കോവിഡ് മഹാമാരി സകല വ്യവസായ മേഖലകളെയും ഉടച്ചുവാര്‍ത്തതോടെ ഡിജിറ്റല്‍ പരിവര്‍ത്തനം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയായി തീര്‍ന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനപ്രക്രിയ ത്വരിതപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വഹിച്ചത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വഹിക്കുന്ന പങ്കിനെ കുറിച്ചും കോവിഡ് വിവിധ ബിസിനസ് മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം ബിസിനസ് വോയ്‌സ് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കാളിദാസ് കെ എസ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ടാറ്റ ടെലി ബിസിനസ് സര്‍വീസസിന്റെ (ടിടിബിഎസ്) സേവനങ്ങളെ കുറിച്ചും പ്രധാന ഉല്‍പ്പന്നങ്ങളെ കുറിച്ചും വിശദീകരിക്കാമോ?
ബിസിനസുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്ന പ്രവൃത്തികളിലാണ് ഡിജിറ്റല്‍ കണക്റ്റിവിറ്റി മേഖലയില്‍ രാജ്യത്തെ പ്രമുഖ സംരംഭമായ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് വ്യാപൃതമായിരിക്കുന്നത്. ഭാവിയിലേക്ക് തയാറെടുക്കുന്നതിനായി സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റല്‍ ശേഷിയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വൈദഗ്ധ്യവും പ്രവര്‍ത്തനക്ഷമതയുമെല്ലാം വര്‍ധിപ്പിക്കാന്‍ കമ്പനികളെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

വളരെ സമഗ്രവും ഉന്നതനിലവാരമുള്ളതുമായ വയര്‍ലൈന്‍ ശൃംഖലയാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ക്ലൗഡ് ആന്‍ഡ് സാസ് (SaaS), കൊളാബറേഷന്‍, കണക്റ്റിവിറ്റി, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്), മാര്‍ക്കറ്റിംഗ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി തുടങ്ങി നിരവധി മേഖലകളില്‍ ഞങ്ങള്‍ സേവനം നല്‍കുന്നു. ഡിജിറ്റല്‍, കണക്റ്റിവിറ്റി രംഗത്ത് കമ്പനിക്ക് മികച്ച വൈദഗ്ധ്യമുണ്ട്.
ഒരു സമഗ്ര ഡിജിറ്റല്‍ മാറ്റം പല സംരംഭങ്ങള്‍ക്കും കടുത്ത വെല്ലുവിളി ആയിരുന്നു. കോവിഡ് കാലത്ത് കമ്പനികളുടെ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയ വേഗത കൈവരിച്ചിട്ടുണ്ടോ? എന്താണ് അഭിപ്രായം?
ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം കോവിഡ്-19 ഒരു വഴിത്തിരിവായിരുന്നു എന്ന് തന്നെ പറയാം. തൊഴിലിട പരിവര്‍ത്തനത്തിലും ഡിജിറ്റല്‍ അധിഷ്ഠിത തൊഴില്‍സാഹചര്യങ്ങളിലും പുതിയ സാധ്യതകള്‍ തുറന്നു അത്. നിര്‍ബന്ധിതമായ ഈ ഡിജിറ്റല്‍ പരിവര്‍ത്ത പ്രക്രിയയിലൂടെ കുറച്ച് കമ്പനികള്‍ വളരെ സുഗമമായി തന്നെ കടന്നുപോയി. എന്നാല്‍ ചില കമ്പനികള്‍ക്ക് ഇത് കടുത്ത തലവേദനയും സൃഷ്ടിച്ചു.

പ്രവര്‍ത്തനങ്ങളെ എപ്പോഴും ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അധിഷ്ഠിത ബിസിനസുകള്‍ക്കാണ് കൂടുതല്‍ അതിജീവന സാധ്യതതയും വളര്‍ച്ചയും വിപണിവിഹിതവുമെല്ലാം കല്‍പ്പിക്കപ്പെട്ടത്. അതേസമയം തന്നെ കമ്പനികള്‍ ഡിജിറ്റലാകാന്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ശക്തമായ ആവശ്യകതയും വന്നു. എല്ലാ കാര്യങ്ങളും ഡിജിറ്റലായി ചെയ്യാന്‍ ശീലിച്ച ഉപഭോക്താക്കള്‍ക്ക് മികച്ച ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്ന കമ്പനികളുമായി സഹകരിക്കാനാണ് ഇപ്പോള്‍ താല്‍പ്പര്യം.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ ബിസിനസുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ മര്‍മമായി ക്ലൗഡ് മാറുകയാണ്. ഈ മാറ്റത്തിന്റെയെല്ലാം നട്ടെല്ലായി വര്‍ത്തിക്കുന്നത് ക്ലൗഡ് സാങ്കേതികവിദ്യയാണ്. തടസമില്ലാത്ത ആശയവിനിമയ ഉപാധികളിലൂടെ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ഉപഭോക്താക്കളുമായി എന്‍ഗേജ് ചെയ്യാന്‍ കമ്പനികളെ ക്ലൗഡ് സംവിധാനങ്ങള്‍ പ്രാപ്തമാക്കുന്നു. വലിയ മൂലധന നിക്ഷേമൊന്നും ഇതിന് വേണ്ടിവരുന്നില്ല, എന്നാല്‍ അതേസമയം നിക്ഷേപത്തിന്മേലുള്ള നേട്ടം കൂടുകയും ചെയ്യുന്നു.
നിരവധി കമ്പനികളെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരി ക്ലൗഡ് സ്വാംശീകരണം വര്‍ഷങ്ങള്‍ നേരത്തെയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. നല്ലൊരു ശതമാനം സ്ഥാപനങ്ങളും വളരെ പോസിറ്റീവായാണ് ഇതിനെ സമീപിച്ചത്. ബിസിനസ് തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ട് മാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍ അവര്‍ക്കായി. ഐടി അടിസ്ഥാനസൗകര്യ ചെലവിടലില്‍ പുനക്രമീകരണം നടത്തി ഇന്ത്യയിലെ 60 ശതമാനത്തോളം സ്ഥാപനങ്ങളും ക്ലൗഡ് പ്ലാറ്റ്‌ഫോം സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയോ ഉപയോഗപ്പെടുത്താന്‍ തയാറെടുക്കുകയോ ചെയ്യുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൂടുതല്‍ കാര്യക്ഷമമായി ഡാറ്റ ഏകീകരിക്കാനും സുരക്ഷിതമാക്കാനും മാനേജ് ചെയ്യാനുമെല്ലാമായി ക്ലൗഡ് അധിഷ്ഠിത പരിഹാരങ്ങള്‍, കൊളാബ്രേഷന്‍, എഐ (കൃത്രിമ ബുദ്ധി), ഐഒടി തുടങ്ങിയവ സ്വാംശീകരിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

പരമ്പരാഗത രീതികളില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറാന്‍ തയാറായിരിക്കുന്ന ഉപഭോക്താക്കളെ സഹായിക്കാനുള്ള ടാറ്റ ടെലി ബിസിനസ് സര്‍വീസസിന്റെ ശ്രമങ്ങളെ കുറിച്ച് വിശദമാക്കാമോ?
എന്റര്‍പ്രൈസ് സെഗ്മെന്റിലെ വലിയ കമ്പനികളിലൊന്നെന്ന നിലയില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസസിന് കമ്പനികളുടെ ഡിജിറ്റല്‍ വളര്‍ച്ചാ തന്ത്രങ്ങള്‍ രൂപപ്പെടുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ടെക്‌നോളജി എനേബ്ലര്‍ എന്ന നിലയില്‍ ഞങ്ങള്‍ നല്‍കുന്ന സേവനങ്ങളിലൂടെയാണ് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വളര്‍ച്ച സാധ്യമാകുന്നത്. വളരെ ഫ്‌ളെക്‌സിബിളും എളുപ്പത്തില്‍ വിന്യസിക്കാന്‍ സാധിക്കുന്നതും മൂലധനചെലവിടല്‍ കുറവുള്ളതുമായ മാതൃകകളാണ് കമ്പനികള്‍ക്ക് ആവശ്യം. ഉപഭോക്തൃകേന്ദ്രീകൃതമായ സമീപനമാണ് ഞങ്ങള്‍ എപ്പോഴും സ്വീകരിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ വാല്യു ചെയിനുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെയും സ്പര്‍ശിച്ചുള്ള പ്രവര്‍ത്തനരീതിയാണ് അവലംബിക്കുന്നത്.

60ലധികം നഗരങ്ങളില്‍ വ്യാപൃതമായിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ ചാനല്‍ പങ്കാളിത്ത ശൃംഖലയിലൂടെയും മറ്റും മികച്ച വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി പലതരത്തിലുള്ള കണ്‍സള്‍ട്ടിംഗ് പരിപാടികളിലും ഏര്‍പ്പെടുന്നുണ്ട്. കോവിഡാനന്തരമുള്ള വെല്ലുവിളികളെ എങ്ങനെ ക്ലൗഡ്, ഡിജിറ്റല്‍ സേവനങ്ങളിലൂടെ അതിജീവിക്കാമെന്നതാണ് അവരെ ബോധ്യപ്പെടുത്തുന്നത്. സുരക്ഷയിലും കാര്യക്ഷമതയിലും ഉല്‍പ്പാദനക്ഷമതയിലും വിട്ടുവീഴ്ച്ചയില്ലാതെ തന്നെ അത് സാധ്യമാണ്.
ക്ലൗഡ്, എഐ, ഐഒടി വിഭാഗങ്ങളിലുള്ള ടാറ്റ ടെലി ബിസിനസ് സര്‍വീസസിന്റെ സംഭാവനകളെ കുറിച്ച് പറയാമോ?
മനുഷ്യ ഇടപെടലുകള്‍ കുറച്ചുള്ള, ഓട്ടോമേഷന്‍ പ്രക്രിയകളാണ് ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി ഇപ്പോള്‍ കൂടുതല്‍ പേര്‍ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, കൃത്രിമ ബുദ്ധി, ക്ലൗഡ് പോലുള്ള സങ്കേതങ്ങള്‍ സംരംഭകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുന്നു. സ്ഥാപനങ്ങള്‍ക്ക് പുതിയ ബിസിനസ് മോഡലുകള്‍ കെട്ടിപ്പെടുക്കാമെന്നതാണ് നവസാങ്കേതികവിദ്യകളുടെ പ്രസക്തി. അതില്‍ നിന്നുള്ള നേട്ടങ്ങള്‍ പരിധിയില്ലാത്തതുമാണ്.

ഉപഭോക്താക്കളുമായുള്ള ഇടപെടല്‍ തല്‍സമയം സാധ്യമാക്കുക, കൃത്യതയാര്‍ന്ന വിവരങ്ങള്‍ ശേഖരിക്കുക, ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയിലെ വര്‍ധന, വിഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാം. ഫ്‌ളീറ്റ് മാനേജ്‌മെന്റ്, അസറ്റ് ട്രാക്കിംഗ്, വര്‍ക്ക്‌ഫോഴ്‌സ് ട്രാക്കിംഗ്, ഫ്യുവല്‍ മോണിറ്ററിംഗ് തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന ഐഒടി മാതൃക ടിടിബിഎസിനുണ്ട്.
ഐഒടി മേഖലയില്‍ സ്‌ഫോടനാത്മകവളര്‍ച്ച തന്നെ ദൃശ്യമാകും. ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ഐഒടി സങ്കേതങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാകം. ക്ലൗഡ് സേവനങ്ങളുമായി ബന്ധപ്പെട്ട പോര്‍ട്ട്‌ഫോളിയോയും ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ക്ലൗഡ് സെക്യൂരിറ്റി, ആപ്ലിക്കേഷന്‍, ഇന്‍ഫ്രാ സൊലൂഷന്‍സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി ഉപഭോക്താക്കളുടെ ആവശ്യകതയ്ക്കനുസരിച്ച് നീങ്ങനാണ് ശ്രമം. ക്ലൗഡിലൂടെയുള്ള ബിസിനസ് കമ്യൂണിക്കേഷന് സഹായിക്കുന്ന ഞങ്ങളുടെ ഇന്നവേറ്റീവ് സംവിധാനമാണ് സ്മാര്‍ട്ട് ഫ്‌ളോ. ഹൈബ്രിഡ് വര്‍ക്ക് മോഡലുകളെ പിന്തുണയ്ക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട്ഫ്‌ളോ. ഒരേസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനവും ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനവും കണക്കിലെടുത്തുള്ളതാണ് ഈ ആപ്ലിക്കേഷന്‍.

ക്ലൗഡ് കമ്യൂണിക്കേഷനില്‍ സംരംഭങ്ങളെ സ്മാര്‍ട്ട്ഫ്‌ളോ എങ്ങനെയാണ് സഹായിക്കുന്നത്?
ഡിജിറ്റല്‍ കണക്റ്റിവിറ്റി, ബിസിനസ് ഇന്റലിജന്‍സ്, പ്രൊഡക്റ്റിവിറ്റി തുടങ്ങിയവയുടെ സംയോജനം സാധ്യമാക്കുന്ന അത്യാധുനിക, ഫ്യൂച്ചറിസ്റ്റിക് ക്ലൗഡ് കമ്യൂണിക്കേഷന്‍ സംവിധാനമാണ് സ്മാര്‍ട്ട്ഫ്‌ളോ. ഇതിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തടസമില്ലാത്ത ആശയവിനിമയ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളുമായുള്ള കമ്പനികളുടെ ഇടപഴകല്‍ സാധ്യമാക്കുന്നു ഇത്. എവിടെയിരുന്നും ഏത് സമയത്തും ഇതുപയോഗിക്കാം. ക്യുബിക്കിളിന് പുറത്ത് എവിടെനിന്നും മികച്ച രീതിയില്‍ ജോലി ചെയ്യാം എന്നതാണ് പ്രത്യേകത.
ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ മൂലധന നിക്ഷേപമോ സ്മാര്‍ട്ട് ഫ്‌ളോയ്ക്ക് വേണ്ട. 99.5 ശതമാനം ഗ്യാരന്റിയോടെയാണ് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ഇത് നല്‍കുന്നത്. മാത്രമല്ല, 24 മണിക്കൂറും ഞങ്ങളുടെ സേവനം ലഭ്യമാണ് താനും. ഒരു ഘട്ടത്തിലും സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നം നേരിടില്ല. ബാങ്കിംഗ്, ധനകാര്യ സേവനം, ഐടി, ഐടിഇഎസ്, ഉല്‍പ്പാദനം, വിദ്യാഭ്യാസം, ഫിന്‍ടെക്, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലെല്ലാം സ്മാര്‍ട്ട്ഫ്‌ളോക്ക് വലിയ ആവശ്യകതയുണ്ട്. ബഹുമുഖ കാര്യങ്ങളില്‍ ഫോക്കസ് ചെയ്യുന്ന ഏത് കമ്പനികള്‍ക്കും, അത് സ്റ്റാര്‍ട്ടപ്പാണെങ്കിലും വന്‍കിട സ്ഥാപനമാണെങ്കിലും, സ്മാര്‍ട്ട്ഫ്‌ളോ മികച്ച രീതിയില്‍ ഉപകരിക്കും.
സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ടിടിബിഎസ് മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ എന്തെല്ലാമാണ്?
ഫിഷിംഗ്, റാന്‍സംവെയര്‍ പോലുള്ള സൈബര്‍ അറ്റാക്കുകള്‍ കൂടി വരികയാണ്. സൈബര്‍ ആക്രമണങ്ങള്‍ കോവിഡ് കാലത്ത് കൂടുതല്‍ അധുനികരൂപം കൈവരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സ്ഥാപനങ്ങളുടെ സാമ്പത്തിക ഘടനയെയും വിശ്വാസ്യതയെയും സുസ്ഥിരതയെയും എല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ അറ്റാക്കുകള്‍ തങ്ങളുടെ ഡിജിറ്റല്‍ തയാറെടുപ്പുകളില്‍ പുനരവലോകനം നടത്താന്‍ സംരംഭങ്ങളെ നിര്‍ബന്ധിതമാക്കുകയാണ്. ദൂരെയിരുന്ന് സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളെയും ഡിവൈസുകളെയും എല്ലാം സംരക്ഷിക്കേണ്ടതുണ്ട്, ഇവയിലൂടെയെല്ലാം മാനേജ് ചെയ്യപ്പെടുന്ന തന്ത്രപ്രധാന ഡാറ്റയെയും.
സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ലോകോത്തര ക്ലൗഡ് കണ്ടന്റ് സെക്യൂരിറ്റി പ്ലാറ്റ്‌ഫോം (സിസിഎസ്പി) ലഭ്യമാക്കുന്നുണ്ട് ടാറ്റ ടെലി ബിസിനസ് സര്‍വീസസ്. ഇമെയില്‍, വെബ് സുരക്ഷ, നെക്സ്റ്റ് ജനറേഷന്‍ ഫയര്‍വാള്‍, എന്‍ഡ്‌പോയിന്റ് സെക്യൂരിറ്റി, മള്‍ട്ടിഫാക്റ്റര്‍ ഓതന്റിക്കേഷന്‍ സെക്യൂരിറ്റി സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മഷീന്‍ ലേണിംഗ് അധിഷ്ഠിതമായ സംവിധാനമാണിത്. സമഗ്ര സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇത് സിസ്‌കോ, പാളോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്, ഫോര്‍ട്ടിനെറ്റ് തുടങ്ങിയ വമ്പന്മാരുടെ സുരക്ഷാ സംവിധാനങ്ങളുമായി ഏകീകരിച്ചാണ് ഞങ്ങള്‍ ലഭ്യമാക്കുന്നത്.
കോവിഡാനന്തരം എന്തെല്ലാം ഇന്നവേഷനുകള്‍ക്കാണ് സാധ്യത. ഇന്നവേഷനുമായി ബന്ധപ്പെട്ട് ടാറ്റ ടെലി ബിസിനസ് സര്‍വീസസിന്റെ പദ്ധതികള്‍ എന്തെല്ലാമാണ്?
ആഗോള വിപണിയില്‍ മല്‍സരിക്കണമെങ്കില്‍ ഇന്‍ഡസ്ട്രി 4.0 യുഗത്തിന് അനുഗുണമായ സങ്കേതങ്ങള്‍ കൂടിയേ തീരൂവെന്ന് ഇന്ത്യന്‍ സംരംഭങ്ങള്‍ മനസിലാക്കിവരുന്നുണ്ട്. തങ്ങളുടെ ബിസിനസ് പ്രക്രിയകള്‍ യന്ത്രവല്‍ക്കരിക്കുന്നതിന് അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന പ്രവണത സ്ഥാപനങ്ങള്‍ക്കിടയില്‍ ശക്തമാകുന്നു. ഇതിനൊപ്പം ഡിജിറ്റല്‍ ടെക്‌നോളജി സ്വാംശീകരിച്ച് ഭാവിയിലേക്ക് സജ്ജമായിരിക്കാനാണ് ശ്രമം. പുതിയ ബിസിനസ് മോഡലുകള്‍ വികസിപ്പിക്കാനോ ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനോ എല്ലാമാണ് അവര്‍ ശ്രമിക്കുന്നത്.
കുറഞ്ഞ പ്രവര്‍ത്തന ചെലവ്, കൂടുതല്‍ ഉല്‍പ്പാദനക്ഷമത, മല്‍സരാധിഷ്ഠിത മനോഭാവം, വിപണി ആവശ്യകതയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനം, മികച്ച സാമ്പത്തിക ആസൂത്രണം തുടങ്ങിയവ സാധ്യമാക്കാന്‍ നവ സങ്കേതങ്ങളിലൂടെ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഞങ്ങള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദിശയിലുള്ളതാണ്. ബ്രോക്കിംഗ് വിഭാഗത്തിനായുള്ള അള്‍ട്രാ ലോല, എസ്‌ഐപി ചാനല്‍ ഓണ്‍ ഡിമാന്‍ഡ്, സ്മാര്‍ട്ട് ഓഫീസ് തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്. വോയ്‌സ്, ഡാറ്റ, ആപ്പുകള്‍, സ്റ്റോറേജ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വണ്‍ ബോക്‌സ് സ്റ്റാര്‍ട്ടപ്പ് കിറ്റാണ് സ്മാര്‍ട്ട്ഓഫീസ്.
സൂം വിഡിയോ കമ്യൂണിക്കേഷന്‍സുമായും അടുത്തിടെ ഞങ്ങള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ഉയര്‍ന്ന സുരക്ഷിതത്വമുള്ള സുപ്പീരിയര്‍ വിഡിയോ ഫസ്റ്റ് കമ്യൂണിക്കേഷന്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫോര്‍ട്ടിനെറ്റുമായി ചേര്‍ന്ന് എസ് ഡി വാന്‍ ഐഫ്‌ളിക്‌സ് എന്ന നെറ്റ് വര്‍ക്കിംഗ് സൊലൂഷനും ഞങ്ങള്‍ വികസിപ്പിച്ചിട്ടുടണ്ട്. ഡിജിറ്റല്‍, ക്ലൗഡ് ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ സംരംഭങ്ങളെ സഹായിക്കുന്ന നെറ്റ് വര്‍ക്കിംഗ് സൊലൂഷനാണിത്.
ആദ്യമായി കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം (സിഇപി) അവതരിപ്പിച്ചതും ഞങ്ങളാണ്. ടിടിബിഎസ് ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ അനുഭവവേദ്യമാകാനും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന വണ്‍സ്‌റ്റോപ്പ് ഡിജിറ്റല്‍ ഗൈഡാണ് സിഇപി. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപം തുടരാനാണ് ഞങ്ങളുടെ പദ്ധതി. ഉയര്‍ന്ന ശേഷിയുള്ള ഫൈബര്‍ നെറ്റ് വര്‍ക്ക് വിന്യാസത്തിലൂടെയും അത്യാധുനിക ഐടി ടൂളുകളിലൂടെയും കസ്റ്റംമെയ്ഡ് ബിസിനസ് ആപ്ലിക്കേഷനുകളിലൂടെയുമെല്ലാം അത് തുടരും.