- എല്‍പിജിയിലേക്ക് മാറുന്നത് സാമ്പത്തികബാധ്യത ഗണ്യമായി കുറയ്ക്കും
പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിന്‍ ഇന്ധനം മണ്ണെണ്ണയില്‍ നിന്നും എല്‍പിജിയിലേക്ക് മാറ്റുന്ന പരീക്ഷണത്തിന് മികച്ച പ്രതികരണം. ഉയര്‍ന്ന ഇന്ധനച്ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമുള്ള മത്സ്യലഭ്യതക്കുറവുമടക്കം നിരവധി പ്രശ്‌നങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ നിന്ന് എല്‍പിജിയിലേക്ക് മാറുന്നത് സാമ്പത്തികബാധ്യത ഗണ്യമായി കുറയ്ക്കും.
പൂനെ ആസ്ഥാനമായുള്ള വനസ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്പിസിഎലിന്റെ റീസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍ ആന്‍ഡ് ഡി) സെന്റര്‍ എല്‍പിജിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിനുകള്‍ക്ക് മാത്രമായി പ്രത്യേക എല്‍പിജി കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്‍പിജിയുടെ ഉപയോഗം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച പരിവര്‍ത്തനം സിഇഒ റോയ് നാഗേന്ദ്രന്‍ പറഞ്ഞു. പരമ്പരാഗത യാനങ്ങളില്‍ ഉപയോഗിക്കുന്ന 10 എച്ച്.പി ശേഷിയുള്ള എഞ്ചിനുകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 6 മുതല്‍ 10 ലിറ്റര്‍ വരെ മണ്ണെണ്ണ വേണം.
ഇവയില്‍ തന്നെ 20 ശതമാനത്തോളം ഇന്ധനം കടലില്‍ നേരിട്ട് കലരുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ എല്‍പിജി ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ 2.5 കിലോഗ്രാം മാത്രമേ ഒരു മണിക്കൂറിന് വേണ്ടി വരുന്നുള്ളൂ. ഇന്ധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോള്‍ വലിയ സാമ്പത്തികനേട്ടം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകും. ഒന്നിലധികം എഞ്ചിനുകള്‍ക്ക് ഒരു എല്‍പിജി കിറ്റില്‍ നിന്നും കണക്ഷന്‍ നല്‍കുവാനും സാധിക്കും. അടുത്ത ഘട്ടമായി സിഎന്‍ജി ഉപയോഗിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ച് ഔട്ട്-ബോര്‍ഡ് മോട്ടോര്‍ (ഒബിഎം) എളുപ്പത്തില്‍ പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധനമാക്കി മാറ്റാം. ഇത് എല്‍പിജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒബിഎമ്മിന്റെ പ്രകടനം മെച്ചപ്പെടുത്തും. എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റ് വലിയ മാറ്റങ്ങളൊന്നും കൂടാതെ ഒബിഎമ്മിലേക്ക് എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക ചെലവുകള്‍ കൂടാതെ കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിക്കാന്‍ നിലവിലുള്ള എഞ്ചിനുകള്‍ ഉപയോഗിക്കാം.
ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളില്‍ വ്യാപകമായി മണ്ണെണ്ണ ഉപയോഗിക്കുന്നത് പലപ്പോഴും ബോട്ടുകളില്‍ കത്താത്ത മണ്ണെണ്ണ കടലിലേക്ക് ഒഴുക്കിവിടുന്നതിന് കാരണമാകും. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഈ ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ അവ സൂക്ഷ്മമായ ആവാസവ്യവസ്ഥയെയും ജലജീവികളെയും പ്രതികൂലമായി ബാധിക്കും.
എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഒബിഎമ്മിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അവയുടെ വേഗത, സുരക്ഷ, ഉപയോഗത്തിലെ എളുപ്പം, ഇന്ധനച്ചെലവ് ലാഭിക്കല്‍ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും പരിഗണിച്ചാണ്.
പരമ്പരാഗത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം ഹരിതോര്‍ജ്ജവും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കാനും പരിവര്‍ത്തനം പദ്ധതി ലക്ഷ്യമിടുന്നു. എഞ്ചിനുകളുടെ വൈദ്യുതീകരണം, സിഎന്‍ജി മോഡിലേക്ക് പരിവര്‍ത്തനം എന്നിവ കൂടാതെ മേല്‍ക്കൂരയിലെ സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതും ഈ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.