കോവിഡാനന്തരം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലും ഉണര്‍വും ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഐഎല്‍-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം) പദ്ധതി വ്യാപകമാക്കുന്നതും അടിസ്ഥാന സൗകര്യ മേഖലയില്‍ പൊതു ചെലവിടല്‍ കൂടുന്നതുമെല്ലാം വളര്‍ച്ചയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി ഒഴിഞ്ഞത് കാരണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക പുനക്രമീകരണത്തോടെയായിരിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പിന്തുണയും ജനങ്ങളിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കുന്നതുമെല്ലാം വളര്‍ച്ചയെ കൂടുതല്‍ സമഗ്രവും സകലരെയും ഉള്‍ക്കൊള്ളിക്കുന്നതുമാക്കുന്നു.

വായ്പാ വളര്‍ച്ച കൂടുന്നതും പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)കളിലൂടെ സമഹാരിക്കുന്ന തുക എക്കാലത്തെയും ഉയരത്തിലെത്തി നില്‍ക്കുന്നതുമെല്ലാം സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, ഒപ്പം ഉപഭോഗം ശക്തിപ്പെടുത്തുകയും ചെയ്യും. 14 മേഖലകളില്‍ പിഎല്‍ഐ പദ്ധതി വ്യാപിപ്പിക്കുന്നത് സ്വകാര്യ നിക്ഷേപം ശക്തിപ്പെടുന്നതിന് കാരണമായേക്കും. കയറ്റുമതി വളര്‍ച്ച കൂടുന്നതിനും ഇറക്കുമതി കുറയുന്നതിനും പിഎല്‍ഐ പദ്ധതികള്‍ വ്യാപകമാക്കുന്നത് വഴിവെക്കും. എഫ്ഡിഐയിലൂടെയുള്ള വിദേശ നിക്ഷേപം നിക്ഷേപക പൂളിന് കൂടുതല്‍ മൂല്യവര്‍ധന നല്‍കും.
ഫെഡ് നയം പ്രസക്തം
പരണപ്പെരുപ്പത്തിലെ വര്‍ധന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളെ സ്വാധീനിക്കുമെന്നത് തീര്‍ച്ചയാണ്. വില കുറച്ചുകൊണ്ടുവരുന്നതിനായി പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മുര്‍ച്ചയേറിയ നയപ്രഖ്യാപനമായിരിക്കും ഫെഡ് നടത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടെക്, ഇന്റര്‍നെറ്റ് മേഖലകളില്‍ ഇതിന്റെ അനുരണനങ്ങളുണ്ടാകും. ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥകള്‍ അത്ര മോശം പ്രകടനം നടത്താന്‍ സാധ്യത കുറവാണ്. വ്യവസായങ്ങളിലേക്ക് കൂടുതല്‍ പണമിറങ്ങിയേക്കും, കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഉല്‍പ്പാദന രംഗം പ്രതീക്ഷയുടെ പാളത്തിലാണ്. സേവന മേഖലയിലായിരിക്കും പ്രധാനമായും വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെടുക, മൂന്നാം തരംഗം അത്യാവശ്യം ബാധിച്ചത് ഈ രംഗത്തെ ആയിരുന്നു.
റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഫെബ്രുവരിയില്‍ വിപണിയില്‍ വിറ്റഴിക്കല്‍ പ്രകടമായി. ക്രൂഡ് ഓയില്‍ വില കൂടുന്നതിനും യുക്രൈന്‍ പ്രതിസന്ധി വഴിവെച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയിലെ പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
യുകെയിലെ പണപ്പെരുപ്പമാകട്ടെ ജനുവരിയില്‍ 5.5 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്, 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പലിശ നിരക്കില്‍ വീണ്ടും വര്‍ധന വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേല്‍ ഇത് സമ്മര്‍ദം ചെലുത്തുന്നു. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നുള്ള വാര്‍ത്തകളെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ ഇപ്പോള്‍ ചാഞ്ചാട്ടം പ്രകടമാണ്. 16,800-17,400 ലെവലിലാണ് നിഫ്റ്റി വ്യാപാരം നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ കാര്യമായ ചലനം പ്രതീക്ഷിക്കാം.
(അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍)