
‘ബുലന്ദ് ഭാരത് കീ ബുലന്ദ് തസ്വീര്‍…’ എന്നാണ് ഹമാരാ ബജാജ് എന്ന പ്രശസ്തമായ ടെലിവിഷന്‍ പരസ്യചിത്രത്തിലെ വരികള്‍. ഉന്നതമായ ഭാരതത്തിന്റെ മഹോന്നത ചിത്രമെന്ന് അര്‍ത്ഥം. ആഗോളവല്‍ക്കരണത്തിനു മുന്നില്‍ ഇന്ത്യ വാതില്‍ തുറന്നിടുന്നതിന് തൊട്ടുമുന്‍പ്, 1989 ലാണ് ബജാജ് വാഹന വിഭാഗത്തിന്റെ ഈ പരസ്യം ദൂരദര്‍ശനിലൂടെ രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെട്ടത്. ആഗോളവല്‍ക്കരണം അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുമെന്നും അതിനുമുന്‍പ്, വിദേശികള്‍ ആരൊക്കെ വന്നാലും നമ്മുടെ സ്വന്തം സ്വദേശി ബ്രാന്‍ഡായ ബജാജിനെ മറക്കല്ലേയെന്നുള്ള ഓര്‍മപ്പെടുത്തലായിരുന്നു പരസ്യം. തൊണ്ണൂറുകള്‍ക്ക് ശേഷം ഈ സ്വദേശി പ്രതിച്ഛായയും കൈയിലെടുത്താണ് ബജാജ് ഓട്ടോ വിദേശി ഇരുചക്ര ബ്രാന്‍ഡുകളോട് പൊരുതിനിന്നത്.

ബജാജെന്ന് കേള്‍ക്കുമ്പോള്‍ വാഹന വിഭാഗമായ ബജാജ് ഓട്ടോ ആണ് ആദ്യം മനസില്‍ വരികയെങ്കിലും എണ്ണം പറഞ്ഞ 34 സംരംഭങ്ങളുടെ മാതൃസ്ഥാപനമാണത്. സ്വദേശി പ്രതിച്ഛായ ബജാജിന് ആഗോളവല്‍ക്കരണ കാലത്ത് കൈവന്നതുമല്ല. ഒരു നൂറ്റാണ്ട് പിന്നോട്ടു സഞ്ചരിച്ചാല്‍ ബജാജ് സ്ഥാപകന്‍ ജംനാലാല്‍ കനിറാം ബജാജിനെ സ്വാതന്ത്ര്യ സമര ഭൂമികയില്‍ നമുക്ക് കാണാനാവും. മഹാത്മാ ഗാന്ധിയുടെ ഉത്തമ അനുയായി. തന്റെ അഞ്ചാമത്തെ പുത്രനെന്ന പദവി കൊടുത്ത് ഗാന്ധി സ്നേഹിച്ചിരുന്നയാള്‍. ഗാന്ധിജിയുടെ താല്‍പ്പര്യ പ്രകാരമാണ് 1931 ല്‍ ബജാജ് ഗ്രൂപ്പിന്റെ പതാകാവാഹക കമ്പനിയായ ഹിന്ദുസ്ഥാന്‍ ഷുഗര്‍ മില്‍സ് (1988 ല്‍ ഇത് ബജാജ് ഹിന്ദുസ്ഥാന്‍ ലിമിറ്റഡായി മാറി) ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ജംനാലാല്‍ ബജാജ് സ്ഥാപിച്ചത്. 2007 എത്തിയപ്പോള്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ലോകത്തെ നാലാം സ്ഥാനവും കമ്പനി നേടിയെടുത്തു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ രംഗത്തെ വമ്പന്‍ കമ്പനിയായ മുകുന്ദ് ലിമിറ്റഡ്, ഇലക്ട്രിക്കല്‍ രംഗത്തെ വമ്പന്‍മാരായ ബജാജ് ഇലക്ട്രിക്കല്‍സ്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ബച്രാജ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഹിന്ദ് മുസാഫിര്‍ ഏജന്‍സി ലിമിറ്റഡ്, ബജാജ് വെഞ്ച്വേഴ്സ് തുടങ്ങി എണ്ണം പറഞ്ഞ 34 കമ്പനികളുടെ ആകെ ആസ്തി 15 ബില്യണ്‍ ഡോളര്‍ വരും. 375 കോടി ഡോളര്‍ വിറ്റുവരവുണ്ട് ബജാജ് ഗ്രൂപ്പിന്.

ബ്രിട്ടീഷുകാരുടെ ഇഷ്ടക്കാരന്‍
ബജാജ് സാമ്രാജ്യം സ്ഥാപിച്ച ജംനാലാല്‍, രാജസ്ഥാനിലെ സിക്കറിന് സമീപം കാശി കാ ബസ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്, 1889 നവംബര്‍ നാലിന്. സാധാരണക്കാരായ കനിറാമിന്റെയും ബിര്‍ദിബായിയുടെയും മൂന്നാമത്തെ പുത്രന്‍. മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ താമസിച്ചിരുന്ന ബന്ധുവും വ്യവസായിയുമായ സേഠ് ബച്രാജ് (ബജാജ്) സദീബായി ദമ്പതികള്‍ ജംനാലാലിനെ പേരക്കുട്ടിയായി ദത്തെടുത്തു. ബ്രിട്ടീഷുകാരുടെ ഗുഡ്ബുക്കില്‍ ഇടം പിടിച്ച വ്യവസായിയായിരുന്നു സേഠ് ബച്രാജ്.
ജംനാലാലും കുടുംബ ബിസിനസിലേക്ക് സജീവമായി. ബിസിനസിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. സേഠ് ബച്രാജിന്റെ മരണത്തോടെ ബിസിനസെല്ലാം ഏറ്റെടുത്തു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യന്‍ വ്യവസായികളെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്താന്‍ ബ്രിട്ടണ്‍ ശ്രദ്ധിച്ചു. ജംനാലാലിന് ഒരു ഓണററി മജിസ്ട്രേറ്റ് പദവി തരപ്പെട്ടു. യുദ്ധഫണ്ടിലേക്ക് സംഭാവന കൂടി നല്‍കിയപ്പോള്‍ റായ് ബഹാദൂര്‍ എന്ന പദവിയും നല്‍കി ആദരിച്ചു.

ഗാന്ധിയുടെ സ്വന്തം
എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെയെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സാരഥ്യം ഏറ്റെടുത്ത മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും ഇന്ത്യയാകെ വീശിയടിച്ച സ്വദേശി വികാരവും അധികകാലം മനസില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ജംനാലാലിന് സാധിച്ചില്ല. സബര്‍മതി ആശ്രമവുമായി അടുത്ത അദ്ദേഹം ഭാര്യയെയും കുട്ടികളെയും ആശ്രമത്തിലെത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി. 1921 ലെ നിസഹകരണ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ സമ്മാനിച്ച പദവികളെല്ലാം ജംനാലാല്‍ ഉപേക്ഷിച്ചു. 1923 ല്‍ നാഗ്പുരില്‍ ബ്രിട്ടീഷ് നിരോധനാജ്ഞ ലംഘിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ രണപതാക ഉയര്‍ത്തുന്നതിനും നേതൃത്വം നല്‍കി. വൈകാതെ അറസ്റ്റിലുമായി.
മധുരത്തില്‍ തുടക്കം
ഗാന്ധിയുടെ പ്രേരണയ്ക്ക് വഴങ്ങി ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങി ജംനാലാല്‍ ബജാജ്. 1926ല്‍ സ്വന്തമായി ആദ്യത്തെ സംരംഭം സ്ഥാപിച്ചു. 1931 ല്‍ ഈ കമ്പനിയുടെ കീഴിലാണ് ലഖിംപൂര്‍ ഖേരിയിലെ പഞ്ചസാര ഫാക്റ്ററി (ഹിന്ദുസ്ഥാന്‍ ഷുഗര്‍ മില്‍സ്) സ്ഥാപിക്കപ്പെട്ടത്. ക്രമേണ ബിസിനസ് വളര്‍ന്നു. ഇന്ത്യയിലെ പഞ്ചസാര വ്യവസായത്തിന്റെ ഗതി നിര്‍ണയിച്ചതു തന്നെ ഈ സംരംഭമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുന്നതിനൊപ്പം അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്കും ജംനാലാല്‍ നേതൃത്വം നല്‍കി. ഹിന്ദി ഭാഷയുടെയും ഖാദിയുടെയും ഗ്രാമീണ സംരംഭകത്വത്തിന്റെയും പ്രോല്‍സാഹനത്തിന് അഹോരാത്രം പ്രയത്നിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സ്ഥാപിച്ചു.

നേതാജിക്കൊപ്പം
ബിസിനസ് രാഷ്ട്ര നന്‍മയ്ക്കു വേണ്ടിയാവണമെന്ന കാഴ്ചപ്പാട് തന്റെ സംരംഭത്തിലുടനീളം കൊണ്ടുവരാന്‍ ജംനാലാല്‍ ശ്രദ്ധ പുലര്‍ത്തി. മൂല്യങ്ങള്‍ക്കും ശരികള്‍ക്കുമാണ് അദ്ദേഹം വില നല്‍കിയത്. ഈ ഉദ്യമത്തില്‍ ഗുരുനാഥനായ, പിതൃസമാനനായ ഗാന്ധിജിയെ തള്ളിപ്പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. 1938 ല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് എഐസിസി പ്രസിഡന്റായി. ഗാന്ധിജിയുടെ പിന്തുണയുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗം സുഭാഷിനോട് നിസഹകരിച്ചപ്പോള്‍ അതിനെ തുറന്നെതിര്‍ക്കാനും ബോസിന് അവസരം നല്‍കാനും ശക്തമായി വാദിക്കുന്ന ജംനാലാലിനെ ഭാരതം കണ്ടു.
ജവഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധം ബജാജ് കാത്തുസൂക്ഷിച്ചു. 1938 ല്‍ ജംനാലാലിന്റെ മൂത്ത മകന്‍ കമല്‍നയന് പുത്രന്‍ ജനിച്ചപ്പോള്‍ രാഹുല്‍ എന്ന് പേരിട്ടത് നെഹ്റുവാണ്. 1942 ല്‍ ജംനാലാല്‍ വിടവാങ്ങിയതോടെ കേംബ്രിഡ്ജ് വിദ്യാഭ്യാസവും കഴിഞ്ഞെത്തിയ കമല്‍ നയന്‍ ബിസിനസിന്റെ തലപ്പത്തെത്തി. ബജാജ് ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരണത്തിന് ചുക്കാന്‍ പിടിച്ചത് കമല്‍നയനാണ്.

ഇന്ദിരയെ പിണക്കി
1945 നവംബര്‍ 29 ന് ബച്രാജ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായി. 1948 ല്‍ ഇറക്കുമതി ചെയ്ത സ്‌കൂട്ടറുകളും മുച്ചക്ര വാഹനങ്ങളും ഇന്ത്യയില്‍ വില്‍ക്കാനാരംഭിച്ചു. 1959 ലാണ് സ്വന്തമായി ഇന്ത്യയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം ബജാജ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. 1970 ആയപ്പോഴേക്കും ഒരു ലക്ഷം വാഹനങ്ങള്‍ കമ്പനി പുറത്തിറക്കി.
പിതാവിനെപ്പോലെ ബിസിനസിനൊപ്പം രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോയ കമല്‍നയന്‍ 1957 മുതല്‍ 1971 വരെ മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ ലോക്സഭാംഗമായിരുന്നു. എന്നാല്‍ പിതാവിനെപ്പോലെ തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ കളത്തില്‍ ഒതുങ്ങുന്ന വ്യക്തിയായിരുന്നില്ല കമല്‍ നയന്‍. ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളെ കമല്‍ നയന്‍ തുറന്നെതിര്‍ത്തു. 1969 ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ മൊറാര്‍ജി ദേശായിയോടൊപ്പം നിലകൊണ്ടു.

രാഹുല്‍ യുഗം, ചേതക്കിന്റെയും
1975 ലാണ് കമല്‍ നയന്റെ മൂത്ത മകനായ രാഹുല്‍ ബജാജ് കമ്പനിയുടെ നായകസ്ഥാനം ഏറ്റെടുത്തത്. 1968 ല്‍ 30-ാം വയസ്സിലാണ് അദ്ദേഹം ബജാജ് ഓട്ടോയുടെ തലവനായത്. ഇറ്റലിയില്‍ നിന്നുള്ള വെസ്പ സ്‌കൂട്ടറുകള്‍ അസംബിള്‍ ചെയ്ത് വില്‍ക്കുകയായിരുന്നു തുടക്കത്തില്‍ ചെയ്തത്. 1972ല്‍ പിതാവ് കമല്‍ നയന്‍ അന്തരിച്ചു. രാഷ്ട്രീയമായി വലിയ തിരിച്ചടികള്‍ പിന്നീട് ബജാജ് കുടുംബം നേരിടേണ്ടി വന്നു. 1976 ല്‍ ബജാജിന്റെ 114 ഓഫീസുകളില്‍ 1,100 ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് ഇന്ത്യ കണ്ട ഏറ്റവും വലിയ റെയ്ഡുകളിലൊന്നായിരുന്നു.

ഇക്കാലത്ത് തന്നെ സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനത്തിന് മേലും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഒരു വര്‍ഷം 20,000 സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ മാത്രമായിരുന്നു അനുമതി. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 10 വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥ. ഈ പ്രതിസന്ധികളിലൂടെയെല്ലാം കമ്പനിയെ രാഹുല്‍ മുന്നോട്ടു നയിച്ചു. ചേതക് എന്ന സ്‌കൂട്ടറിലൂടെ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ബജാജ് പിടിച്ചടക്കുന്നതിന് പിന്നീടുള്ള ദശകങ്ങള്‍ സാക്ഷ്യം വഹിച്ചു. വിദേശ രാജ്യങ്ങളിലേക്ക് സ്‌കൂട്ടറുകളുടെ കയറ്റുമതി വര്‍ദ്ധിപ്പിച്ച് വരുമാനം കണ്ടെത്തി. ലോകത്തെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന കയറ്റുമതി കമ്പനി എന്ന പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബജാജിന്റെ പരസ്യം നിറഞ്ഞു.

ആഗോളവല്‍ക്കരണം അവസരമാക്കി
1990 ലെ ആഗോളവല്‍ക്കരണം വലിയ വെല്ലുവിളിയാണ് ബജാജിനു മുന്നില്‍ സൃഷ്ടിച്ചത്. എന്നാല്‍ ആഗോളവല്‍ക്കരണത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ബജാജ് ചെയ്തത്. മോട്ടോര്‍ സൈക്കിളുകളുടെ തള്ളിക്കയറ്റത്തെ കാവസാക്കിയുമായി കൈകോര്‍ത്ത് ബജാജ് നേരിട്ടു. കാവസാക്കിയുമായി ചേര്‍ന്ന് നിര്‍മിച്ച കാലിബര്‍115, പ്രശസ്തമായ ഹൂഡിബാബ പരസ്യങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിച്ചു. ഡിസ്‌കവറും പള്‍സറുമെല്ലാം ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായി.

2005 ല്‍ മകന്‍ രാജീവിനെ ബജാജ് ഓട്ടോയുടെയും സഞ്ജയിനെ ഫിനാന്‍ഷ്യല്‍ സര്‍വീസുകളുടെയും സാരഥ്യമേല്‍പ്പിച്ച് രാഹുല്‍ പിന്‍വാങ്ങുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള വ്യവസായ കുടുംബങ്ങളിലൊന്നായി ബജാജ് വളര്‍ന്നു കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പാരമ്പര്യം തെറ്റിക്കാതെ തൊട്ടടുത്ത വര്‍ഷം എന്‍സിപി പിന്തുണയോടെ രാഹുല്‍ ബജാജ് രാജ്യസഭയിലെത്തി. 83 ാം വയസ്സില്‍ രാഹുല്‍ വിടവാങ്ങുമ്പോള്‍ ബജാജ് എന്ന ബ്രാന്‍ഡ് കരുത്തോടെ കുതിക്കുകയാണ്. ‘നേഷന്‍ ഫസ്റ്റ്’ എന്ന ആദര്‍ശം മുറുകെപ്പിടിച്ചു തന്നെ.