ആദ്യമായാണോ നിക്ഷേപം; എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

നിക്ഷേപത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും തിരിച്ചറിയാത്ത യുവാക്കള്‍ നിരവധിയുണ്ടെങ്കിലും നിക്ഷേപ അവബോധം മുമ്പത്തേക്കാളും കൂടി വരുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ… ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പലരെയും അലട്ടുന്നതാണ്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് അര്‍ജുന്‍. പ്രതിമാസം 50,000 രൂപയോളം ശമ്പളമുണ്ട്. പ്രത്യേകിച്ച് ബാധ്യതകളൊന്നുമില്ല, വ്യക്തിഗത വായ്പയോ, ഭവനവായ്പയോ, കാര്‍ ലോണോ ഒന്നുമില്ല. എന്നാല്‍ പ്ലാനിങ്ങോടെയുള്ള നിക്ഷേപവുമില്ല. സാലറിയായി ലഭിക്കുന്ന പണമെല്ലാം സേവിങ്‌സ് എക്കൗണ്ടില്‍ തന്നെ കിടക്കുന്നു. അതിന് ലഭിക്കുന്നതോ നമമാത്ര പലിശ മാത്രം. ഓഹരിയിലോ മറ്റ് ആസ്തികളിലോ നിക്ഷേപിക്കുന്നതിനെ കുറിച്ച് കക്ഷി ചിന്തിച്ചിട്ടേയില്ല, ഒരു സുഹൃത്ത് ഒരിക്കല്‍ ഇക്കാര്യത്തെ കുറിച്ച് പറയുന്നത് വരെ. 32-കാരനായ അര്‍ജുന് സമ്പാദ്യ പദ്ധതികളെക്കുറിച്ചൊന്നും യാതൊരുവിധ അവബോധവുമുണ്ടായിരുന്നില്ല.

സുഹൃത്തിന്റെ വാക്കും കേട്ട് ചാടിയിറങ്ങിയത് ഓഹരി നിക്ഷേപത്തിലേക്കാണ്. ”ഇപ്പോ നല്ല സമയമാണ്, ഓഹരിയില്‍ നിക്ഷേപിച്ചാല്‍ വന്‍നേട്ടം കൊയ്യാം,” എന്നായിരുന്നു സുഹൃത്തിന്റെ ഡയലോഗ്്. എന്നാല്‍ കൈപൊള്ളിയെന്ന് മാത്രമല്ല, സേവിങ്‌സ് എക്കൗണ്ടിലുണ്ടായിരുന്ന പണത്തില്‍ നല്ലൊരു ശതമാനം കുറയുകയും ചെയ്തു. ഇത് ആദ്യമായി നിക്ഷേപം നടത്തുന്ന പലര്‍ക്കും ഉണ്ടാകുന്ന അനുഭവമാണ്. കൈയില്‍ എത്ര പൈസയുണ്ടെങ്കിലും തുടക്കകാല നിക്ഷേപകര്‍ കൃത്യമായ ആസൂത്രണത്തോടെ മാത്രമേ കാര്യങ്ങള്‍ ചെയ്യാകൂ. എടുത്തുചാട്ടങ്ങള്‍ക്ക് മുമ്പ് ആദ്യനിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഒന്ന് പരിശോധിക്കാം.

അങ്ങനെ ശരിക്കും നല്ല സമയമുണ്ടോ?

വിപണിയുടെ നല്ല സമയവും ചീത്തസമയവുമൊന്നും നമ്മള്‍ വിധിക്കാതിരിക്കുകയാണ് നല്ലത്. അങ്ങനെയുള്ള ഉപദേശവുമായി വരുന്നവരെ കണ്ണടച്ച് വിശ്വസിക്കുകയുമരുത്. വിപണിയുടെ നല്ല സമയവും ചീത്ത സമയവും നോക്കി ഓഹരി വങ്ങാനും വില്‍ക്കാനുമെല്ലാമുള്ള ഉപദേശങ്ങളില്‍ അത്ര യുക്തിയൊന്നുമില്ല. വിപണിയുടെ പ്രകടനം നോക്കി നിങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാം. വിപണിയെ വിധിക്കുന്നതില്‍ ഉപരിയായി വിപണിയില്‍ നിക്ഷേപിക്കുക എന്നതാണ് പ്രധാനം. ആദ്യനിക്ഷേപം എന്ന നിലയില്‍ ഏറ്റവും മനസിലാക്കേണ്ട പ്രധാന കാര്യം, ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ്. കൂടുതല്‍ സമ്പത്തുണ്ടാക്കാനാണ് ലക്ഷ്യമെങ്കില്‍ ദീര്‍ഘകാല നിക്ഷേപമാണ് ഉചിതം.

നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാം

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണം ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടരുതെന്ന തത്വം നിക്ഷേപത്തില്‍ വളരെ പ്രസക്തമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം വൈവിധ്യവല്‍ക്കരണത്തിന് വേണ്ടി മാത്രം വൈവിധ്യവല്‍ക്കരണം നടത്തരുതെന്നതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെട്ട ഫണ്ടുകളിലേക്ക് മാത്രമാകരുത് വൈവിധ്യവല്‍ക്കരണം. മൂന്നോ നാലോ ആസ്തി വിഭാഗങ്ങളിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണ് വേണ്ടത്. ഓഹരി, ഫിക്‌സഡ് ഇന്‍കം, ഗ്ലോബല്‍ ഫണ്ട്‌സ് എന്നിങ്ങനെയെല്ലാം തെരഞ്ഞെടുക്കാം.

റിസ്‌കെടുക്കാന്‍ അത്ര ഭയം വേണ്ട

റിസ്‌ക്ക് എടുക്കാനുള്ള മനോഭാവവും നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും തമ്മില്‍ ബന്ധമുണ്ട്. ഉയര്‍ന്ന റിസ്‌കെടുത്താല്‍ മാത്രമല്ല ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുക. ചെറിയ തോതില്‍ റിസ്‌കെടുക്കാനുള്ള മനസുണ്ടെങ്കിലും അത്യാവശ്യം റിട്ടേണ്‍ ലഭിക്കും. റിസ്‌കെടുക്കാതെ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും തിരിച്ചറിയണം. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പഠിച്ച ശേഷം, വളരെ ആസൂത്രിതമായാകണം ആ റിസ്‌കെടുക്കേണ്ടത്.

വേണ്ടത് ക്വാളിറ്റി ഇന്‍വെസ്റ്റിങ്

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയുള്ള കമ്പനികളുടെ ഓഹരികളില്‍ വേണം നിക്ഷേപം നടത്താന്‍. പൊടുന്നനെ പൊങ്ങി വരുന്ന കമ്പനികളെ എപ്പോഴും സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാവൂ. ലാഭക്ഷമതയുള്ള, വരുമാനമുണ്ടാക്കുന്ന ബിസിനസുകളെ കണ്ടെത്തി വേണം നിക്ഷേപം നടത്താന്‍. അതാണ് ക്വാളിറ്റി ഇന്‍വെസ്റ്റിങ്.

ആസ്തി വിഭജനം പ്രധാനം

റിസ്‌കെടുക്കാനുള്ള നിങ്ങളുടെ ശേഷി, നിക്ഷേപ ലക്ഷ്യങ്ങള്‍, കൈയിലുള്ള ഫണ്ട്, വയസ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച ശേഷം ആസ്തികളുടെ വിഭജനം വളരെ കൃത്യമായി നടത്തണം. ഇക്വിറ്റിയില്‍ എത്ര നിക്ഷേപിക്കാം, ഡെറ്റില്‍ എത്ര വേണം നിക്ഷേപം, ഹൈബ്രിഡിലേക്ക് എത്ര വകയിരുത്താം, ഭൗതിക ആസ്തികളിലേക്ക് എത്രമാത്രം ഫണ്ട് മാറ്റാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം വേണം. ഇത് ബുദ്ധിപരമായി ചെയ്താല്‍ മികച്ച നേട്ടം കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. നിക്ഷേപം ആസൂത്രണം ചെയ്യുന്നത് ഈ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിരിക്കണം. അതിന് കൃത്യമായ സമയപരിധിയും നിശ്ചയിക്കണം. ഒരു ഹൈഎന്‍ഡ് ലാപ്‌ടോപ്പ് വാങ്ങാനായി ഒരു ലക്ഷം രൂപ സമാഹരിക്കുകയെന്നത് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യമായേക്കാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ കാര്‍ വാങ്ങാനായി നാല് ലക്ഷം രൂപ സമാഹരിക്കുകയെന്നത് ഇടക്കാല ലക്ഷ്യമാകാം. 10 വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങാനായി 40 ലക്ഷം സമാഹരിക്കുകയെന്നത് ദീര്‍ഘകാല ലക്ഷ്യവുമാകാം. ഇതെല്ലാം മുന്‍നിര്‍ത്തിയാകണം നിക്ഷേപം.

പഠനം നിര്‍ബന്ധം

നിക്ഷേപം നടത്തും മുമ്പ് നിങ്ങള്‍ നിക്ഷേപിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൃത്യമായി പഠിച്ചിരിക്കണം. അതില്‍ നിന്നു ലഭിക്കുന്ന നേട്ടം, റിസ്‌ക്കുകള്‍, ലോക്ക് പിന്‍ പിരീഡുകള്‍ എന്നിങ്ങനെ സകല വിവരങ്ങളും അറിയണം. ഇതിനായി ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ഗവേഷണം നടത്തിയാലും തെറ്റില്ല.

കടം വാങ്ങി നിക്ഷേപിക്കരുത്

നിങ്ങളുടെ കൈയില്‍ മിച്ചം വരുന്ന കാശുകൊണ്ടായിരിക്കണം എപ്പോഴും നിക്ഷേപം നടത്തേണ്ടത്. ഒരിക്കലും നിക്ഷേപിക്കാനായി കടം വാങ്ങരുത്. നിക്ഷേപമെങ്ങാനും നേട്ടം തരാതെ പോയാല്‍ വലിയ കടക്കെണിയിലേക്കായിരിക്കും നിങ്ങള്‍ വീഴുക.

നേരത്തെ നിക്ഷേപിക്കുക, സ്ഥിരതയോടെ

ജോലി കിട്ടിയ ഉടന്‍ തന്നെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും കൂട്ടണം. വളരെ ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങിയാല്‍ മതി. എന്നാല്‍ കാലക്രമേണ തുക കൂട്ടി വരണം, ഒപ്പം നിക്ഷേപത്തിന് സ്ഥിരതയുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *