നോമിയ രഞ്ജന്‍ എന്ന യുവതിയെ സംരംഭകയാക്കിയത് കോവിഡ് ലോക്ക്ഡൗണാണെന്ന് നിസംശയം പറയാം. ‘നോമീസ് ധ്രുവി’ എന്ന പേരില്‍ മികച്ച ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയാണ് ഇപ്പോള്‍ നോമിയ. ഇതൊരു സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിക്കടുത്ത് പുറഞ്ഞാണ് എന്ന സ്ഥലത്താണ് നോമിയയുടെ സംരംഭം.
എന്താണ് ബിസിനസ്
നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയിലാണ് ഉല്‍പ്പന്നം. വീടിന്റെ ഒരു മുറിയില്‍ കൊറോണക്കാലത്ത് പിറന്ന ഒരു ചെറിയ ബിസിനസ്. ഇപ്പോള്‍ കേരളത്തിലാകെ ഉപഭോക്താക്കളുമായി വ്യാപിച്ചിരിക്കുന്നു. കോര്‍പ്പറേറ്റ് ഓഫീസും ഡ്രഗ് ലൈസന്‍സും മറ്റ് നിയമപരമായ എല്ലാ അനുമതികളും ഉണ്ട്.

എന്തുകൊണ്ട് ഇത്തരം സംരംഭം
- ലോക്ക്ഡൗണില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി നോമിയ. പാചകം, ഓണ്‍ലൈന്‍ ബൊട്ടീക് അങ്ങനെ പലതും. പക്ഷേ വേണ്ടത്ര വിജയം കണ്ടില്ല. മാര്‍ക്കറ്റിന് ആവശ്യമുള്ള ഒരു മികച്ച ഉല്‍പ്പന്നം വേണമെന്ന് തീരുമാനിച്ചു.
- ജോലി ഉപേക്ഷിച്ച ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടിയപ്പോഴും മനസ്സിലെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ബിസിനസ് എന്നത്. ആ സ്വപ്നസാക്ഷാത്കാരമാണ് സംഭവിച്ചത്.
- മുടികൊഴിച്ചിലിന് എന്തെങ്കിലും വിശ്വസനീയമായ മരുന്ന് സജസ്റ്റ് ചെയ്യാനുണ്ടോ എന്ന ചോദ്യമാണ് ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
- രണ്ടാമത്തെ പ്രസവത്തിന് ശേഷം മുടികൊഴിച്ചിലില്‍ നിന്നും താന്‍ എങ്ങനെയാണ് രക്ഷപെട്ടത് എന്ന് ചിന്തിച്ചപ്പോഴാണ് സംരംഭകത്വത്തിലേക്കുള്ള വാതില്‍ നോമിയക്ക് മുന്നില്‍ തുറന്നത്.
- എല്ലാവരേയും പോലെ നോമിയക്കും അനുഭവപ്പെട്ടത് അസഹനീയമായ മുടികൊഴിച്ചിലായിരുന്നു. വിപണിയിലെ പല ബ്രാന്‍ഡുകളും പരീക്ഷിച്ചെങ്കിലും ഗുണമുണ്ടായില്ല. യൂട്യൂബില്‍ കാണുന്ന പലതും പരീക്ഷിക്കുകയും ചെയ്തു. അതും വിജയകരമായില്ല.
ഇതിനിടെയാണ് അമ്മ ഒരു എണ്ണ കാച്ചിക്കൊടുത്തത്. ആദ്യമൊന്നും തീരെ വിശ്വാസം ഉണ്ടായിരുന്നില്ല. വലിയ ബ്രാന്‍ഡുകള്‍ക്ക് സാധിക്കാത്തത് വീട്ടില്‍ കാച്ചിയ എണ്ണയെക്കൊണ്ട് പറ്റുമോ! എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരാഴ്ച കൊണ്ട് മുടികൊഴിച്ചില്‍ നില്ക്കാനാരംഭിച്ചെന്ന് നോമിയ പറയുന്നു. നോമിയയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് പങ്കുവെച്ചു. ഇത് കണ്ട് ഇത്തരമൊരു എണ്ണ വേണമെന്ന് ഒന്‍പതു പേരാണ് ആവശ്യപ്പെട്ടത്. മുടികൊഴിച്ചില്‍ മനുഷ്യരിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നന്നായി മനസിലാക്കിയിരുന്നതിനാല്‍ ആവശ്യപ്പെട്ടവര്‍ക്ക് ഓയില്‍ കൊറിയറായി അയച്ചുകൊടുത്തു. യാതൊരു ലാഭവും നോക്കാതെയായിരുന്നു ഇത് ചെയ്തത്.

എണ്ണ അയച്ചുകിട്ടിയ ഒന്‍പതു പേര്‍ക്കും അത് ഗുണം ചെയ്തു. അവരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തങ്ങളുടെ അനുഭവം പങ്കുവെച്ചപ്പോള്‍ ആവശ്യക്കാരുടെ എണ്ണം കൂടി. ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ ബിസിനസിന്റെ സാധ്യതകള്‍ ഇങ്ങനെയാണ് നോമിയ തിരിച്ചറിഞ്ഞത്.
ആദ്യ വര്‍ഷം തന്നെ ലക്ഷങ്ങളിലേക്ക് ബിസിനസ്
ഇപ്രകാരം ഒന്‍പത് സുഹൃത്തുക്കള്‍ക്ക് വേണ്ടി ഉണ്ടാക്കിത്തുടങ്ങിയ ഒരു ഉല്‍പ്പന്നമാണ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സ്ഥാപനം വളര്‍ന്നത്. ഉപയോഗിച്ച് ഗുണം കിട്ടിയവര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവങ്ങളും അഭിനന്ദനങ്ങളും പങ്കുവെച്ചത് ബിസിനസ് വളര്‍ത്താന്‍ സഹായിച്ചു. ഉപഭോക്താക്കളുടെ എണ്ണം ഇപ്പോള്‍ 10,000 കടന്നിരിക്കുന്നു. വീട്ടിലെ സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ലളിതമായ തുടക്കം. ഇന്ന് സ്വന്തം ഓഫീസും കെട്ടിടങ്ങളും പാര്‍ക്കിംഗ് സെക്ഷനുമെല്ലാമുണ്ട്.
പേരും ലൈസന്‍സും
പേരു പോലും തുടക്കത്തില്‍ നല്‍കിയിരുന്നില്ല. കുപ്പികളിലാക്കി എണ്ണ ആവശ്യക്കാര്‍ക്ക് കൊറിയര്‍ ചെയ്യും. വ്യാപാരം വളര്‍ന്നു തുടങ്ങിയപ്പോള്‍ നിയമപരമായി വേണ്ട ലൈസന്‍സുകള്‍ സമ്പാദിക്കാന്‍ ശ്രമിച്ചു. ഡ്രഗ് ലൈസന്‍സാണ് പ്രധാനമായും വേണ്ടത്. അത്ര എളുപ്പമല്ല അത് ലഭിക്കാന്‍. എന്നിരുന്നാലും നോമിയ വിട്ടുകൊടുത്തില്ല. അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് വേണ്ട സൗകര്യങ്ങളെല്ലാം പടിപടിയായി ഒരുക്കി ഡ്രഗ് ലൈസന്‍സ് സംഘടിപ്പിച്ചു.
മെഡിക്കല്‍ ഷോപ്പുകളും ആമസോണും
ഇന്നിപ്പോള്‍ ആവശ്യക്കാര്‍ അന്വേഷിച്ചു വരുന്ന ഒരു ബ്രാന്‍ഡായി ധ്രുവി മാറിയിരിക്കുന്നു. ആമസോണിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മെഡിക്കല്‍ ഷോപ്പുകളിലും ഇന്ന് മികച്ച രീതിയില്‍ ഉല്‍പ്പന്നം വില്‍ക്കുന്നു. മൂന്ന് ലിറ്റര്‍ ഉണ്ടാക്കി വിറ്റിരുന്നിടത്തു നിന്ന് ഇപ്പോള്‍ നാല് മെട്രിക് ടണ്‍ ആയി ഉല്‍പ്പാദനം വളര്‍ന്നിരിക്കുന്നു. ജിഎംടി സര്‍ട്ടിഫിക്കേഷനും ജിഎസ്ടിയും സമ്പാദിച്ചതോടെ മികച്ച രീതിയില്‍ വിപണിയില്‍ വില്ക്കാന് കഴിയുന്ന സ്ഥിതി വന്നു. 15,000 മുതല്‍ 20,000 വരെ സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്താനും സംരംഭകയ്ക്ക് സാധിച്ചിരിക്കുന്നു.

മേന്മകള്
- കെമിക്കലുകളൊന്നും ചേര്‍ക്കാതെ വെളിച്ചെണ്ണയില്‍ മാത്രം തയാറാക്കുന്നു
- ചേരുവകളായി പച്ചമരുന്നുകള്‍ മാത്രം
- കഷണ്ടി ഒഴിച്ച് ഏതുതരം മുടികൊഴിച്ചിലുകളും താരനും പരിഹരിക്കുന്നു
- നീരിറക്കം പോലെയുള്ള പ്രശ്നങ്ങള്‍ അകറ്റുന്നു
- മുന്‍കരുതലുകളൊന്നും കൂടാതെ ഉപയോഗിക്കാം
- മികച്ച പാക്കിംഗില്‍ ലഭിക്കുന്നു
- മുടികൊഴിച്ചില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഒരളവു വരെ പരിഹരിക്കാന്‍ സഹായിക്കുന്നു
- പൊള്ളയായ വാഗ്ദാനങ്ങളില്ല
- ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് പരസ്യം
- ആവശ്യക്കാര്‍ക്ക് കൃത്യമായ ഡെലിവറി ഉറപ്പാക്കുന്നു
25 ലക്ഷം രൂപയുടെ വ്യാപാരം
പ്രതിമാസം ഏകദേശം 22 മുതല്‍ 25 ലക്ഷം രൂപയുടെ വരെ കച്ചവടമാണ് നടക്കുന്നത്. കാനഡ, യുഎസ്, യുകെ, അയര്‍ലന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലും ധ്രുവിക്ക് വിതരണക്കാരുണ്ട്. ഗള്‍ഫ് നാടുകളിലും ഇപ്പോള്‍ ധ്രുവിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഈ ബിസിനസ് രംഗത്ത് ഇനിയും ധാരാളം സാധ്യതകളുണ്ടെന്ന് നോമിയ പറയുന്നു. ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമല്ല തന്റെ സന്തോഷം. സംതൃപ്തരായ അനേകം ഉപഭോക്താക്കള്‍ കൂടിയാണെന്നും സംരംഭക പറയുന്നു. എന്നിരുന്നാലും മികച്ച ഒരു ലാഭവിഹിതം ഈ ബിസിനസില്‍ നിന്നും ലഭിക്കുന്നുണ്ട്. ശരാശരി 30% വരെ അറ്റാദായം എന്ന് പറയാം.
കുടുംബവും കൂടെയുണ്ട്
കുടുംബത്തെ കൂടെ നിര്‍ത്തുക എന്നത് ബിസിനസിന്റെ വിജയത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. ഭര്‍ത്താവ് രഞ്ജന്‍ എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ട്. ആറ് വയസുകാരന് റിയാനും മൂന്ന് വയസുള്ള റിക്കിയും ചേര്‍ന്നതാണ് കുടുംബം. വില്‍പ്പനയില്‍ ശ്രദ്ധിക്കുന്നതും നിയന്ത്രിക്കുന്നതും ഭര്‍ത്താവാണ്. കുട്ടികളുടെ കാര്യങ്ങള്‍ അമ്മ നോക്കുന്നതിനാല്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നോമിയക്ക് സാധിക്കുന്നുണ്ട്. കണ്ണൂരില്‍ തന്നെയുള്ള ഒരു ആയുര്‍വേദ നിര്‍മാണ യൂണിറ്റില്‍ വെച്ചാണ് ഉല്‍പ്പാദനം നടത്തുന്നത്. പാക്കിംഗ് യൂണിറ്റില്‍ ഏഴ് തൊഴിലാളികള്‍ ജോലി ചെയ്യുന്നു.
കയറ്റുമതി
സ്വന്തം രീതിയില്‍ കയറ്റുമതി ചെയ്യുന്ന തരത്തില്‍ സ്ഥാപനത്തെ വളര്‍ത്താനാണ് നോമിയ ലക്ഷ്യമിട്ടിരിക്കുന്നത്. ഉല്‍പ്പാദനം ഇരട്ടിയാക്കാനും പരിപാടിയുണ്ട്. സോഷ്യല്‍ മീഡിയയാണ് സംരംഭത്തിന് കരുത്തായത്. ഒരു രൂപ പോലും പരസ്യത്തിനായി ചെലവഴിക്കാതെ ഇത്രയും വളര്‍ന്നതും പ്രചാരം ലഭിച്ചതും സാമൂഹ്യ മാധ്യമങ്ങളുടെ കരുത്ത് ഉപയോഗിച്ചാണെന്ന് നോമിയ ചൂണ്ടിക്കാട്ടുന്നു. എത്ര തിരക്കുണ്ടെങ്കിലും ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് നോമിയ സമയം കണ്ടെത്താറുണ്ട്. ഇത്തരം സംരംഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മാതൃകയാണ് ഈ വനിതാ സംരംഭക.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍) ഇ-മെയ്ല്: chandrants666@gmail.com