ഏതൊരു ക്ഷേമ രാഷ്ട്രത്തെ സംബന്ധിച്ചും പരമപ്രധാനമായ രണ്ട് മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി) ത്തിന്റെ നാല് ശതമാനമെങ്കിലും ആരോഗ്യസേവനത്തിനായി മാറ്റിവയ്ക്കണമെന്നാണ് ആഗോള ആരോഗ്യവിദഗ്ധര്‍ക്കിടയിലെ പൊതുനിലപാട്. രാജ്യത്തിന്റെ ഇക്കണോമിക് സര്‍വേ നിര്‍ദേശിക്കുന്നത് 2.5-3 ശതമാനത്തിലേക്കെങ്കിലും ആരോഗ്യ ചെലവിടല്‍ കൂട്ടണമെന്നാണ്. എന്നാല്‍ നമ്മള്‍ ഇപ്പോഴും അതിലേക്കൊന്നും എത്തിയിട്ടില്ല. കോവിഡ് എന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റില്‍ 1.28 ശതമാനം മാത്രമാണ് ആരോഗ്യത്തിനായി മാറ്റിവെച്ചത്.
എല്ലാ ഭേദവിചാരങ്ങള്‍ക്കുമപ്പുറം മനുഷ്യന്റെ മൗലിക അവകാശങ്ങളായി തന്നെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും കണേണ്ടതുണ്ട്, പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, പ്രവൃത്തിയിലും. എന്നാല്‍ കൈയ്യിലുള്ള പണത്തിന്റെ തൂക്കമനുസരിച്ച് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം നിശ്ചയിക്കപ്പെടുമ്പോള്‍ അതൊരു പുരോഗമനസമൂഹമാകുന്നതെങ്ങനെ? സമ്പന്നര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യസേവനവും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും നിലവാരം കുറവുള്ള സേവനവും നല്‍കുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? പ്രമുഖ ആരോഗ്യ വിദഗ്ധനായ ഡോ. അരുണ്‍ ഉമ്മന്റെ ഈ ചോദ്യങ്ങള്‍ കേരളം ഉള്‍പ്പടെയുള്ള സമൂഹങ്ങളുടെ വികസന മാതൃകകളിലെ പാളിച്ചകള്‍ തുറന്നുകാട്ടുന്നു. കേരളത്തിലെ ഏറ്റവും മികച്ച ന്യൂറോസര്‍ജന്മാരില്‍ ഒരാളായ ഡോ. അരുണ്‍ ഉമ്മന്‍ വിശ്വസിക്കുന്നത് പണത്തിന്റെ മതില്‍കെട്ടുകള്‍ക്കപ്പുറം എല്ലാ പൗരന്മാര്‍ക്കും ഒരേ നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാക്കണമെന്നാണ്. വിപിഎസ് ലേക്ക്‌ഷോര്‍ ഉള്‍പ്പടെ ഏഴ് വ്യത്യസ്ത ആശുപത്രികളില്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റായ അദ്ദേഹം ബിസിനസ് വോയ്‌സ് എഡിറ്റര്‍ ദിപിന്‍ ദാമോദരന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആരോഗ്യസേവനമേഖലയുടെ വിവിധ വശങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഹെല്‍ത്ത്‌കെയര്‍ രംഗത്ത് കേരളത്തിന് അസാമാന്യമായ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു ഡോ. അരുണ്‍ ഉമ്മന്‍…

ബാല്യകാലത്തെക്കുറിച്ച് പറയാമോ, ഒപ്പം എങ്ങനെയാണ് മെഡിക്കല്‍ രംഗത്തേക്ക് എത്തിയത് എന്നതും?
ഞാന്‍ ജനിച്ചത് എത്യോപിയ എന്ന രാജ്യത്തായിരുന്നു. മാതാപിതാക്കള്‍ അവിടെ അധ്യാപകരായിരുന്നു. അക്കാലത്ത് മലയാളി അധ്യാപകര്‍ക്ക് എത്യോപ്യയില്‍ മികച്ച അവസരമുണ്ടായിരുന്നു. തുടര്‍ന്ന് നൈജീരിയയിലേക്ക് അവരുടെ ജോലി മാറി. അങ്ങനെ, ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ പഠനം നൈജീരിയയില്‍ ആയിരുന്നു. എന്റെ അച്ഛനെ ഒരു ഡോക്റ്റര്‍ ആക്കണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. എന്നാല്‍ അന്നത്തെ സാഹചര്യവും ബുദ്ധിമുട്ടുകളും കാരണം നടന്നില്ല. അതിനാല്‍ തന്നെ എന്നെ ഒരു ഡോക്റ്റര്‍ ആയി കാണണം എന്നുള്ളത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ചെറുപ്പം മുതല്‍ അച്ഛന്റെ ഈ ആഗ്രഹം കേട്ട് വളര്‍ന്നതിനാല്‍ പതുക്കെ എന്റെ ഉള്ളിലും അങ്ങനെ ഒരു താല്‍പ്പര്യം ജനിച്ചു. അങ്ങനെയാണ് മെഡിക്കല്‍ എന്‍ട്രന്‍സിന് വേണ്ടി പഠിക്കുന്നത്. പ്രീഡിഗ്രിക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഡ്മിഷന്‍ ലഭിക്കുന്നതും മെഡിസിന്‍ പഠനം ആരംഭിക്കുന്നതും അങ്ങനെയാണ്.
ആഗോളതലത്തില്‍ ഒരു ആരോഗ്യസേവന ഹബ്ബാകാനുള്ള കേരളത്തിന്റെ സാധ്യതകളെ എങ്ങനെ കാണുന്നു?
കേരളത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ ഹബ്ബുകളില്‍ ഒന്നാക്കി മാറ്റുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കാരണം വ്യോമഗതാഗതം ഉള്‍പ്പടെയുള്ള കേരളത്തിന്റെ കണക്റ്റിവിറ്റി ശൃംഘലയുടെ ഘടന അങ്ങനെയാണ്. നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളാണ് നമുക്കുള്ളത്. സമാനമായ രീതിയില്‍ തന്നെ റെയില്‍വേ, റോഡ്, വാട്ടര്‍ വേ കണക്റ്റിവിറ്റിയും ഒന്നിനൊന്നു മികച്ചതാണ്. ഡോക്റ്റര്‍മാര്‍ക്ക് ഇവിടെ ലഭിക്കുന്ന പരിശീലനവും ഏറെ മുന്നിട്ടു നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ സംഭാവന ചെയ്യുന്ന നാട് കൂടിയാണ് കേരളം. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും നമുക്കൊരു മലയാളി നഴ്സിനെയെങ്കിലും കാണാന്‍ കഴിയും. മികച്ച സൗകര്യങ്ങളോടു കൂടിയ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളുടെ സാന്നിധ്യം മറ്റൊരു നേട്ടമാണ്. ഇപ്പോള്‍ ശ്രീലങ്ക, മാലദ്വീപ്, ഗള്‍ഫ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നത് കേരളത്തിലേക്കാണ് എന്നതും ഓര്‍ക്കണം. ഇതെല്ലം തന്നെ വിരല്‍ചൂണ്ടുന്നത് കേരളം ലോകത്തിലെ തന്നെ മികച്ച മെഡിക്കല്‍ ഹബ്ബായി വളരുന്നു എന്നതിലേക്കാണ്.
ഹെല്‍ത്ത്‌കെയര്‍ ഹബ്ബാകണമെങ്കില്‍ കേരളം ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ്?
കേരളത്തില്‍ മികച്ചതും അത്യാധുനികവുമായ ചികിത്സാസൗകര്യങ്ങളുണ്ടെങ്കിലും കേരളത്തിന്റെ മൂന്നരക്കോടി വരുന്ന ജനങ്ങളില്‍ കേവലം 30 ശതമാനം ആളുകള്‍ക്ക് മാത്രമേ അത്തരം ചികിത്സകള്‍ താങ്ങാനാകുന്നുള്ളൂ എന്നതാണ് വാസ്തവം. ബാക്കി 70 ശതമാനം ആളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെയും താരതമ്യേന ചികിത്സാ ചെലവ് കുറഞ്ഞ, വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളെയുമാണ് സമീപിക്കുന്നത്. ചികിത്സാരംഗം എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും അതിന്റെ പ്രയോജനം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ലഭിക്കാത്ത പക്ഷം ആ വളര്‍ച്ചയ്ക്ക് പൂര്‍ണതയുണ്ടെന്ന് പറയാനാവില്ല. അതിനെ വികസിത സമൂഹമെന്നും വിളിക്കാനൊക്കില്ല. അതിനാലാണ് വിദഗ്ധ ചികിത്സ എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാകുന്ന വികസന പദ്ധതികള്‍ ഇവിടെ വരണമെന്ന് പറയുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 1-2 ശതമാനം മാത്രമാണ് മെഡിക്കല്‍ രംഗത്തിനായി മാറ്റി വയ്ക്കുന്നത്. ലോകരാജ്യങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. അതുകൊണ്ടാണ് കാശുള്ളവന് നല്ല ട്രീറ്റ്‌മെന്റ് കിട്ടും അല്ലാത്തവര്‍ക്ക് നിലവാരം കുറഞ്ഞ ട്രീറ്റ്‌മെന്റ് എന്നുള്ള സാഹചര്യമുള്ളത്. അത് വലിയ അനീതിയാണ്. ചികില്‍സ എല്ലാവര്‍ക്കും തുല്യമായിരിക്കണം.
വലിയവനോ പാവപ്പെട്ടവനോ എന്ന വ്യത്യാസം പാടില്ല. അതാണ് വികസിത നാടിന്റെ ലക്ഷണം. കേരളം അതിലേക്ക് വളരേണ്ടതുണ്ട്. ചുരുങ്ങിയത് ജിഡിപിയുടെ 6-7 ശതമാനമെങ്കിലും ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മാറ്റി വയ്ക്കണം. എങ്കില്‍ മാത്രമേ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ചികിത്സ സൗജന്യമായോ ചുരുങ്ങിയ ചെലവിലോ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെ വരുമ്പോള്‍ ഇവിടെ കൂടുതല്‍ നിക്ഷേപം വരികയും മെഡിക്കല്‍ രംഗം കൂടുതല്‍ വികസിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം വരുമ്പോള്‍ മാത്രമേ കേരളം എല്ലാ അര്‍ത്ഥത്തിലും ആരോഗ്യരംഗത്ത് ലോകശ്രദ്ധ നേടുകയുള്ളൂ. കേരളം ഹെല്‍ത്ത് ഹബ്ബ് ആകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായോ, സബ്‌സിഡൈസ് ആയോ ചികില്‍സ ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം.
ഇതോടൊപ്പം സര്‍ക്കാര്‍ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ഒരു പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും വേണം. നികുതിപ്പണത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവയ്ക്കാം. അല്ലെങ്കില്‍ ഇതിനായി ആരോഗ്യ സെസ് എന്ന നിലയില്‍ പണം കണ്ടെത്താം. ഇത്തരത്തില്‍ ഒരു സാഹചര്യം വന്നാല്‍ മാത്രമേ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ കഴിയൂ.
എത്തരത്തിലുള്ള ചികില്‍സാ രീതികളാണ് കേരളം അനുവര്‍ത്തിക്കേണ്ടത്?
യുകെ, യുഎസ് തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ചികില്‍സകള്‍ ഏറെക്കുറേ സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഹെല്‍ത്ത്‌കെയറിന് വേണ്ടി സര്‍ക്കാര്‍ പിന്തുണയുണ്ട് അവിടെ, പേമെന്റുകളെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി ജനങ്ങള്‍ക്ക് ബാധ്യതയില്ലാതെ പോകുന്നു. സമാനമായ രീതിയിലുള്ള ഒരു സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇത്തരം രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ചികിത്സാ സംവിധാനം വളരെ വേഗത്തിലാണ് മുന്നേറുന്നത് എന്നത് മറ്റൊരു നേട്ടമാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ കാര്യങ്ങള്‍ പോകുന്നതിനാല്‍ വികസിത രാജ്യങ്ങളില്‍ ഒരു രോഗിക്ക് ഡോക്റ്ററെ കാണുന്നതിന് ഏറെ കാലതാമസം അനുഭവപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ല. എപ്പോഴും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നാല്‍, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുക എന്നത് കൂടിയാണ്. ഓപ്പറേഷനുകളും മറ്റും വെയിറ്റിംഗ് ലിസ്റ്റില്‍ ഇടുന്ന രീതി ഒരിക്കലും ശരിയല്ല. കേരളത്തിലെ ചികിത്സാ സംവിധാനത്തിലെ ഏറ്റവും വലിയ നേട്ടം ഇവിടുത്തെ വേഗത തന്നെയാണ്. അത് നിലനിര്‍ത്തിക്കൊണ്ട് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്ന പക്ഷം കേരളം തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത്‌കെയര്‍ ഹബ്ബുകളില്‍ ഒന്ന്.
ആരോഗ്യരംഗത്തിനായുള്ള നിലവിലെ സര്‍ക്കാര്‍ ചെലവിടലിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ആരോഗ്യരംഗത്തിനായുള്ള നീക്കിയിരുപ്പ് ഇന്ത്യയില്‍ രണ്ട് ശതമാനമോ അതില്‍ താഴെയോ ആണ്. അതൊരിക്കലും അംഗീകരിക്കാനാകുന്ന ഒന്നല്ല. കാരണം ഇവിടുത്തെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി നിരക്ക് വളരെ കൂടുതലാണ്. ഇതിനു ആനുപാതികമായി പലതരത്തിലുള്ള രോഗചികിത്സ അനിവാര്യമായി വരുന്നു. ഇത് ലഭ്യമാക്കുന്നതിനുള്ള ഫണ്ട് നിലവിലെ ജിഡിപി പ്രകാരമില്ല. യുഎസ് ആണ് നിലവില്‍ ആരോഗ്യരംഗത്തിനായി ഏറ്റവും കൂടുതല്‍ ജിഡിപി വകയിരുത്തിയിരിക്കുന്നത്. ഏകദേശം 17 ശതമാനം. മറ്റ് വികസിത യൂറോപ്യന്‍ രാജ്യങ്ങളും പത്ത് ശതമാനത്തിനു മുകളില്‍ ജിഡിപി ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്കായി മാറ്റി വച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്ത് പ്രകടമായ ഒരു വ്യത്യാസമുണ്ടാകണമെങ്കില്‍ 6 മുതല്‍ 10 ശതമാനം വരെയെങ്കിലും സര്‍ക്കാര്‍ ചെലവിടലില്‍ വര്‍ദ്ധനവ് ആവശ്യമാണ്. നികുതിപ്പണത്തില്‍ നിന്നോ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയോ ഇതിനുള്ള തുക കണ്ടെത്തണം. ഇത്തരം ഒരു സാഹചര്യം നിലവില്‍ വന്നാല്‍ മാത്രമേ കൂടുതല്‍ വിദേശ നിക്ഷേപകര്‍ ആരോഗ്യരംഗത്തേക്ക് കടന്നു വരുകയുള്ളൂ, കൂടുതല്‍ മികച്ച തലങ്ങളിലേക്ക് ഇവിടുത്തെ മെഡിക്കല്‍ സാഹചര്യം വളരുകയും ചെയ്യും.

നമ്മുടെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ മികവിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ മികവ് മറ്റ് ലോകരാഷ്ട്രങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ഉയര്‍ന്ന തലത്തിലാണ്. കാരണം അത്രയേറെ മികച്ച പരിശീലനം നേടിയും മല്‍സരം നേരിട്ടുമാണ് അവര്‍ മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഡോക്റ്റര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ പേര് മുന്‍നിരയില്‍ തന്നെ കാണാം. എന്നാല്‍ ഈ രംഗത്ത് ഇനിയും ഏറെ മുന്നേറണമെങ്കില്‍ സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണ്. ആരോഗ്യത്തിനായുള്ള സര്‍ക്കാര്‍ ചെലവിടല്‍ കൂടണം. ഒപ്പം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്‌കീം കൂടുതല്‍ ശക്തവും സുതാര്യവുമാക്കണം. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ ഡെസ്റ്റിനേഷനായി വളരാനുള്ള എല്ലാ സാഹചര്യവും കേരളത്തിനുണ്ട്. ഇതിനുള്ള പ്രധാന കാരണം ലോകോത്തര നിലവാരമുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷനലുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ കേരളത്തിനുണ്ട് എന്നതാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും നമുക്ക് ഒരു മലയാളി നഴ്സിനെ കാണാന്‍ കഴിയും. നിരവധി ഹൈടെക്ക് ആശുപത്രികള്‍ കേരളത്തില്‍ വന്നു കഴിഞ്ഞു. ചികിത്സാ ചെലവ് മാത്രമാണ് ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. 70 ശതമാനത്തോളം ആളുകള്‍ക്ക് ഇപ്പോഴും ചികിത്സാചെലവ് താങ്ങാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തോടെ ഇന്‍ഷുറന്‍സ് കൊണ്ട് വരികയും ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യണം. നിലവില്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ കുറഞ്ഞ വരുമാനത്തില്‍ തൊഴില്‍ ചെയ്യുന്നവരാണ്. അതിനാലാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശ ജോലി തേടി പോകുന്നത്. ഈ സാഹചര്യത്തില്‍ മാറ്റം വരണം. മികച്ച ശമ്പളത്തോടെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ ഇവിടെ തന്നെ നിലനിര്‍ത്തണമെങ്കില്‍ ആരോഗ്യരംഗത്ത് ജനങ്ങളുടെ പേയിംഗ് കപ്പാസിറ്റി വര്‍ധിക്കണം. ഏറ്റവും മികച്ച ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ വികസന സാധ്യതകള്‍ ഒട്ടനവധിയാണ്. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ മാറുകയാണെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ഇവിടെ ചികിത്സ തേടി വരും.
സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാണല്ലോ? എന്താണ് ഇതിന് പ്രചോദനമായത്?
ഞാന്‍ പറഞ്ഞല്ലോ, എന്റെ ബാല്യം എത്യോപ്യ, നൈജീരിയ തുടങ്ങിയ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരുന്നു. ഈ രണ്ട് രാജ്യങ്ങളും സാമ്പത്തികപരമായി ഏറെ പിന്നാക്കം നില്‍ക്കുന്നവയാണ്. ദാരിദ്ര്യത്തിന്റെ ഏറ്റവും ഭീകരമായ മുഖം ഞാന്‍ കണ്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളും ജനങ്ങളുടെ വിശപ്പും കണ്ടറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്. വിശപ്പടക്കണം എന്നതിനപ്പുറം വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചിന്തയൊന്നും അവിടെയുള്ളവര്‍ക്ക് ഇല്ല. അതിനാലാണ് ഞാന്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ തെരുവിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയില്‍ ഭാഗമാകുന്നത്. കൂടാതെ പെയിൻ ആന്റ് പാലിയേറ്റീവ് ക്യാമ്പുകൾ, ബോധവൽക്കരണ പരിശീലന പരിപാടികൾ, വികലാംഗരെ ശാക്തീകരിക്കൽ തുടങ്ങിയവയിൽ ഞാൻ ഏർപ്പെടുന്നു. കഴിയുന്ന രീതിയില്‍ മറ്റുള്ളവര്‍ക്കായി സേവനം ചെയ്ത് ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. നിലവില്‍ 58 തവണ രക്തം ദാനം ചെയ്തു കഴിഞ്ഞു. ഇത്തരത്തില്‍ എന്നാല്‍ കഴിയുന്ന തലത്തില്‍ മറ്റുള്ളവര്‍ക്ക് സഹായം ചെയ്ത് മുന്നേറണം എന്നാണ് ആഗ്രഹം.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുതിപ്പുണ്ടാകാത്തതിന് കാരണമെന്താണ്?
നമ്മുടെ നാട്ടില്‍ വണ്ടികളുടെ ഇന്‍ഷുറന്‍സ് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമുള്ള കാര്യമല്ല. ഇത് തീര്‍ത്തും പരിഹാസ്യമായ കാര്യമാണ്. എല്ലാ ജനങ്ങള്‍ക്കും ഒരേ പോലുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. ഈ അവസ്ഥ മാറണം. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ എല്ലാ ജനങ്ങള്‍ക്കും സാര്‍വജനികമായി ലഭിക്കുന്നതിനുള്ള അവസ്ഥ സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കണം. വെഹിക്കിള്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതുപോലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സും നിര്‍ബന്ധമായും നടപ്പിലാക്കണം. ആവശ്യം വരുമ്പോള്‍ മാത്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാതെ, ആവശ്യം വരുന്നതിനും ഏറെ മുന്‍പ് തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമായി എടുത്തിരിക്കണം എന്ന തലത്തിലേക്ക് നമ്മുടെ രാജ്യത്തെ സംവിധാനം മാറണം.
സ്വകാര്യ ഇന്‍ഷുറന്‍സ് സംവിധാനമാണോ കൂടുതല്‍ ഗുണകരം?
കേരളത്തില്‍ കൂടുതലും പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിസ്റ്റമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇതിന് ഒരുപാട് പരിമിതികളുണ്ട്. ഇത് അത്രമാത്രം ഇംപാക്റ്റ് ഉള്ള ഒന്നല്ല. പലപ്പോഴും ചേരുമ്പോള്‍ കാണിക്കുന്ന ഉത്സാഹം ക്ലെയിം ചോദിക്കുമ്പോള്‍ ലഭിക്കാറില്ല. ഈ മേഖലയില്‍ പരാതികള്‍ സ്വാഭാവികമാണ്. രോഗികളുടെ ആവശ്യം ഒരിക്കലും ഒരു പ്രയോറിറ്റി ആകുന്നില്ല. കൃത്യമായി പണം അടച്ചാല്‍ പോലും ക്ലെയിം ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളുണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കണം. ഹെല്‍ത്ത് കെയര്‍ സിസ്റ്റം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണം, ജനങ്ങളാണ് അതിന്റെ ബെനിഫിഷ്യറി എന്ന ചിന്ത വേണം. ഇത്തരമൊരു സംവിധാനത്തിന് കീഴില്‍ ജനങ്ങള്‍ എത്രമാത്രം സന്തുഷ്ടരാണോ, അത്രത്തോളം ഹെല്‍ത്ത് കെയര്‍ സെക്റ്റര്‍ പുരോഗമിക്കുന്നു എന്നാണ് അര്‍ത്ഥം.
കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭ്യാമാക്കുന്നത് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളുടെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുമോ? കുറഞ്ഞ ചെലവില്‍ ഉന്നത ഗുണനിലവാരത്തിലുള്ള ചികില്‍സ ലഭ്യമാക്കുന്നത് പ്രാവര്‍ത്തികമാണോ?
കുറഞ്ഞ ചെലവില്‍ ഉന്നത ഗുണനിലവാരത്തിലുള്ള ചികില്‍സയെന്നത് ഒരു ഫാന്റസിയാണ്, അത് പ്രായോഗികമല്ല. ക്വാളിറ്റി ഹെല്‍ത്ത്‌കെയറിന് ചെലവ് വരും. ആ ചെലവ് വഹിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് നമ്മള്‍ ഒരുക്കേണ്ടത്. അതില്‍ ഒരു ചെലവ് സര്‍ക്കാര്‍ വഹിച്ച് സാധാരണക്കാരുടെ ബാധ്യത കുറയ്ക്കാവുന്നതാണ്. ക്വാളിറ്റിക്ക് പുറകേ പോകുമ്പോള്‍ ചെലവ് കൂടും. ഭക്ഷണമാണെങ്കിലും വിദ്യാഭ്യാസമാണെങ്കിലും എല്ലാം അങ്ങനെതന്നെയാണ്. ചെലവ് കൂടുമ്പോള്‍ അത് മാനേജ് ചെയ്യാനുള്ള സപ്പോര്‍ട്ട് സിസ്റ്റം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. ലോ കോസ്റ്റ് ഹെല്‍ത്ത് കെയറിന്റെ ഭാഗമായി ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ അര്‍ത്ഥമില്ല. മികച്ച ചികിത്സ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുക എന്നതാകണം സര്‍ക്കാരിന്റെ ലക്ഷ്യം.
ലോകോത്തര ചികിത്സ ഏറ്റവും ചുരുങ്ങിയ ചെലവില്‍ നടപ്പിലാക്കാന്‍ കഴിയുന്ന നാടാണ് കേരളം. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ചികിത്സാചെലവ് വളരെ കുറവാണ്. എന്നാല്‍ അത് മനസിലാക്കാന്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. അതിനുള്ള പ്രധാന കാരണം സാമ്പത്തികമായി ഇവിടുത്തെ ജനങ്ങള്‍ അത്രയേറെ മുന്നിലല്ല എന്നതാണ്. ആരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്ന രീതിയിലുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക എന്നതാണ് ഇതില്‍ പ്രധാനം.

സിഎസ്ആര്‍ പദ്ധതികളിലൂടെ ആരോഗ്യരംഗത്ത് സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സാധിക്കില്ലേ?
സിഎസ്ആര്‍ പദ്ധതികള്‍ തീര്‍ച്ചയായും ആരോഗ്യരംഗത്തിന്റെ ഉന്നമനത്തിനു ഏറെ നിര്‍ണായകമാണ്. പണത്തിന്റെ അപര്യാപ്തത മൂലം ചികിത്സ ലഭിക്കാത്ത നിരവധിയാളുകളുണ്ട്. ഫണ്ടിന്റെ അപര്യാപ്തത മൂലം നടത്താന്‍ കഴിയാത്ത പല വികസന പദ്ധതികളും ഇതിലൂടെ സാധ്യമാക്കാം. പൊതു-സ്വകാര്യ മേഖലകള്‍ പരസ്പര സഹകരണത്തോടെ ആരോഗ്യരംഗത്തെ സിഎസ്ആര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കണം. സര്‍ക്കാരിന്റെ പിന്തുണയും അവബോധവും ഇക്കാര്യത്തില്‍ പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് അനിവാര്യമാണ്.

ആരാണ് ഒരു നല്ല ഡോക്റ്റര്‍, ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും പറയാമോ?
ഒരു നല്ല ഡോക്റ്റര്‍ ആകാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത്, പൂര്‍ണമായ താല്‍പ്പര്യത്തോടെ മാത്രം ഈ രംഗത്തേക്ക് വരിക എന്നതാണ്. മികച്ച സാലറി, സ്റ്റാറ്റസ് എന്നിവ മാത്രമാകരുത് ഈ രംഗത്തേക്ക് വരാനുള്ള മാനദണ്ഡം. ഇപ്പോള്‍ കാണുന്ന ഒരു പ്രവണത പുതുതലമുറയില്‍പ്പെട്ട നിരവധി ആളുകള്‍ ഗ്ലാമര്‍ മാത്രം നോക്കി മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കുകയും ഈ രംഗത്ത് തുടരാനാവാതെ പോകുകയും ചെയ്യുന്നു എന്നതാണ്. ഒരു ഡോക്റ്ററുടെ ഏറ്റവും വലിയ ക്വാളിറ്റി ഡെഡിക്കേഷനാണ്. നിശ്ചിത സമയം കണക്കാക്കി മാത്രമേ ഞാന്‍ ജോലി ചെയ്യൂ എന്ന രീതി ഇവിടെ സാധ്യമല്ല. 24 മണിക്കൂറും ജോലി ചെയ്യാനുള്ള സന്നദ്ധത ഒരു നല്ല ഡോക്റ്റര്‍ക്ക് അനിവാര്യമാണ്. പണം മാത്രം നോക്കി ആരും ഈ രംഗത്തേക്ക് വരേണ്ട ആവശ്യമില്ല. യഥാര്‍ത്ഥത്തില്‍ ഡോക്റ്റര്‍മാര്‍ക്ക് സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയും. അതിനാല്‍ തന്നെ വളരെയേറെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പ്രൊഫഷനാണ് ഇത്. ഒരു വ്യക്തി മികച്ച ഡോക്റ്റര്‍ ആകുന്നത് ഒരു അവാര്‍ഡ് ലഭിക്കുമ്പോഴോ മികച്ച സാലറി ലഭിക്കുമ്പോഴോ അല്ല. മറിച്ച്, ചികില്‍സിച്ചു രോഗം ഭേദമായ രോഗികളുടെ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്. അതുതന്നെയാണ് ഒരു ഡോക്റ്റര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാര്‍ഡും.