സിനിമ മലയാളത്തിലായാല്‍ എന്താ, വിപണി ആഗോളമല്ലേ…

മലയാളക്കരയെ സംബന്ധിച്ച് ആദ്യ തദ്ദേശീയ സൂപ്പര്‍ ഹീറോ ആയിരുന്നു മിന്നല്‍ മുരളി. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ടോവിനോ തോമസ് ചിത്രം സൂപ്പര്‍ ഹിറ്റായി. തിയറ്ററുകളില്‍ എത്താതെ ആഗോള ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലായിരുന്നു സിനിമയുടെ റിലീസ്. തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ചിത്രമായിരുന്നു അതെങ്കില്‍ കൂടിയും ഇന്ന് ബേസിലിനോ ടോവിനോയ്‌ക്കോ അതില്‍ നഷ്ടബോധമൊന്നും തോന്നാന്‍ ഇടയില്ല.

കാരണം ദേശീയതലത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ വരെ സിനിമ ശ്രദ്ധിക്കപ്പെട്ടു, ഒടിടി തന്നെയായിരുന്നു കാരണം. ഹിന്ദിക്ക് ശേഷം ഒരു പാന്‍ ഇന്ത്യ ബിസിനസ് സാധ്യതകള്‍ പ്രാദേശിക ഭാഷ ചിത്രങ്ങള്‍ക്ക് തുറന്നിട്ടിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മിന്നല്‍ മുരളി. പണ്ടെല്ലാം ഹിന്ദി സിനിമകള്‍ക്ക് മാത്രമേ ഇന്ത്യയിലുടനീളം ബിസിനസ് സാധ്യമായിരുന്നുള്ളൂ.

പോയ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ, അര്‍ജന്റീന, ബ്രസീല്‍, നൈജീരിയ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി 30ഓളം രാജ്യങ്ങളിലെ നെറ്റ്ഫ്‌ളിക്‌സ് ടോപ് 10 പട്ടികയില്‍ ടോവിനോ ചിത്രം ഇടം നേടി.


ഓഫ്‌ലൈനായും പാന്‍ ഇന്ത്യ ബിസിനസ് ഇപ്പോള്‍ സിനിമകള്‍ക്ക് പ്രാപ്യമായി തുടങ്ങി. അതിന്റെ മറ്റൊരു ഉദാഹരണമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. റിലീസായി 40 ദിവസത്തിനുള്ളില്‍ 360 കോടി രൂപയാണ് പുഷ്പ കളക്റ്റ് ചെയ്തത്. ഇതിന്റെ പകുതിയോളം തെലുഗു സംസാരിക്കുന്ന മേഖലകളില്‍ നിന്നാണ് എത്തിയതെങ്കിലും നൂറ് കോടിയോളം രൂപ കളക്ഷന്‍ വന്നത് ഹിന്ദി മേഖലകളില്‍ നിന്നാണ്. ബാഹുബലിക്ക് ശേഷം ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ ഇന്ത്യയിലുടനീളം ബിസിനസ് നേടുന്നത്.

വന്‍കിട സിനിമകള്‍ റിലീസ് ചെയ്യുന്ന വേളയില്‍ ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ടെലിവിഷനിലുമായി തങ്ങളുടെ ചിത്രം രാജ്യത്തെ എല്ലാവരും കാണണമെന്ന തലത്തിലേക്ക് സിനിമാ സംരംഭകരുടെ വിപണി വലുതാകുകയാണ്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്‍ആര്‍ആര്‍ പദ്ധതിയിടുന്നതും ഇതേ സ്ട്രാറ്റജി തന്നെ. തിയറ്ററുകളില്‍ റിലീസ് ചെയ്ത് 60 ദിവസങ്ങള്‍ക്ക് ശേഷം ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. തെലുഗു, തമിഴ്, മലയാളം, കന്നട പതിപ്പുകള്‍ സ്ട്രീം ചെയ്യുക സീ5 ആയിരിക്കും.

ഡിസ്‌നി-സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന് കീഴിലുള്ള ടിവി ചാനലുകളായിരിക്കും നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ രാജമൗലി ചിത്രം ടെലിവിഷനിലൂടെ പ്രേക്ഷകരിലെത്തിക്കുക. ഹിന്ദി സംപ്രേക്ഷണം ചെയ്യുന്നതാകട്ടെ സീ ആയിരിക്കും. പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഒരേ സമയത്തുതന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നതാണ് പ്രത്യേകത. 2016ല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമാകാന്‍ തുടങ്ങിയതിന് ശേഷമാണ് ഏത് ഭാഷയിലെ സിനിമകളും കാണാമെന്ന ശൈലിയിലേക്ക് ഭൂരിഭാഗം പ്രേക്ഷകരും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *