ സാന്നിധ്യമുള്ളവര്‍ക്ക് കൂടുതല്‍ ക്ലസ്റ്ററുകളുടെ ചുമതല ഏറ്റെടുക്കാം. നോഡല്‍ ഏജന്‍സിയാണ് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നത്.

പ്രത്യേക ഉദ്ദേശ്യ സ്ഥാപനം

ഓരോ ക്ലസ്റ്ററിലും പദ്ധതി നടപ്പിലാക്കുവാന്‍ ഓരോ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി)-അതായത് പദ്ധതിപ്രവൃത്തികള്‍ മാത്രം ചെയ്യുന്ന സ്ഥാപനം – രൂപീകരിക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങള്‍, കമ്പനി നിയമം വകുപ്പ് 465 (1) പ്രകാരമോ വകുപ്പ് 8 പ്രകാരപ്രകാരമോ ഉള്ള കമ്പനികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ രൂപത്തിലാണ് എസ്പിവി രൂപീകരിക്കേണ്ടത്. (ഇവയ്ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരക്കമ്മറ്റി അനുവാദം നല്‍കുകയാണെങ്കില്‍ എസ്പിവി മറ്റ് നിയമപ്രകാരവും സംഘടിപ്പിക്കാം). എസ്പിവിയുടെ ഭരണസമിതിയില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ ആ കൈത്തൊഴില്‍ ചെയ്യുന്ന കരകൗശലക്കാര്‍ ആവണം. പദ്ധതിയുടെ ദൈനംദിന മാനേജ്മെന്റിനായി ഒരു ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് ഓഫിസറെ നിയമിക്കേണ്ടതായ ഉത്തരവാദിത്തം ഇംപ്ലിമെന്റിംഗ് ഏജന്‍സിയുടേതാണ്. പ്രസ്തുത ഓഫീസര്‍ ക്ലസ്റ്ററില്‍ തന്നെ തമ്പടിച്ച് വേണം പദ്ധതി പുരോഗതി്ക്ക് നേതൃത്വം വഹിക്കുവാന്‍.

Advertisement. Scroll to continue reading.

സോഫ്റ്റ് ഇന്റെര്‍വെന്‍ഷനും ഹാര്‍ഡ് ഇന്റെര്‍വെന്‍ഷനും വേണ്ടി വരുന്ന ചെലവും ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് ഓഫിസറുടെ പ്രതിഫലവും സാങ്കേതിക വിദഗ്ധരുടെ ഫീസും എല്ലാം അടക്കം, 500 കൈത്തൊഴിലുകാര്‍ വരെയുള്ള ക്ലസ്റ്ററുകളുടെ വികസനത്തിന് രണ്ടര കോടി രൂപ വരെയും 500-ല്‍ അധികം കൈത്തൊഴിലുകാര്‍ ഉള്ള ക്ലസ്റ്ററുകള്‍ക്ക് പരമാവധി അഞ്ച് കോടി രൂപ വരെയുമാണ് സ്ഫൂര്‍ത്തി സഹായം ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മലമ്പ്രദേശങ്ങളിലും ഒരു ക്ലസ്റ്ററില്‍ ചുരുങ്ങിയത് 50 കൈത്തൊഴിലുകാര്‍ വേണം. മറ്റുള്ളിടത്ത് ഇത് 100 ആണ്.

സ്ഫൂര്‍ത്തി എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ഊര്‍ജ്ജം എന്നാണ്. പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരുവാന്‍ അതാത് സ്ഥലങ്ങളില്‍ രൂപീകരിക്കുന്ന എംഎസ്എംഇ ക്ലസ്റ്ററുകള്‍ക്കാവും. ആ ക്ലസ്റ്ററുകള്‍ക്ക് വേണ്ട ഊര്‍ജ്ജത്തിനുള്ള ഇന്ധനം നല്‍കുവാനാണ് സ്ഫൂര്‍ത്തി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പദ്ധതിയുടെ ഗുണഭോക്താവായി മാറുവാന്‍ ഓരോ കൈത്തൊഴില്‍ / കരകൗശല തൊഴിലാളിയും ശ്രദ്ധിക്കേണ്ടതാണ്. ഗാന്ധിജി പറഞ്ഞത് പോലെ, ഭാരതം ജീവിക്കുന്നത് അതിന്റെ ഗ്രാമങ്ങളിലാണ്. ആ ഗ്രാമങ്ങളിലെ കുടില്‍ വ്യവസായങ്ങള്‍ക്കാണ് പിന്നീട് വന്‍വ്യവസായശാലകള്‍ ആയി മാറുവാന്‍ ജന്മസിദ്ധമായ ശക്തിയുള്ളത്. അവയ്ക്കാണ് ഊര്‍ജ്ജം പകരേണ്ടത്; ഒരിക്കലും കെടാത്ത ഊര്‍ജ്ജം.

(പ്രമുഖ ബാങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ലേഖകന്‍ ഈയിടെ വിരമിച്ചു)

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement