പ്രധാന്‍മന്ത്രി തൊഴില്‍ദാന പദ്ധതി (പിഎംഇജിപി)
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സ്വയം സംരംഭകരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. മുന്‍ഗണനപ്രകാരം, പരമ്പരാഗത കൈത്തൊഴിലുകാര്‍ക്ക് സൂക്ഷ്മവ്യവസായ സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കുവാനാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെങ്കിലും, അതോടൊപ്പം തന്നെ, അസംഘടിത മേഖലയില്‍ പരമാവധി പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്നത് കൂടി പിഎംഇജിപിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രമുഖമാണ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കീഴില്‍, ദേശീയാടിസ്ഥാനത്തില്‍ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ നേരിട്ടുള്ള ചുമതലയില്‍ നടപ്പിലാക്കുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാനങ്ങളിലെ നടത്തിപ്പ് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ഡയറക്റ്ററേറ്റിന്റെയും സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെയും ബാങ്കുകളുടെയും സംയുക്തമായ ഉത്തരവാദിത്വത്തിലാണ്. ഖാദി ഗ്രാമ വ്യവസായ കമ്മീഷന് മുഖേനയാണ് സബ്സിഡി ഗുണഭോക്താക്കളുടെ ബാങ്കുകള്‍ക്ക് എത്തിക്കുന്നത്.

ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ സബ്സിഡി ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികവര്‍ഗ്ഗ,ജാതി, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, വിമുക്തഭടന്മാര്, ദിവ്യാംഗര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, അതിര്ത്തിപര്വ്വത മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് സബ്സിഡി യഥാക്രമം 25 ശതമാനവും 35 ശതമാനവും ലഭിക്കും. ഇവര്‍ക്ക് പദ്ധതിച്ചെലവിന്റെ അഞ്ച് ശതമാനം മാത്രമേ സ്വന്തം കൈമുടക്കായി നിക്ഷേപിക്കേണ്ടതുള്ളൂ.
മറ്റുള്ളവര്‍ക്ക് പത്ത് ശതമാനം മാര്‍ജിന്‍ മുടക്കണം. പദ്ധതിച്ചെലവില്‍ നിന്ന് സബ്സിഡിയും മാര്‍ജിനും കുറച്ച് ബാക്കിയുള്ള തുക ബാങ്ക്വായ്പ ലഭിക്കും. പക്ഷെ, സബ്സിഡി മൂന്ന് വര്‍ഷം കഴിഞ്ഞേ ലഭിക്കൂ എന്നതിനാല്‍ അതുകൂടിയുള്ള തുകയ്ക്ക് അതുവരെ സംരംഭകന് തന്നെ ഉറവിടം കണ്ടെത്തണം. സബ്സിഡി വായ്പക്കാരന് നേരിട്ട് ലഭിക്കുകയോ വായ്പാ എക്കൗണ്ടില്‍ ഉടനടി വരവ് വയ്ക്കപ്പെടുകയോ ഇല്ല. വായ്പ അനുവദിച്ച ബാങ്കില്‍ അത് വായ്പക്കാരന്റെയും ബാങ്കിന്റെയും പേരില്‍ മൂന്ന് വര്‍ഷത്തേ്ക്ക് പ്രത്യേകം പലിശരഹിതമായി നിക്ഷേപിക്കപ്പെടുകയാണ്. വായ്പയിലും തുല്യതുകയ്ക്ക് പലിശ കണക്ക് കൂട്ടില്ല. പദ്ധതി നന്നായി നടത്തുകയും, വായ്പ ശരിയായി അടച്ചുപോരികയും, പ്രവര്‍ത്തന മൂലധനത്തിനുള്ള ക്യാഷ് ക്രെഡിറ്റ് എക്കൗണ്ടില്‍ നിന്ന് ഒരു തവണയെങ്കിലും മുഴുവന്‍ തുകയും പിന്‍വലിക്കുകയും (മതിയായ ഡ്രോയിങ് പവറോടെയുള്ള പൂര്‍ണ്ണ വിനിയോഗം), ക്യാഷ് ക്രെഡിറ്റ് ഏറ്റവും ചുരുങ്ങിയത് 75 ശതമാനം വിനിയോഗം എപ്പോഴും നടത്തുകയും ചെയ്യുന്നവരുടെ സബ്സിഡി, ആ മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധിയ്ക്ക് ശേഷം വായ്പയില്‍ വരവ് വയ്ക്കുകയാണ് ചെയ്യുക.
ക്രെഡിറ്റ് ഗ്യാരന്റി സ്കീം
സെക്യൂരിറ്റിയോ ആള് ജാമ്യമോ ഇല്ലാതെ വായ്പകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരന്റി സ്കീം. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയവും ചെറുകിട വ്യവസായ വികസന ബാങ്കും (സിഡ്ബി) ചേര്‍ന്ന് രൂപവല്‍ക്കരിച്ചിട്ടുള്ള ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മോള്‍ എന്റര്‍പ്രൈസസ് (സിജിറ്റിഎംഎസ്ഇ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. വായ്പാത്തുകയാല് സൃഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ മാത്രം ഈടായി സ്വീകരിച്ചുകൊണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്കാവുന്ന പദ്ധതിയാണിത്.

യോഗ്യത
ധനകാര്യ സ്ഥാപനങ്ങളുടെ അനുമതിയോടെ നിലവിലുള്ളതോ പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നതോ ആയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പദ്ധതിക്ക് അര്‍ഹമാണ്. സംരംഭങ്ങള്‍ക്ക് ബാങ്കുകളും തെരഞ്ഞെടുക്കപ്പെട്ട ബാങ്കിതര സ്ഥാപനങ്ങളും നല്കുന്ന രണ്ട് കോടി രൂപയില്‍ കവിയാത്ത വായ്പകളുടെ നിശ്ചിത പരിധിക്കാണ് പ്രസ്തുത ഗ്യാരന്റി ലഭ്യമാക്കുന്നത്. വ്യാപാരം, വിദ്യാഭ്യാസം, കൃഷി, സ്വയം സഹായ സംഘങ്ങള്‍, ട്രെയിനിംഗ് എന്നിവയ്ക്ക് നല്കുന്ന വായ്പകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ല.

പ്രധാനമന്ത്രി മുദ്ര യോജന
മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്‍ഡ് റീഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ് സ്കീം പ്രകാരം കൃഷി ഇതര മേഖലയിലുള്ള നിര്‍മാണ സേവന വ്യാപാര സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും 10 ലക്ഷം രൂപ വരെ വായ്പ നല്കി വരുന്നു. ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വായ്പാ വിതരണ പദ്ധതികളാണ് നിലവിലുള്ളത്. ആദ്യഗണത്തില്‍ വരുന്നവര്‍ക്ക് 50,000 രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകും. രണ്ടാം വിഭാഗത്തില്‍ 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ലഭ്യമാകുക. മൂന്നാമത്തെ വിഭാഗമായ തരുണില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ലഭ്യമാകുക.
59 മിനിറ്റ് വായ്പ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പെട്ടെന്ന് വായ്പ അനുവദിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് പിഎസ്ബിലോണ്സ് ഇന്‍ 59 മിനിറ്റ്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പടെ 25ലധികം പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പോര്‍ട്ടലിലൂടെ 59 മിനിറ്റിനുള്ളില്‍ ഒരു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് തത്വത്തില്‍ അംഗീകാരം ലഭിക്കും. പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ ലഭ്യമാക്കാന്‍ അവസരങ്ങളുണ്ടാകും.

ഇസിഎല്‍ജിഎസ്(ഈടില്ലാത്ത, സ്വമേധയായുള്ള വായ്പ)
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പദ്ധതി പ്രകാരം വായ്പ ലഭിക്കും. സംരംഭങ്ങളെ പുനപ്രവര്ത്തനത്തിന് സജ്ജമാക്കാനാണ് വായ്പ. പിഎംഇജിപി, മുദ്ര വായ്പകള്‍ എടുത്തിട്ടുള്ളവരും ഈ സ്മീകിന് അര്‍ഹരാണ്. 29/02/2020 ന് നിലവിലുള്ള ആകെ വായ്പയാ കുടിശ്ശികയുടെ 20 ശതമാനം വരെയുള്ള തുകയാണ് വായ്പയായി ലഭിക്കുക. ബാങ്കില്‍ നിന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ് വായ്പ ലഭ്യമാകുക.
25 കോടി രൂപ വരെ വായ്പാ കുടിശികയുള്ളവരും 100 കോടി രൂപ വരെ വിറ്റുവരവ് ഉള്ളവരും ഈ പദ്ധതിക്ക് അര്‍ഹരാണ്. വായ്പാ കാലാവധി നാല് വര്‍ഷമാണ്. മൂലധനതുക തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവുമുണ്ട്. അധികരിക്കാത്ത പലിശനിരക്ക് മാതൃകയിലാണ് വായ്പ. അധിക ഈടും ആവശ്യമില്ല.

സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി
സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളെയും സംരംഭമേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് വായ്പ ലഭിക്കും.
സബ് ഓര്‍ഡിനേറ്റ് ഡെറ്റ് സ്കീം
തകര്‍ച്ച നേരിടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്കുന്ന പദ്ധതിയാണിത്. നിഷ്ക്രിയ ആസ്തിയോ അല്ലെങ്കില്‍ പീഡിത സംരംഭങ്ങളോ ആയ സ്ഥാപനങ്ങളുടെ പിന്നിലുള്ള സംരംഭകര്‍ക്ക് വ്യക്തിഗത വായ്പ നല്കി വരുന്നു. 31-03-2018ല്‍ സ്റ്റാന്‍ഡേര്‍ഡ് എക്കൗണ്ടുകള്‍ ആയതും സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ സംരംഭങ്ങളും, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ എന്‍പിഎ ആയ സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ സ്കീമിന് അര്‍ഹരാണ്.

എത്ര വായ്പ ലഭിക്കും?
വായ്പാ പുനക്രമീകരണത്തില്‍ സംരംഭകന്റെ വിഹിതം പുതിയ വായ്പയായി എടുക്കുന്നു. സംരംഭകന്റെ ഓഹരിയുടെ 15 ശതമാനം അല്ലെങ്കില്‍ 75 ലക്ഷം രൂപയോ ഏതാണ് കുറവ്, അത്രയുമാണ് വാണിജ്യ ബാങ്കുകള്‍ വായ്പയായി നല്‍കുക.

പലിശയിളവ് പദ്ധതി
ഉദ്യം റെജിസ്ട്രേഷനും ജിഎസ്ടി നമ്പറുമുള്ള എംഎസ്എംഇകളുടെ 100 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശ സബ്സിഡി സിഡ്ബി മുഖേനെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗ് ആധാര്‍ എടുത്തിട്ടില്ലാത്ത ട്രേഡിങ് ആക്റ്റിവിറ്റീസിനും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്.

ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്സിഡി സ്കീം
മികച്ച സാങ്കേതികവിദ്യ നടപ്പാക്കുന്ന എംഎസ്എംഇകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളിലൂടെ നല്കി വരുന്ന വായ്പാ സബ്സിഡിയാണിത്. ഒരു കോടി രൂപ വരെയുള്ള വായ്പയ്ക്ക് 15 ശതമാനം മുന്‍കൂര്‍ സബ്സിഡി നല്കിവരുന്നു. നിലവിലുള്ളതും പുതിയതുമായ സംരംഭങ്ങള്‍ക്ക് സബ്സിഡി ലഭ്യമാണ്.