നാലാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ മാര്‍ച്ച് 25 മുതല്‍ 27 വരെ ബോള്‍ഗാട്ടി പാലസില്‍

മൂന്ന് പതിപ്പിലൂടെ രാജ്യത്തെ ബോട്ട്, മറൈന്‍ വ്യവസായങ്ങളുടെ മുന്‍നിര പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) നാലാമത് പതിപ്പ് മാര്‍ച്ച് 25 മുതല്‍ 27 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നീളം കൂടിയ കടല്‍ത്തീരമുള്ളതിനാല്‍ കേരളം പണ്ടു മുതലേ ഒരു സാമുദ്രിക വാതായനമാണെന്ന് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള വാണിജ്യ കപ്പല്‍പ്പാതയ്ക്കിടയ്ക്കാണ് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കൊച്ചി തുറമുഖത്തിന്റെ സ്ഥാനം. മാരിടൈം ഹൈവേയുമായി മറ്റൊരു ഇന്ത്യന്‍ തുറമുഖത്തിനും ഇത്ര സാമീപ്യമില്ല. ഇവയെല്ലാം ചേര്‍ന്നാണ് കൊച്ചിയെ ഒരു പ്രമുഖ മാരിടൈം ഹബ്ബായി വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടേയും വളര്‍ച്ച. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്പോര്‍ട്സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45-ഓളം സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ മേഖലയില്‍ നിന്നുള്ള 3500-ലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു.

സംസ്ഥന വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി മുഖ്യപ്രഭാഷണം നടത്തും. കൊച്ചിന്‍ പോര്‍ട്ട് ട്ര്സ്റ്റ് ചെയര്‍പെഴ്സണ്‍ ആര്‍. ബീന ഐഎഎസ്, ഫിക്കി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി എന്നിവരും പ്രസംഗിക്കും.

കെ-ബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്. ഈ മേഖലയിലെ 25 കേരളീയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെ-ബിപിന്റെ കീഴില്‍ മേളയില്‍ അണിനിരക്കും.

മാര്‍ച്ച് 25-ന് ഉച്ചയ്ക്ക് 2 മുതല്‍ 5:30 വരെ ഒരു വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമും മേളയുടെ ഭാഗമായി അരങ്ങേറും. സംരംഭകരും ബയേഴ്സും തമ്മിലുള്ള ഒരു ബി2ബി നെറ്റ് വര്‍ക്കിംഗാണ് വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. പൊതുമേഖലയിലെ പ്രതിരോധ സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും. എംഎസ്എംഇ മേഖലയ്ക്ക് ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും സാധ്യതകള്‍ പ്രോഗ്രാം ചര്‍ച്ച ചെയ്യും.

കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ചു നടത്തുന്ന വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ ഓരോ പൊതുമേഖലാ സ്ഥാപനവും എംഎസ്എംഇ മേഖലയ്ക്ക് തുറന്നിടുന്ന ബിസിനസ് സാധ്യതകളും അവതരിപ്പിക്കും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ്, കൊച്ചിന്‍ ഷിപ്പ യാര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുക.

ഐബിഎംഎസിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 26ന് ഡിപ്പാര്‍ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജി അലുംമ്നി സൊസൈറ്റി (ഡോസ്റ്റാസ്) സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ സെഷന്‍ നടക്കും. കേളത്തിലെ ടൂറിസം, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലകളുടെ അലകും പിടിയും മാറ്റാന്‍ പോന്ന പ്ലഷര്‍ ക്രാഫ്റ്റുകള്‍, ചെറിയ ക്രാഫ്റ്റുകള്‍, മറീനകള്‍, സീപ്ലെയിന്‍സ്, മാന്‍പവര്‍ ട്രെയിനിംഗ് തുടങ്ങി ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളുമാകും ഈ സെഷന്റെ പ്രതിപാദ്യ വിഷയങ്ങള്‍.

കെഎംആര്‍എലിന്റെ വാട്ടര്‍ മെട്രോ 2022 മെയ് മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തിലെ ജലവിനോദങ്ങള്‍ക്കും അത് കുതിപ്പാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ജില്ലയിലെ ഉള്‍നാടന്‍ ബോട്ടിംഗ്, മറൈന്‍ സൗകര്യങ്ങള്‍ ആഗോളനിലവാരത്തിലെത്തിയ്ക്കുകയാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ അടുത്തഘട്ടം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പയാര്‍ഡ് കെഎംആര്‍എലിനു വേണ്ടി നിര്‍മിക്കുന്ന വാട്ടര്‍ മെട്രോ-01 എന്ന കറ്റാമരന്‍ ഇത്തരത്തില്‍പ്പെട്ട 23 വെസലുകളില്‍ ആദ്യത്തേതാകും.

ഇതിലൂടെ കൊച്ചിയില്‍ ആഗോള നിലവാരമുള്ള ഒരു സംയോജിത ജലഗതാഗത സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 10 ദ്വീപുകളിലെ 41 ജട്ടികളെ ബന്ധിപ്പിച്ച് 15 റൂട്ടുകളില്‍ ഓടാനാണ് ഈ വെസലുകള്‍ ഉപയോഗിക്കുക. 75 കിമീ ദൂരം ഉള്‍പ്പെടുന്ന ഈ യാത്രാശൃംഖലയുടെ ഭാഗമായി കൊച്ചിയില്‍ ഒരു ബോട്ട് യാര്‍ഡുമുണ്ടാകും. സിഎസ്എല്‍, സിഎംആര്‍എല്‍, ഐആര്‍എസ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ മുതല്‍ക്കൂട്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ പശ്ചാത്തലത്തില്‍ മികച്ച സൗകര്യങ്ങളുള്ള മറീനകള്‍, റിക്രിയേഷനല്‍, സ്പോര്‍സ് സൗകര്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്നും സംഘാടകര്‍ പറഞ്ഞു. അങ്ങനെ കേരളത്തേയും ഇന്ത്യയേയയും ക്രൂയ്സിംഗ്, ഇന്‍ഷോര്‍ വാട്ടര്‍ സ്പോര്‍ടസ് എന്നിവയുടെ ആഗോള ലക്ഷ്യകേന്ദ്രങ്ങളിലൊന്നാക്കി മാറ്റണം.

കഴിഞ്ഞ 14 വര്‍ഷമായി ഫുഡ്ടെക് കേരള, ഹോട്ടല്‍ടെക് തുടങ്ങി വിവിധ ബി2ബി പ്രദര്‍ശനങ്ങള്‍ നടത്തിവരുന്ന കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സപോസാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ സംഘാടകര്‍. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഫഷനല്‍ പ്രദര്‍ശന സംഘാടക സ്ഥാപനമായി കമ്പനി വളര്‍ന്നിട്ടുണ്ട്.

ഡോസ്റ്റാസ് വൈസ് പ്രസിഡന്റും ഡിംസ്ലൈറ്റ് കണ്‍വീനറുമായ രെജു മോഹന്‍, ഡോസ്റ്റാസ് സെക്രട്ടറി ശങ്കര്‍ വി. ജി., ഡിംസ്ലൈറ്റ് സീനിയര്‍ ആങ്കര്‍, ഗിരീഷ് മേനോന്‍, എല്‍കോം ഇന്റര്‍നാഷനല്‍ ജനറല്‍ മാനേജര്‍ പ്രശാന്ത് ഗോപാലകൃഷ്ണന്‍, സംഘാടകരമായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Organisers:
CRUZ EXPOS
Chingam, K. P. Vallon Road
Kadavanthra, Kochi – 682 020. India
Mob: 88933 04450
E-mail: joseph@cruzexpos.comevent@cruzexpos.com
, www.indiaboatshow.in

Leave a Reply

Your email address will not be published. Required fields are marked *