എന്റെ കുട്ടിക്കാലത്ത് മീനച്ചില്‍ താലൂക്കിലെ പാലായില്‍ നിന്ന് ഒരു കിഴക്കിന്റെ ചേട്ടന്, എം ഒ ദേവസ്യ-കൊച്ചേട്ടന്, കേരളത്തിന്റെ വെനീസ് ആയ മലഞ്ചരക്ക് വ്യവസായങ്ങളുടെ പട്ടണത്തില്‍ (ആലപ്പുഴ) കറുത്ത പൊന്ന് (കുരുമുളക്) വ്യാപാരം ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ ഒരു വലിയ ബ്രാന്‍ഡിന്റെ ഉടമയായി – എംഒഡി. ആ മറ്റത്തില്‍ കുടുംബത്തിലേക്ക് ബോട്ട് നിര്‍മ്മിക്കുന്ന പ്രഗത്ഭനായ ഒരു ശില്പിയുടെ (വറുത്കുട്ടി) കൊച്ചുമകള്‍, പൊന്നും പട്ടുമായി ചേക്കേറി. അക്ഷരം പഠിച്ചുകൊണ്ടിരുന്ന ക്ലാസ്സ് മുതല്‍ എനിക്കറിയാവുന്ന ആഷമ്മ ഇന്ന് കറുത്ത പൊന്നിനെ തങ്കത്തില്‍ നവരത്നങ്ങള്‍ ചാര്‍ത്തിയ കണ്ണഞ്ചിപ്പിക്കുന്ന ആഭരണ കൂട്ടാക്കി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി എംഒഡിയെ. തികച്ചും ആകസ്മികമായിട്ടായിരുന്നു ആ കടയില്‍ ഞാന്‍ ഇന്നലെ ചെന്ന് പെട്ടത്. അവിടെ കണ്ട ഓരോ ഡിസൈനുകളിലും ഇണക്കി ചേര്‍ത്തിട്ടുള്ള കരകൗശലതയുടെ മുമ്പില്‍ ഞാന്‍ അത്ഭുതപ്പെട്ടു നിന്നു പോയി. പാലാ പോലത്തെ ഒരു കൊച്ചു പ്രദേശത്തു നിന്ന് ആഷ ഇത് എങ്ങനെ സാധ്യമാക്കി?!”

പ്രശസ്ത സംവിധായകന് ഭദ്രന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഈ വാക്കുകള്‍ എംഒഡി സിഗ്നേച്ചര്‍ ജൂവല്‍റി എന്ന ബ്രാന്‍ഡ് എത്തിപ്പിടിച്ച ഉയരങ്ങളെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നവയാണ്. മറ്റത്തില്‍ കുടുംബത്തിലേക്ക് മരുമകളായി കയറിവന്ന ആഷ സെബാസ്റ്റ്യന്‍ മറ്റത്തിലും മകന് അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തിലും ചേര്‍ന്ന് കേരളത്തിലെ ജൂവല്‍റി ഇന്‍ഡസ്ട്രിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. ബുട്ടീക് ജൂവല്‍റി എന്ന കണ്സപ്റ്റിനെ കേരളത്തിന് പരിചയപ്പെടുത്തിയ ബ്രാന്‍ഡിന്റെ അനുപമമായ ഡിസൈനുകള്‍ക്ക് മുന്നില്‍, അത് വിഭാവനം ചെയ്ത ഭാവനയ്ക്ക് മുന്നില്‍, അതി സൂക്ഷ്മതയോടെ അവ രൂപപ്പെടുത്തിയ കരവിരുതിന് മുന്നില്‍ നമ്മളും അല്‍ഭുതപ്പെട്ടു നിന്നുപോകും! അന്താരാഷ്ട്ര രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ മുതല്‍ മീനാകാരി ജൂവല്‍റി പോലെ പരമ്പരാഗത ഇന്ത്യന്‍ ഡിസൈനുകളുമെല്ലാമടങ്ങുന്ന നൂതനമായ ആഭരണ ശ്രേണിയാണ് എംഒഡി സിഗ്നേച്ചറിനെ വ്യത്യസ്തമാക്കുന്നത്.
വധു തന്നെ ഡിസൈനര്‍
1983 ല്‍ സ്വന്തം വിവാഹത്തിന് അണിയാന്‍ ആഭരണങ്ങള്‍ തിരഞ്ഞ ആഷ സെബാസ്റ്റ്യന്‍ നിരാശയായിരുന്നു ഫലം. മനസിനെ തൃപ്തിപ്പെടുത്തുന്ന ഡിസൈനുകളൊന്നും ലഭ്യമല്ല. ഒടുവില്‍ വധു തന്നെ ആഭരണ ഡിസൈനുകള്‍ ഒരുക്കി. അഴകു നിറഞ്ഞ ആ ആഭരണങ്ങള്‍ ധരിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം മറ്റത്തില്‍ കുടുംബത്തിന് പാലായില്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന ആഭരണക്കടയിലേക്ക് ആഷ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങി. വ്യത്യസ്തമാര്‍ന്ന ഈ ഡിസൈനുകള്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.
മകന് അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തില്‍ പഠനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ കാലത്താണ് അടുത്ത വഴിത്തിരിവുണ്ടായത്. അമ്മയുടെ ഡിസൈന്‍ മികവിനെയും അനുഭവ പരിചയത്തെയും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ അക്ഷയ് ആലോചിച്ചു. ”പരമ്പരാഗതമായി തന്നെ ഗോള്‍ഡ് ബിസിനസ് ചെയ്യുന്ന ഫാമിലിയാണ് ഞങ്ങളുടേത്. വ്യത്യസ്തമായും ഇന്നൊവേറ്റീവായും എന്ത് ചെയ്യാമെന്ന് ആലോചിച്ചു. 2010 ല്‍ വളരെ ലളിതമായി എംഒഡി സിഗ്നേച്ചര്‍ ജൂവല്‍റി ആരംഭിച്ചു. ബുട്ടീക് ജൂവല്‍റി എന്ന കണ്‍സപ്റ്റിനെക്കുറിച്ച് കേരളം അന്ന് കേട്ടിട്ടില്ല,” അക്ഷയ് പറയുന്നു.

കൊച്ചിയിലേക്ക് എംഒഡി സിഗ്നേച്ചര്‍
”ജൂവല്‍റി ബിസിനസില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നതിനാല്‍ മറ്റത്തില്‍ ഔസേപ്പ് ദേവസ്യ- എംഒഡി എന്ന കുടുംബപ്പേര് പുതിയ സംരംഭത്തില്‍ ആവശ്യമായിരുന്നു. അതിനൊപ്പം സിഗ്നേച്ചര്‍ കൂടി ചേര്‍ന്നു. വന്‍തോതില്‍ ഉല്പ്പാദിപ്പിക്കുന്നവയല്ല, സ്വന്തം ഐഡന്റിറ്റി നല്കുന്ന രീതിയില്‍ സൂക്ഷ്മമായ ശ്രദ്ധ നല്കി നിര്‍മിക്കുന്നവയാണ് ഞങ്ങളുടെ ഓരോ ആഭരണങ്ങളും. ജൂവല്‍റി ഡിസൈന്‍ ചെയ്യുന്നയാളിന്റെ, നിര്മിക്കുന്നയാളുകളുടെ ‘സിഗ്നേച്ചര്‍ ടച്ച്’ അതിലുണ്ടാവും. വിശ്വാസ്യത, ബിലോംഗിംഗ് എല്ലാം ആ പേരില്‍ വ്യക്തമാകുന്നുണ്ട്,” അക്ഷയ് വ്യക്തമാക്കുന്നു.
പ്രൊഡക്ഷനിലടക്കം ടെക്നോളജിയെ കൂടുതലായി ഉപയോഗപ്പെടുത്തി വരുന്നുണ്ട് ഇപ്പോള്‍ എംഒഡി സിഗ്നേച്ചര്‍. ഗ്ലോബല്‍ ബ്രാന്‍ഡിലേക്കുള്ള വളര്‍ച്ചയില്‍ ടെക്നോളജിയുടെ നിര്‍ണായകമായ സ്ഥാനം തിരിച്ചറിഞ്ഞാണിത്. ജൂവല്‍റി വാങ്ങാന്‍ ലോകമെങ്ങും നിന്ന് ആളുകളെ കൊച്ചിയിലേക്ക് എത്തിക്കുകയെന്ന സ്വപ്നം സമീപകാലത്തു തന്നെ യാഥാര്ത്ഥ്യമാക്കാനാവുമെന്ന ആത്മവിശ്വാസവുമായി മുന്നോട്ടാണ് എംഒഡി സിഗ്നേച്ചറിന്റെ യാത്ര.