സമൂഹത്തിന്റെ കാതലായ പ്രശ്നങ്ങള്‍ക്ക് നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തി, ലോകത്തെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനാണ് അമൃത വിശ്വവിദ്യാപീഠത്തിലെ പഠനപ്രക്രിയ ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇവിടെനിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും കാഴ്ച്ചപ്പാട് കൂടുതല്‍ വിശാലവും മൂല്യാധിഷ്ഠിതവുമായിത്തീരുന്നു.
അമൃത സര്‍വകലാശാല വീണ്ടും തലക്കെട്ടുകളില്‍ നിറയുകയാണ്. ഇത്തവണ ചഅഅഇല്നിന്നുള്ള ഏറ്റവും ഉയര്‍ന്ന അക്രഡിറ്റേഷനായ A++ ലഭിച്ചതിന്റെ നിറവിലാണ് രാജ്യത്തെതന്നെ ഉയര്‍ന്ന നിരയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണത്തില്‍ പെടുന്ന അമൃത. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്ഥാപനമായ ചഅഅഇ-ല്‍നിന്നുള്ള ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണ് അമൃതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റിയാണ് അമൃതയെന്നതും ശ്രദ്ധേയമാണ്.

മറ്റ് നിരവധി നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് ഈ പുതിയ അംഗീകാരവും അമൃതയെ തേടിയെത്തിയിരിക്കുന്നത്. 2021-ല്‍ ചകഞഎ റാങ്കിംഗ് പട്ടികയില്‍ അമൃത അഞ്ചാം സ്ഥാനം നേടിയിരുന്നു. അതേ വര്‍ഷംതന്നെ ‘ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍’ (THE) ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ 81-ാം സ്ഥാനവും അമൃത കരസ്ഥമാക്കി. ഇതിന് പുറമെ, വിഖ്യാതമായ ക്യുഎസ് റാങ്കിംഗില്‍ ലോകത്തിലെതന്നെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ തുടര്‍ച്ചയായി 5-ാം വര്‍ഷവും അമൃത ഇടംപിടിച്ചിട്ടുണ്ട്.
18 വര്‍ഷം മുമ്പ് മാത്രം പ്രവര്‍ത്തനമാരംഭിച്ച അമൃത യൂണിവേഴ്സിറ്റി തുടര്‍ച്ചയായി ഇപ്രകാരം ശ്രദ്ധ പിടിച്ചുപറ്റുന്നതിനു പിന്നിലെ വസ്തുതകള്‍ പരിശോധിക്കുന്നത് താല്‍പ്പര്യമുണര്‍ത്തുന്ന ഒരു കാര്യമാണ്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങളും അംഗീകാരങ്ങളുമാണ് അമൃതയെ കൂടുതല്‍ ശ്രേഷ്ഠമാക്കുന്നത്. ഫരീദാബാദിലും അമരാവതിയിലും തുടങ്ങാനിരിക്കുന്ന രണ്ട് ക്യാംപസുകള്‍ ഉള്‍പ്പെടെ എട്ട് ക്യാംപസുകള്‍ ചേര്‍ന്നതാണ് അമൃത യൂണിവേഴ്സിറ്റി.
പശ്ചിമഘട്ടത്തിന്റെ മനോഹാരിതയില്‍ കുളിച്ചുനില്‍ക്കുന്നതാണ് കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമൃതയുടെ പ്രധാന ക്യാംപസ്. അമൃതപുരിയിലെ ക്യാംപസാകട്ടെ കായലിന്റെയും കടലിന്റെയും സാമീപ്യത്താല്‍ സുന്ദരമാണ്. ചാമുണ്ടി മലകള്‍ പശ്ചാത്തലമായി നില്ക്കുന്ന മൈസൂരുവിലെ അമൃത ക്യാംപസും ഹൃദയാവര്‍ജ്ജകമാണ്. കൊച്ചി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേതാകട്ടെ, മഹാനഗരങ്ങളുടെ ചക്രവാളങ്ങള്‍ അതിരിട്ടു നില്ക്കുന്ന ക്യാംപസുകളാണ്.
പകരുന്നത് ജീവിതമൂല്യങ്ങള്‍
”ജീവിക്കാനുള്ള വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തിനായുള്ള വിദ്യാഭ്യാസംകൂടി പകര്ന്നുനല്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ ഡോ.വെങ്കട്ട് രംഗന് പറയുന്നു. ഈ രണ്ട് കാര്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സ്വന്തം കരിയറിലുള്ള വൈദഗ്ധ്യത്തെയും ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെയും സംയോജിപ്പിക്കുവാന്‍ ശേഷിയുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമൃതയില്‍ നല്കുന്ന പ്രായോഗികതയിലൂന്നിയതും അല്ലാതെയുമുള്ള അസംഖ്യം പരിശീലനങ്ങളാണ് ഇത്തരമൊരു കാഴ്ച്ചപ്പാട് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നത്. ‘ലിവ് ഇന്‍ ലാബ്സ്’ എന്ന പദ്ധതിതന്നെ ഉദാഹരണമായി എടുക്കാം. ഈ പദ്ധതിയനുസരിച്ച് വിദ്യാര്‍ത്ഥികള്‍ കുറച്ചുനാളുകള്‍ ഗ്രാമീണ മേഖലകളില്‍ പോയി ജീവിക്കുകയും ഗ്രാമീണരുടെ പ്രശ്നങ്ങള്‍ എന്തെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട്, ആ പ്രശ്നങ്ങളെ നേരിടുന്നതിനായി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയുള്ള സുസ്ഥിരമായ പരിഹാരങ്ങള്‍ അവര്‍ക്കായി വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്നു.
കേവലം പ്രായോഗികമായ അനുഭവപരിചയത്തിന് വേണ്ടി മാത്രമല്ല വിദ്യാര്‍ത്ഥികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്, മറിച്ച് അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. ഇതിലൂടെ ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകളില്‍ അടിമുടി മാറ്റം സംഭവിക്കുന്നു. ഇന്ത്യയിലെ 100-ല്‍ അധികം ഗ്രാമങ്ങളിലായി 200000-ത്തോളം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ പദ്ധതിയിലൂടെ ഗണ്യമായ പരിവര്‍ത്തനം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം അമൃത യൂണിവേഴ്സിറ്റിയുമായി പങ്കാളിത്തമുള്ള 40 വിദേശ യൂണിവേഴ്സിറ്റികളില്നിന്നുമായി ഇതിനോടകം 400-ല്‍ അധികം വിദേശീയരായ വിദ്യാര്‍ത്ഥികള്‍ ലിവ് ഇന്‍ ലാബ്സിന്റെ ഈ പദ്ധതിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നതാണ്.

”അമൃത സര്‍വകലാശാലയെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു ഘടകം കാരുണ്യത്തില്‍ അധിഷ്ഠിതമായ ഗവേഷണങ്ങളാണ്. കാരുണ്യം അല്ലെങ്കില്‍ സഹാനുഭൂതി എന്നത് അമൃതയെ സംബന്ധിച്ച് കേവലം ഒരു വികാരം മാത്രമല്ല, സത്കര്മ്മങ്ങള്ക്കായുള്ള ഒരു മാര്‍ഗംകൂടിയാണ്,” അമൃത സ്കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ.രഘുരാമന് പറയുന്നു.

”ഞങ്ങളുടെ ചാന്‍സലര്‍ മാതാ അമൃതാനന്ദമയീദേവി മുന്നോട്ടുവെച്ച ആശയമാണത്. ഈ യൂണിവേഴ്സിറ്റിയുടെ വിഷനും മിഷനും നിര്‍വചിക്കുന്നതും ഈ ആശയമാണ്. ഒന്നു മാത്രമാണ് അതിന്റെ ലക്ഷ്യം: സാമൂഹികപ്രഭാവം അഥവാ Social Impact. സയന്‍സ്, ടെക്നോളജി, മെഡിസിന്, ആയുര്‍വേദ, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് എന്നിങ്ങനെയുള്ള ഞങ്ങളുടെ എല്ലാ ഗവേഷണ മേഖലകളിലും ഈ ആശയത്തിന്റെ സ്വാധീനം കാണാം. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോട് (United Nations Sustainable Development Goals) ചേര്‍ന്ന് നില്‍ക്കുന്നതാണ്,”ഡോ.രഘുരാമന് വിശദമാക്കുന്നു.

ലോകത്ത് ഇന്നു കാണുന്ന പല തലങ്ങളിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനായി അമൃതയുടെ 30-ല്‍ അധികം ഗവേഷണ കേന്ദ്രങ്ങളിലായി ആയിരത്തിലധികം ഗവേഷകരാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2016-2021 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച 59800-ല്‍ അധികം സൈറ്റേഷനുകളും 12,000 ത്തിലധികം ഗവേഷണ പ്രബന്ധങ്ങളും അമൃതയുടെ ക്രെഡിറ്റിലുണ്ട്. ഇതിന്റെയെല്ലാം ഗുണഫലം വാക്കുകള്‍ക്കപ്പുറമാണ്.
എര്‍ത്ത് സയന്‍സ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് നെറ്റ്വര്ക്കിംഗ്, അനലോഗ്-ഡിജിറ്റല്‍ സര്‍ക്യൂട്ട്സ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള സങ്കേതങ്ങള്‍ കോര്‍ത്തിണക്കിയ ‘വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്ക്’ മുന്‍പ് സൂചിപ്പിച്ച ഗവേഷണ മികവിനുള്ള ഉദാഹരണങ്ങളിലൊന്നാണ്. മണ്ണിടിച്ചില്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ സംവിധാനമാണിത്. മണ്ണിടിച്ചിലുണ്ടാകുന്നതിന് 24 മണിക്കൂര്‍ മുമ്പേതന്നെ അത് തിരിച്ചറിയാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. ഈ ഉപകരണത്തിന് യുഎസ് പേറ്റന്റും ലഭിച്ചിട്ടുണ്ട്. അതു മാത്രമല്ല, ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്റെ കാര്യത്തില്‍ ‘വേള്‍ഡ് സെന്റര്‍ ഓഫ് എക്സലന്‍സ്’ എന്ന അംഗീകാരവും ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലൂടെ അമൃത സര്‍വകലാശാലയ്ക്ക് ലഭിച്ചു.

അമൃതയുടെ നേട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ചെലവ് കുറഞ്ഞ സംവിധാനമായ ‘ഓഷ്യാനെറ്റ്’ വികസിപ്പിച്ചതും അമൃതതന്നെയാണ്. തീരത്തുനിന്ന് 60 കിലോമീറ്റര്‍ അകലെ പോലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.

ഇത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ബ്രെയ്ന്‍ കാന്‍സര്‍ ചികില്‍സയില്‍ വിജയകരമായി പരീക്ഷിച്ചിട്ടുള്ള ‘മള്‍ട്ടി ഡ്രഗ് എംബഡഡ് നാനോ പോളിമര്‍ വേഫേഴ്സും’ അമൃതയ്ക്ക് ഏറെ ഖ്യാതി നേടിക്കൊടുത്തു. തേങ്ങ ഇടുവാന്‍ സഹായിക്കുന്ന റോബോട്ടായ ‘കൊക്കോബോട്ട്’ കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുന്ന കണ്ടുപിടുത്തമാണ്. യഥാര്‍ത്ഥമായ ക്ലാസ്റൂമിന്റെ അനുഭവം നല്കുന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ ‘അമൃത വെര്‍ച്വല്‍ ഇന്ററാക്റ്റീവ് ഇ-ലേണിംഗ് വേള്‍ഡും’ (A-VIEW) വിദ്യാഭ്യാസ മേഖലയില്‍ സജീവ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്.
ഇതു കൂടാതെ ‘അമൃത ക്രിയേറ്റ്’ (AMRITA CREATE) എന്നറിയപ്പെടുന്ന ‘അമൃത സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അനലിറ്റിക്സ്, ടെക്നോളജീസ്, ആന്‍ഡ് എജ്യൂക്കേഷന്‍’ എന്ന സംരംഭം യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സഹായകമാകുന്ന ഒന്നാണ്. ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനുള്ള സാങ്കേതികവിദ്യാസംരംഭമെന്ന നിലയിലാണ് ഇത് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ററാക്റ്റീവ് സിമുലേഷനുകളും അനിമേഷനുകളുമെല്ലാം ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റല്‍ പഠന സംവിധാനമായ ‘ഓണ്‍ലൈന്‍ ലാബ്സ്’ 50,000-ത്തില്‍ അധികം ടീച്ചര്‍മാര്‍ക്കും 4 ലക്ഷത്തിലധികം പഠിതാക്കള്‍ക്കും ഉപകാരപ്രദമായിട്ടുണ്ട്. 21 സംസ്ഥാനങ്ങളിലായി 12000-ല്‍ അധികം സ്കൂളുകളിലേക്ക് ഈ സംവിധാനം എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യം വന്നപ്പോള്‍ ലാബുകളില്‍ ചെന്ന് നേരിട്ട് പരിശീലനം നേടുകയെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമല്ലാതായിത്തീര്‍ന്നു. ഈ സാഹചര്യത്തില്‍ 34 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ ലാബ്സിലൂടെ ലാബ് എക്സ്പെരിമെന്റുകള്‍ ചെയ്തത്. പ്രമേഹരോഗികളുടെ എണ്ണം വ്യാപകമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ പ്രമേഹരോഗികള്‍ക്കായി ‘അമൃത സ്കൂള്‍ ഓഫ് ബയോടെക്നോളജി’ വികസിപ്പിച്ച ചെലവ് കുറഞ്ഞ ഇന്‍സുലിന്‍ പമ്പുകളും, നോണ്‍ എന്‍സൈമാറ്റിക് ഗ്ലൂക്കോസ് സെന്‍സറുകളും രോഗികള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇതിന് യുഎസ് പേറ്റന്റുകളും ലഭിച്ചിരുന്നു.
തൊഴിലധിഷ്ഠിത പരിശീലനത്തിന് ‘അമ്മച്ചി ലാബ്സ്’
ഗ്രാമീണ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനവും അതില്‍ വൈദഗ്ധ്യവും നല്‍കുന്നതിനായാണ് അമ്മച്ചി ലാബ്സ് എന്ന സംരംഭത്തിന് അമൃത തുടക്കമിട്ടത്. സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നില്ക്കുന്ന വനിതകളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാക്തീകരിച്ച്, അവര്‍ക്ക് ആത്മവിശ്വാസം നല്കി, സ്വന്തം കാലില്‍ നില്ക്കാന് അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വാഭിമാനത്തോടെ ജീവിക്കാന്‍ സ്ത്രീകളെ ഇത് സഹായിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കിയതു വഴി ‘വിമെന്‍സ് എംപവര്‍മെന്റ് ആന്‍ഡ് ജെന്‍ഡര്‍ ഇക്വാളിറ്റി’യില്‍ ഇന്ത്യയില്‍നിന്നുള്ള ആദ്യ ‘യുനെസ്കോ ചെയര്‍’ എന്ന അംഗീകാരം നേടാനും അമൃതയുടെ കേന്ദ്രത്തിനായി.
വിദേശങ്ങളിലുള്ള പ്രമുഖ സര്‍വകലാശാലകളുമായി ഏറ്റവുമധികം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യ മേഖലയിലുള്ള സര്‍വകലാശാല അമൃതയാണ്. ഐവി ലീഗ് പോലുള്ള ഏറെ പ്രശസ്തമായ വിദേശ സ്ഥാപനങ്ങളില്‍നിന്നു പോലും ഫാക്കല്‍റ്റികളെ ആകര്‍ഷിക്കാന്‍ അമൃത സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. ഇതുമൂലം ബ്രെയിന്‍-ഡ്രെയിന്‍ എന്ന പ്രശ്നത്തിനു മറുപടിയായി ബ്രെയിന്‍-ഗെയിന്‍ എന്നതിലേക്കുള്ളമാറ്റം കൊണ്ടുവരുവാന്‍ അമൃതയ്ക്കു കഴിഞ്ഞു.

അമൃത വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ ഏറെ ഡിമാന്റ്
അമൃത സര്‍വകലാശാലയില്‍നിന്നും പഠിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍മേഖലയില്‍ ഏറെ ആവശ്യകതയാണ് ഇന്നുള്ളത്. ഗൂഗിള്‍, സിസ്കോ, മൈക്രോസോഫ്റ്റ്, എസ്എപി തുടങ്ങിയ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ യോഗ്യരായവരെ തിരയുമ്പോള്‍ അവരുടെ പ്രഥമ പരിഗണന അമൃതയാണ്. അമൃതയില്‍നിന്നും പഠിച്ചിറങ്ങുന്ന 95 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മുന്‍നിരയിലുള്ള ബഹുരാഷ്ട്ര കമ്പനികളിലാണ് ജോലി ലഭിക്കുന്നത്. അതും വളരെ ഉയര്‍ന്ന ശമ്പളത്തോടെ. പ്രതിവര്‍ഷം 65 ലക്ഷം രൂപയെന്ന ശമ്പളം നല്കി അമൃതയില്‍നിന്നും ജയിച്ചു പുറത്തിറങ്ങുന്ന കുട്ടികളെ ഈ കമ്പനികള്‍ ജോലിക്കെടുത്തിട്ടുണ്ട്.

”ലോകത്തിലെ മികച്ച കമ്പനികള്‍ ഏറ്റവും മികച്ച വ്യക്തികളെയാണ് അവരുടെ സ്ഥാപനത്തിലേക്കായി തിരഞ്ഞെടുക്കുക. നിങ്ങളുടെ വൈദഗ്ധ്യത്തിനും ഉപരിയായി ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശാലമായ കാഴ്ച്ചപ്പാടിനെ കൂടി തൊഴില്‍ദാതാക്കള്‍ വിലമതിക്കുന്ന ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്,” അമൃതയില്‍നിന്നും പഠിച്ചിറങ്ങി ഇപ്പോള്‍ യുഎസിലെ ‘ടെസ്ല ഇന്ക്’ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ മാനേജരായ തേജസ് മേനോന് പറയുന്നു.
ശ്രേഷ്ഠമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനും അപ്പുറത്താണ് അമൃത. സാമൂഹ്യ പരിവര്‍ത്തനത്തെ ശാക്തീകരിക്കുവാന്‍ ശേഷിയുള്ള വിദഗ്ധരും അധ്യാപകരും മുന്വിദ്യാര്ത്ഥികളുമെല്ലാം ചേര്‍ന്ന് അരലക്ഷത്തിലധികം പേര് അടങ്ങിയ ശക്തമായ ഒരു സമൂഹമാണ് അമൃത സര്‍വകലാശാല. എങ്ങനെയാണ് ഇത്രയും വലിയൊരു ഒത്തുചേരലിന് പൊതുവായ ഒരു ലക്ഷ്യബോധവും പ്രചോദനവുമുണ്ടാകുന്നത്.
ഇതിനുള്ള ഉത്തരം സര്‍വകലാശാലയുടെ ചാന്‍സലറായ മാതാ അമൃതാനന്ദമയീദേവിയുടെ വാക്കുകളിലുണ്ട്. ”ജീവിതമെന്നതും ജീവിക്കുക എന്നതും ഒന്നല്ല. ജീവിക്കുന്നതിന് നമുക്ക് ജോലി, പണം, വീട്, കാറ്, മറ്റ് സുഖസൗകര്യങ്ങള്‍ എന്നിവയെല്ലാം ആവശ്യമായേക്കാം. എന്നാല്‍, സമഗ്രവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതത്തിന് നിങ്ങളുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സ്നേഹവും കാരുണ്യവും പക്വതയുമെല്ലാം ആവശ്യമാണ്.”
