ഇടിയുമോ കോലിയുടെ ബ്രാന്‍ഡ് മൂല്യം?

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നയകസ്ഥാനവും വിരാട് കോലി ഒഴിഞ്ഞതോടെ സ്‌പോര്‍ട്ട്‌സ് രംഗത്ത് മാത്രമല്ല ബ്രാന്‍ഡിംഗ് ലോകത്തും ചര്‍ച്ചകള്‍ തകൃതിയാണ്. ബ്രാന്‍ഡിംഗ് രംഗത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയാണല്ലോ കോലി. ഏകദിനം, ടി20, ടെസ്റ്റ്…ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി കോലി ടീം ഇന്ത്യയുടെ നയാകനല്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന് വിലയിരുത്തപ്പെടുന്ന കോലിയുടെ ബ്രാന്‍ഡ് മൂല്യം ഇടിയുമോയെന്നതാണ് ആരാധകരും ബിസിനസ് ലോകവും ഉറ്റുനോക്കുന്നത്.

എംആര്‍എഫ്, മിന്ദ്ര, അമേരിക്കന്‍ ടൂറിസ്റ്റര്‍, ഔഡി, പുമ, വോളിനി, യുബര്‍ ഇന്ത്യ തുടങ്ങി മുപ്പതോളം ബ്രാന്‍ഡുകളുടെ മുഖമാണ് കോലി. പുമ, ഔഡി തുടങ്ങിയ ബ്രാന്‍ഡുകള്‍ തങ്ങള്‍ക്ക് ഇപ്പോഴും കോലിയില്‍ വലിയ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജര്‍മന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പുമയുമായി 110 കോടി രൂപയുടെ കരാറാണ് 2017ല്‍ കോലി ഒപ്പുവെച്ചത്. 2025 വരെയാണ് കരാര്‍ കാലാവധി. 2021ലെ കണക്കനുസരിച്ച് 30ഓളം ബ്രാന്‍ഡുകളില്‍ നിന്നുള്ള കോലിയുടെ വാര്‍ഷിക വരുമാനം 178.77 കോടി രൂപയാണ്.

പ്രകടനത്തിന്റെ അടിസ്ഥാനത്തിലും സാമൂഹ്യ മാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിലും കോലിയോളം തലയെടുപ്പും ട്രാക്ക്‌റെക്കോഡുമുള്ള മറ്റൊരു ക്രിക്കറ്റ് താരം നിലവിലില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം അടുത്തൊന്നും ഇടിയില്ലെന്നാണ്് ഒരു വിഭാഗം വിദഗ്ധരുടെ വിലയിരുത്തല്‍. 237.7 മില്യണ്‍ ഡോളറാണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം. പരസ്യങ്ങളില്‍ നിന്നും കോലിക്ക് ലഭിക്കുന്ന പ്രതിദിന വരുമാനം 7.5-10 കോടി. ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച്‌ലിസ്റ്റ് 2021 റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് കോലിക്ക് ലഭിക്കുന്നത് 5 കോടി രൂപയാണ്. ഇന്‍സ്റ്റഗ്രാമില്‍ 179 മില്യണ്‍ ഫോളോവേഴ്‌സാണ് കോലിക്കുള്ളത്, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ 46 മില്യണ്‍ ഫോളോവേഴ്‌സും.

Leave a Reply

Your email address will not be published. Required fields are marked *