ലോകത്തെ ജനകീയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ശ്രദ്ധേയമാണ് ട്വിറ്റര്‍. ആ നിലയ്ക്ക് വലിയ അംഗീകാരം നേടിയെടുക്കാനും ഈ യുഎസ് കമ്പനിക്ക് സാധിച്ചു. എന്നാല്‍ ട്വിറ്ററിന് മറുപടിയായുള്ള ഇന്ത്യയുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ രണ്ടുംകല്‍പ്പിച്ചുള്ള മുന്നേറ്റത്തിലാണ്. ഇന്ത്യയില്‍ ട്വിറ്ററിനുള്ളത് 25 ദശലക്ഷം ഉപയോക്താക്കളാണ്. ഈ വര്‍ഷം തന്നെ ഇത് കൂ മറികടക്കുമെന്നാണ് സംരംഭത്തിന്റെ സഹസ്ഥാപകനായ മായങ്ക് ബിദവാട്ക പറയുന്നത്. 2021 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 20 മില്യണ്‍ ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു കൂ.
ഇംഗ്ലീഷ് ഉള്‍പ്പടെ ഇന്ത്യയില്‍ 10 ഭാഷകളില്‍ ലഭ്യമാണ് കൂ. ഈ വര്‍ഷം അവസാനിക്കും മുമ്പ് രാജ്യത്തെ 22 ഔദ്യോഗിക ഭഷകളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൂവിന് 2020ലാണ് തുടക്കമായതെങ്കിലും ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിലൂടെയാണ് ഈ സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മയാങ്ക് ബിദവാട്കയും അപ്രമേയ രാധാകൃഷ്ണയും ചേര്‍ന്നാണ് കൂവിന് തുടക്കമിട്ടത്.
ഇരുവരും ചേര്‍ന്ന് ടാക്സിഫോര്‍ഷുവര്‍ എന്ന റൈഡ് ഷെയറിംഗ് ബിസിനസ് ആദ്യം തുടങ്ങിയിരുന്നു. 2015ല്‍ ഈ കമ്പനിയെ ഒല 200 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു. അതിന് ശേഷം ഇരുവരും ചേര്‍ന്ന് വോക്കല്‍ എന്ന നോളജ് ഷെയറിംഗ് പ്ലാറ്റ്ഫോമിനും തുടക്കമിട്ടു. ഇന്ത്യന്‍ ഭാഷകളില്‍ ഊന്നല്‍ നല്‍കിയുള്ള സംരംഭമായിരുന്നു അത്.
ഡിജിറ്റല്‍ നിയമങ്ങളുമായി ബന്ധപ്പെട്ടും പക്ഷപാതപരമായ രാഷ്ട്രീയ ഉള്ളടക്കവുമായി ബന്ധപ്പെട്ടും ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതാണ് കൂവിന് തുണയായത്. ഇന്ത്യന്‍ നിയമങ്ങളെ വെല്ലുവിളിക്കുന്നതിന് സമാനമായുള്ള ചില നടപടികളില്‍ പ്രതിഷേധിച്ചെന്നോണം നിരവധി ബിജെപി നേതാക്കള്‍ ഒറ്റയടിക്ക് കൂവില്‍ എക്കൗണ്ട് തുറക്കുകയുണ്ടായി.
വലിയ ലക്ഷ്യങ്ങള്‍
പ്രധാനമായും ഇംഗ്ലീഷ് ഇതര ഉപയോക്താക്കളെയാണ് കൂ ലക്ഷ്യമിടുന്നത്. എന്നാല്‍ 2021ല്‍ നൈജീരിയയില്‍ ട്വിറ്റര്‍ നിരോധിക്കപ്പെട്ടപ്പോള്‍ അവിടേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കൂ തീരുമാനിച്ചു എന്നത് ശ്രദ്ധേയമാണ്. 2022 അവസാനമാകുമ്പോഴേക്കും ആഗോളതലത്തില്‍ 100 മില്യണ്‍ ഉപയോക്താക്കളെ നേടുകയാണ് കൂവിന്റെ ലക്ഷ്യം.
സെലിബ്രിറ്റികളും കൂവില്‍
കഴിഞ്ഞ വര്‍ഷം മുതല്‍ ക്രിക്കറ്റ്, ബോളിവുഡ് സെലിബ്രിറ്റികളും കൂവില്‍ സജീവമായി എക്കൗണ്ട് തുറക്കുന്നുണ്ട്. ഇത്തരത്തിലുള്ള അതിപ്രശ്സതരുടെ എക്കൗടണ്ടുകളുടെ എണ്ണം ഇപ്പോള്‍ കുറവാണ്. അത് ഈ വര്‍ഷം കഴിയുമ്പോഴേക്കും മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് കൂവിന്റെ ലക്ഷ്യം. തദ്ദേശീയമായ, ദേശീയ വീക്ഷണമുള്ള ഒരു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായി കൂവിന് വളരാനുള്ള സാഹചര്യങ്ങള്‍, രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഇന്ത്യയിലുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഭാവിയില്‍ ട്വിറ്ററിനെ നിരോധിക്കുന്ന സാഹചര്യമുണ്ടായാല്‍ പോലും കൂവിന് ആ വിടവ് നികത്താന്‍ സാധിക്കുമെന്ന രീതിയിലാണ് കാര്യങ്ങളുടെ പുരോഗതി.
തദ്ദേശീയ ഭാഷകളില്‍ സജീവമാകാനാണ് കൂ പദ്ധതിയിടുന്നത്. ലോക ജനസംഖ്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കേവലം 20 ശതമാനവും ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്നത് 80 ശതമാനവും പേരാണെന്നത് കൂവിനെ പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് വലിയ സാധ്യതകള്‍ തുറക്കുന്നുവെന്നാണ് ഈ സംരംഭത്തിന് പിന്നിലുള്ളവരുടെ വിലയിരുത്തല്‍.
എന്താണ് കൂവിന്റെ പ്രത്യേകത?
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ചിത്രങ്ങളും വിഡിയോകളും എല്ലാം പോസ്റ്റ് ചെയ്യാവുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം തന്നെയാണ് കൂ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 280 ആണ്. എന്നാല്‍ കൂവില്‍ ഇത് 400 ആണ്. ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഓഡിയോകളും വിഡിയോകളുമെല്ലാം കൂ ആപ്പില്‍ പോസ്റ്റ് ചെയ്യാം. ട്വീറ്റുകള്‍ക്ക് പകരം കൂവ്സ് എന്നാണ് പോസ്റ്റുകള്‍ അറിയപ്പെടുക. മറ്റൊരു പ്രധാന പ്രത്യേകത ട്വിറ്റര്‍ ഇംഗ്ലീഷ് കേന്ദ്രീകൃതമാണെങ്കില്‍ കൂ പ്രാദേശിക ഭാഷകള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പ് ആയി കൂ ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ വെബ്സൈറ്റ് പതിപ്പും ലഭ്യമാണ്.