കോവിഡ് മഹാമാരി സൃഷ്ടിച്ച അതികഠിനകാലത്തെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ വേഗമാണ് തിരിച്ചുകയറിയത്. അതിന് സമാനമായി തന്നെ ഓഹരി വിപണിയിലും മികച്ച മുന്നേറ്റമാണ് ദൃശ്യമായത്. അത് തുടരുകയും ചെയ്യുന്നു. ഇന്ത്യയുടെ തിരിച്ചുകയറ്റത്തിന്റെ ഊര്‍ജം കണ്ട് ലോകത്തിന് മുഴുവനും രാജ്യത്തില്‍ പ്രതീക്ഷയേറുകയാണ്. ഇന്ത്യന്‍ നയകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം സ്വപ്‌നസമാനമായ സാഹചര്യമാണിത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച് വെറും അഞ്ച് മാസം കഴിയുമ്പോള്‍ മിക്ക സാമ്പത്തിക സൂചകങ്ങളും അതിഗംഭീര തിരിച്ചുവരവ് സൂചനകളാണ് നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധനവിന്റെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രണവിധേയമായിരിക്കുന്നു എന്നത് ശ്രദ്ധേയം.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 9.5 ശതമാനം വളര്‍ച്ചയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ചയും നേടും. ഈ രണ്ട് പ്രവചനങ്ങളും ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ പൊസിഷന്‍ ചെയ്യുന്നു. സാമ്പത്തിക തിരിച്ചുവരവിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ സുവ്യക്തമാകുകയാണ്. സെപ്റ്റംബറില്‍ കോവിഡ് വാക്‌സിനേഷന്റെ എണ്ണം വളരെയധികം വര്‍ധിച്ചു. ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു ഇത്. മാത്രമല്ല ഉപഭോക്തൃ ശൈലികളില്‍ മാറ്റവും വരുന്നുണ്ട്. കോവിഡ് കാര്യമായി ബാധിച്ച, ജനങ്ങളുടെ ഇടപെഴകല്‍ അകറ്റി നിര്‍ത്തിയ മേഖലകള്‍ക്ക് ഇത് വലിയ പ്രതീക്ഷ നല്‍കുന്നു.

ശുഭസൂചകങ്ങള്‍
വ്യവസായ ഉല്‍പ്പാദന സൂചികയുടെ പ്രകടനവും ആശാവഹമാണ്. ഓഗസ്റ്റില്‍ വ്യാവസായിക ഉല്‍പ്പാദനം സ്ഥിരത കൈവരിക്കുന്നതാണ് കണ്ടത്, 11.9 ശതമാനമായിരുന്നു വികസിച്ചത്. ജൂലൈ മാസത്തില്‍ ഇത് 11.4 ശതമാനമായിരുന്നു. മുഖ്യ മേഖലകളിലെല്ലാം തന്നെ വളര്‍ച്ച പ്രകടമായി. കോര്‍ സെക്റ്ററുകള്‍ രേഖപ്പെടുത്തിയത് 11.9 ശതമാനം വളര്‍ച്ചയാണ്.
സെപ്റ്റംബറില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 4.35 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ ഇത് 5.30 ശതമാനവും. 2021 ഏപ്രില്‍ മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ചില്ലറവില പണപ്പെരുപ്പമാണിത്. ഭക്ഷ്യവില പണപ്പെരുപ്പം കുറഞ്ഞതാണ് ഇതിന് കാരണം. പെട്രോള്‍, ഡീസല്‍ വിലകളിലെ റെക്കോഡ് വര്‍ധന കണ്ടിട്ടും ഹെഡ്‌ലൈന്‍ റീറ്റെയ്ല്‍ ഇന്‍ഫ്‌ളേഷന്‍ അപകട നില പിന്നിട്ടില്ല. ഉപഭോക്തൃവില അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഫ്‌ളേഷനില്‍ 50 ശതമാനത്തോളം ഭക്ഷ്യ പണപ്പെരുപ്പമാണ്. ഇ-വേ ബില്ലുകള്‍, മൊബിലിറ്റി കണക്കുകള്‍, പവര്‍ ഡിമാന്‍ഡ്, ഓട്ടോ സെയില്‍സ്, കയറ്റുമതി തുടങ്ങിയ കാര്യങ്ങളിലെല്ലാം വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.

പ്രതീക്ഷ നല്‍കി ഓട്ടോമൊബീല്‍ വില്‍പ്പന
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ പക്കലുള്ള വിവരങ്ങള്‍ അനുസരിച്ച് 2021 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ധനയാണ് പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ലോജിസ്റ്റിക്‌സ്, ഗതാഗത പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 65 ശതമാനമാണ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ വര്‍ധനയുണ്ടായത്. അതേസമയം ഇരുചക്രവാഹനങ്ങള്‍ രേഖപ്പെടുത്തിയത് 8.9 ശതമാനം വളര്‍ച്ചയാണ്.
ജിഎസ്ടി വരുമാനം
സര്‍ക്കാരിന്റെ വരുമാനത്തിലും മികച്ച കണക്കുകള്‍ ദൃശ്യമായി. സെപ്റ്റംബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷന്‍ 1.17 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണിത്. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം ജിഎസ്ടി കളക്ഷന്‍ ഇതോടെ 6.82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ജിഎസ്ടി വരുമാനം 1 ലക്ഷം കോടി രൂപ പിന്നിടുന്നത്.

അറ്റ പ്രത്യക്ഷ നികുതി കളക്ഷനിലുണ്ടായത് 74 ശതമാനം വര്‍ധനയാണ്. ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവിലെ നെറ്റ് ഡയറക്റ്റ് ടാക്‌സ് 5.71 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 3.27 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019-20 കാലഘട്ടത്തേക്കാള്‍ നെറ്റ്, ഗ്രോസ് ഡയറക്റ്റ് ടാക്‌സ് കളക്ഷന്‍ ഉയര്‍ന്ന് നില്‍ക്കുന്നത് സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നു. സെപ്റ്റംബര്‍ 22 വരെയുള്ള നെറ്റ് കളക്ഷന്‍ 2019-20 കാലത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധന രേഖപ്പെടുത്തി.
മറ്റ് ടാക്‌സ് കളക്ഷനുകള്‍, വിദേശ വ്യാപാരം, ഊര്‍ജ ഉപഭോഗം തുടങ്ങിയ കാര്യങ്ങളിലും മികച്ച കണക്കുകളാണ് രാജ്യം രേഖപ്പെടുത്തിയത്. ഉപഭോക്തൃ വികാരത്തിലും ഇത് നിഴലിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ശുഭസൂചകങ്ങളാണ്. സെപ്റ്റംബര്‍ പാദ വരുമാനത്തിലെ മികച്ച തുടക്കം നിക്ഷേപകരുടെയും നിരീക്ഷകരുടെയും ആത്മവിശ്വാസം ഒരുപോലെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ പ്രതിസന്ധി ഓട്ടോ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കാറുകള്‍ ബുക്ക് ചെയ്താല്‍ പോലും കിട്ടാന്‍ കാലതാമസമെടുക്കുന്നു. കല്‍ക്കരിയുടെ ക്ഷാമം വൈദ്യുതി രംഗത്തും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.
(അഹല്യ ഫിന്‍ഫോറെക്‌സിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍)