കോവിഡ് മഹാമാരിക്ക് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധം. ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ക്ക് ചാഞ്ചാട്ടത്തിന്റെയും അസ്ഥിരതയുടെയും കാലമാണോ ഇതെന്ന് നിക്ഷേപകര്‍ ചിന്തിക്കുന്നത് സ്വാഭാവികം. എന്നാല്‍ പ്രതിസന്ധിയുടെ ആഴം കൂടുന്നതനുസരിച്ച് വിപണിയില്‍ വിറ്റഴിക്കല്‍ തകൃതി ആയാല്‍ നിക്ഷേപകനെന്ന നിലയില്‍ ക്ഷമയാണ് നിലവിലെ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നല്ലത്. ഓടിച്ചെന്ന് വിറ്റഴിക്കാതെ ക്ഷമയോടെ കാത്തിരുന്നാല്‍ ഭാവിയില്‍ നേട്ടമുണ്ടാകുമെന്നത് ഉറപ്പാണ്. താല്‍ക്കാലിക പ്രതിഭാസങ്ങളില്‍ ഭയന്ന് പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കുക.

യുദ്ധം പോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളില്‍ വിപണി അമിതമായി പ്രതികരിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് പ്രശ്‌നമുണ്ടാക്കില്ല. കുവൈറ്റില്‍ ഇറാന്‍ അധിനിവേശം നടത്തിയപ്പോള്‍ വിപണി തകര്‍ന്നടിഞ്ഞത് 17 ശതമാനമാണ്, എണ്ണ വില ഇരട്ടിച്ചു. എന്നാല്‍ നാല് മാസത്തിനുള്ളില്‍ വിപണി തിരിച്ചുകയറിത്തുടങ്ങി.
കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍, 1999 മധ്യത്തില്‍ വിപണിയില്‍ തിരുത്തലുണ്ടായി. എന്നാല്‍ യുദ്ധം ഹ്രസ്വകാല പ്രതിഭാസമാണെന്ന വിലയിരുത്തലില്‍ വിപണിപിന്നീട് കുതിച്ചെന്ന് പഠനങ്ങള്‍ പറയുന്നു. സംഘര്‍ഷ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ വിപണി മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വലിയ സംഘര്‍ഷസാധ്യതകളില്ലാത്ത സുരക്ഷിത ഇടമാണ് ഇന്ത്യയെന്നതും ഓഹരി വിപണിക്ക് ഗുണം ചെയ്യും.
യുദ്ധം പോലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് വിദഗ്ധരുടെ പക്ഷം. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല പ്രഭാവം ഒന്നുമില്ലെന്ന് മനസിലാക്കുകയാണ് വേണ്ടത്. കാര്‍ഗില്‍ യുദ്ധവും റഷ്യയുടെ ക്രിമിയ ഏറ്റെടുക്കലുമെല്ലാം ഓഹരി വിപണിയില്‍ വാങ്ങലിനുള്ള അവസരമായി നിക്ഷേപകര്‍ക്ക് വിനിയോഗിക്കാവുന്നത് തന്നെയായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഓഹരി വില താഴുന്നതും ഉയരുന്നതും നോക്കുന്നതിന് പകരം കമ്പനികളുടെ സാമ്പത്തിക അടിത്തറ നോക്കി വേണം നിക്ഷേപം നടത്താനെന്ന് മാത്രം.
സുസ്ഥിര വിപണി
കഴിഞ്ഞ 3-5 വര്‍ഷത്തോളമായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഓഹരി വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതിലുപരി വിപണി സ്ഥിരത കൈവരിക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ കാരണം ആഗോള നിക്ഷേപകര്‍ക്ക് ചൈനയില്‍ വന്‍ നഷ്ടമുണ്ടായി, ഇപ്പോള്‍ യുക്രൈന്‍ പ്രതിസന്ധി കാരണം റഷ്യയിലും നിക്ഷേപകര്‍ക്ക് കലികാലമാണ്. എന്നാല്‍ ഇതേ ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യ സ്ഥിരതയാര്‍ന്ന സാഹചര്യം ഒരുക്കി നല്‍കുകയും ചെയ്യുന്നു.