ബീറ്റാ ഗ്രൂപ്പ് ഗിനിയ ബിസാവുവില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളിലൊന്നായ ബീറ്റാ ഗ്രൂപ്പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവുവില്‍ കശുവണ്ടി വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനായി 100 മില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപിക്കും.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാ രും ധാരണാ പത്രം ഒപ്പിട്ടു. ഗിനിയ ബിസാവുവിലെ സാമ്പത്തിക- ആസൂത്രണ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബീറ്റ വെസ്റ്റ് ആഫ്രിക്ക ഹോള്‍ഡിങ് കമ്പനി ചെയര്‍മാനും ബീറ്റ ഡയറക്റ്ററുമായ രമേഷ് കുമാര്‍ കെപിയും സാമ്പത്തിക- ആസൂത്രണ മന്ത്രി ജോസ് കാര്‍ലോസ് വരേല കസിമിറോയും ധാരണാ പത്രം കൈമാറി. ടൂറിസം മന്ത്രി ഫെര്‍നാണ്ടോ വാസ്, ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്‌മോഹന്‍ പിള്ള, ബീറ്റാ ഗ്രൂപ്പ് ഡയറക്റ്റര്‍മാരായ രാജ്‌നാരായണന്‍ ആര്‍ പിള്ള, സച്ചിദാനന്ദന്‍ പിഎസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ധാരണാ പത്രം ഒപ്പിട്ടതിനു ശേഷം ബീറ്റാ ഡയറക്റ്ററായ രമേഷ് കുമാര്‍ കെപി, ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്‌മോഹന്‍ പിള്ള, സാമ്പത്തിക- ആസൂത്രണ മന്ത്രി ജോസ് കാര്‍ലോസ് വരേല കസിമിറോ എന്നിവര്‍ സാമ്പത്തിക- ആസൂത്രണ മന്ത്രിയുടെ ഓഫീസില്‍

അഞ്ചു വര്‍ഷത്തേക്കായി കശുവണ്ടി സംഭരണത്തിനും സംസ്‌കരണത്തിനും കയറ്റുമതിക്കുമായാണ് ബീറ്റാ ഗ്രൂപ്പ് 100 മില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപിക്കുന്നത്. അമേരിക്ക- ചൈന മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്‌മോഹന്‍ പിള്ള പറഞ്ഞു.

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കശുവണ്ടി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഗിനിയ ബിസാവുവിന്. ലോകത്ത് അഞ്ചാം സ്ഥാനവും. ഏകദേശം 2.23 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് ഇവിടെ കശുവണ്ടി കൃഷി. വാര്‍ഷിക ഉത്പാദനം 2.30 ലക്ഷം ടണ്ണും. തോട്ടണ്ടിയുടെ കാര്യത്തിലും ഗിനിയ ബിസാവു ലോകത്ത് തന്നെ മുന്‍നിരയിലാണുള്ളത്. ഗിനിയ ബിസാവുവില്‍ ഉത്പാദിപ്പിക്കുന്ന കശുവണ്ടിയില്‍ ഭൂരിഭാഗവും സംസ്‌കരണത്തിനായി ഇന്ത്യയിലേക്കാണ് ഇറക്കുമതി ചെയ്യുന്നത്. വര്‍ഷത്തില്‍ 15,000 ടണ്‍ തോട്ടണ്ടി സംസ്‌കരിക്കുന്നതിനുള്ള സൗകര്യം മാത്രമേ ബിസാവുവിലുള്ളു. ഗിനിയയുടെ മൊത്തം കശുവണ്ടി ഉത്പാദനത്തിന്റെ ഒന്‍പത് ശതമാനം മാത്രമാണിത്. ബീറ്റാ ഗ്രൂപ്പ് വ്യവസായ യൂണിറ്റ് തുടങ്ങുന്നതോടെ വര്‍ഷത്തില്‍

25,000 ടണ്‍ തോട്ടണ്ടി കൂടി ഗിനിയ ബിസാവുവില്‍ സംസ്‌കരിക്കാനാവുമെന്ന് രാജ്‌മോഹന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. 1984 മുതല്‍ കശുവണ്ടി സംഭരണം- സംസ്‌കരണം- കയറ്റുമതി എന്നിവയെ കുറിച്ച് ഗിനിയ ബിസാവുവിലെ കര്‍ഷകരെ പഠിപ്പിച്ചത് ബീറ്റാ ഗ്രൂപ്പിന്റെ കീഴിലുണ്ടായിരുന്ന നബിസ്‌കോ കമ്മോഡിറ്റി (ലണ്ടന്‍) യാണ്. ഗിനിയ ബിസാവുവില്‍ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായി കശുവണ്ടി ഇറക്കുമതി ചെയ്തതും നബിസ്‌കോ ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗിനിയ ബിസാവു സര്‍ക്കാര്‍ വ്യവസായ യൂണിറ്റ് തുടങ്ങാന്‍ ബീറ്റാ ഗ്രൂപ്പിനെ ക്ഷണിച്ചതെന്നും രാജ്‌മോഹന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ബീറ്റാ ഗ്രൂപ്പില്‍ നിന്നുള്ള പ്രമുഖ ബ്രാന്‍ഡുകളാണ് നട്ട് കിങ്, ഒലേ തുടങ്ങിയവ.

Leave a Reply

Your email address will not be published. Required fields are marked *