നേട്ടം തരും ഈ 7 ഓഹരികള്‍; സാധ്യതകള്‍ തിരിച്ചറിയാം

കോവിഡ് മൂന്നാം തരംഗം ഒന്നടങ്ങിയപ്പോഴാണ് റഷ്യ-യുക്രൈന്‍ യുദ്ധം നിക്ഷേപകരെ ഭയപ്പെടുത്തിയത്. പ്രതിസന്ധികളിലും പതറാതെ നിക്ഷേപം നടത്തുകയെന്നതാണ് പ്രധാനം. നിലവിലെ സാഹചര്യത്തില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഏഴ് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ എന്‍ ഭുവനേന്ദ്രന്‍. കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം നിക്ഷേപം നടത്തുക.

  1. ഐഷര്‍ മോട്ടോഴ്‌സ്‌ലിമിറ്റഡ്
    BUY: 2590
    TARGET: 3100

മോട്ടോര്‍ സൈക്കിളുകളും ആക്‌സസറീസും നിര്‍മിക്കുന്ന കമ്പനിയാണ് ഇഎംഎല്‍ എന്നറിയപ്പെടുന്ന ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ്. ഐക്കണിക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമസ്ഥാവകാശം ഇവര്‍ക്കാണ്. എബി വോള്‍വോയുമായി സംയുക്ത സംരംഭവും കമ്പനിക്കുണ്ട്. വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എന്നാണ് സംരംഭത്തിന്റെ പേര്. തായ്‌ലന്‍ഡില്‍ എന്‍ഫീല്‍ഡ് അസംബ്ലി യൂണിറ്റ് കമ്പനിക്കുണ്ട്. അര്‍ജന്റീന, കൊളംബിയ എന്നിവിടങ്ങളിലും യൂണിറ്റുകളുണ്ട്.

ആഭ്യന്തര വിപണിയില്‍ ഇഎംഎല്‍ അടുത്തിടെ 12 ലാര്‍ജ് ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ തുടങ്ങിയിരുന്നു. ഇതോടെ മൊത്തം സ്‌റ്റോറുകളുടെ എണ്ണം 2,118 ആയി ഉയര്‍ന്നു. 1750 നഗരങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന് സ്റ്റോറുകളുണ്ട്. 1065 ലാര്‍ജ് സ്‌റ്റോറുകളും 1053 സ്റ്റുഡിയോ സ്‌റ്റോറുകളുമാണുള്ളത്. ഇന്ത്യക്ക് പുറത്ത് ഏഴ് എക്‌സ്‌ക്ലൂസിവ് സ്റ്റോറുകളും 11 ബഹു ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളും പുതുതായി തുറന്നു. ഇതോടെ ഇന്ത്യക്ക് പുറത്ത് 156 എക്‌സ്‌ക്ലൂസിവ് സ്റ്റോറുകളും 600 മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളും കമ്പനിക്കായി. അത്യാധുനിക നിലവാരത്തിലുള്ള ഹെവി ഡ്യൂട്ടി കോച്ച് ആന്‍ഡ് സ്ലീപ്പര്‍ ബസ് റേഞ്ചും കമ്പനിക്കുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം, വിപുലമായ വിതരണ ശൃംഖല, പുതിയ പ്രൊഡക്റ്റ് ലോഞ്ചുകള്‍ തുടങ്ങിയവയെല്ലാം ഈ ഓഹരിയെ മൂല്യവത്താക്കി മാറ്റുന്നു.

  1. എബിബി ഇന്ത്യ ലിമിറ്റഡ്
    BUY: 2150
    TARGET: 2430

ഹെവി എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എക്യുപ്‌മെന്റ് നിര്‍മാണ രംഗത്തെ പ്രമുഖരാണ് എബിബി ഇന്ത്യ ലിമിറ്റഡ്. എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലും കമ്പനി വ്യാപരിക്കുന്നു. റോബോട്ടിക്‌സ് ആന്‍ഡ് മോഷന്‍, ഇലക്ട്രിഫിക്കേഷന്‍ പ്രൊഡക്റ്റ്‌സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കമ്പനിയുടെ പ്രവര്‍ത്തനം.

2022 കലണ്ടര്‍ വര്‍ഷത്തെ നാലാം പാദത്തില്‍ മികച്ച പ്രകടനമാണ് എബിബി നടത്തിയത്. വരുമാനത്തില്‍ മികച്ച കുതിപ്പുണ്ടാകുന്നുണ്ട്. ടര്‍ബോചാര്‍ജര്‍ ബിസിനസ് വിറ്റൊഴിയുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പവര്‍ സപ്ലൈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡുമായി എബിബി അടുത്തിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വലിയ ഓര്‍ഡറുകള്‍ വിവിധ മേഖലകളിലായി ലഭിക്കുന്നത് എബിബിയുടെ വളര്‍ച്ചാസാധ്യതകള്‍ കൂട്ടുന്നു.

  1. വോള്‍ട്ടാസ് ലിമിറ്റഡ്
    BUY: 1255
    TARGET: 1400

ഇന്ത്യയിലെ മുന്‍നിര എയര്‍ കണ്ടീഷനിംഗ്, എന്‍ജിനീയറിംഗ് സര്‍വീസസ് കമ്പനിയാണ് വോള്‍ട്ടാസ്. യൂണിറ്ററി കൂളിംഗ് പ്രൊഡക്റ്റ്‌സ്, ഇലക്ട്രോ മെക്കാനിക്കല്‍ പ്രൊജക്റ്റ്‌സ് മേഖലകളില്‍ കമ്പനി ശ്രദ്ധ നല്‍കുന്നു. വോള്‍ക്കാര്‍ട്ട് ബ്രദേഴ്‌സും ടാറ്റ സണ്‍സും തമ്മിലുള്ള പങ്കാളിത്തത്തില്‍ 1954ല്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച കമ്പനിയാണിത്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം പോയ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞിട്ടുണ്ട്. 1995 കോടി രൂപയില്‍ നിന്ന് 1793.6 കോടി രൂപയിലേക്കാണ് ഇതെത്തിയത്. ഇലക്ട്രോ മെക്കാനിക്കല്‍ പദ്ധതികളില്‍ പലതും പൂര്‍ത്തീകരണ ഘട്ടത്തിലാണ്, ചിലത് ശൈശവദശയിലും. അതിനാല്‍ തന്നെ ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 34.6 ശതമാനത്തിന്റെ കുറവുണ്ട്. അതേസമയം യൂനിറ്ററി കൂളിംഗ് പ്രൊഡക്റ്റ്‌സ് ഫോര്‍ കംഫര്‍ട്ട് ആന്‍ഡ് കമേഴ്‌സ്യല്‍ യൂസ് (യുസിപി) മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 9.1 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 1094 കോടി രൂപയാണ് വരുമാനം.

സനന്ദ് ഫാക്റ്ററിയില്‍ ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്ററിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ നിര്‍മാണത്തിലും വോള്‍ട്ടാസ് ഊന്നല്‍ നല്‍കുന്നു. എല്ലാ നിരയിലുള്ള ഉല്‍പ്പന്നങ്ങളുടെയും വില കൂട്ടാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് സൂചന. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയതും നാലാം പാദം ചൂട്കാലത്തിന്റെ തുടക്കമാണെന്നതും വോള്‍ട്ടാസിന്റെ വില്‍പ്പനയില്‍ വര്‍ധന വരുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍തന്നെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഓഹരിയായി ഇത് മാറിയേക്കും.

  1. അരബിന്ദോ ഫാര്‍മ ലിമിറ്റഡ്
    BUY: 620
    TARGET: 740

രാജ്യത്തെ പ്രധാനപ്പെട്ട ഫാര്‍മ കമ്പനികളില്‍ ഒന്നാണ് അരബിന്ദോ ഫാര്‍മ ലിമിറ്റഡ്. ഫോര്‍മുലേഷന്‍സ്, കസ്റ്റം സിന്തസീസ്, പെപ്‌റ്റൈഡ്‌സ്, ഔറോസൈംസ്, ആര്‍ആന്‍ഡ് ഡി, എപിഐ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് പ്രവര്‍ത്തനം. മൂന്നാം പാദത്തിലെ വരുമാനം 6002 കോടി രൂപയാണ്. ഫോര്‍മുലേഷന്‍ ബിസിനസില്‍ ഇടിവുണ്ടായി. അതേസമയം എപിഐ ബിസിനസില്‍ 48 ശതമാനത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.

1986ല്‍ പ്രവര്‍ത്തനമാരംഭിച്ച അരബിന്ദോ ഫാര്‍മായെ ലാര്‍ജ് ക്യാപ് ഓഹരികളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്. ഹൈദരാബാദ് കേന്ദ്രമാക്കി പി വി രാമപ്രസാദ് റെഡ്ഡി, കെ നിത്യാനന്ദ റെഡ്ഡി എന്നിവരാണ് കമ്പനിക്ക് തുടക്കമിട്ടത്. 40016.68 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഫാര്‍മസ്യൂട്ടിക്കല്‍സ്, എക്‌സ്‌പോര്‍ട്ട് ഇന്‍സെന്റീവ്‌സ്, സ്‌ക്രാപ്പ്, സെയ്ല്‍ ഓഫ് സര്‍വീസസ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന വരുമാന മേഖലകള്‍.

  1. എല്‍ടി ഫുഡ്‌സ് ലിമിറ്റഡ് (ദാവത്ത്)
    BUY: 62
    TARGET: 88

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്‌പെഷാലിറ്റി കമ്പനിയാണ് എല്‍ടി ഫുഡ്‌സ്. ബസ്മതി റൈസ്, ഓര്‍ഗാനിക് ഫുഡ്‌സ്, റൈസ് അധിഷ്ഠിത കണ്‍വീനിയന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലാണ് കമ്പനിയുടെ ശ്രദ്ധ. 60ലധികം രാജ്യങ്ങളില്‍ എല്‍ടി ഫുഡ്‌സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. യുഎസ്, യൂറോപ്പ്, ഗള്‍ഫ് മേഖലകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ എല്‍ടി ഫുഡ്‌സിന് സാധിച്ചിട്ടുണ്ട്.

മൂന്നാം പാദത്തിലെ മൊത്തം വരുമാനത്തില്‍ 26 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബസ്മതി ആന്‍ഡ് സ്‌പെഷാലിറ്റി റൈസ് മേഖലയില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ എല്‍ടിക്കായി. അതേസമയം ഓര്‍ഗാനിക് ഫുഡ് സെഗ്മെന്റ് 17 ശതമാനവും ഹെല്‍ത്ത് ആന്‍ഡ് കണ്‍വീനിയന്‍സ് സെഗ്മെന്റുകള്‍ 73 ശതമാനവും വളര്‍ച്ച കൈവരിച്ചു.

ഹോട്ടലുകളും റെസ്റ്ററന്റുകളും കാറ്ററിംഗ് സംരംഭങ്ങളുമെല്ലാം കോവിഡാനന്തരം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എല്‍ടിക്ക് ഗുണം ചെയ്തു. ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും കമ്പനി ശ്രമിച്ചുവരുന്നുണ്ട്. ഹരിതോര്‍ജ പദ്ധതികളിലും എല്‍ടി ശ്രദ്ധയൂന്നുന്നു. അവശ്യവിഭാഗങ്ങളില്‍ പെട്ട സംരംഭം ആയതിനാല്‍ കോവിഡ് ആഘാതം എല്‍ടി ഫുഡ്‌സ് ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നില്ല.

  1. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
    BUY: 17
    TARGET: 22

പ്രമുഖ എന്‍ബിഎഫ്‌സി ആയ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സ്ഥാപനമാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 62.1 ലക്ഷം ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. 24 സംസ്ഥാനങ്ങളിലും 248 ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു ഉജ്ജീവന്റെ സാന്നിധ്യം. 575 ശാഖകളും 16,896 ജീവനക്കാരും കമ്പനിക്കുണ്ട്. 16,463 കോടി രൂപയാണ് ലോണ്‍ ബുക്ക് സൈസ്. 15,563 കോടി രൂപയാണ് ഡിപ്പോസിറ്റ് ബേസ്. മൂന്നാം പാദത്തില്‍ 4809 കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്തത്. 2017 ഫെബ്രുവരിയില്‍ സമിത് ഘോഷാണ് ബാങ്കിന് തുടക്കമിട്ടത്.

  1. കാവേരി സീഡ് കമ്പനി ലിമിറ്റഡ്
    BUY: 485
    TARGET: 570

ഹൈബ്രിഡ് കോട്ടണ്‍ സീഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ് കാവേരി സീഡ് കമ്പനി. 15 ശതമാനത്തോളം വിപണി വിഹിതം കമ്പനിക്കുണ്ട്. 60,000 ഏക്കര്‍ സ്ഥലത്താണ് കാവേരി സീഡ്‌സിന്റെ സീഡ് പ്രൊഡക്ഷന്‍. കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കമ്പനിക്ക് ഫാമുകളുണ്ട്. 15,000 വിതരണക്കാരുള്ള മികച്ച ഡിസ്ട്രിബ്യൂഷന്‍ ശൃംഖല കാവേരിയുടെ ശക്തി കൂട്ടുന്നു. 15 സംസ്ഥാനങ്ങളില്‍ കാവേരി സീഡ് കമ്പനിക്ക് റീട്ടെയ്‌ലര്‍മാരുണ്ട്. 26 വെയര്‍ഹൗസുകളും 600,000 സ്‌ക്വയര്‍ ഫീറ്റ് സ്റ്റോറേജ് സ്‌പേസും ഈ വിത്തുല്‍പ്പാദക സംരംഭത്തിനുണ്ട്. 1976ലാണ് ഹൈദരാബാദ് കേന്ദ്രമാക്കിയ കാവേരി സീഡ് പ്രവര്‍ത്തനമാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *