സ്വാഗതമരുളാം സമ്പത്തിന്റെ പുതുദേവതയ്ക്ക്…

പ്രൊഫ. ശ്രീകുമാര്‍ പിള്ള

ഡിജിറ്റല്‍ കറന്‍സി നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് അനുഭവവേദ്യമാകുക, എന്തെല്ലാമാണ് അതിന്റെ സവിശേഷതകള്‍, എന്താണീ ബ്ലോക്ക് ചെയിന്‍…നമ്മുടെയെല്ലാം മനസില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണിവ. അതിനുള്ള ഉത്തരങ്ങള്‍ ഒന്ന് പരിശോധിക്കാം

ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തുറന്നത് ഒരു പണ്ടോറ പെട്ടി കൂടിയാണ്. കേന്ദ്ര ബാങ്ക് പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഡിജിറ്റല്‍ രൂപ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.

ശരിക്കും എന്താണീ ഡിജിറ്റല്‍ കറന്‍സി? സാമ്പത്തിക ഡിക്ഷനറി ചികഞ്ഞാല്‍ കിട്ടുന്ന ഉത്തരം ഇതായിരിക്കും. ”ഡിജിറ്റല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം നിലനില്‍ക്കുന്ന, കേന്ദ്രബാങ്കിന്റെ നിയന്ത്രണമോ പിന്തുണയോ ഇല്ലാതെ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന പണമോ, പണം പോലെയുള്ള ആസ്തിയോ അല്ലെങ്കില്‍ രൂപയുടെ ഏതെങ്കിലും രൂപമോ ആണ് ഡിജിറ്റല്‍ കറന്‍സി. ഇന്റര്‍നെറ്റ് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വാലറ്റുകളുടെ സഹായത്തോടെ മാത്രമേ ഇത് സ്റ്റോര്‍ ചെയ്യാനും എക്‌സ്‌ചേഞ്ച് ചെയ്യാനും സാധിക്കൂ. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ സാര്‍വത്രികമായി ആര്‍ക്കും ലഭ്യമാകുന്ന ഒന്നായിരിക്കുമിത്. ബാങ്കിന്റെ ഇടപെടല്‍ ഇല്ലാതെ പീര്‍ റ്റു പീര്‍ (പി2പി) അടിസ്ഥാനത്തില്‍ ഇതുപയോഗിക്കാം.” എന്ത് മനോഹരമായ നിര്‍വചനമല്ലേ, പക്ഷേ അങ്ങനെയെല്ലാമാണോ കാര്യങ്ങള്‍? അല്‍പ്പം സങ്കീര്‍ണമാണിത്, എന്നാല്‍ വലിയ സാധ്യതകളുണ്ട് താനും.

ഇതില്‍ നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് നിലവിലെ ഡിജിറ്റല്‍ കറന്‍സികള്‍ ഫിയറ്റ് കറന്‍സികളല്ലെന്നാണ്, കാരണം അത് കേന്ദ്ര ബാങ്ക് ഇഷ്യു ചെയ്യുന്ന ഒന്നല്ല. സ്വര്‍ണം പോലുള്ള ആസ്തി പിന്തുണയ്ക്കുന്നതുമല്ല. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ കറന്‍സി, സ്വര്‍ണം പോലുള്ള ആസ്തികളുടെ പിന്തുണയുള്ളത് അല്ലെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണറുടെ ഗ്യാരന്റി അതിനുണ്ട്. 2000 രൂപയുടെ നോട്ട് കൈവശം വെക്കുന്ന ആള്‍ക്ക് 2,000 രൂപയുടെ തുക നല്‍കാമെന്നുള്ള ഗവര്‍ണറുടെ വാഗ്ദാനമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത്. 2,000 ഒരു രൂപ നോട്ടുകള്‍ കൊണ്ടോ ഒരു ചെറിയ കഷ്ണം സ്വര്‍ണം കൊണ്ടോ 2,000 രൂപയുടെ തുക ഗവര്‍ണര്‍ക്ക് റീപേ ചെയ്യുകയുമാകാം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക ബാങ്ക് നോട്ടാണല്ലോ ഒരു രൂപയുടേത്.

കേന്ദ്ര മന്ത്രി പുതിയ ഡിജിറ്റല്‍ രൂപയെ വിശേഷിപ്പിച്ചത് സിബിഡിസി എന്നാണ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്ന്. ഇതിനര്‍ത്ഥം പുതിയ ഡിജിറ്റല്‍ രൂപ ആര്‍ബിഐ പിന്തുണയ്ക്കുന്നതാകും എന്നും അതിന് കേന്ദ്രബാങ്കിന്റെ നിയന്ത്രണമുണ്ടാകുമെന്നുമാണ്. ഡിജിറ്റല്‍ കറന്‍സികള്‍ ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായാകും പ്രവര്‍ത്തിക്കുക. അതിനാല്‍ തന്നെ എന്താണ് ബ്ലോക്ക്‌ചെയിന്‍ എന്നറിയാനുള്ള അവകാശം നമുക്കുണ്ട്.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ മുഴുവനായും വിശദീകരിക്കുകയെന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം, മറിച്ച് അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ലളിതമായി മനസിലാക്കുകയാണ്. എന്താണ് ബ്ലോക്ക്‌ചെയിനെന്നും അതെങ്ങനെയാണ് ഘടനപ്പെടുത്തിയിരിക്കുന്നത് എന്നും എങ്ങനെ മാനേജ് ചെയ്യുന്നു എന്നും മനസിലാക്കിയിരിക്കണം നാം ഓരോരുത്തരും. ബ്ലോക്ക്‌ചെയിന്‍ സങ്കേതമില്ലാതെ ഡിജിറ്റല്‍ രൂപയെന്ന സാധ്യത പോലുമില്ല. കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരായ സ്‌കോട്ട് കോര്‍നെറ്റോയും സ്റ്റുവര്‍ട്ട് ഹാബെറും ചേര്‍ന്ന് 90കളുടെ തുടക്കത്തിലാണ് ബ്ലോക്ക്‌ചെയിന്‍ എന്ന സങ്കേതം മുന്നോട്ട് വച്ചതും പരീക്ഷിച്ചതും. ബ്ലോക്ക്‌ചെയിന്‍ പ്രവര്‍ത്തനം മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ഉദാഹരണത്തിലേക്ക് നമുക്ക് കടക്കാം.

ഡിജിറ്റല്‍ സ്‌പേസിലെ പണമിടപാടുകള്‍

നമുക്കറിയാവുന്ന പണം (Money) ഉപയോഗപ്പെടുത്താതെ വെര്‍ച്വല്‍ സ്‌പേസില്‍ എങ്ങനെയാണ് ക്രെഡിറ്റ്‌സും ഡെബിറ്റ്‌സും സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കാം. നമ്മള്‍ ഏതെങ്കിലും പേമെന്റ് ഗേറ്റ്‌വേ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ബാങ്ക് എക്കൗണ്ടിലുള്ള കാഷ് ബാലന്‍സിന്റെ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. ഈ കാഷ് നമുക്ക് കാണുകയും തൊടുകയുമെല്ലാം ചെയ്യാം. നമ്മുടെ ബാങ്കില്‍ നമുക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ഈ പണം നമ്മള്‍ എടിഎം മെഷിനുകളിലൂടെ പിന്‍വലിക്കുകയും ചെയ്യുന്നു. എടിഎമ്മില്‍ നിന്ന് പണം ലഭിക്കുന്നിടത്തോളം കാലം അടുത്തുള്ള എടിഎം കേന്ദ്രത്തില്‍ പോയി നമുക്ക് പണം തിരിച്ചുപിടിക്കാം.

എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ്. കാരണം അതിന് ഭൗതികമായ നിലനില്‍പ്പില്ല. അതിനാല്‍ തന്നെ വാസ്തവികമായ, സമാന മൂല്യമുള്ള എന്തിനോടെങ്കിലും അതിനെ ബന്ധപ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ അത് ഭൗതികമായി ഡെലിവര്‍ ചെയ്യപ്പെടും. വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ നമുക്കൊരു ചെറിയ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാം. ഐടി സങ്കീര്‍ണതകള്‍ക്കപ്പുറം മാര്‍ക്കറ്റിംഗ് അപ്രോച്ചാണ് ഈ ആശയം ബോധ്യമാകാന്‍ ഞാന്‍ ഇവിടെ ഉപയോഗിക്കുന്നത്.

ഒരു ‘ട്രാവല്‍ കോയിന്‍’ജനിച്ച കഥ

എമിറേറ്റ്‌സ്, മാരിയറ്റ് ഹോട്ടല്‍സ്, മാസ്റ്റര്‍ കാര്‍ഡ് എന്നിങ്ങനെ മൂന്ന് പ്രധാന സര്‍വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടുത്തി നമുക്ക് ഈ ഉദാഹരണം വിശദീകരിക്കാം. ഈ മൂന്ന് പേര്‍ക്കും ലോയല്‍റ്റി പ്രോഗ്രാമുകളുണ്ട്. പോയിന്റ് സ്‌റ്റോറേജ് സൗകര്യമുള്ള കാര്‍ഡ് ഫോര്‍മാറ്റിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവര്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തോത് അനുസരിച്ച് റിവാര്‍ഡുകളും ലോയല്‍റ്റി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഓരോ തവണയും സേവനം ഉപയോഗിച്ച് അവസാന ബില്‍ പേമെന്റുകള്‍ നല്‍കുമ്പോള്‍ പോയിന്റുകള്‍ ഉപഭോക്താക്കളുടെ കാര്‍ഡില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നു.

ഇനി നമുക്കൊരു അടിസ്ഥാന ബ്ലോക്ക്‌ചെയിന്‍ നിര്‍മിക്കാന്‍ തുടങ്ങാം…

കൂടുതല്‍ പറന്നതിനുള്ള എയര്‍മൈല്‍സ് റിവാര്‍ഡ് ലഭിച്ച നൂറുകണക്കിന് ഉപഭോക്താക്കള്‍ എമിറേറ്റ്‌സിന് ഉണ്ടെന്ന് കരുതുക. ഇവര്‍ക്ക് ക്രെഡിറ്റുകള്‍ ലഭിക്കുന്നു, അതുപയോഗപ്പെടുത്തി പുതിയ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പണമടയ്ക്കാം. അതല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ ക്രെഡിറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ആവാം. സമാനം തന്നെയാണ് മാരിയറ്റ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും സംഭവിക്കുന്നത്. ഇതില്‍ ചില ഉപഭോക്താക്കള്‍ ഈ മൂന്ന് സേവന ദാതാക്കളുടെ സേവനങ്ങളും ഉപയോഗിക്കുന്നവരാകാം. ചിലര്‍ രണ്ട് കമ്പനികളുടെയാകാം. മറ്റ് ചിലര്‍ ഒരു സ്ഥാപനത്തിന്റെ മാത്രവും. ഈ ഒരു സാഹചര്യമാണ് ലേഖനത്തോടൊപ്പമുള്ള രേഖാചിത്രത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ഇവിടെ നമുക്ക് മൂന്ന് സേവന ദാതാക്കളുണ്ട്, ഒരു എയര്‍ലൈന്‍ കമ്പനി (നീല നിറത്തിലുള്ളത്), ഒരു ഹോട്ടല്‍ ഗ്രൂപ്പ് (ചുവപ്പ്), ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനി (പച്ച). എല്ലാവര്‍ക്കും ഉപഭോക്താക്കളുണ്ട്, ഒറിജനല്‍ ഉപഭോക്താക്കളെയാണ് നേരത്തെ പറഞ്ഞ കമ്പനികളുടെ കളറുകളിലുള്ള ആരോകളിലൂടെ കാണിച്ചിരിക്കുന്നത്. ചിലര്‍ രണ്ട് കമ്പനികളുടെയും ഉപഭോക്താക്കളായിരിക്കും (ബ്രൗണ്‍ ആരോസ്), ചിലര്‍ മൂന്ന് കമ്പനികളുടേയും (ബ്ലാക്ക് ആരോസ്). ഈ ഉപഭോക്താക്കളെല്ലാം തന്നെ കമ്പനികളുടെ സേവനങ്ങള്‍ അത്യാവശ്യം നന്നായി ഉപയോഗപ്പെടുത്തി റിവാര്‍ഡ് പോയിന്റുകള്‍ നേടുന്നവരാകും, അതിനെ ആകര്‍ഷകമായി കാണുന്നവരും. ലോയല്‍റ്റി പ്രോഗ്രാമുകള്‍ കൈമാറ്റം ചെയ്യാവുന്നതും ഗിഫ്റ്റായി നല്‍കാവുന്നതുമാണ്. ചില യാത്രികര്‍ അവരുടെ റിവാര്‍ഡുകള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുന്നു. ഗുഡ്‌വില്ലുണ്ടാക്കാനുള്ള ഒരു ശ്രമം.

ഇനി ഈ മൂന്ന് പ്രോഗ്രാമുകളുടെയും ഉപയോക്താക്കള്‍ ഒരേ പ്ലാറ്റ്‌ഫോമിനുള്ളില്‍ വരികയാണെന്ന് കരുതുക, യാത്രാ പ്രിയരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലോ മറ്റോ. അപ്പോള്‍ ഇതിന്റെ തലം തന്നെ മാറുന്നു. ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ ബാലന്‍സ് ചെയ്യാനും ഓരോ റിവാര്‍ഡ് പോയിന്റിന്റെയും മൂല്യം അളക്കാനുമെല്ലാമുള്ള മികച്ച അവസരാമാകും അത്. ഈ മൂന്ന് റിവാര്‍ഡ് പോയിന്റുകളെയും ഒരു കോമണ്‍ ഫാമിലി യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യാന്‍ ആ ഗ്രൂപ്പിലുള്ള ഒരു സാമ്പത്തിക വിദഗ്ധന് നിര്‍ദേശിക്കാവുന്നതേയുള്ളൂ. ഇവിടെ ഒരു യുണീക് വെര്‍ച്വല്‍ കറന്‍സി ജനിക്കുകയായി.

വ്യാപാരവും വാണിജ്യവുമെല്ലാം മെച്ചപ്പെടുത്തുന്നതിന് എല്ലാ സൊസൈറ്റികള്‍ക്കുള്ളിലും പേപ്പര്‍മണിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. എന്നാല്‍ ഇതുപോലെ സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളൊരു പ്ലാറ്റ്‌ഫോമിന് വിശ്വാസ്യതയുടെ ബലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യമല്ല. ഈ കേസില്‍ പരസ്പര വിശ്വാസ്യതയും സുതാര്യതയും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാകും ബ്ലോക്ക്‌ചെയിന്‍ ഡിസൈന്‍ ചെയ്യേണ്ടി വരിക. ഇവിടെയാണ് ബ്ലോക്ക്‌ചെയിന്‍ എന്ന സങ്കേതത്തിന്റെ ബ്രില്യന്‍സ് നമുക്ക് മനസിലാകുക.

ആദ്യമായി, നോഡ്‌സ് (Nodes) എന്ന ആശയമാണ് ബ്ലോക്ക്‌ചെയിന്‍ വികസിപ്പിക്കേണ്ടത്. ട്രേഡ് ചെയ്യുന്നതിന്റെ എല്ലാ നേട്ടങ്ങളുടെയും സ്രോതസ് നോഡ്‌സ് ആണ്. നമ്മുടെ കേസില്‍ മൂന്ന് സേവന ദാതാക്കളാണ് നോഡുകള്‍, എമിറേറ്റ്‌സും മാരിയറ്റും മാസ്റ്റര്‍ കാര്‍ഡും. ഉപഭോക്താക്കള്‍ ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ ഒത്തുകൂടി ബ്ലോക്കുകള്‍ ക്രിയേറ്റ് ചെയ്യണം. വ്യാപാരം ചെയ്യാന്‍ അല്ലെങ്കില്‍ കൈമാറ്റം ചെയ്യാനുള്ള ലോയല്‍റ്റി പോയിന്റുകള്‍ കൈവശമുള്ള ഉപഭോക്താക്കളുടെ ഗ്രൂപ്പാണ് ബ്ലോക്കുകള്‍. ഓരോ ബ്ലോക്കും ലോയല്‍റ്റിയുടെ തെളിവ് പരസ്പരം പങ്കുവെക്കണം. ഇതിനായാണ് പങ്കുവെക്കപ്പെടുന്ന ഒരു പൊതു ഡിജിറ്റല്‍ ലെഡ്ജറുള്ളത്. വളരെ കൃത്യമായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതാകും അത്. ഉപയോഗപ്പെടുത്താത്ത ഇനി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന റിവാര്‍ഡുകളുടെ വിവരങ്ങളും അതിലുണ്ടാകം. സുതാര്യത ഇവിടെ ഉറപ്പാക്കപ്പെടുന്നു എന്ന് സാരം. ഒരു ബ്ലോക്കിലെ എല്ലാ അംഗങ്ങളും അനുവദിച്ചാല്‍ മാത്രമേ പുതിയ ഇടപാട് നടക്കൂ. പേമെന്റുകള്‍ ഓതറൈസ് ചെയ്യുന്നതിന് റിസ്‌കില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

ആദ്യ ബ്ലോക്ക് മറ്റ് ബ്ലോക്കുകളെ ആകര്‍ഷിക്കുന്നു എന്ന് കരുതുക. നിരവധി ബ്ലോക്കുകളുള്ള ഒരു മെറ്റാ പ്ലാറ്റ്‌ഫോമില്‍ അവര്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കും. അങ്ങനെ ഒരു ബ്ലോക്ക്‌ചെയിന്‍ പിറവിയെടുക്കുന്നു. അപ്പോള്‍ വ്യത്യസ്ത സേവന ദാതാക്കളും വ്യത്യസ്ത റിവാര്‍ഡ് സാധ്യതകളുമുള്ള ബ്ലോക്കുകള്‍ നമുക്കുണ്ടാകുന്നു. ഈ റിവാര്‍ഡ് പോയിന്റുകള്‍ താരതമ്യപ്പെടുത്താനുള്ള ഒരു പൊതു ഡിജിറ്റല്‍ യൂണിറ്റ് വികസിപ്പിക്കാനായാല്‍ നമുക്കവിടെയൊരു പുതിയ കറന്‍സി ലഭിക്കുന്നു. അതിനെ നമുക്ക് ട്രാവല്‍ കോയിന്‍ എന്ന് വിളിക്കാം.

ട്രാവല്‍ കോയിന്‍ വികസിപ്പിച്ചവര്‍ക്ക് അതിനെ കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ സാധിച്ചാല്‍ ബ്ലോക്കിലെ അംഗങ്ങള്‍ക്ക് പോയിന്റുകളെ വളരെ മികച്ച രീതിയില്‍ വിന്യസിക്കാന്‍ സാധിക്കും. പ്രൈസ് കംപാരിസണും വ്യത്യസ്ത ബ്ലോക്കുകളില്‍ നിന്ന് വാങ്ങാനും അതിന്റെ ഭാഗഭാക്കായ നോഡുകള്‍ ലഭ്യമാക്കുന്ന ഏത് സൗകര്യവും പോയിന്റ്‌സിലൂടെ ഉപയോഗപ്പെടുത്താനുമെല്ലാം കഴിയും. ഒരിക്കല്‍ എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ ബ്ലോക്കിന് പുറത്തുള്ള വ്യക്തികള്‍ക്ക് ഈ ട്രാവല്‍ കോയിന്‍ വിറ്റ് പകരം യഥാര്‍ത്ഥ ക്യാഷ് നേടുകയും ചെയ്യാം. ഇങ്ങനെയാണ് സാധാരണക്കാര്‍ ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സികളായ ബിറ്റ്‌കോയിനും എത്തിറിയവും റിപ്പിളുമെല്ലാം വാങ്ങുന്നത്.

വളരെ പരിമിതമാണ് ഈ ക്രിപ്‌റ്റോകറന്‍സികള്‍. രഹസ്യാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഇടപാടുകള്‍ക്കും അനുയോജ്യവുമാണ്. അതുകൊണ്ടാണ് അവയ്ക്ക് ആവശ്യകതയേറുന്നതും, ബിറ്റ്‌കോയിന്റെ മൂല്യം 41,000 ഡോളറിലെത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. പണം കൈമാറ്റം ചെയ്യുന്നതിനുള്ള കറന്‍സി എന്നതിനപ്പുറത്തേക്ക് ക്രിപ്‌റ്റോകറന്‍സികള്‍ ഒരു വെര്‍ച്വല്‍ ഫൈനാന്‍ഷ്യല്‍ അസെറ്റായി മാറിക്കഴിഞ്ഞു. മൈനിംഗ് എന്ന് പറഞ്ഞ പ്രക്രിയയിലൂടെയാണ് പുതിയ ക്രിപ്‌റ്റോകറന്‍സികള്‍ സൃഷ്ടിക്കപ്പെടുന്നത്. നമ്മുടെ കേസില്‍, നിലവിലുള്ള ബ്ലോക്ക്‌ചെയിന്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ബ്ലാക്ക് പങ്കാളികളെയും നോഡ് സ്ഥാപനങ്ങളെയും ഇതിന്റെ ഭാഗമാക്കി കൂടുതല്‍ റിവാര്‍ഡുകള്‍ നേടാം. പങ്കുവയ്ക്കപ്പെടുന്ന ലെഡ്ജറുകള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നതിലൂടെയും കൃത്യത നിലനിര്‍ത്തുന്നതിലൂടെയും തട്ടിപ്പിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിലൂടെയുമെല്ലാം റിവാര്‍ഡുകള്‍ നേടാനുള്ള അവസരവുമുണ്ട്.

എന്താണ് വെര്‍ച്ച്വല്‍ കറന്‍സികളുടെ റിസ്‌ക്?

സ്വയം നിയന്ത്രിതമായ ബ്ലോക്കുകളുടെ കൂട്ടമാണ് ബ്ലോക്ക്‌ചെയിന്‍ നിയന്ത്രിക്കുന്നത്. ഈ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്നവരോ നോഡ് സ്ഥാപനങ്ങളോ എല്ലാം ബ്ലോക്ക്‌ചെയിനിന്റെ പ്രൊമോട്ടറോ നിയന്ത്രിതാവോ എല്ലാമാകാം. ഇത് ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരിക്കലും അറിയില്ല. അതുതന്നെയാണ് ക്രിപ്‌റ്റോകറന്‍സികളുടെ വലിയ റിസ്‌ക്കും.

ഡിജിറ്റല്‍ രൂപയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

കൃത്യമായ മുന്‍കരുതലോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള സമയോചിത തീരുമാനമാണ് ഡിജിറ്റല്‍ കറന്‍സികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് ക്രിപ്‌റ്റോ ആസ്തികളെ സമ്പത്തായി അംഗീകരിക്കുന്നു എന്ന മട്ടില്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തി ധനകാര്യമന്ത്രി. മറുവശത്ത്, മികച്ച ബ്ലോക്കുകളെയും നോഡുകളെയും ബന്ധിപ്പിച്ചുള്ള ചലനാത്മകമായൊരു ശൃംഖലയിലൂടെ തനതായ ഒരു ബ്ലോക്ക് ചെയിന്‍ വികസിപ്പിക്കുന്നത് ശക്തമായൊരു ഡിജിറ്റല്‍ രൂപയ്ക്ക് അനിവാര്യതയാണെന്നും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നിയന്ത്രണ സംവിധാനമുള്ള ആദ്യ ബ്ലോക്ക്‌ചെയിനായിരിക്കും ഇത്. ഈ ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് നോഡുകളുടെയോ ബ്ലോക്കുകളുടെയോ ഭാഗത്തുള്ള വീഴ്ച്ചകൊണ്ട് നഷ്ടം സംഭവിച്ചാല്‍ അത് തിരിച്ചുപിടിക്കാനുള്ള അവസരം കൂടി ഇവിടെയുണ്ടാകുന്നു എന്നതാണ് ശ്രദ്ധേയം.

ഉപയോഗപ്രദമായ റിവാര്‍ഡുകള്‍ നല്‍കുന്ന വ്യത്യസ്ത നോഡുകളെ ചേര്‍ത്ത് അര്‍ത്ഥവത്തായ ബ്ലോക്ക്‌ചെയിനുകളുണ്ടാക്കാന്‍ നിരവധി വഴികളുണ്ട്. ഇന്ത്യന്‍ റെയില്‍വേസ്, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സിറ്റി കോര്‍പ്പറേഷനുകള്‍, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം പാലിക്കുന്നതിന് പൗരന്മാര്‍ക്ക് റിവാര്‍ഡുകള്‍ നല്‍കാവുന്നതാണ്. ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഡിജിറ്റല്‍ ലോട്ടറികളും ലഭ്യമാക്കാവുന്നതാണ്. ഡിജിറ്റല്‍ യുവാന്‍ കറന്‍സിയുടെ വികസനത്തിന്റെ ഭാഗമായി മേല്‍പ്പറഞ്ഞതുപോലുള്ള പല പദ്ധതികളും ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച സേവനത്തിനായി റിവാര്‍ഡുകളും നല്‍കിയിരുന്നു. 2020ലാണ് ഡിജിറ്റല്‍ യുവാന്‍ ജനകീയമാക്കാനുള്ള ശ്രമം ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചത്. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായാണ് ഡിജിറ്റല്‍ യുവാന്റെയും പ്രവര്‍ത്തനം.

നിരവധി ആശയങ്ങള്‍ ഇന്ത്യ ഇതിനോടകം ഡിജിറ്റല്‍വല്‍ക്കരിച്ചിട്ടുണ്ട്. ഓഹരി വിപണി, ഇ-കമോഡിറ്റീസ്, ഇ-ഗോള്‍ഡ്, ഓണ്‍ലൈന്‍ ഐടിആര്‍ ഫയലിംഗ് തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. മികച്ച കാര്യക്ഷമതയോടെ ഇതെല്ലാം പ്രവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍തന്നെ വെര്‍ച്വല്‍ കറന്‍സി പുറത്തിറക്കാനുള്ള നടപടി ധീരവും ഇന്നവേറ്റീവുമാണ്,

എന്നാല്‍ അതിന്റെ സാമ്പത്തിക പങ്കിനെ കുറിച്ച് കൂടുതലൊന്നും ധനമന്ത്രി പറഞ്ഞിട്ടില്ല. പേപ്പര്‍ കറന്‍സിയില്‍ നിന്ന് എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കും ഡിജിറ്റല്‍ കറന്‍സി, ഏത് തരത്തിലുള്ള നിയന്ത്രണമാകും കൊണ്ടുവരിക, കേന്ദ്ര ബാങ്കിന്റെ പിന്തുണ എത്തരത്തിലാകും തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിന്‍ടെക്, പ്രോഗ്രാമിംഗ് വിഭവശേഷി ഉപയോഗപ്പെടുത്തിയാല്‍ സമ്പദ് ദേവതയുടെ പുതിയ അവതാരം നിശ്ചയമായും പ്രതീക്ഷ നല്‍കുന്നതാകും. സാമ്പത്തിക സുരക്ഷിതത്വം, സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കപ്പറും അനന്തമായ സാധ്യതകളും അത് തുറന്നിടും.

(ഥാപ്പര്‍ യൂണിവേഴ്‌സിറ്റിയുടെ എല്‍ എം ഥാപ്പര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഭാഗമായ മാര്‍ക്കറ്റിംഗ് ആന്‍ഡ് സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സ്റ്റഡീസില്‍ ഏരിയ ചെയറാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *