Connect with us

Hi, what are you looking for?

Business & Economy

രുചിക്കൂട്ടിന്റെ ‘തമ്പുരാന്‍’

മഹാമാരികളുടെ നടുവില്‍, പഴമയുടെ പരിശുദ്ധിയിലേക്ക് ലോകം തിരിഞ്ഞുനോക്കുന്ന വേളയില്‍ തലയെടുപ്പോടെ വഴികാട്ടുകയാണ് തേജസുറ്റ ഒരു മലയാളി ബ്രാന്‍ഡ്, പേര് ബ്രാഹ്മിന്‍സ്

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കാലത്ത് വെജിറ്റേറിയനിസവും വീഗനിസവുമെല്ലാം തിരുത്തല്‍ സംസ്‌കാരങ്ങളായി മാറുകയാണ്. പുതിയ കാലത്ത് വെജിറ്റേറിയനിസം എന്നത് അനിവാര്യമായ ഒരു സംസ്‌കാരമാണെന്ന് കൂടി ഓര്‍മപ്പെടുത്തുന്നു ഇവര്‍. രൂചിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത ഈ വ്യത്യസ്ത സംരംഭത്തിന് പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ ഒരു സംരംഭകനുണ്ട്. തൊടുപുഴയിലെ മണ്‍പാതകള്‍ക്ക് സുപരിചിതനായ, അവര്‍ സ്‌നേഹത്തോടെ തിരുമേനിയെന്ന് വിളിക്കുന്ന വിഷ്ണു നമ്പൂതിരിയെന്ന സംരംഭകന്‍

സംരംഭകത്വത്തില്‍ മൂന്നര പതിറ്റാണ്ടിന്റെ മേന്മ പറയാനുണ്ട് ബ്രാഹ്മിന്‍സ് എന്ന സംരംഭത്തിനും അതിന്റെ സാരഥി വി വിഷ്ണു നമ്പൂതിരിക്കും. മനുഷ്യന്‍ നേരിടുന്ന പലവിധ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി വെജിറ്റേറിയനിസത്തെ കാണുന്ന പ്രവണത ഇന്ന് ശക്തമായി വരുന്നുണ്ട്, എന്നാല്‍ 30ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡിന് തുടക്കമിട്ടു വിഷ്ണു നമ്പൂതിരി. ശുദ്ധമായ സസ്യാഹരത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയും സംസ്‌കാരവും വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ബ്രാഹ്മിന്‍സ് തങ്ങളുടെ തലവാചകം A vegetarian promise എന്നാക്കിയത്. ബ്രാന്‍ഡിനെ അര്‍ത്ഥവത്താക്കുന്ന ടാഗ്ലൈന്‍ എന്ന ഖ്യാതിയും നേടി അത്.

ചെറിയ തുടക്കം, വലിയ സ്വപ്‌നം

Advertisement. Scroll to continue reading.

തൊടുപുഴയില്‍ നിന്നായിരുന്നു രുചിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത ബ്രാഹ്മിന്‍സിന്റെ തുടക്കം, വി വിഷ്ണു നമ്പൂതിരി കണ്ട വലിയ സ്വപ്നത്തിന്റെ എളിയ ആരംഭമെന്നും പറയാം. 1987ലായിരുന്നു അത്, വെറും രണ്ട് വനിതാ തൊഴിലാളികളുടെ സഹായത്തോടെ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ചെറിയ നിര്‍മാണ യൂണിറ്റിലൂടെ പ്രവര്‍ത്തനത്തിന് ശുഭാരംഭം. വിഷ്ണുനമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ പൊടിച്ച് പായ്ക്ക് ചെയ്ത് കറിപൗഡറുകള്‍ കടകളിലെത്തി, തുടക്കത്തിലെ വിതരണക്കാരനും അദ്ദേഹം തന്നെയായിരുന്നു.

സൈക്കിള്‍ ചവുട്ടി തൊടുപുഴയിലെ കടകള്‍ തോറും കയറിയിറങ്ങിയായിരുന്നു ആ 31കാരന്‍ അന്ന് തന്റെ സ്വന്തം ബ്രാന്‍ഡിന് അടിത്തറയിട്ടത്. പിന്നീട് സൈക്കിള്‍ സ്‌കൂട്ടറായി രൂപാന്തരം പ്രാപിച്ചു, സ്‌കൂട്ടര്‍ മിനി വാനായും. സസ്യാഹാരപ്രിയരുടെ മനസില്‍ സുസ്ഥിര സ്ഥാനം നേടാന്‍ 34 വര്‍ഷം കൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ബ്രാഹ്മിന്‍സിന് സാധിച്ചു. ഇതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ വിഷ്ണു നമ്പൂതിരി പറയുന്നതിങ്ങനെ, ”ഭക്ഷണം അത്ര പവിത്രമാണ്. സംശുദ്ധിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇതുവരെ തയ്യാറായിട്ടില്ല. ഇനിയങ്ങോട്ടും..”

ആദ്യം നുണഞ്ഞത് പരാജയം

സംരംഭകനെന്ന വികാരം വിഷ്ണുനമ്പൂരിയുടെ മനസില്‍ അതിശക്തമായി എല്ലാ കാലവും അലയടിച്ചിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ചെയ്യാത്ത ബിസിനസുകളില്ല. കൊപ്ര കച്ചവടവും വെളിച്ചെണ്ണ കച്ചവടവും ചെരിപ്പ് കച്ചവടവുമടക്കം 20ലേറെ സംരംഭങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ലഭിച്ചത് തിരിച്ചടികള്‍ മാത്രം. നഷ്ടം സഹിച്ച് ഒരു സംരംഭവും നിലനിര്‍ത്തരുതെന്ന പക്ഷക്കാരനാണ് വിഷ്ണു നമ്പൂതിരി. അതിനാലാണ് ഓരോ ബിസിനസും പരാജയത്തിലേക്ക് പോകുമ്പോള്‍ പുതിയ സംരംഭത്തിലേക്ക് അദ്ദേഹം ചുവട് മാറ്റിയത്.

Advertisement. Scroll to continue reading.

ബിസിനസ് ഫിലോസഫി

ഒരു രൂപയെങ്കിലും നഷ്ടം വരുമെന്ന സാഹചര്യം വരുമ്പോള്‍ മറ്റൊരു ബിസിനസിലേക്ക് ചുവട് മാറ്റണമെന്നതാണ് വിഷ്ണു നമ്പൂതിരിയെന്ന സംരംഭകന്റെ ബിസിനസ് ഫിലോസഫി. അതിനാലാണ് അദ്ദേഹത്തിന് ഒരിക്കലും വലിയ പരാജയം നേരിടാതിരുന്നത്. ഇന്ന് കാണുന്നതുപോലെ കുത്തകകളൊന്നുമില്ലാത്ത, 1987 കാലഘട്ടത്തിലാണ് കറി പൗഡര്‍ മേഖലയിലേക്ക് വിഷ്ണു നമ്പൂതിരി തിരിഞ്ഞത്.

സ്വന്തമായി പൊടിച്ച് പായ്ക്കറ്റുകളിലാക്കിയാണ് കറി പൗഡറുകള്‍ വിപണിയിലെത്തിച്ചത്, അതും സൈക്കിളില്‍ കെട്ടിവച്ച് രാവിലെ തന്നെ തൊടുപുഴ ടൗണിലെത്തിയായിരുന്നു കച്ചവടം. കടകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന. അത്ര വലിയ ലാഭകരമൊന്നുമായിരുന്നില്ല അക്കാലത്ത് കച്ചവടം, എങ്കിലും ബ്രാഹ്മിന്‍സ് ഉല്‍പ്പന്നങ്ങളോടുള്ള താല്‍പ്പര്യം ഉപഭോക്താക്കള്‍ക്ക് വളരെപെട്ടെന്ന് കൂടി. തൊടുപുഴയിലെ മണക്കാട് കേന്ദ്രമാക്കിയാണ് ബ്രാഹ്മിന്‍സ് ഫുഡ്‌സ് രൂപംകൊള്ളുന്നത്. 35,000 രൂപ വായ്പയെടുത്ത് ഒരു ചെറിയ പൊടിയന്ത്രം സ്വന്തമാക്കിയതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. രുചിലോകത്തെ തിരുമേനിയുടെ യാത്രയില്‍ പുതിയ ഇന്ധനമായി അത് മാറി.

രുചിപ്പെരുമയുടെ ഉല്‍പ്പന്നങ്ങള്‍

Advertisement. Scroll to continue reading.

കറി പൗഡറുകള്‍ക്ക് പിന്നാലെ അച്ചാറുകളും വറ്റലുകളുമെല്ലാം ബ്രാഹ്മിന്‍സ് ബ്രാന്‍ഡില്‍ പിന്നീട് വിപണിയിലെത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലായിരുന്നു വിഷ്ണു നമ്പൂതിരിയുടെ ഭാര്യ മഞ്ജരിക്ക് ജോലി. അവരെ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴും തിരികെ കൂട്ടിവരുമ്പോഴും അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്കായുള്ള പൊടികളുണ്ടാകും. ബ്രാഹ്മിന്‍സ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ ഓരോ നാഴികക്കല്ലും ആലേഖനങ്ങളായി സ്ഥാപനത്തിന്റെ ഓഫീസ് ചുമരുകളില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

പടര്‍ന്ന് പന്തലിക്കുന്ന ബ്രാന്‍ഡ്

ഓരോ വര്‍ഷവും 9300 ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളാണ് 120ല്‍ അധികം വൈവിധ്യങ്ങളില്‍ ബ്രാഹ്മിന്‍സ് വിപണിയിലെത്തിക്കുന്നത്. കറി പൗഡറുകള്‍, അച്ചാറുകള്‍, റൈസ് ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ബ്രേക്ഫാസ്റ്റ് ഉല്‍പ്പന്നങ്ങള്‍, ഇന്‍സ്റ്റന്റ് ഫുഡ്‌സ്, ധാന്യങ്ങള്‍, സ്‌പൈസ് മിക്‌സുകള്‍ തുടങ്ങി വിവിധതരം ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്നതാണ് ബ്രാഹ്മിന്‍സ് സാമ്രാജ്യം. ഇന്ത്യയെ കൂടാതെ ഗള്‍ഫ്, യൂറോപ്പ്, കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളിലേക്കും ബ്രാഹ്മിന്‍സ് പടര്‍ന്ന് പന്തലിച്ചുകഴിഞ്ഞു.

Advertisement. Scroll to continue reading.

പുതുതലമുറ, പുതുട്രെന്‍ഡുകള്‍

വിഷ്ണു നമ്പൂതിരിയുടെ മകന്‍ ശ്രീനാഥ് വിഷ്ണു എംബിഎ പഠനം പൂര്‍ത്തിയാക്കി 2006ലാണ് ബ്രാഹ്മിന്‍സിലേക്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്ററായി എത്തുന്നത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു അത്. ശ്രീനാഥ് വിഷ്ണു ചുമതലയേറ്റതോടെ പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതുവഴിത്താരകളിലൂടെ ബ്രാഹ്മിന്‍സ് മുന്നേറാന്‍ തുടങ്ങി. മാറുന്ന കാലത്തിന് അനുസരിച്ച് ബിസിനസില്‍ പ്രൊഫഷണല്‍ സമീപനം നടപ്പിലാക്കാന്‍ ശ്രീനാഥ് തീരുമാനിച്ചത് വലിയ മാറ്റങ്ങളുണ്ടാക്കി.

യന്ത്രസംവിധാനങ്ങളില്‍ ആധുനികവല്‍ക്കരണം നടപ്പാക്കിയും അതത് മേഖലകളില്‍ കഴിവ് തെളിയിച്ച പ്രൊഫഷണലുകളെ ജോലിക്കെടുത്തുമെല്ലാമാണ് ശ്രീനാഥ് വിഷ്ണു പുതിയ ബിസിനസ് മാതൃക സൃഷ്ടിച്ചെടുത്തത്. ഇത് സംരംഭത്തിന് പുതുഊര്‍ജം നല്‍കി. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ള സഹധര്‍മിണി അര്‍ച്ചന ശ്രീനാഥും ബ്രാഹ്മിന്‍സിന്റെ ഭാഗമാണ്. ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ എന്ന റോളില്‍ അര്‍ച്ചന സജീവമാണ്. തൊടുപുഴയ്ക്ക് പുറമെ നെല്ലാട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും പൈങ്ങോട്ടൂരിലും ബ്രാഹ്മിന്‍സിന്റെ അത്യാധുനികയന്ത്രസംവിധാനങ്ങളോടു കൂടിയ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യ കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണ്ണമായും യന്ത്രസഹായത്തോടെ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്ന ആധുനിക പ്ലാന്റാണ് പൈങ്ങോട്ടൂരിലേത്.

അച്ചാറിലെ രുചിക്കൂട്ട്

Advertisement. Scroll to continue reading.

കറി പൗഡറുകള്‍ വിജയിച്ചതോടെയാണ് അച്ചാര്‍ നിര്‍മ്മാണത്തിലേക്ക് വിഷ്ണുനമ്പൂതിരി കടന്നത്. അതിന് പ്രോത്സാഹനമായതാകട്ടെ ഭാര്യാപിതാവ് ഇലഞ്ഞി ആലപുരം മഠത്തില്‍ മന നാരായണന്‍ നമ്പൂതിരിയും. ‘ഇല്ലത്തെ പ്രധാന വിഭവങ്ങളില്‍ ഒന്നായിരുന്നു അച്ചാറുകള്‍. ഊണിന് രുചി കൂട്ടുവാന്‍ വലിയ ഭരണികളില്‍ വിവിധതരം അച്ചാറുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടാകും.’ഭാര്യാപിതാവിന്റെ കൈപ്പുണ്യം പരീക്ഷണാടിസ്ഥാനത്തിലാണ് വിഷ്ണു നമ്പൂതിരി വിപണിയിലെത്തിച്ചത്. എന്നാല്‍ പ്രതികരണം മികച്ചതായിരുന്നു. അച്ചാര്‍ ഉല്‍പ്പാദനം വാണിജ്യവല്‍ക്കരിച്ചതോടെ ബ്രാഹ്മിന്‍സ് അച്ചാറുകള്‍ വിപണി പിടിക്കാനും തുടങ്ങി. വയനാട്ടില്‍ അച്ചാറുകള്‍ക്ക് മാത്രമായി ഇന്ന് ബ്രാഹ്മിന്‍സിന് നിര്‍മാണ പ്ലാന്റുണ്ട്.

നിലവാരത്തില്‍ വിട്ടുവീഴ്ച്ച ഇല്ലേ ഇല്ല

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്തുള്ള ലാഭം വേണ്ടെന്നാണ് എക്കാലവും ബ്രാഹ്മിന്‍സിന്റെ നിലപാട്. ഇതില്‍ ഉറച്ചുനിന്നതുകൊണ്ട് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച നിരവധി അനുഭവങ്ങള്‍ സ്ഥാപനത്തിനുണ്ട്. ഒരിക്കല്‍ മാങ്ങാ അച്ചാര്‍ വിവിധ ടെസ്റ്റുകള്‍ കഴിഞ്ഞ് വിതരണക്കാര്‍ക്ക് നല്‍കാന്‍ തുടങ്ങുമ്പോഴാണ് അവ അലിഞ്ഞുതുടങ്ങിയെന്നത് ബ്രാഹ്മിന്‍സ് സാരഥികളുടെ ശ്രദ്ധയില്‍ പെടുന്നത്.

Advertisement. Scroll to continue reading.

രുചിയിലും ഗുണത്തിലും ഒരു പ്രശ്‌നവുമില്ലായിരുന്നു. എങ്കിലും അലിഞ്ഞുതുടങ്ങിയ മാങ്ങ വിപണിയിലേക്ക് അയക്കേണ്ടെന്നായിരുന്നു മാനേജ്‌മെ്ന്റ് തീരുമാനം. 8000 കിലോയുടെ വരു ബാച്ച് പിന്‍വലിച്ചപ്പോള്‍ തന്നെ നഷ്ടം 9 ലക്ഷം. ഇതില്‍ ബ്രാഹ്മിന്‍സ് സാരഥിക്ക് പറയാനുള്ളത് ഇങ്ങനെ, ”പോയ ലക്ഷങ്ങള്‍ തിരിച്ചുപിടിക്കാം. പക്ഷേ സല്‍പ്പേര് നഷ്ടപ്പെട്ടാല്‍ അത് കറുത്ത പാടായി എന്നും അവശേഷിക്കും.”

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച സപ്ലെയറില്‍നിന്നും വാങ്ങി പ്രോസസ് ചെയ്തതെടുക്കുന്നതാണ് ബ്രാഹ്മിന്‍സിന്റെ രീതി. സ്വന്തം ലാബിലും സര്‍ക്കാര്‍ അംഗീകൃത ലാബിലും ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമാണ് ബ്രാഹ്മിന്‍സിന്റെ ഓരോ ഉല്‍പ്പന്നവും വിപണിയിലെത്തുന്നത്.

സ്ത്രീസൗഹൃദ തൊഴിലിടം

ജീവനക്കാരാണ് ബ്രാഹ്മിന്‍സിന്റെ ജീവനെന്ന് വിഷ്ണു നമ്പൂതിരി പറയും. 300ലധികം ജീവനക്കാരുള്ള ബ്രാഹ്മിന്‍സ് സ്ത്രീ സൗഹൃദത്തിന് പേരുകേട്ട തൊഴിലിടം കൂടിയാണ്. തൊഴിലാളികളില്‍ കൂടുതലും വനിതകളാണ്. വനിതാ തൊഴിലാളികള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും സിഐഐയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ വിമെന്‍ നെറ്റ്‌വര്‍ക്കിന്റെ ഒരു യൂണിറ്റും ബ്രാഹ്മിന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയില്‍ അകെയുള്ള ജോലിക്കാരില്‍ 75 ശതമാനവും സ്ത്രീകളാണ്. എല്ലാ ജോലികളും സമയബന്ധിതമായും ആത്മാര്‍ത്ഥതയോടെയും ചെയ്തുതീര്‍ക്കുന്ന ജീവനക്കാരെ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ എന്ന് വിഷ്ണുനമ്പൂതിരിയും ശ്രീനാഥ് വിഷ്ണുവും ഒരേസ്വരത്തില്‍ പറയുന്നു.

Advertisement. Scroll to continue reading.

ജീവനക്കാരുടെ പ്രതിബദ്ധതയ്ക്ക് സ്ഥാപനവും തിരിച്ചുനല്‍കുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ലാഭമെന്ന കാഴ്ച്ചപ്പാടോടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സമീപനത്തിന് പകരം അവരാണ് സംരംഭത്തിന്റെ അടിത്തറയെന്ന ചിന്തയാണ് ബ്രാഹ്മിന്‍സിനെ നയിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ പോലും ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ കൂടുതല്‍ വേതനം നല്‍കി ചേര്‍ത്തുനിര്‍ത്തുന്ന മാനേജ്‌മെന്റ് ശൈലിയാണ് ബ്രാഹ്മിന്‍സിന്റേത്.

സാമൂഹിക പ്രതിബദ്ധതയിലും മുന്നില്‍

ലാഭത്തില്‍ നിന്നും നല്ലൊരു ശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് ബ്രാഹ്മിന്‍സ് സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. കോവിഡ് കാലഘട്ടത്തില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഐസിയു ബെഡ്ഡുകളും വാര്‍ഡുകളും സ്‌പോണ്‍സര്‍ ചെയ്യുകയും സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുത്ത ഹോസ്പിറ്റലുകളില്‍ ഓക്‌സിജന്‍ പ്ലാന്റുകളും വെയ്റ്റിംഗ് റൂമുകളും ഉപകരണങ്ങളും നല്‍കി.

Advertisement. Scroll to continue reading.

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ പങ്കാളിയാകുന്നതിനൊപ്പം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, മൊബീല്‍ ഫോണുകള്‍ തുടങ്ങിയവയും അര്‍ഹരായവര്‍ക്ക് നല്‍കി. ഭക്ഷ്യോല്‍പ്പന്നങ്ങളും മരുന്നുകളും മറ്റ് അംസംസ്‌കൃത വസ്തുക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. അര്‍ഹരായവര്‍ക്ക് എല്ലാ മാസവും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നതും സ്ഥിരമായി ചെയ്തുവരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്ന വലിയൊരു സ്വപ്‌നവും ബ്രാഹ്മിന്‍സ് സാരഥികള്‍ക്കുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ബ്രാഹ്മിന്‍സിനെ തേടിയെത്തിയിട്ടുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 2021-22 വര്‍ഷത്തിലെ ചെയര്‍മാനാണ് ശ്രീനാഥ് വിഷ്ണു. എന്നാല്‍ ഇതിനേക്കാളൊക്കെ വലിയ അംഗീകാരമാണ് സാധാരണക്കാരുടെ സ്‌നേഹവും പിന്തുണയും എന്ന് ശ്രീനാഥ് വിഷ്ണു പറയുന്നു.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement