മെറ്റാവേഴ്‌സ്; സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ ഉന്നമിടുന്നത് എന്ത്?

ബഹുമുഖ പദ്ധതികളിലൂടെ ഇന്ത്യയെ തങ്ങളുടെ ഭാവിയാത്രയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. ബിസിനസുകള്‍ ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഡിജിറ്റല്‍ പരസ്യരംഗത്ത് അതികായനായി മാറുകയാണ് മെറ്റ പ്ലാറ്റ്്‌ഫോം. ചെറുകിട സംരംഭങ്ങള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതോടൊപ്പം വാട്‌സാപ്പിലൂടെ ആരെയും അസൂയപ്പെടുത്തുന്ന ഉപയോക്തൃ അടിത്തറയും കെട്ടിപ്പടുക്കുന്നു മെറ്റ. സക്കര്‍ബര്‍ഗിന്റെ ഇന്ത്യയിലെ പദ്ധതികള്‍ സമഗ്രവും കാലോചിതവുമാണ്, ഒരു മെറ്റാവേഴ്‌സ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം

മെറ്റാവേഴ്‌സ് കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യ വളരെ വലിയ പങ്കാണ് വഹിക്കാന്‍ പോകുന്നത്-ഫേസ്ബുക്കായി തുടങ്ങി പിന്നീട് മെറ്റയിലേക്ക് രൂപാന്തരപ്പെട്ട ടെക്‌നോളജി ഭീമന്റെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞ വാക്കുകളാണിത്. മെറ്റയുടെ പതാകവഹാക സാമൂഹ്യ മാധ്യമ ബ്രാന്‍ഡായ ഫേസ്ബുക്കില്‍ ഉപയോക്താക്കള്‍ കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, അതിനപ്പുറം സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. വെറും ഒരു സോഷ്യല്‍ മീഡിയ കമ്പനി എന്നതിനപ്പുറം ഒരു സോഷ്യല്‍ ടെക്‌നോളജി കമ്പനിയായുള്ള പരിവര്‍ത്തന പ്രക്രിയയിലാണ് സക്കര്‍ബര്‍ഗ് തുടങ്ങിയ സംരംഭം.

ഇന്‍ട്രൊഡ്യൂസിംഗ് മെറ്റ: എ സോഷ്യല്‍ ടെക്‌നോളജി കമ്പനി എന്നായിരുന്നു 2021 ഒക്‌റ്റോബറില്‍ ഫേസ്ബുക്കിന്റെ പേര്മാറ്റം പ്രഖ്യാപിച്ച് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ തലക്കെട്ട്. ഫേസ്ബുക്കിന്റെ ആപ്പുകളെയും മറ്റ് സാങ്കേതികവിദ്യകളെയും എല്ലാം ഒരു ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരികയായിരുന്നു റീബ്രാന്‍ഡിംഗിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉന്നമിട്ടത്. അതിലൂടെ ഉപഭോക്താക്കള്‍ക്ക് പരസ്പരം കണക്റ്റ് ചെയ്യുന്നതിനപ്പുറം അവരുടെ ബിസിനസ് വളര്‍ത്തിയെടുക്കാമെന്ന കാര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ് ശ്രദ്ധേയം.

2004ല്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമായി തുടങ്ങിയ ഫേസ്ബുക്കാണ് ഇപ്പോള്‍ മെറ്റ ആയി മാറി പുതിയ വിപ്ലവം രചിക്കാനൊരുങ്ങുന്നത്. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ജനപ്രിയ ആപ്ലിക്കേഷനുകളെ സംരംഭകത്വത്തിന് അനുഗുണമാകുന്ന രീതിയില്‍ പരുവപ്പെടുത്തിയാണ് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്. ക്രിയേറ്റേഴ്‌സിനും ഡെവലപ്പര്‍മാര്‍ക്കും പുതുവാതിലുകള്‍ തുറക്കുമിത്.

മെറ്റയുടെ ഇന്ത്യന്‍ അജണ്ട എന്ത്?

കോവിഡാനന്തരം ഓണ്‍ലൈന്‍ ബിസിനസുകളുടെ പ്രളയം തന്നെയാണ് ഇന്ത്യയില്‍ സംഭവിച്ചത്. നേരത്തെയും ഓണ്‍ലൈന്‍ സംരംഭങ്ങള്‍ സജീവമായിരുന്നെങ്കിലും കൂടുതല്‍ പ്രഫഷണല്‍വല്‍ക്കരിക്കപ്പെട്ടതും ഓണ്‍ലൈന്‍ ഓണ്‍ലി ബിസിനസ് മോഡിലേക്ക് നിരവധി പേര്‍ മാറിയതുമെല്ലാം കോവിഡിന് ശേഷം സംഭവിച്ച പ്രധാന ട്രെന്‍ഡാണ്. ഈ സാധ്യതയാണ് മെറ്റ മുതലെടുക്കുന്നതും. ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് എന്നത് സൗഹൃദം ശക്തിപ്പെടുത്താനും കണക്റ്റഡ് ആയിരിക്കാനും ഫണ്‍ വിഡിയോകള്‍ കാണാനുമെല്ലാമുള്ള പ്ലാറ്റ്‌ഫോമാണ്.

ഒരു ഇടത്തരം സംരംഭകനെ സംബന്ധിച്ചിടത്തോളം തന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരസ്യം ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. ചില സ്മാര്‍ട്ട് സംരംഭകര്‍ ഫേസ്ബുക്ക് അടിസ്ഥാനപ്പെടുത്തി മാത്രം വെര്‍ച്ച്വല്‍ ബിസിനസ് തന്നെ തുടങ്ങും. ഒരു ഓഫീസ് പോലുമുണ്ടാകില്ല. ന്യൂജെന്‍ പിള്ളേര്‍ക്ക് ഇപ്പൊ ഫേസ്ബുക്ക് അത്ര താല്‍പ്പര്യമില്ലെങ്കിലും സഹോദരനായ ഇന്‍സ്റ്റയില്‍ കിടന്നാണ് അവരുടെ അര്‍മാദം. അതിന്റെയും ഗുണഭോക്താവ് ഫേസ്ബുക്ക് അല്ലെങ്കില്‍ മെറ്റ തന്നെ. ഇങ്ങനെ ഏത് വിഭാഗത്തിലുള്ളവരെ സംബന്ധിച്ചും മെറ്റ എന്നത് അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കുതിക്കുന്ന പരസ്യവരുമാനം

നേരത്തെ പറഞ്ഞ ഇന്ത്യയിലെ ഡിജിറ്റല്‍ ബിസിനസുകളെല്ലാം തന്നെ തങ്ങളുടെ പ്രധാന പരസ്യ വാഹനമായി കാണുന്നത് ഫേസ്ബുക്കിനെയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഫേസ്ബുക്കിന്റെ പരസ്യവരുമാനം 9,326 കോടി രൂപയാണ്. രണ്ട് വര്‍ഷം മുമ്പ് ഇത് കേവലം 2,254 കോടി രൂപ മാത്രമായിരുന്നു. അതായത് ഇക്കാലയളവിനുള്ളില്‍ ഉണ്ടായ വളര്‍ച്ച 314 ശതമാനം.

2021ല്‍ മാത്രം ഇന്ത്യയില്‍ 45 യൂണികോണുകളാണ് പിറവികൊണ്ടത്. അതിവേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍. ഈ സംരംഭങ്ങളിലേക്കെല്ലാം സ്വകാര്യ, വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപത്തിന്റെ ഒഴുക്കാണ്. ഇവരെല്ലാം തങ്ങളുടെ പ്രധാന പരസ്യ പ്ലാറ്റ്‌ഫോമായി ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയുമെല്ലാമാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ കൂടുതല്‍ സംരംഭങ്ങള്‍ പിറവിയെടുക്കുന്നതിനെ ആവേശത്തോടെയാണ് മെറ്റ നോക്കിക്കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ പറഞ്ഞത് ഇങ്ങനെ. ”പല തലങ്ങളില്‍, പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവന വിഭാഗങ്ങളുടെയുമെല്ലാം പിറവി സംഭവിക്കുന്നത് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ്. ബിസിനസുകളുമായുള്ള ഇടപാടുകള്‍ വലിയ തോതില്‍ വാട്‌സാപ്പിലും നടക്കുന്നു. തങ്ങളുടെ ബിസിനസ് വളര്‍ത്തിക്കൊണ്ടുവരുന്നതിനായി മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളെയും ഈ മൂന്ന് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”
അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. മെറ്റാ പ്ലാറ്റ്‌ഫോമുകളിലൂടെ ബിസിനസ് വളര്‍ത്താനുള്ള അവസരം ഒരുക്കുക. സകല ഇടപാടുകള്‍ക്കുമുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യദാതാവ് ആകുന്നതിനോടൊപ്പം തന്നെ പണമിടപാട് പോലുള്ള രംഗങ്ങളിലേക്കും പ്രവേശിക്കുക. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം കേന്ദ്രീകൃതമായി ബിസിനസ് കമ്യൂണിറ്റികള്‍ രൂപം കൊള്ളുക. സംഭവം ക്ലിക്കായാല്‍ ഒരിക്കലും തളര്‍ച്ച നേരിടാത്ത വളര്‍ച്ചയുടെ മാത്രം കാലത്തേക്കാകും ഇന്ത്യയില്‍ ഫേസ്ബുക്ക് നടന്ന് കയറുക.

പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങള്‍ക്കും ടെലിവിഷനുകള്‍ക്കും ഉപരിയായി ഡിജിറ്റല്‍ മാധ്യമങ്ങളെ പരസ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന പ്രവണത അതിശക്തമായി വരികയാണ് ഇപ്പോള്‍. ഫിക്കിയും ഇവൈയും ചേര്‍ന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് 2021ല്‍ 23,400 കോടി രൂപയിലേക്ക് എത്തുമെന്നാണ്, 27,000 കോടി രൂപയിലേക്ക് എത്തുമെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളും പറയുന്നു. ഇതിന്റെ നല്ലൊരു ശതമാനവും ലഭിക്കുന്നത് മെറ്റയ്ക്കും ഗൂഗിള്‍ ഇന്ത്യക്കുമാണ്.

ജനങ്ങള്‍ ഓണ്‍ലൈന്‍ ആകുക മാത്രമല്ല, ഓണ്‍ലൈനായി ബിസിനസുകളുമായി ഇടപഴകാനും ഇടപാട് നടത്താനും തുടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. കണ്‍സ്യൂമര്‍ അവയര്‍നെസ്, കണ്‍സ്യൂമര്‍ അക്വിസിഷന്‍, കണ്‍സ്യൂമര്‍ റീ-എന്‍ഗേജ്‌മെന്റ്, അപ്‌സെല്‍, ക്രോസ് സെല്‍, സിആര്‍എം തുടങ്ങി ഒരു ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങി എല്ലാം മെറ്റയിലൂടെ സാധ്യമാകുന്നു എന്നതാണ് ശ്രദ്ധേയം.

തരംഗമായ ഹ്രസ്വ വിഡിയോകള്‍

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കാണ് ഹ്രസ്വ വിഡിയോകളെ ഇന്ത്യയില്‍ ജനകീയമാക്കിയത്. എന്നാല്‍ ദേശ സുരക്ഷയുടെ ഭാഗമായി ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ കോളടിച്ചത് ഇന്‍സ്റ്റഗ്രാം റീല്‍സിനാണ്. കണ്ടന്റ് ക്രിയേറ്റര്‍മാരും ഇന്‍ഫ്‌ളുവന്‍സേഴ്‌സുമെല്ലാം ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത് ഹ്രസ്വ വിഡിയോകള്‍ക്കാണ്. ഇന്ത്യയില്‍ പ്രതിദിനം ആറ് ദശലക്ഷം റീല്‍സ് നിര്‍മിക്കപ്പെടുന്നുണ്ടെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഇത് കമ്പനികളുടെ പരസ്യങ്ങള്‍ എംബഡ് ചെയ്യാനുള്ള മാര്‍ഗമായും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നു.

യൂട്യൂബില്‍ ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ നേരിട്ട് പണം നല്‍കുന്ന രീതിയാണെങ്കില്‍ മെറ്റയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പരസ്യദാതാക്കള്‍ തന്നെ നേരിട്ട് പണം നല്‍കുന്നു. മറ്റ് മെറ്റ മോഡലുകളില്‍ ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്ത വിഡിയോകളും ക്രിയേറ്റര്‍മാര്‍ നിര്‍മിക്കുന്നു. അത് ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ക്രിയേറ്റര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള സംവിധാവുമുണ്ട്. ബോണ്‍ ഓണ്‍ ഇന്‍സ്റ്റഗ്രാം, 25 അണ്ടര്‍ 25 ഇന്‍സ്റ്റഗ്രാമേഴ്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ കാംപെയ്‌നുകളും മെറ്റ ഇന്ത്യയില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഗുരുഗ്രാമില്‍ തുടങ്ങിയ പുതിയ ഓഫീസില്‍ 2,50,000 ക്രിയേറ്റര്‍മാര്‍ക്കും 10 ദശലക്ഷം ബിസിനസുകള്‍ക്കും മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ രീതികളില്‍ പരിശീലനം നല്‍കാനുള്ള ശ്രമത്തിലുമാണ് മെറ്റ.

വാട്‌സാപ്പ് എവിടെ നില്‍ക്കുന്നു?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമം വാട്‌സാപ്പാണ്, 530 മില്യണ്‍ പേര്‍ അതുപയോഗിക്കുന്നു. ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കി ഏറ്റെടുത്ത ആപ്ലിക്കേഷനും അത് തന്നെ. 2014ലാണ് ജാന്‍ കൗം, ബ്രയാന്‍ ആക്റ്റണ്‍ എന്നീ സംരംഭകരില്‍ നിന്ന് 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാട്‌സാപ്പിനെ ഏറ്റെടുത്തത്. എന്നാല്‍ ഇന്‍സ്റ്റയും ഫേസ്ബുക്കുമെല്ലാം മെറ്റയുടെ വരുമാനത്തില്‍ ഇപ്പോള്‍ കൃത്യമായ പങ്കുവഹിക്കുന്നുണ്ടെങ്കിലും വാട്‌സാപ്പ് എന്ന ‘മൂല്യ’-മേറിയ അസറ്റിന് ഇതുവരെ അതിന് സാധിച്ചിട്ടില്ല.

വാട്‌സാപ്പിനെ ഒരു എന്‍ഗേജ്‌മെന്റ് ടൂളായാണ് ഇപ്പോള്‍ മെറ്റ കാണുന്നത്. ഗൂഗിളിന് 200ലധികം ഉല്‍പ്പന്നങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും വരുമാനം കൊണ്ടുവരുന്നത് ഗൂഗിള്‍ സേര്‍ച്ചും യൂട്യൂബുമാണ്. മറ്റ് പ്രൊഡക്റ്റുകളിലൂടെ യൂസര്‍ ഡാറ്റ ശേഖരിക്കുകയാണ് ഗൂഗിള്‍. സമാനമായ രീതി മെറ്റയും അവലംബിക്കുന്നു എന്ന് വേണം കരുതാന്‍. വാട്‌സാപ്പ് നേരിട്ട് പണമുണ്ടാക്കിയില്ലെങ്കില്‍ കൂടി ഉപയോക്തൃ ശൃംഖല വിപലുപ്പെടുത്തിയാല്‍ മതി. അതേസമയം ചില വലിയ ബിസിനസ് കമ്പനികള്‍ വാട്‌സാപ്പിന്റെ പ്രീമിയം ഫീച്ചറായ വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുമുണ്ട്. എയര്‍ലൈനുകളും, ഇ-കൊമേഴ്‌സ് കമ്പനികളും ബാങ്കുകളുമെല്ലാം കസ്റ്റമര്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇതുപയോഗപ്പെടുത്തുന്നു.

വാട്‌സാപ്പ് പേമെന്റ് സേവനം മെറ്റ അവതരിപ്പിച്ചെങ്കിലും നിലവില്‍ വിപണിയിലുള്ള ജനകീയ ഡിജിറ്റല്‍ പണമിടപാട് ആപ്പുകളോടൊപ്പമെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഫ്‌ളിപ്കാര്‍ട്ടിന്റെ പേമെന്റ് ആപ്പായ ഫോണ്‍പേയിലൂടെ നടന്നത് 3.94 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാടുകളാണ്. രണ്ടാം സ്ഥാനത്താണ് ഗുഗിള്‍ പേ, 3.03 ലക്ഷം കോടി രൂപയുടേതാണ് ഇടപാടുകള്‍. എന്നാല്‍ വാട്‌സാപ്പിലൂടെ നടന്നതാകട്ടെ കേവലം 188 കോടി രൂപയുടെ ഇടപാടുകള്‍ മാത്രമാണ്.

മെറ്റയുടെ വെല്ലുവിളികള്‍

പരസ്യരംഗത്ത് പരമ്പരാഗത മാധ്യമങ്ങള്‍ മെറ്റയ്ക്ക് അത്ര വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും ഗൂഗിളും ഒടിടി പ്ലാറ്റ്‌ഫോമുകളും തലവേദന ആയേക്കും. നിലവില്‍ ഡിജിറ്റല്‍ പരസ്യരംഗത്തെ അതികായന്‍ ഗൂഗിളാണ്, 2021ല്‍ 21.36 ശതമാനം വളര്‍ച്ചയാണ് ഇവര്‍ കൈവരിച്ചത്. വിഡിയോകളെ കൂടുതല്‍ ആശ്രയിക്കാനുള്ള മെറ്റയുടെ തീരുമാനം യൂട്യൂബുമായുള്ള മല്‍സരം കടുപ്പിക്കും. ഈ വിപണിയിലേക്ക് തന്നെയാണ് 40ഓളം വരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളും മല്‍സരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ പരസ്യ വരുമാനത്തെ ആശ്രയിക്കുന്നുണ്ട്.

വരിക്കാരുടെ എണ്ണം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ പരസ്യ വരുമാനം 1,000 കോടി രൂപയോളമായി. ഇതിന് പുറമെ, വ്യാജ വാര്‍ത്തകള്‍, തെറ്റായവിവരങ്ങളുടെ വ്യാപനം, വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ച തുടങ്ങിയ കാര്യങ്ങളും മെറ്റയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *