നിങ്ങളുടെ സംരംഭത്തിന് വേറിട്ട വ്യക്തിത്വം നല്കുന്ന പ്രൊഡക്റ്റോ ചിലപ്പോള്‍ നിങ്ങളുടെ സംരംഭം തന്നയോ ആവാം ബ്രാന്‍ഡ്. സ്വയം ഒരു ബ്രാന്‍ഡായി മാറിയ വ്യക്തികളും സംരംഭകരുമുണ്ട്. ഒരു പേര് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു ലോഗോയോ ഒരു ടാഗ് ലൈനോ കാണുമ്പോള്‍, ചിലപ്പോള്‍ ഒരു സംഗീതശകലം കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഉല്‍പ്പന്നത്തെയോ ബിസിനസിനെയോ വ്യക്തിയെയോ കുറിച്ച് നാം ചിന്തിക്കാറില്ലേ? ആ ബ്രാന്‍ഡ്/സംരംഭം ഏറെ സമയമെടുത്ത് സമൂഹത്തില്‍ സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡ് അവേര്നെസിന്റെ ഗുണമാണത്. ഒരു സംരംഭം കെട്ടിപ്പടുക്കുന്നോളം പ്രാധാന്യം ഒരു ബ്രാന്‍ഡ് രൂപപ്പെടുത്തിയെടുക്കുന്നതിനുമുണ്ടെന്ന് സാരം. അഭിമാനമുയര്‍ത്തുന്ന ബ്രാന്‍ഡ് എങ്ങനെ പടിപടിയായി കെട്ടിപ്പൊക്കാമെന്നാണ് ബിസിനസ് വോയ്സ് ‘My Brand My Pride’ പരമ്പരയിലൂടെ ചര്‍ച്ച ചെയ്യുന്നത്. ഒപ്പം മികച്ച വിജയം നേടിയ ഏതാനും ബ്രാന്‍ഡുകളെയും അവ സൃഷ്ടിച്ച് വളര്‍ത്തിയെടുക്കാന്‍ സംരംഭകര്‍ സ്വീകരിച്ച മാര്‍ഗങ്ങളെയും കൂടി അവതരിപ്പിക്കുന്നു…
മല്‍സരാധിഷ്ഠിതമായി മുന്നോട്ടു പോകുന്ന ലോകത്ത് ബ്രാന്‍ഡ്/ബ്രാന്‍ഡിംഗ് എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ട്. സംരംഭങ്ങളുടെ വിശാല ലോകത്ത് വ്യത്യസ്തമായി സ്വയം അടയാളപ്പെടുത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. വിപണിയിലെ മല്‍സരത്തില്‍ മുന്നേറണമെങ്കില്‍ ഇത് അത്യന്താപേക്ഷിതമാണ് താനും. ബ്രാന്‍ഡ് ബില്‍ഡിംഗ് അഥവാ ബ്രാന്‍ഡിംഗ് എന്ന പരിപാടി ഏതാനും ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ സാധിക്കുന്ന ഒന്നല്ല. നിരന്തരമായ അധ്വാനം ആവശ്യമായ പ്രവൃത്തിയാണത്. പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുകയെന്ന നിര്‍ണായക ലക്ഷ്യയാണ് ബ്രാന്‍ഡ് ബില്‍ഡിംഗിന്റെ കാതല്‍.
എന്താണ് ബ്രാന്‍ഡ്? മിക്കവാറും അതൊരു ഉല്‍പ്പന്നമായിരിക്കും. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഈ ഉല്‍പ്പന്നത്തിന്റെ സ്വഭാവ സവിശേഷതകള്‍ കേള്‍വിക്കാരുടെ മനസിലേക്കെത്തുന്നുണ്ടങ്കില് അതൊരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞെന്നു പറയാം. അതിനൊരു നിയതമായ ലോഗോ ഉണ്ടാവും. മിക്കവാറും പ്രൊഫഷണല്‍ ഡിസൈനര്‍മാരാണ് ലോഗോ തയാറാക്കുന്നത്. ലോഗോയിലെ ചിത്രങ്ങളും അക്ഷരങ്ങളും നിറവുമെല്ലാം അത് പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ/സംരംഭത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കും. ലോഗോയ്ക്കൊപ്പം തന്നെ രൂപപ്പെടുത്തേണ്ടതാണ് ടാഗ് ലൈനും. ബ്രാന്‍ഡ് എന്താണെന്നും ഏതു ലക്ഷ്യത്തോടെയാണ് നിലനില്‍ക്കുന്നതെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് ടാഗ് ലൈന്‍. നിങ്ങളുടെ ബ്രാന്‍ഡിന്റെ വളര്‍ച്ചാപാതയില്‍ ടാഗ് ലൈനിന് വളരെയധികം പ്രാധാന്യമുണ്ട്.
സ്ഥിരതയെന്നത് മറക്കാനാവാത്ത മന്ത്രമാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ ബ്രാന്‍ഡിന്റെ ദര്‍ശനത്തിലൂടെയും അനുഭവത്തിലൂടെയും എന്ത് സന്ദേശമാണ് നിങ്ങള്‍ നല്കാനുദ്ദേശിക്കുന്നത് എന്നതാണ്. ആരെയൊക്കെയാണ് നിങ്ങള്‍ ഉപഭോക്താക്കളാക്കി മാറ്റിക്കൊണ്ട് ഒപ്പം കൂട്ടാനാഗ്രഹിക്കുന്നത്? ഇവ പരിഗണിച്ചു വേണം തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍.

ആകര്‍ഷകമായ ലോഗോയും വെബ് പേജുകളും കണ്ട് മാത്രം ആളുകള്‍ നിങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിക്കണമെന്നില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന് ഇടങ്ങളില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ സന്ദേശം എത്രമാത്രം വ്യക്തമായി അവതരിപ്പിക്കപ്പെടുന്നു എന്നതില്‍ നിന്ന് ആരംഭിക്കാം. നിങ്ങളും നിങ്ങളുടെ സംരംഭവും മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് ഈ സന്ദേശത്തില്‍ വ്യക്തമായിരിക്കണം. പ്രചാരണം എല്ലാം ‘വേര്‍ഡ് ഓഫ് മൗത്തി’ന് വിടുന്നത് വലിയ റിസ്കാണ്. പ്രൊമോഷനുകള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും ഇംപാക്റ്റും വളരെ വലുതാണെന്ന് തിരിച്ചറിയണം. മാര്‍ക്കറ്റിംഗിന് അത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഓഫ്ലൈനിന്റെ അത്രതന്നെ പ്രാധാന്യം ഇന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനും കൈവന്നിരിക്കുന്നു.
സെയില്‍സും ബ്രാന്‍ഡിംഗും ഒന്നല്ല എന്ന് മനസിലാക്കേണ്ടതുണ്ട്. പ്രമുഖ സംരംഭകനും എഴുത്തുകാരനുമായ ഗാരി വാനേര്ചുക് ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം, ലോകത്തെ ഏറ്റവും വലിയ കമ്പനികളൊന്നും ഒന്നും വില്‍ക്കുന്നില്ല എന്നതാണ്. ബ്രാന്‍ഡ് ചെയ്യുക മാത്രമാണ് അവരുടെ പരിപാടി. ഉദാഹരണമായി അദ്ദേഹം സ്റ്റീവ് ജോബ്സ് സ്ഥാപിച്ച ആപ്പിള്‍ ഇന്‍കിനെ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളുമായി ഒരു സുസ്ഥിര ബന്ധം നിര്‍മിച്ചെടുക്കാനാണ് ആപ്പിള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഐഫോണിലേക്ക് ചുവടുമാറ്റിയാല്‍ നിങ്ങളുടെ ജീവിതം എപ്രകാരം മാറിമറിയുമെന്നാണ് കമ്പനി നിരന്തരം സംസാരിച്ചത്. ഈ ബ്രാന്‍ഡിംഗ് പരിപാടിയിലേക്ക് തങ്ങളുടെ ഊര്‍ജം മുഴുവന്‍ അവര്‍ വിനിയോഗിക്കുകയും ചെയ്തെന്ന് വാനേര്ചുക് വ്യക്തമാക്കുന്നു.
നിറങ്ങളുടെ സൈക്കോളജിയും അര്‍ത്ഥ വിശാലതയും ബ്രാന്‍ഡ് ബില്‍ഡിംഗില്‍ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. നിറങ്ങള്‍ പലതും മനുഷ്യന്റെ പലവിധ വികാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഓരോ നിറത്തിനും അര്‍ത്ഥതലങ്ങളുമുണ്ട്. ഉദാഹരണത്തിന് ചുവപ്പും പര്‍പ്പിളും ഊര്‍ജസ്വലമായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു. സുരക്ഷിതവും സുസ്ഥിരവുമാണ് നീല നിറം.
ഊഷ്മളതയെയും ആഹ്ലാദത്തെയുമാണ് ഓറഞ്ച് നിറം സൂചിപ്പിക്കുന്നത്. സമാധാനത്തെയും പ്രകൃതിയെയുമാണ് പച്ച പ്രതിനിധാനം ചെയ്യുന്നത്. ബ്രാന്‍ഡിന്റെ പ്രവര്‍ത്തന സ്വഭാവത്തിനനുസരിച്ചുള്ള നിറങ്ങള്‍ ലോഗോ മുതല്‍ സംരംഭത്തിന്റെ ഓഫീസില്‍ വരെ ഉപയോഗിക്കാനും അത് ബ്രാന്‍ഡ് സ്വത്വത്തിന്റെ ഭാഗമാക്കാനും സാധിച്ചാല്‍ ഏറെ ഗുണം ചെയ്യും. ഒരു പ്രൊഫഷണലിന്റെയും ഗ്രാഫിക് ഡിസൈനറിന്റെയും സഹായം ഇതിനായി തേടാവുന്നതാണ്.
കസ്റ്റമര്‍മാരോട് അല്ലെങ്കില്‍ പൊതുസമൂഹത്തോട് സംവദിക്കാനുള്ള ഒരവസരവും നല്ലൊരു സംരംഭകന് പാഴാക്കിക്കളയരുത്. പരമ്പരാഗത മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയുമെല്ലാം ബ്രാന്‍ഡ് ബില്‍ഡിംഗിന് ഉതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തുന്നവര്ക്കേ വിജയപാത പൂര്‍ണമായി തുറന്നുകിട്ടൂ. സോഷ്യല്‍ മീഡിയയ്ക്ക് വളരെയധികം സ്വാധീനമുള്ള ഇക്കാലത്ത് ഇത്തരം എക്കൗണ്ടുകളിലൂടെ ധാരാളംപേര്‍ നിങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കും.
ഈ ആശയവിനിമയം സുഗമമാണെന്നും സംരംഭത്തെയും ബ്രാന്‍ഡിനെയും സംബന്ധിച്ച ഏറ്റവും പുതിയ വര്‍ത്തമാനങ്ങളും പ്രഖ്യാപനങ്ങളും മറ്റും അവരിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പാക്കണം. ബ്രാന്‍ഡിംഗ് ലക്ഷ്യങ്ങളും സെയില്‍സ് ലക്ഷ്യങ്ങളും തമ്മില്‍ ഒരു താദാത്മ്യം കൊണ്ടുവേരണ്ടത് അത്യാവശ്യമാണ്. സെയില്‍സിനെയും വാര്‍ഷിക വരുമാനത്തെയും ആത്യന്തികമായി ബാധിക്കുന്ന രണ്ട് ഘടകങ്ങളാണിവ. ബ്രാന്‍ഡിംഗ് നന്നാവുമ്പോള്‍ സെയില്‍സ് ഉയരും. സെയില്‍സ് മെച്ചപ്പെടുമ്പോള്‍ വരുമാനവും. ലക്ഷ്യങ്ങളെ നിരന്തരം പിന്തുടരുകയെന്ന ലളിതമായ സൂത്രവാക്യമാണ് ഇവിടെ ഗുണം ചെയ്യുക.
നിങ്ങള്‍ക്കൊരു ബ്രാന്‍ഡിംഗ് സ്റ്റൈല്‍ബുക്ക് ഉണ്ടായിരിക്കണം. പൊതുവായി ആശയവിനിമയം നടത്തുമ്പോഴും കസ്റ്റമറുമായി സംസാരിക്കുമ്പോഴും ഓണ്‍ലൈനായുള്ള ഇടപെടലുകളിലുമെല്ലാം നിങ്ങളുടെ ബ്രാന്‍ഡിംഗ് സ്റ്റൈലില്‍ നിന്ന് ഗതിമാറാന് എളുപ്പമാണ്. പക്ഷേ ഒരിക്കലും ഇങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും നിങ്ങളുടെ ബ്രാന്‍ഡിംഗ് സ്റ്റൈലിനനുസരിച്ചു മാത്രം മുന്നോട്ടു നീങ്ങുക. ഇനി വരുന്ന പേജുകളില്‍ തെരഞ്ഞെടുത്ത ഏതാനും ബ്രാന്‍ഡുകളുടെ കഥകളാണ്.
ബ്രാന്‍ഡ് സ്ഥാപിച്ചത് മുതല്‍ നിര്‍ണായകമായി വളര്‍ത്തിയെടുത്തത് വരെയുള്ള സങ്കീര്‍ണമായ പ്രയത്നത്തെക്കുറിച്ചാണ് സംരംഭകര്‍ സംസാരിക്കുന്നത്. ബ്രാന്‍ഡ് ബില്‍ഡിംഗ് പോലെതന്നെ ‘My Brand My Pride’ എന്ന സ്പെഷല്‍ ഫീച്ചറും ഒരു നിരന്തര പരിപാടിയായിരിക്കും. കൂടുതല്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ അഭിമാന വിജയകഥകള്‍ പറയാന്‍ വരും മാസങ്ങളില്‍ ഈ താളുകളിലേക്കെത്തും. നവ സംരംഭകര്‍ക്ക് തീര്‍ച്ചയായും മാര്‍ഗദര്‍ശിയായിരിക്കും ഈ പരമ്പരയെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ സംരംഭം വളരണമെങ്കില്‍ ബ്രാന്‍ഡും ബ്രാന്‍ഡിംഗും ഒഴിച്ചുകൂടാനാവാത്ത സംഗതികളാണെന്ന് മനസിലാക്കുക. ക്രിയാത്മകമായും പോസിറ്റീവായും ഈ ദൗത്യത്തിനൊപ്പം മുന്നേറാം.