50 ലക്ഷം രൂപ വരെ 7% പലിശക്ക് ലഭ്യമാക്കാനായിരുന്നു തീരുമാനം. ഈ പദ്ധതി പരിഷ്‌കരിച്ച് കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇത് സംബന്ധിച്ച് 2021 നവംബര്‍ അഞ്ചിന് പുതിയ ഉത്തരവ് ഇറങ്ങി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-II എന്നാണ് പുതിയ പദ്ധതിയുടെ പേര്
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-കക പ്രകാരം ഒരു കോടി രൂപ വരെയാണ് 5% പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 10% ആണ് വാര്‍ഷിക പലിശ. ഇതില്‍ 3% സംസ്ഥാന സര്‍ക്കാരും 2% കെഎഫ്‌സിയും വഹിക്കും. അതുകൊണ്ടാണ് സംരംഭകര്‍ക്ക് 5% പലിശക്ക് വായ്പ ലഭ്യമാകുന്നത്.

ആനുകൂല്യങ്ങളും വ്യവസ്ഥകളും
- ടേം ലോണ്‍, വര്‍ക്കിംഗ് കാപ്പിറ്റല്‍ ലോണ്‍ എന്നിവയില്‍ സംയുക്തമായോ പ്രത്യേകമായോ വായ്പ ലഭിക്കുന്നതാണ്.
- ഒരു കോടി രൂപയില്‍ കൂടുതല്‍ വായ്പ ആവശ്യമായി വരുന്ന പദ്ധതികള്‍ക്ക് ഒരു കോടി രൂപ വരെ 5% പലിശയും അതിന് മുകളിലുള്ള തുകയ്ക്ക് സാധാരണ കെഎഫ്‌സി പലിശയും ഈടാക്കുന്നതായിരിക്കും എന്ന നേട്ടവും സംരംഭകര്‍ക്ക് ഉണ്ട്. വായ്പ ഒരു കോടി രൂപയില്‍ നിജപ്പെടുത്തില്ല.
- അംഗീകൃത പദ്ധതി ചെലവിന്റെ 90% വരെ ടേം ലോണ്‍ ആയി ലഭിക്കുന്നതാണ്. ഇതില്‍ ഭൂമിയുടെ വില, പ്രവര്‍ത്തന മൂലധന വിഹിതം എന്നിവ പരിഗണിക്കില്ല.
- പ്രവര്‍ത്തന മൂലധനം പരമാവധി 25% ആയി കണക്കാക്കി 80% വരെ പ്രവര്‍ത്തന മൂലധന വായ്പയായി അനുവദിക്കും.
- കുറഞ്ഞ വായ്പാ തുക അഞ്ച് ലക്ഷവും സംരംഭകന്‍ മുടക്കേണ്ട ഏറ്റവും കുറഞ്ഞ വിഹിതം 10 ശതമാനവും ആയിരിക്കും.
- പരമാവധി ഒരു വര്‍ഷത്തെ മോറട്ടോറിയം ലഭിക്കും. എന്നാല്‍ വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തില്‍ അധികരിക്കാനാവില്ല. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആവശ്യമായി വരുന്ന പദ്ധതികള്‍ പ്രത്യേകമായി പരിഗണിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും അര്‍ഹത
- ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും അര്‍ഹതയുണ്ട്. ഉല്‍പ്പാദനം, വാണിജ്യവല്‍ക്കരണം, ഉല്‍പ്പാദന തോത് ഉയര്‍ത്തല്‍ എന്നീ ഘട്ടങ്ങളില്‍ വായ്പ ലഭിക്കും. 5.60% പലിശ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കേണ്ടതായി വരും.
- നിലവിലുള്ള സ്ഥാപനങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവും. പുതിയ സംരംഭങ്ങളെയാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്.
- സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹത.
- ഉല്‍പ്പാദനം തുടങ്ങി 18 മാസം അധികരിക്കാത്ത സംരംഭങ്ങളെ പുതിയ എംഎസ്എംഇ യൂണിറ്റുകളായും അതിന് മുകളില്‍ വരുന്നവയെ നിലവിലുള്ള സംരംഭങ്ങളായും കണക്കാക്കും.
- നിലവിലുള്ള എംഎസ്എംഇകള്‍ക്ക് വികസനം / ആധുനികവല്‍ക്കരണം / വൈവിധ്യവല്‍ക്കരണം എന്നീ ആവശ്യങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.
- ബാര്‍ ഹോട്ടല്‍, മെറ്റല്‍ ക്രഷര്‍, സിനിമ, സീരിയല്‍, കച്ചവടം, ട്രാന്‍സ്‌പോര്‍ട്ട്, ഫിഷിംഗ്, ഫാമിംഗ്, റിയല്‍ എസ്റ്റേറ്റ്, എല്‍ഒസികള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
പരിശീലനം
പുതു സംരംഭകര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്. അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലനമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. വായ്പ അനുവദിക്കുന്നതിന് ഇത് ഒരു മാനദണ്ഡമല്ല എങ്കിലും വായ്പ അനുവദിച്ചുകഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്. കെഎഫ്‌സി സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഏര്‍പ്പാടാക്കും.

സെക്യൂരിറ്റിയും സബ്‌സിഡിയും
വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കണം. പ്രാഥമിക ആസ്തികള്‍, വായ്പ ഉപയോഗിച്ച് സമ്പാദിക്കുന്ന ആസ്തികള്‍, കിട്ടാനുള്ളവ, വ്യക്തിപരമായ ഗ്യാരന്റി, കൊളാറ്ററല്‍ സെക്യൂരിറ്റി, എഫ്ഡി/ ഇന്‍ഷുറന്‍സ് പോളിസി/ കടപ്പത്രങ്ങള്‍ എന്നിവ സെക്യൂരിറ്റിയായി സ്വീകരിക്കും. ഈ സ്‌കീം പ്രകാരം സബ്‌സിഡി ഒന്നും പറയുന്നില്ല. എന്നിരുന്നാലും ഓണ്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്‌കീം, നോര്‍ക്ക് റൂട്ട്‌സ് പദ്ധതി എന്നിവ പ്രകാരമുള്ള സബ്‌സിഡികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും. വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന ഇഎസ്എസ് പ്രകാരമുള്ള സബ്‌സിഡി ആനുകൂല്യങ്ങള്‍ തങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് കെഎഫ്‌സി നേരിട്ട് വാങ്ങിയാണ് നല്‍കുന്നത്. സംരംഭകര്‍ക്ക് വേണ്ട കൈത്താങ്ങ് സഹായവും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങളും കെഎഫ്‌സി നല്‍കും.

ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം
സംരംഭകര്‍ കെഎഫ്‌സിയുടെ ജില്ലാ/മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുക്കുകയാണ് വേണ്ടത്. ഇതിന് ബ്രാഞ്ചുകള്‍ സഹായിക്കും. www.kfc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുക്കാം.

ബ്രാഞ്ച് തലത്തിലുള്ള ബിസിനസ് റിവ്യൂ കമ്മറ്റിയാണ് സംരംഭകരെ തിരഞ്ഞെടുക്കുക. അംഗീകൃത കണ്‍സള്‍ട്ടന്റുമാര്‍ നല്‍കുന്ന വിശദമായ പദ്ധതി രൂപരേഖയും സംരംഭകര്‍ സമര്‍പ്പിക്കണം. നിരീക്ഷണത്തിന്റേയും പഠനത്തിന്റേയും അടിസ്ഥാനത്തില്‍ വിപണിയില്‍ വിജയിക്കാവുന്ന ഒരു പദ്ധതി കണ്ടെത്തുക എന്നതാണ് പുതു സംരംഭകര്‍ ചെയ്യേണ്ടത്. ഇത്തരം ഒരു പദ്ധതി യാഥാര്‍ത്ഥ്യ ബോധത്തോടെ നടപ്പാക്കാന്‍ കെഎഫ്‌സി സഹായിക്കും.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍), ഇ-മെയ്ല്‍: chandrants666@gmail.com