കമ്പനിയുടെ മാര്‍ക്കറ്റ് കാപ് അഥവാ വിപണി മൂല്യം അനുസരിച്ചാണ് ഇക്വിറ്റി സ്‌കീമുകളെ തരം തിരിക്കുന്നത്. ഏതു ദിവസമാണോ നമ്മള്‍ കമ്പനിയുടെ വിവരശേഖരണം നടത്തുന്നത് അന്നത്തെ ദിവസം മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്ത ആ കമ്പനിയുടെ ഷെയറിന്റെ എണ്ണവും വിപണി വിലയും ഗുണിച്ച് കിട്ടുന്നതാണ് മാര്‍ക്കറ്റ് കാപ്. ഓരോ ദിവസവും ട്രേഡ് ചെയ്യുന്ന ഷെയറുകളുടെ ആകെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ആ കമ്പനി ഏത് കാപ്പില്‍ വരുന്നെന്ന് കണക്കാക്കുന്നത്. ഏറ്റവുമധികം എണ്ണം ട്രേഡ് ചെയ്യപ്പെടുന്നതും ഏറ്റവും ഉയര്‍ന്ന വിലയില്‍ ട്രേഡ് ചെയ്യപ്പെടുന്നതുമായ ഷെയറുകളായിരിക്കും മുന്‍ പന്തിയില്‍ വരുന്നത്.
വിപണിയില്‍ ലിസ്റ്റ് ചെയ്ത് ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികള്‍ അവയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയാല്‍ ആദ്യം വരുന്ന 100 കമ്പനികളെ നമുക്ക് ലാര്‍ജ് കാപ് അല്ലെങ്കില്‍ ബ്ലൂചിപ് ഓഹരികള്‍ എന്ന് പറയാം. 101 മുതല്‍ 250 വരെ വരുന്ന ഓഹരികളെ മിഡ് കാപ് ഷെയറുകള്‍ എന്ന് പറയാം. 251 മുതല്‍ താഴേക്കുള്ള എല്ലാ ഷെയറുകളെയും സ്‌മോള്‍ കാപ് എന്നു വിളിക്കുന്നു.

ഏതെങ്കിലും ഒരു ഇക്വിറ്റി സ്‌കീമിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓഹരികളുടെ കാപ് അനുസരിച്ച് നമുക്ക് ആ സ്‌കീമുകളെയും തരംതിരിക്കാന്‍ സാധിക്കും. ആദ്യത്തെ 100 ഓഹരികളില്‍ കൂടുതലായി നിക്ഷേപം നടത്തുന്ന മൂല്യല്‍ ഫണ്ടുകളെ ലാര്‍ജ് കാപ് ഇക്വിറ്റി ഫണ്ട് അല്ലെങ്കില്‍ ബ്ലൂചിപ് ഇക്വിറ്റി ഫണ്ടെന്ന് പറയാം. 101 മുതല്‍ 250 വരെയുള്ള കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമിനെ മിഡ്കാപ് സ്‌കീം എന്ന് പറയുന്നു. 251 മുതല്‍ താഴേക്ക് നിരവധി കമ്പനികളാണുള്ളത്. ഈ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ സ്‌മോള്‍ കാപ് സ്‌കീമുകള്‍ എന്നും വിളിക്കുന്നു. നിശ്ചിത അനുപാതത്തില്‍ ഇവയിലെല്ലാം മിക്‌സ് ചെയ്ത് നിക്ഷേപിക്കുന്ന ഫണ്ടുകളാണ് മള്‍ട്ടി കാപ് സ്‌കീമുകള്‍. ഇവയ്ക്ക് പുറമെ അല്‍പ്പം വ്യത്യാസമുള്ള ഫ്‌ളെക്‌സി കാപ് സ്‌കീമുകളുമുണ്ട്. വിശദമായി അവ പരിശോധിക്കാം.

ലാര്‍ജ് കാപ് ഫണ്ടുകള്‍
സെബിയുടെ മാര്‍ക്കറ്റ് ക്ലാസിഫിക്കേഷന്‍ പ്രകാരം ഓഹരി സൂചികയില്‍ വരുന്ന ആദ്യത്തെ 100 കമ്പനികളില്‍ മാത്രം നിക്ഷേപിക്കുന്ന സ്‌കീമുകളാണ് ലാര്‍ജ് കാപ് ഫണ്ടുകള്‍. ഏതെങ്കിലും സെക്റ്ററോ തീമോ പ്രത്യേകമായി കേന്ദ്രീകരിച്ചാവില്ല ഈ നിക്ഷേപം. ഏത് ഇന്‍ഡസ്ട്രിയില്‍ പെട്ട ഓഹരിയും ആ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടാം. ഏതെങ്കിലും ഇന്‍ഡസ്ട്രിയോട് ചായ്‌വ് കാണില്ല. മാര്‍ക്കറ്റിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാവാത്ത ഓഹരികളായിരിക്കും ലാര്‍ജ് കാപ് വിഭാഗത്തിലേത്. വിപണി മുകളിലേക്ക് കുതിച്ചാലും താഴേക്കാണെങ്കിലും ആനുപാതികമായി വലിയ ഒരു മാറ്റം ഇവയില്‍ ഉണ്ടാവില്ല. ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ സെയില്‍സ്, നെറ്റ് പ്രോഫിറ്റ്, ഏണിംഗ് പെര്‍ ഷെയര്‍ എന്നിവയിലെല്ലാം തുടര്‍ച്ചയായി ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ വരുന്ന ഓഹരികളാവും ലാര്‍ജ് കാപിലേത്.
അധികം റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഉതകുന്നതാണ് ലാര്‍ജ് കാപ്. വിപണി ചാഞ്ചാട്ടങ്ങള്‍ അധികം ബാധിക്കില്ലെന്ന ആശ്വാസം അവര്‍ക്ക് ലഭിക്കും. അതേസമയം, ഇക്വിറ്റി സ്‌കീമായതിനാല്‍ അതിന്റെ സ്വാഭാവിക റിസ്‌ക് സ്‌കീമിന് ബാധകമായിരിക്കും. പൂര്‍ണ സുരക്ഷിതം എന്ന് പറയാന്‍ സാധിക്കില്ലെന്ന് സാരം. സ്‌കീമുകളുടെ റിസ്‌കോമീറ്ററെടുത്താല്‍ വെരി ഹൈ റിസ്‌ക് കാറ്റഗറിയിലാണ് പെടുന്നതെന്ന് കാണാം. ലാര്‍ജ് കാപ് ഫണ്ട് 85%-100% വരെ നിക്ഷേപം ലാര്‍ജ് കാപ് ഓഹരികളില്‍ മാത്രമാവും നടത്തുക. അതായത് വിപണിയിലെ ആദ്യ 100 കമ്പനികളിലാവും മിനിമം 85% നിക്ഷേപം.

ഉയര്‍ന്ന റിസ്‌ക്
എല്ലാ ഇക്വിറ്റി സ്‌കീമിനും ഉയര്‍ന്ന റിസ്‌കാണുള്ളത്. ഇക്വിറ്റി സ്‌കീമുകള്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ ഉദ്ദേശ്യം അല്ലെങ്കില്‍ റിസ്‌കെടുക്കാനുള്ള കപ്പാസിറ്റി അനുസരിച്ചാവണം അവ തെരഞ്ഞെടുക്കേണ്ടതെന്നതാണ്. നിക്ഷേപകന് ചെറിയ ഒരു റിസ്‌ക് എടുക്കാന്‍ മാത്രമേ താല്‍പ്പര്യം ഉള്ളെങ്കില്‍ ലാര്‍ജ് കാപ് ശുപാര്‍ശ ചെയ്യാം.
മിഡ് കാപ് ഫണ്ടുകള്‍
മാര്‍ക്കറ്റ് കാപില്‍ 101 മുതല്‍ 250 വരെയുള്ള ഓഹരികളാണ് മിഡ് കാപില്‍ വരുന്നതെന്ന് പറഞ്ഞല്ലോ. 65% അല്ലെങ്കില്‍ അതിലധികം ഫണ്ട് മിഡ് കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളാണ് ഇവ. ലാര്‍ജ് കാപുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചാഞ്ചാട്ടം മിഡ് കാപില്‍ അല്‍പ്പം കൂടുതലായിരിക്കും. മാര്‍ക്കറ്റില്‍ നേട്ടമാണെങ്കില്‍ മിഡ് കാപിലും നല്ല നേട്ടമായിരിക്കും. മാര്‍ക്കറ്റ് താഴുകയാണെങ്കില്‍ ആനുപാതികമായി മിഡ് കാപിലും താഴ്ച ഉണ്ടാകും. കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്ന നിക്ഷേപകനാണെങ്കില്‍ മിഡ് കാപ് തെരഞ്ഞെടുക്കാം. റിസ്‌കോ മീറ്ററില്‍ വെരി ഹൈ റിസ്‌ക് കാറ്റഗറിയിലാണ് മിഡ് കാപിന്റെയും സ്ഥാനം.

ലാര്‍ജ് & മിഡ്കാപ് സ്‌കീം
ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളെ ഒരേ പോലെ പരിഗണിക്കുന്ന ഫണ്ട്. പോര്‍ട്ട്‌ഫോളിയോയില്‍ 35-65% ലാര്‍ജ് കാപ് ഓഹരികളാവാം. 35-65% തന്നെയാണ് മിഡ് കാപ് ഓഹരികളും വരിക. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികള്‍ മിനിമം 35% വേണം. ഇവ രണ്ടും പരമാവധി 65% മാത്രമേ അനുവദിക്കൂ.
സ്‌മോള്‍ കാപ് ഫണ്ടുകള്‍
മാര്‍ക്കറ്റ് കാപ് അനുസരിച്ച് വരുന്ന അടുത്ത കാറ്റഗറിയാണ് സ്‌മോള്‍ കാപ് ഫണ്ടുകള്‍. വിപണിയുടെ മൂല്യമനുസരിച്ച് ഓഹരികളെ തരംതിരിക്കുമ്പോള്‍ 251 മുതല്‍ മുന്നോട്ടുള്ള ഓഹരികളാണ് സ്‌മോള്‍ കാപ്. ഇവയില്‍ നിക്ഷേപിക്കുന്നവയാണ് സ്‌മോള്‍ കാപ് ഫണ്ടുകള്‍. ലാര്‍ജ് കാപും മിഡ് കാപുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌മോള്‍ കാപ് ഏറ്റവുമധികം ചാഞ്ചാട്ട സാധ്യതയുള്ളവയാണ്. വിപണിയില്‍ മുന്നേറ്റമാണെങ്കില്‍ നല്ല വരുമാനം വരും. നഷ്ടം വന്നാല്‍ നല്ല നഷ്ടം സംഭവിക്കും. മറ്റുള്ള ഇക്വിറ്റി സ്‌കീമുകളെ പോലെ തന്നെ റിസ്‌കോമീറ്ററില്‍ വെരി ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഇവ ഉള്ളത്. നമ്മള്‍ ഒരു മ്യൂച്വല്‍ ഫണ്ട് അഡൈ്വസറെ സമീപിച്ചാല്‍ നമ്മുടെ ആവശ്യങ്ങളും ഉദ്ദേശ്യവും റിസ്‌കെടുക്കാനുള്ള കപ്പാസിറ്റിയും നമ്മുടെ കൈവശമുള്ള പണത്തിന്റെ അളവുമെല്ലാം കണക്കിലെടുത്താണ് സ്‌കീം സെലക്റ്റ് ചെയ്ത് തരുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് നല്ല അറിവുള്ള വ്യക്തികള്‍ക്ക് അഡൈ്വസറുടെ സഹായം കൂടാതെ സ്വയമേവയും സ്‌കീമുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

മള്‍ട്ടി കാപ് സ്‌കീം
എല്ലാത്തരത്തിലുള്ള ഓഹരികളും മള്‍ട്ടി കാപ് സ്‌കീമിലുണ്ടാകും. ഓരോ കാപ്പിലും കുറഞ്ഞത് 25% അല്ലെങ്കില്‍ അതിലധികം നിക്ഷേപിക്കേണ്ടത് നിര്‍ബന്ധമാണ്. ഫണ്ട് മാനേജരുടെ താല്‍പ്പര്യമനുസരിച്ച് ഏതെങ്കിലും കാപ്പില്‍ വലിയ നിക്ഷേപം നടത്താനാവില്ല. നിബന്ധനകള്‍ക്ക് വിധേയമായിരിക്കും നിക്ഷേപം. പല കാപ്പുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക്, ഡിവൈഡ് ചെയ്തുകിട്ടും എന്നതാണ് ഒരു ഗുണം. പക്ഷേ റിസ്‌കോമീറ്ററില്‍ ഹൈ റിസ്‌ക് തന്നെയാണ് ഈ സ്‌കീമും.
ഫ്‌ളെക്‌സി കാപ് സ്‌കീം
ഫണ്ട് മാനേജരുടെ താല്‍പ്പര്യമനുസരിച്ച് ഏതു കാപ്പിലും എത്ര വേണമെങ്കിലും നിക്ഷേപിക്കാനുള്ള അവസരമാണ് ഫ്‌ളെക്‌സി കാപിലുള്ളത്. ലാര്‍ജ് കാപിലാണ് കൂടുതല്‍ സാധ്യതയെന്ന് ഫണ്ട് മാനേജര്‍ക്ക് തോന്നിയാല്‍ അതില്‍ കൂടുതല്‍ നിക്ഷേപിക്കാം. സ്‌മോള്‍ കാപിന്റെ മൂല്യം ഭാവിയില്‍ ഇടിയുമെന്ന് ഫണ്ട് മാനേജര്‍ക്ക് തോന്നിയാല്‍ അവയില്‍ നിക്ഷേപിക്കുന്നത് കുറയ്ക്കാം. മാര്‍ക്കറ്റില്‍ വലിയ ബൂം വരുമെന്ന് തോന്നിയാല്‍ സ്‌മോള്‍ കാപിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയുമാവാം. നല്ല ഫ്‌ളെക്‌സിബിലിറ്റി ഉള്ള സ്‌കീമാണ് ഇതെന്ന് സാരം.
ഇവയ്ക്ക് പുറമെ ലാര്‍ജ്, മിഡ് കാപുകള്‍ മാത്രം വരുന്ന സ്‌കീമുകളുണ്ട്. മിഡ്, സ്‌മോള്‍ കാപുകള്‍ മാത്രം വരുന്ന സ്‌കീമുകളും ലഭ്യമാണ്. പോര്‍ട്ട് ഫോളിയോയില്‍ വരുന്ന ഓഹരികളുടെ മാര്‍ക്കറ്റ് കാപുകളനുസരിച്ച് പല പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷനുകളില്‍ വരുന്ന സ്‌കീമുകളുണ്ട്. പോര്‍ട്ട്‌ഫോളിയോ പരിശോധിക്കുകയും നമ്മുടെ ആവശ്യം കൂടി കണക്കിലെടുത്തും വേണം ഈ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ബള്‍ക്കായി നിക്ഷേപിക്കുവാന്‍.
ഇഎല്‍എസ്എസ് ഫണ്ട്
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് ഫണ്ട്. മാര്‍ക്കറ്റ് കാപോ തീമാറ്റിക് സ്‌കീമോ അനുസരിച്ചുള്ള ഫണ്ടല്ല ഇവ. ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപകന് 1.5 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്ന സ്‌കീമുകളാണിവ. കുറഞ്ഞത് 80% ഇക്വൂറ്റിയിലാവണം നിക്ഷേപിക്കേണ്ടത്. മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക് ഇന്‍ പീരിഡ് ബാധകമാണ്. 80 സി പ്രകാരം ആദായ നികുതി ഇളവ് നേടാന്‍ നിക്ഷേപകന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഏറ്റവും ഉചിതമായ സ്‌കീമാണിത്. മറ്റ് ഇക്വിറ്റി സ്‌കീമുകളെ പോലെ എല്ലാ റിസ്‌കുകളും ഈ സ്‌കീമിനുമുണ്ട്.

തീമാറ്റിക് ഫണ്ടുകള്‍
കാപുകളുടെ അടിസ്ഥാനത്തിലല്ലാതെയും നമുക്ക് ഇക്വിറ്റി സ്‌കീമുകളെ തരംതിരിക്കാം. ഏതെങ്കിലും ഒരു പ്രത്യേക നിക്ഷേപക ആശയം മാത്രം മുന്‍നിര്‍ത്തി മുന്നോട്ടു നീങ്ങുന്ന പോര്‍ട്ട്‌ഫോളിയോ ആണെങ്കില്‍ തീമാറ്റിക് ഫണ്ട് എന്നാണ് അവയെ വിളിക്കുക. ഉദാഹരണത്തിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടുകളെന്ന് പറയും. പവര്‍, ഫാര്‍മ തുടങ്ങി പ്രത്യേക വിഭാഗത്തിലെ കമ്പനികളില്‍ മാത്രം ഇങ്ങനെ നിക്ഷേപിക്കാറുണ്ട്. അതിവേഗം വളരുന്ന കണ്‍സ്യൂമര്‍ ഇന്‍ഡസ്ട്രി, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലകളിലും ഇത്തരത്തില്‍ സെലക്റ്റീവായ നിക്ഷേപം ദൃശ്യമാണ്. ഏതി തീമില്‍പെട്ട ഓഹരിയിലാണോ നിക്ഷേപിക്കുന്നത് അവ മിനിമം 80 %
എങ്കിലും വേണം. മാര്‍ക്കറ്റ് കാപ് അടിസ്ഥാനമാക്കിയ സ്‌കീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തീമാറ്റിക് ഫണ്ട് കൂടുതല്‍ ചാഞ്ചാട്ട സാധ്യതയുള്ള ഫണ്ടാണ്. ഒരു പ്രത്യേക ഇന്‍ഡസ്ട്രിയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതിനാല്‍ ആ മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടികളെല്ലാം ശക്തമായി തന്നെ ഈ ഫണ്ടുകളെ ബാധിക്കും. തീമാറ്റിക് ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആ പ്രത്യേക ഇന്‍ഡസ്ട്രിയുടെ സ്ഥിതിയും ഭാവി സാധ്യതകളുമെല്ലാം മനസിലാക്കി വേണം നിക്ഷേപം നടത്താന്‍.
- ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും തമ്മില്‍നേരിട്ട് ബന്ധമുണ്ട്. നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുന്‍പായി സ്‌കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂര്‍വം വായിക്കുക.
(കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ടിന്റെ കേരള സോണ്‍ മേധാവിയാണ് ലേഖകന്‍. മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവ പരിചയമുണ്ട്)

കാനറ റൊബേക്കോ മ്യൂച്ച്വല്‍ ഫണ്ടിന്റെ കേരള സോണ്‍ മേധാവിയാണ് ലേഖകന്‍. മ്യൂച്ച്വല്‍ ഫണ്ട് മേഖലയില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവപരിചയമുണ്ട്.