ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമനായ സാംസംഗ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുപരിചിതമാണ്. ടിവിയും മൊബീല്‍ ഫോണും റെഫ്രിജറേറ്ററും ഉള്‍പ്പടെ ഉള്‍പ്പടെയുള്ള നിരവധി ഉപകരണങ്ങള്‍ സാംസംഗിന്റേതായി ഇന്ത്യയില്‍ പുറത്തുവരുന്നു, കാലങ്ങള്‍ പഴക്കമുണ്ട് ആ ബിസിനസ് തേരോട്ടത്തിന്. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും സാംസംഗ് എന്നും മുന്നിലായിരുന്നു. ചൈനീസ് ബ്രാന്‍ഡുകള്‍ വിപണി കീഴടക്കിയപ്പോഴും സാംസംഗിന്റെ ബ്രാന്‍ഡ് മൂല്യത്തിന് ഇന്ത്യക്കാര്‍ക്കിടയില്‍ അത്ര ഇളക്കമൊന്നും തട്ടിയില്ല. ചൈനീസ് വിരുദ്ധ വികാരത്തിന്റെ കാലത്ത് സാംസംഗിനോട് ഇത്തിരി ഇഷ്ടം കൂടുതലുമുണ്ട് ഇന്ത്യക്കാര്‍ക്ക്.
എന്നാല്‍ മേല്‍പ്പറഞ്ഞതിനെല്ലാം പുറമേ, മറ്റൊരു പ്രധാന ബിസിനസ് കൂടി സാംസംഗിന് ഇന്ത്യയിലുണ്ട്. വാര്‍ത്തകളിലൊന്നും അത്ര വലിയ ഇടം ലഭിക്കാത്ത ബിസിനസ്. ഇന്ത്യന്‍ ടെലികോം മേഖലയിലെ അതികായനായി അതിവേഗമുള്ള റിലയന്‍സ് ജിയോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട് ആ ബിസിനസിന്. 4ജി വിപ്ലവത്തിലൂടെ ഇന്ത്യന്‍ ടെലികോം മേഖലയെ ഉടച്ചുവാര്‍ത്ത ജിയോ അതിന് സാംസംഗിനോട് കൂടി കടപ്പെട്ടിരിക്കുന്നു. ജിയോയ്ക്ക് 4ജി നെറ്റ് വര്‍ക്ക് ഗിയറുകള്‍ വിതരണം ചെയ്തത് സാംസംഗ് ആയിരുന്നു.

2019ല്‍ ഇന്ത്യയിലെ ടെലികോം ബിസിനസില്‍ നിന്നുള്ള സാംസംഗിന്റെ വരുമാനം 7,000 കോടി രൂപയിലധികമായിരുന്നു. എന്നാല്‍ അതിന് ശേഷം വരുമാനത്തില്‍ പ്രകടമായ ഇടിവ് തുടങ്ങി. മുഖ്യ കാരണം ജിയോയുടെ 4ജി മൂലധന ചക്രം അവസാനിച്ചുകൊണ്ടിരിക്കുന്നതായിരുന്നു. ടെലികോം ഗിയര്‍ മേഖലയില്‍ ജിയോ മാത്രമായിരുന്നു സാംസംഗിന്റെ ക്ലൈന്റ്. സാംസംഗുമായി ജിയോ ഉണ്ടാക്കിയത് എക്സ്ക്ലൂസിവ് പാര്ട്ട്ണര്ഷിപ്പുമായിരുന്നു.
എന്നാല്‍ 4ജി, 5ജിയിലേക്ക് പരിണമിക്കപ്പെടുമ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുറച്ചുകൂടി സ്മാര്‍ട്ടായി ചിന്തിക്കുകയാണ്. ഏതെങ്കിലും ഒരു കമ്പനിയുമായുള്ള എക്സ്ക്ലൂസിവ് പങ്കാളിത്തത്തിന് നില്‍ക്കാതെ നിരവധി പങ്കാളികളുമായി ചേര്‍ന്നാണ് 5ജി വിന്യാസത്തില്‍ ജിയോ കളിക്കാനിറങ്ങുന്നത്. എറിക്സണ് ഉള്‍പ്പടെയുള്ള ഭീമന്മാര് പട്ടികയിലുണ്ട്. അതുകൊണ്ടുതന്നെ ഇത് സാംസംഗിന്റെ ടെലികോം ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

എയര്‍ടെല്‍ രക്ഷയ്ക്കെത്തുമോ?
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ സാംസംഗ്. എയര്‍ടെലിന്റെ 5ജി നിക്ഷേപത്തിന്റെ ഒരു പങ്ക് എങ്കിലും നേടിയെടുക്കാനാണ് സാംസംഗിന്റെ പദ്ധതി. എയര്‍ടെല്‍ നേരത്തെ കൂടുതലും ആശ്രയിച്ചിരുന്നത് ചൈനീസ് കമ്പനികളായ വാവെയ്, ഇസെഡ്ടിഇ എന്നിവരെ ആയിരുന്നു.

ഈ കമ്പനികളിന്മേലുള്ള ആശ്രയത്വം കുറയ്ക്കാനാണ് എയര്‍ടെലിന്റെ തീരുമാനം. ഇത് സാംസംഗിന് ഗുണകരമാകുമോയെന്നാണ് കണ്ടറിയേണ്ടത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസും സാംസംഗും തമ്മിലുള്ള ബന്ധം ടെലികോമില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ഇരുകുടുംബങ്ങളും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. സാംസംഗിന്റെ കണ്‍സ്ട്രക്ഷന്‍ വിഭാഗം റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. എങ്കിലും 5ജിയുടെ കാര്യത്തില്‍ സാംസംഗുമായുള്ള എക്സ്ക്ലുസിവ് പങ്കാളിത്തത്തിന് റിലയന്‍സ് മുതിരില്ല.